2025 സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ഊണ്

         ഊണ്                                 

                                                                                                                  കവിതക്കുറിപ്പ്


                                                       കവയിത്രി   ; അനിത തമ്പി


           വർത്തമാന മലയാള കവിതയിൽ സ്ത്രീപക്ഷത്തെ ശക്തമായി ആവിഷ്കരിക്കുന്ന എഴുത്തുകാരിയാണ് അനിത തമ്പി.സാമാന്യമായ ആസ്വാദനരുചികളില്‍ നിന്ന് കുതറിമാറുന്ന അപ്രവചനീയ രചനാരീതി അനിതയുടെ കവിതകളുടെ സവിശേഷതയാണ്.   സ്ത്രീ ജീവിതങ്ങളുടെ അനുഭവങ്ങളും  അനുഭൂതികളും ലളിതമായും സൂക്ഷ്മമായും അനിത കവിതയിൽ ആവിഷ്കരിക്കുന്നു.  


1968–ൽ ആലപ്പുഴയിൽ ജനനം. കവിതാസമാഹാരങ്ങൾ: മുറ്റമടിക്കുമ്പോൾ (2004), അഴകില്ലാത്തവയെല്ലാം (2010), ആലപ്പുഴ​വെള്ളം (2016), വെൽഷ് കവി ഷാൻ മെലാൻജലിനൊപ്പം എഴുതിയ മറ്റൊരു വെള്ളം (2017) മുരിങ്ങ വാഴ കറിവേപ്പ് (2023). പരിഭാഷകൾ: ലെസ് മറെ കവിതകൾ (2007), വൈലോപ്പിള്ളിയുടെ പെണ്ണും പുലിയും പുനരാഖ്യാനം (2012), പിനോക്യോ (2021). കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. ഐ ഐ റ്റി ബോംബെ​യിൽനിന്ന്  എം ടെക്കും മാലിന്യസംസ്ക​രണത്തിൽ ഗവേഷണബിരുദവും. കവിതയുടെ പരിപക്വമായ ജൈവസൗന്ദര്യമാണ് അനിത തമ്പിയുടെ കവിത.

കവിതാ വ്യാഖ്യാനം

        ഒരു ഉച്ചയൂണിൻ്റെ പശ്ചാത്തലത്തിൽ ആവിഷ്കരിച്ചിരിക്കുന്ന കവിതയാണ് 'ഊണ്'. സാമൂഹിക രാഷ്ട്രീയ അവസ്ഥകളെ ചർച്ച ചെയ്യുന്നതോടൊപ്പം തൊഴിലിടങ്ങളെക്കുറിച്ചുള്ള ആകുലതകളും ഉത്കണ്ഠകളും കവിത പങ്കു വയ്ക്കുന്നു. ഒരു വലിയ വയലിനെത്തന്നെ ഉള്ളിൽ പേറുന്ന  ചോറിൻ്റെ ഓരോ വറ്റിനും  പറയാനുള്ള  കഥയിലേക്ക് ചെവി ചായ്ക്കുകയാണ് കവയിത്രി. ഇനി വീടിൻ്റെ സ്വാസ്ഥ്യങ്ങളിൽ നിന്ന് ഇറങ്ങി നടന്നാലും ചെന്നു കയറുന്നത് ഉച്ചി പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളുടെ നടുവിലാണ്. ജീവിതപൂരണത്തിനായി ചെന്നുകയറുന്ന ഓരോ ഇടവും ഉച്ചി പൊള്ളിക്കുന്ന അനുഭവമായി ഒപ്പം സഞ്ചരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ.ഒരു ഉച്ചയൂണിൻ്റെ പാത്രത്തിൽ നിന്നും പരിസരത്തിൽ നിന്നും ജീവിതത്തെ തിരയുകയാണ് ഈ കവിത.


ഒരു ഉച്ചച്ചൂടിൽ ഒരു മേശപ്പുറത്ത് നമ്മൾ ഒന്നിച്ചുണ്ണുന്ന  ചോറിന്റെ ഓരോ വറ്റിൻ്റെ  ഉള്ളിന്റെയുള്ളിലും എത്രയോ നെൽവയലുകൾ....

ഉച്ചച്ചൂടിന്റെ കഠിനതകൾ ജീവിതത്തെ അസ്വസ്ഥതപ്പെടുത്തുന്നില്ല. ഒന്നിച്ചുള്ള ഇരുപ്പും ഒന്നിച്ചുള്ള ഊണും തികച്ചും ആനന്ദപ്രദമാണ്. അതിനാൽത്തന്നെ ചോറിന്റെ ഓരോ വറ്റിലും ഒരു വലിയ ലോകത്തെ  കാണാൻ അത് പ്രേരിപ്പിക്കുന്നു.  


ഓരോ വറ്റിനുള്ളിലും ഒരു വലിയ ലോകം ഉറങ്ങിക്കിടക്കുന്നു.ചോറിലെ ഓരോ വറ്റും ഒരു വലിയ ലോകത്തെ വഹിക്കുന്നു.

ചോറിൻ്റെ ഓരോമണിയിലും അതാക്കി തീർത്ത ഭൂതകാലത്തിന്റെ ഓർമ്മകൾ ഉള്ളിലുണ്ട്. അരിമണിക്കൊപ്പം  ഒരു ലോകം തന്നെ സഞ്ചരിക്കുന്നു.

അതുപോലെ ഓരോ മനുഷ്യനും വലിയൊരു വിശാലതയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒരു വ്യക്തിയും ഒറ്റയ്ക്കല്ല അവൻ ഒരു ലോകമാണ്.

ഒരു  കാർഷിക സംസ്കൃതിയുടെ ഉൽപ്പന്നമാണ് ഓരോ വിത്തും. കൊടുക്കൽ വാങ്ങലുകളുടെ പാരസ്പര്യത്തിലാണ് പ്രകൃതി രൂപം കൊള്ളുന്നത്.അതിനാൽ തന്നെ പ്രകൃതിയുടെ എല്ലാ സ്പന്ദനങ്ങളെയും ഓരോ വിത്തിലും വായിച്ചെടുക്കാം.

വയലിലെ വെള്ളച്ചാലിൽ തുള്ളിമറിയുന്ന മീനുകൾ, ദൂരെ ഏതോ നാട്ടിൽ നിന്നും വന്നിറങ്ങുന്ന തത്തകൾ , പച്ചപ്പിനെ നിർത്തില്ലാതെ ചിരിപ്പിക്കുന്ന കൊച്ചൻ കാറ്റുകൾ, കുഞ്ഞുങ്ങൾ കൈകൾ വിടർത്തി വീഴാതെ ഓടുന്ന വരമ്പുകൾ, രാത്രിയിൽ വെള്ളത്തിൽ ഇളകുന്ന വെട്ടം നോക്കി ഉറങ്ങാതിരിക്കുന്ന വീടുകൾ, വീടിനുള്ളിൽ ഉറങ്ങുന്ന ആളുകളുടെ കിനാവുകൾ. ഇങ്ങനെ ഓരോ വിത്തിലേക്കും ചെവി ചായ്ച്ചാൽ പറയാൻ നിരവധി കഥകൾ ഉണ്ട്. 

രു വലിയ ജീവിത പരിസരത്തിൽ നിന്നും ഉയിർകൊണ്ട അവയ്ക്ക് വലിയ ജീവിതാനുഭവങ്ങളുടെ കൂട്ട് ഒപ്പമുണ്ട്.


ഉച്ചയൂണിന് തീൻമേശയിൽ ഒന്നിച്ച  കൂട്ടത്തിൽനിന്നും വീണ്ടും തൊഴിലിടങ്ങളുടെ ഏകാന്തതയിലേക്ക് സ്കൂട്ടറിലുള്ള മടക്കയാത്രയാണ്.... സ്വസ്ഥതയും സമാധാനവും സ്നേഹവും നിറഞ്ഞ കുടുംബത്തിലെ പങ്കുവയ്ക്കലിൻ്റെ മേശയിൽ നിന്നും തിരികെ പോകുമ്പോൾ തികച്ചും ഒറ്റയ്ക്കാണ്. 

ഉച്ചി പൊള്ളിക്കുന്ന ചിന്തകൾ തലച്ചോറിനെ മഥിക്കുന്നു. തൊഴിലിടത്തേക്ക് പോകുന്ന ഒരു സ്ത്രീയെ അലട്ടുന്ന നിരവധി ചിന്തകളുണ്ട്.  വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വീണ്ടും അവശേഷിക്കുന്ന ഉത്തരവാദിത്വങ്ങൾ, ചെയ്തുതീർക്കാതെ പോകേണ്ടി വന്ന പണികളുടെ ആകുലതകൾ, തൊഴിൽ ഇടത്തിലെ ചൂഷണങ്ങൾ, ഒത്തുചേരാത്തതിന്റെ ബുദ്ധിമുട്ടുകൾ.ഇങ്ങനെ പൊള്ളിക്കുന്ന അനുഭവങ്ങളുടെ കൂമ്പാരവും പേറിയാണ് പണിസ്ഥലത്തേക്കുളള യാത്ര. ഊണിന് അല്പം നേരം മാത്രം കിട്ടിയ സ്വസ്ഥതയിൽ നിന്നും വീണ്ടും നീണ്ട അസ്വസ്ഥതകളിലേക്കാണ് ഈ യാത്ര. ചൂഷണങ്ങളുടെയും പ്രതിസന്ധികളുടെയും ഇടത്തിലേക്ക് ഒറ്റയ്ക്ക് പൊരുതാൻ ഇറങ്ങുന്ന ഒരു സ്ത്രീക്ക് ഇത് കൂടുതൽ തീവ്രമാകും. 


 നെൽവയലുകളുടെ ഗ്രാമത്തിന്മേൽ പ്രകാശിച്ചു കൊണ്ടിരിക്കുന്ന ഒരു സുന്ദര സൂര്യനെ കാല്പനിക ഭാവത്തോടുകൂടി കണ്ടിരുന്നു. ഇപ്പോൾ അത്  കാല്പനികഭാവങ്ങളെല്ലാം അകന്ന് ഉച്ചി പൊള്ളിച്ച് നിഴലുകൾ കുറുക്കി വറ്റിക്കുന്ന ഒരു സൂര്യനായി അനുഭവപ്പെടുന്നു. കാല്പനിക ഭാവങ്ങൾ തരുന്നവ എന്നുതോന്നിക്കുന്നവ പോലും ആനന്ദം നൽകുന്നില്ല എന്നുമാത്രമല്ല അവയൊക്കെ തലയെരിയിക്കുന്നവയായി മാറ്റപ്പെടും.




തൊഴിലിനോ  മറ്റാവശ്യങ്ങൾക്കോ വീടിൻ്റെ സ്വസ്ഥതയിൽ നിന്നും പുറംലോകത്തിന്റെ അസ്വസ്ഥതകളിലേക്ക് സഞ്ചരിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ
യോ അല്ലെങ്കിൽ ഏതൊരാളുടെയോ ആകുലതകളുടെ ആഖ്യാനമായി ഈ കവിത മാറുന്നു.



ആസ്വാദനം ; ഡോ. മനോജ് ജെ.പാലക്കുടി.

2025 സെപ്റ്റംബർ 25, വ്യാഴാഴ്‌ച

തിരുവോണം

                തിരുവോണം

                                                                                                                    കവിതക്കുറിപ്പ്




                                                         വിജയലക്ഷ്മി

കാവ്യ പാരമ്പര്യങ്ങളോട് ചേർന്ന് നിന്നുകൊണ്ട് ആധുനിക ഭാവുകത്വത്തെ മലയാള കവിതയിൽ രേഖപ്പെടുത്തുന്ന എഴുത്തുകാരിയാണ് വിജയലക്ഷ്മി. ''മതേതരമായ ആത്മീയത കൊണ്ടും ധ്യാനാത്മകമായ ഏകാന്തത കൊണ്ടും ആഴത്തിലുള്ള സ്ത്രീപക്ഷ വീക്ഷണം കൊണ്ടും മലയാളകവിതയെ വിജയലക്ഷ്മി മുന്നോട്ടു നയിക്കുന്നു. സരളവും സാന്ദ്രവുമായ ആഖ്യാനശൈലി, പദ്യവും ഗദ്യവും പ്രമേയങ്ങളിൽ സവിശേഷമായി സമന്വയിപ്പിക്കുന്നതിലുള്ള മികവ്, എന്നിങ്ങനെ സമകാലീന കവിതയിൽ വേറിട്ട ഒറ്റയടിപ്പാത സൃഷ്ടിക്കുവാൻ  അവർക്കു കഴിഞ്ഞു " (മാതൃഭൂമി ദിനപത്രം).


മലയാള കവിതയിൽ സ്ത്രീപക്ഷ ചിന്തകൾ അവതരിപ്പിക്കാൻ കഴിയുന്നതോടൊപ്പം സമകാലിക സാമൂഹ്യവസ്ഥകളെ സമർത്ഥമായി അവതരിപ്പിക്കുവാൻ അവർക്ക് കഴിയുന്നു. മിത്തുകളും പുരാണങ്ങളും സമകാലിക ജീവിതാവസ്ഥകളും രാഷ്ട്രീയ ദർശനങ്ങളുമെല്ലാം അവരുടെ കവിതയ്ക്ക് ഊടും പാവും നെയ്യുന്നു. മൃഗശിക്ഷകൻ,തച്ചന്റെ മകൾ,അന്ധകന്യക, തമിഴ്പാവ, ജ്ഞാന മഗ്ദലന, ഒറ്റമണൽത്തരി , മഴതൻ മറ്റേതോ മുഖം,സീതാദർശനം,വിജയലക്ഷ്മിയുടെ പ്രണയ കവിതകൾ ഇങ്ങനെ നിരവധി  കവിതകളാൽ  അവർ സാഹിത്യത്തെ സമ്പന്നമാക്കി . സമകാലിക സാമൂഹിക അവസ്ഥകളെ വിജയലക്ഷ്മി സൂക്ഷ്മതയോടെ നോക്കിക്കാണുന്നു.

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും അടയാളമായി മലയാളി ആഘോഷിക്കുന്ന തിരുവോണത്തിന്റെ നഗരകാഴ്ചകളിലേക്കുള്ള സഞ്ചാരമാണ് 'തിരുവോണം ' എന്ന കവിത. ഗ്രാമസൗഭാഗ്യങ്ങളിൽ നിന്നും നഗര മധ്യത്തിലേക്ക് എത്തുമ്പോൾ ഓണത്തിൻ്റെ ആഘോഷങ്ങൾ മരണത്തിൻ്റെ  ചുടല നൃത്തമാകുന്നു. ഗ്രാമത്തിൻ്റെ സൗന്ദര്യ കാഴ്ചകളിലേക്കും മരണം ആടിത്തിമിർക്കുന്ന നഗരത്തിൻ്റെ  ഓണക്കാഴ്ചകളിലേക്കും  കവിത കണ്ണു തുറക്കുന്നു.ഗ്രാമങ്ങളിൽ പരിശുദ്ധിയുടെ പരിമളം പേറി നിൽക്കുന്ന തിരുവോണം നഗരങ്ങളിൽ ശുദ്ധി നഷ്ടപ്പെട്ടതും  ചേതനയറ്റതും നിർജ്ജീവവുമാണെന്ന് കവിത വെളിപ്പെടുത്തുന്നു.

  

കവിതയുടെ വ്യാഖ്യാനം

ഗ്രാമത്തിന്റെ സൗഭാഗ്യങ്ങളിൽ നിന്നും  നഗരത്തിലേക്ക്  നിഗൂഢതകളിലേക്ക് എത്തിച്ചേർന്നതിൻ്റെ  അമ്പരപ്പുകളോടെ  കവിത ആരംഭിക്കുന്നു.കാട്ടുതുളസിയുടെ രൂക്ഷഗന്ധവും പാലപ്പൂവിന്റെ മദഗന്ധവും ഒക്കെ ഗ്രാമത്തിൻ്റെ മനോഹര അനുഭൂതികളായിരുന്നു. അവയെല്ലാം ഇപ്പോൾ അകലെയായിരിക്കുന്നു.





ശുദ്ധി നഷ്ടപ്പെട്ട നഗരത്തിൻ്റെ അവസ്ഥകളെ കവിത നോക്കിക്കാണുന്നു. സ്വാർത്ഥതയും മാത്സര്യവും കെട്ടുകാഴ്ചകളും നിറഞ്ഞതാണ് നഗരം.  നിർഗന്ധ പൂക്കൾ നിറഞ്ഞ നഗരത്തിലെ ഉദ്യാനങ്ങൾ.


പുരാണത്തിൽ സീതാപഹരണത്തിന് എത്തിയ മാരിചൻ സ്വർണ്ണമാനായി സീതയുടെ മുന്നിലെത്തി.മായരൂപിയായസ്വർണ്ണ പുള്ളിമാനിനെ പിടിക്കാനാഞ്ഞ സീതയെ പോലെയാണ് നഗരത്തിൽ എത്തുന്നവർ.




വിധേയരോടൊത്ത് സഞ്ചരിക്കുന്ന സ്ത്രീജനങ്ങൾ, ഉടുത്തൊരുങ്ങി എത്തിയ അവർ ദീപശോഭയിൽ തിളങ്ങിനിൽക്കുന്നു. ധനാർത്തിമൂലം കെട്ടിപ്പടുത്ത വ്യവസായങ്ങൾ  നഗരത്തെ വായുമലിനീകരണത്തിന്റെ കേന്ദ്രമാക്കിയിരിക്കുന്നു. ആ വാതകകൊലക്കളത്തിന് നടുവിൽ സ്വയം മരണത്തെ പുല്കുന്ന നഗരവാസികൾ.

       തിരുവോണത്തിൻ്റെ പേരിൽ അവർ വലിയ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നു .  ആത്മാവു നഷ്ടപ്പെട്ട ഉത്സവ മേളാങ്കം മാത്രമാണത്. ഗ്രീക്ക് പുരാണത്തിലെ ട്രോജൻ കുതിരയെന്ന  കാവ്യബിംബത്തെ ഇവിടെ  ചേർത്തുവയ്ക്കുന്നു. 


കെട്ടിയുയർത്തിയ മര കുതിരയുടെ ചുറ്റും ആളുകൾ ആഹ്ലാദനൃത്തം ചവിട്ടി. എന്നാൽ മരകുതിരയുടെ ഉള്ളിൽ ചുരുണ്ടിരുന്ന കൊടിയനാശത്തെ അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അതുപോലെ ഓണത്തിൻ്റെ കെട്ടിഎഴുന്നള്ളിപ്പുകൾക്കുള്ളിൽ ദുരന്തം പതിയിരിക്കുന്നത് നഗരവാസികളും അറിയുന്നില്ല.

അധിനിവേശത്തിന്റെയും ചൂഷണത്തിന്റെയും പുതുരൂപങ്ങൾ  നഗരത്തിന് ചുറ്റും കെണിയൊരുക്കി നിൽക്കുന്ന രാഷ്ട്രീയചിന്തകളിലേക്ക്   കവിത വഴിമാറുന്നു.

തിരുവോണ ആഘോഷത്തിൻ്റെ നാല് നാളുകൾ പകർന്നു നൽകിയ പ്രകാശം വരുംകാലത്ത് ഇരുളായി മാറി പോകരുത് എന്ന് കവയിത്രി മുന്നറിയിപ്പ് നൽകുന്നു.

ചൂഷണത്തിനായി പണ്ട് എത്തിയ കപ്പൽപ്പടകൾ വീണ്ടും നഗരങ്ങളെ കൊള്ളയടിക്കാൻ  എത്തിയിരിക്കുന്നു. നഗരം പരാജയമാണ്. പരദേശികൾ വീണ്ടും പഴയതുപോലെ അധിനിവേശത്തിന്റെ ചിന്തകളുമായി എത്തിക്കഴിഞ്ഞു. കച്ചവടവും വ്യവസായവും മറ്റു മാർഗ്ഗങ്ങളുമായി ചൂഷണത്തിന് വിദേശികൾ തെരഞ്ഞെടുക്കുന്നത് നഗരങ്ങളെയാണ്. പലരൂപത്തിൽ അവതരിക്കുന്ന സമകാലീക ചൂഷണങ്ങളെ കവിത നോക്കിക്കാണുന്നു.

ആഘോഷത്തിൻ്റെ ചിഹ്നമായി ഉയർത്തിയ ഉത്സവ കൊടിക്കൂറയിലൂടെ സ്വർഗ്ഗത്തെ ഭൂമിയിലേക്ക് ഇറക്കാം എന്നാണോ നഗരവാസികൾ കരുതുന്നത്.ചൂഴ്ന്നു നില്ക്കുന്ന മരണത്തെ മറക്കുവാൻ തന്ന മധുവാണ് നഗരവാസികൾക്ക് ഓണത്തിൻ്റെ ആഘോഷങ്ങൾ.

ഓണത്തിൻ്റെ പരിശുദ്ധിയിൽ ശോഭിതമായിരുന്ന ഗ്രാമത്തിൻ്റെ പണ്ടത്തെ അപൂർവ്വസുന്ദര  കാഴ്ചകളിലേക്ക് കവിത കൊണ്ടുപോകുന്നു.


 ഭൂമിദേവിക്ക് ചാന്തുപൊട്ട് ചാർത്തിയപോലെ ശുദ്ധഗോമയം കൊണ്ട് ഒരുക്കിയ വൃത്തം.അതിൽ മനോഹരമായ ധാരാളം പൂക്കൾ കൊണ്ടുണ്ടാക്കിയ ഓണപൂക്കളം.നടുക്കുവെച്ച തുമ്പക്കുടം. ഓണത്തിന് ഒരുങ്ങി നിൽക്കുന്ന സുന്ദരിയെപോലെ മനോഹരിയായി പൊട്ടും ചാർത്തി  ഭൂമിദേവി നിൽക്കുന്നു.

മാവേലി തമ്പുരാനെ എതിരേൽക്കാൻ ഒരുങ്ങി നിൽക്കുന്ന ഓരോ പ്രജയും തൻ്റെ മുറ്റം തമ്പുരാൻ്റെതെന്ന്  അഭിമാനം കൊള്ളുന്നു. അസുരദേവനായ മഹാബലിയ്ക്ക് വീട്ടുമുറ്റത്ത് സ്വീകരണം ഒരുക്കിയപ്പോൾ  ഐശ്വര്യത്തിന്റെ ദേവതയായ സാക്ഷാൽ ലക്ഷ്മി ദേവിയെ അവർ വീട്ടിനുള്ളിൽ പ്രതിഷ്ഠിച്ചു. ഉള്ളിൽ ഐശ്വര്യദേവതയെയും പുറത്ത് അസുരനെയും കുടിയിരുത്തുന്നതാണ് ഓണത്തിൻ്റെ ശ്രേഷ്ഠതയും മാഹാത്മ്യവും.

ദേവലോകം പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി തോൽപ്പിച്ച ആ മഹാത്മാവിൻ്റെ ഓർമ്മകളെ നെഞ്ചിലേറ്റി മനുഷ്യർ ആഘോഷിച്ചപ്പോൾ ദേവലോകം തോറ്റുപോയി.തോറ്റവനെ ആഘോഷിക്കുന്നതാണ്  തിരുവോണം.

              ധനാസക്തികളാൽ എരിഞ്ഞ മനുഷ്യൻ്റെ കണ്ണുകൾ  നഗരത്തിന്റെ തെരുവിൽ ആകെ തിരഞ്ഞത് മാരിചനയാണ് . ആർത്തികൾക്ക് നടുവിൽ അധിവസിക്കുന്നവനല്ല മഹാബലി. അതിനാൽ നഗരത്തിൻ്റെ ആഘോഷ ത്തിമിർപ്പുകൾക്കോ കെട്ടുകാഴ്ചകൾക്കോ കപടതകൾക്കോ നടുവിൽ മഹാബലിയെ കണ്ടെത്താനായില്ല.

ഒടുവിൽ ഗ്രാമീണ വിശുദ്ധി തുളുമ്പി നിൽക്കുന്ന ഭവനത്തിൽ തിരിച്ചെത്തി വെൺപ്രാവുകളുടെ കുറുകൽ കേട്ട് മയങ്ങി പിന്നീട് വെയിൽ ചാഞ്ഞപ്പോൾ ഉണർന്ന്  സായംകാലത്തിൻ്റെ  സൗന്ദര്യം നുകർന്ന്  ഇളം തിണ്ണയിൽ ഇരിക്കുമ്പോൾ തിരുവോണത്തെ കണ്ടു. വിശ്രന്തിയുടെ ദിനമായി, മഹത്വത്തിൻ്റെ രക്തസാക്ഷ്യമായ് മുന്നിൽ വിനയാന്വിതം  വന്നുനിൽക്കുന്ന തിരുവോണം.നഗരത്തിൻ്റെ  കപടതകളിലോ കെട്ടുകാഴ്ചകളിലോ അല്ല യഥാർത്ഥ ഓണം. 

നഗരം അതിൻ്റെ സമസ്ത അനുഭവങ്ങളിലൂടെയും അന്വേഷിച്ച തിരുവോണത്തെ അവിടെയെങ്ങും കണ്ടെത്താനായില്ല. ആഘോഷത്തിമിർപ്പുകളെ   അകറ്റി ഗ്രാമീണ വിശുദ്ധിയെ പുൽകിയപ്പോഴാണ് യഥാർത്ഥ തിരുവോണത്തിന്റെ സാമീപ്യ മുണ്ടായത് . ഗ്രാമത്തിൻ്റെ വിശുദ്ധമായ ഇടത്തിലാണ്  തിരുവോണംകുടിയിരിക്കുന്നത്  എന്ന കണ്ടെത്തലിൽ കവിത അവസാനിക്കുന്നു.


ആസ്വാദനം : ഡോ.മനോജ് ജെ.പാലക്കുടി


https://greenbooksindia.com/dr-manoj-j-palakudy




2025 സെപ്റ്റംബർ 17, ബുധനാഴ്‌ച

അരനാഴികനേരം - നോവൽ. പഠനവും സംഗ്രഹവും

അരനാഴികനേരം - നോവൽ. പഠനവും സംഗ്രഹവും




പാറപ്പുറത്തിന്റെ സാഹിത്യലോകം 


1950 കൾ മുതൽ 1980 കൾ വരെ മലയാള ചെറുകഥ, നോവൽ  സാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരനാണ് പാറപ്പുറത്ത്. ഓണാട്ടുകരയിലെ സാധാരണ മനുഷ്യരുടെ ജീവിതവും അവരുടെ സാമൂഹികപ്രശ്നങ്ങളും പച്ചയായി വരച്ചുകാട്ടിയപ്പോൾ മലയാള കഥാവേദിക്ക് അത് വേറിട്ട വഴിയായി. മാവേലിക്കര കുന്നം പാറപ്പുറത്ത് കെ.ഇ. മത്തായിയാണ് പാറപ്പുറത്ത് എന്ന തൂലികാനാമത്തിലൂടെ പ്രശസ്തനായത്.


ജന്മനാടായ കുന്നവും സമീപപ്രദേശങ്ങളായ പൈനുംമൂട്, കൊല്ലകടവ്, ഒപ്പം നാട്ടിലൂടെയൊഴുകുന്ന അച്ചൻകോവിലാറും  അദ്ദേഹത്തിൻ്റെ നോവലുകൾക്കു പശ്ചാത്തലമൊരുക്കി. മധ്യതിരുവിതാംകൂറും അവിടുത്തെ ഭാഷയും കഥപറച്ചിലിന് ഈണം പകർന്നു.മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യൻ സമുദായത്തിന്റെ ജീവിതമാണ് പാറപ്പുറത്ത് പ്രധാനമായി അവതരിപ്പിക്കുന്നത്.

ച്ചായൻ, അയ്യം, കൊച്ചാട്ടൻ, ഇച്ചേയി, കൊണതോഴം, കയ്യാല, ചായ്പ്, മൂപ്പില്, നേരിയത്, പോലത്തേക്ക് തുടങ്ങി മധ്യതിരുവിതാംകൂറിന്റെ തനതായ വാക്കുകളാലും ശൈലികളാലും സമ്പന്നമായിരുന്നു പാറപ്പുറത്തിന്റെ രചനകൾ. മധ്യതിരുവിതാംകൂറിലെക്രിസ്ത്യൻ കുടുംബ കഥകളാണ് അദ്ദേഹം ഏറെയും പറഞ്ഞത്. ചുറ്റിലും കണ്ട ജീവിതത്തെപ്പറ്റി അതിശയോക്തിയില്ലാതെ എഴുതുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. 



1950കളിൽ ആരംഭിക്കുന്ന എഴുത്ത് 80കളിൽ അവസാനിക്കുമ്പോൾ വലിയൊരു സാഹിത്യലോകം തന്നെ അദ്ദേഹം സൃഷ്ടിച്ചിരുന്നു.നിണമണിഞ്ഞ കാല്പാടുകളിൽ (1955) തുടങ്ങി കാണാപ്പൊന്ന് (1980) വരെ 20 നോവലുകളും പ്രകാശധാര (1952) മുതൽ വഴിയറിയാതെ (1980) വരെയുള്ള 14 കഥാസമാഹാരങ്ങളും വെളിച്ചംകുറഞ്ഞ വഴികൾ (1980) എന്ന നാടകവും മരിക്കാത്ത ഓർമ്മകൾ (1982) എന്ന സ്മരണയും പാറപ്പുറത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാറപ്പുറത്തിന്റെ ഏഴു നോവലുകൾ ചലച്ചിത്രങ്ങളായി. അവസാന നോവലായ കാണാപ്പൊന്നിന്റെ അവസാന അധ്യായം മരണത്തിനു തലേദിവസം പറഞ്ഞുകൊടുത്ത് എഴുതിക്കുകയായിരുന്നു. പിന്നീട് കെ. സുരേന്ദ്രനാണ് അതു പൂർത്തീകരിച്ചത്.

പട്ടാള ജീവിതങ്ങളും പാറപ്പുറത്തിന്റെ കഥാലോകത്ത് ഇടം നേടി.നിണമണിഞ്ഞ കാല്പാടുകൾ എന്ന ആദ്യ നോവലിനു പ്രചോദനമായത് സൈനികസേവനകാലത്തെ സ്വന്തം ജീവിതാനുഭവങ്ങളാണ്.ആത്മസ്പർശിയായ പട്ടാള നോവലാണത്.നൈനിത്താളിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണ് പണിതീരാത്ത വീട്.

വടക്കേയിന്ത്യൻ പട്ടാള ക്യാമ്പുകളും ഓണാട്ടുകരയിലെ ഗ്രാമീണജീവിതവും പാറപ്പുറത്തിന്റെ നോവലുകളുടെ ഊടും പാവുമാണ്.കേവലം പട്ടാളക്കഥകൾക്കുപരി പട്ടാളക്കാരനെ കേന്ദ്രബിന്ദുവാക്കി കുടുംബബന്ധങ്ങളുടെ ജയപരാജയങ്ങളുടെ ചിത്രീകരണമാണ് പാറപ്പുറത്തിന്റെ നോവലുകളിലുണ്ടായിരുന്നത്. 

സാംസ്കാരിക മൂല്യങ്ങളോടുള്ള ആദരവും അവയുടെ തകർച്ചയിൽ ഉണ്ടാകുന്ന വേദനയും പാറപ്പുറത്തിന്റെ കൃതികളുടെ പ്രധാന വിഷയമാണ്. സാധാരണ മനുഷ്യരുടെ കഥകളാണ് അദ്ദേഹം പറഞ്ഞത് അതിനാൽ സാധാരണക്കാരാണ് അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ. ദ്രോഹ ബുദ്ധിയില്ലാതെ ജീവിക്കാൻ കൊതിക്കുന്നവർ സാധാരണക്കാർ ഏറ്റുവാങ്ങുന്ന ദുരന്തങ്ങളാണ് അദ്ദേഹം ആഖ്യാനം ചെയ്തത്. മനുഷ്യരിലെ  ആന്തരിക വെളിച്ചത്തെ കാണുന്നതാണ് പാറപ്പുറത്തിന്റെ സർഗാത്മക മനസ്സ്.

കേരള സാഹിത്യ അക്കാദമി പുരസ്കാരം രണ്ടുതവണ പാറപ്പുറത്തിനെ തേടിയെത്തി.അരനാഴികനേരം (നോവൽ) 1967-ൽ പ്രസിദ്ധീകരിച്ച ഈ കൃതി, 1968-ലും നാലാൾ നാലുവഴി (ചെറുകഥ)1966 ലും കേരള സാഹിത്യ അക്കാദമി അവാർഡും  നേടികൊടുത്തു.

പോൾ വർഗ്ഗീസ് Time to Die എന്ന പേരിൽ അരനാഴികനേരം നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി.1981 ഡിസംബർ 30-നായിരുന്നു അന്ത്യം.


 അരനാഴികനേരം നോവൽ - കഥ പറയുന്ന കുഞ്ഞേനാച്ചൻ 

നോവൽസംഗ്രഹം 


അഞ്ച് മക്കളും അവരുടെ മക്കളുമടങ്ങിയ വലിയ ഒരു കുടുംബത്തിലെ നായകനാണ്കുഞ്ഞേനാച്ചൻ  . വൃദ്ധനും അവശനുമായ കാരണവർ കുഞ്ഞേനാച്ചൻ്റെ ഓർമ്മകളിലൂടെയാണ് കഥ ഏറെയും പറയുന്നത്. ഭക്തനും തന്റേടിയുമായ കുഞ്ഞേനാച്ചൻ സ്നേഹം കൊണ്ടും ശാസന കൊണ്ടും മക്കളെ നേർവഴിക്കു നടത്തുന്നു. സാഹചര്യങ്ങളുടെ പ്രലോഭനത്തിൽ ധാരാളം തെറ്റുകൾ ചെയ്യുന്നുണ്ട്.എങ്കിലും ജീവിത സുകൃതങ്ങൾ അതിനെ ഒരു പരിധിവരെങ്കിലും  മറികടന്ന് നിൽക്കുന്നതായിട്ടാണ് നോവൽ അവതരിപ്പിക്കുന്നത്. കലഹിച്ചും പഴിപറഞ്ഞും വഴക്കിട്ടും നീങ്ങുന്ന അപ്പനും മക്കളും കുടുംബസ്നേഹവും നന്മയും ഉള്ളവരാണ് .കലാഹങ്ങൾക്കിടയിലും അവർ പരസ്പരം സ്നേഹിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് ബൈബിളിൽ നിന്ന് വചനങ്ങൾ ഉദ്ധരിക്കുന്ന ശൈലി കുഞ്ഞേനാച്ചൻ എന്ന കഥാപാത്രത്തെ മിഴിവുള്ളതാക്കുന്നു.വല്യപ്പനും മക്കളും പേരക്കുട്ടികളും അടങ്ങുന്ന വലിയ കുടുംബത്തിലെ ഓരോ വ്യക്തിയെയും സ്പർശിച്ചുകൊണ്ട് കഥ മുന്നോട്ടുപോകുന്നു.

നീണ്ട തൊണ്ണൂറു സംവത്സരം പനച്ചമൂട്ടിൽ ജീവിച്ച കുഞ്ഞേനാച്ചൻ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചവനാണ്  .

 ഉത്തുംഗപ്രഭാവനായി ജീവിതം കെട്ടിപ്പടുത്ത കുഞ്ഞേനാച്ചന്റെ ജീവിതം വളർന്നു പന്തലിച്ചു നിൽക്കുന്ന ഒരു മഹാ വൃക്ഷം പോലെ അനുഭവ സങ്കീർണ്ണവും ഉജ്ജ്വലവുമായിരുന്നു. സ്വതന്ത്ര ബുദ്ധിക്കാരനായ കുഞ്ഞേനാച്ചൻ. ചെറുപ്പം മുതൽ തന്റേടിയായി വളർന്ന അയാൾ തന്റെ വാർദ്ധക്യത്തിലും ആരുടെ മുന്നിൽ തലകുനിക്കാൻ ഇഷ്ടപ്പെടുന്നില്ല. ബൈബിൾ വചനങ്ങൾ മന:പ്പാഠമാക്കിയിരിക്കുന്ന കുഞ്ഞേനാച്ചൻ ജീവിത സന്ദർഭങ്ങളെ ബൈബിളിന്റെ വെളിച്ചത്തിൽ കാണുകയും ജീവിതവ്യഥകൾക്കും സന്തോഷങ്ങൾക്കും നടുവിൽ കൃത്യമായി ബൈബിൾ വചനങ്ങൾ ഉരുവിടുകയും ചെയ്യുന്നു.ആരുടെയും ശാസനയിൽ നിൽക്കാൻ ഇഷ്ടപ്പെടാത്ത അദ്ദേഹം ഇളയ മകൻ മാത്തച്ചനൊപ്പം താമസിക്കുന്നുവെങ്കിലും എല്ലാ മക്കളുടെയും വീട്ടിൽ ക്രമമനുസരിച്ച് ഭക്ഷണത്തിനെത്തും.  


വീടുകളിൽ സന്ദർശനം നടത്തി തിരിച്ചു വരുന്ന വഴി ഒരു ദിവസം മനസ്സിനൊപ്പം നീങ്ങാത്ത ശരീരം തളർന്നു പെരുവഴിയിൽ വീണു പോയി. നാട്ടുകാരും സ്വന്തക്കാരും കൂടി വീട്ടിലെത്തിച്ചു. അന്നു മുതൽ കിടക്കയും മുറ്റവുമായി കഴിഞ്ഞു കൂടുന്ന ഈശ്വരവിശ്വാസിയായ ആ തൊണ്ണൂറുകാരന്റെ ഓർമ്മകളിലൂടെയും ദൃക്‌സാക്ഷിത്വത്തിലൂടെയും നോവൽ വികസിക്കുന്നു.മരണത്തിൻ്റെ അരനാഴിക നേരത്തിനായി കാത്തിരിക്കുന്ന കുഞ്ഞേനാച്ചൻ്റെ ഓർമ്മകളിലൂടെ ചുരുൾ നിവരുന്നതാണ് ആ വലിയ കുടുംബത്തിൻ്റെ ചരിത്രം.  ഗംഭീരമായ ഒരു ജീവിതത്തിന്റെ മുഴുവൻ ട്രാജഡിയും 'അരനാഴിക നേരം ' ആവിഷ്കരിക്കുന്നു.


കുഞ്ഞേനാച്ചന്റെ മൂത്ത മകൻ കുഞ്ഞോമ ചെറുപ്പത്തിലെ അതിർത്തിവഴക്കിൽ കൊല്ലപ്പെട്ടു. കുഞ്ഞേനാച്ചനും മക്കളുമടങ്ങിയ സംഘം മറ്റൊരു പ്രമാണിയായ ശേഖരൻ നായരുമായി ഏറ്റുമുട്ടലിലാണ് മരണം.മൂത്ത മകൻ്റെ മരണം കുഞ്ഞേനാച്ചന് എന്നും നീറുന്ന നൊമ്പരമാണ്.


 മുൻകോപിയാണെങ്കിലും രണ്ടാമൻ കീവറീച്ചൻ കുടുംബസ്നേഹിയാണ്. അഞ്ചു പെൺമക്കൾ.സ്കൂൾ ടീച്ചറായ മൂത്ത മകൾ കുട്ടിയമ്മയ വേറൊരു വരുമാനവുമില്ലാത്ത അയാൾ കറവപ്പശുവായി വീട്ടിൽ നിറുത്തിയിരിക്കുകയാണ്. അവളുടെ വികാരങ്ങളെപ്പറ്റിയോ ഭാവിയെപ്പറ്റിയോ കീവറീച്ചൻ ചിന്തിക്കുന്നില്ല എന്നത് കുഞ്ഞേനാച്ചനു ആധിയാകുന്നു. അവളുടെ ഹൃദയം ഇതരസഭാക്കാരനും സഹപ്രവർത്തകനുമായ തോമസിനോട് പ്രണയത്തിലാകുന്നു. വീട്ടുകാരുടെ എതിർപ്പ്  അവഗണിച്ച് അവർ വിവാഹം കഴിച്ചു.മറ്റൊരു മകൾ റാഹേലമ്മ വെളുപ്പുദീനം കാരണം ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട് വീട്ടിൽ നിൽക്കുന്നു.


മൂന്നാമത്തെ മകനായ കുഞ്ഞുചെറുക്കൻ കള്ളക്കടത്തുമായി ബന്ധപ്പെട്ടു കഴിയുന്ന മകന്റെ പണം ലഭിക്കുന്നുണ്ടെങ്കിലും എന്നും പട്ടിണിയും പരാതിയുമായി അപ്പനെയും സഹോദരങ്ങളെയും അലട്ടിക്കൊണ്ട് ചെറ്റപ്പുരയിൽ കഴിയുന്നു.

പണക്കാരനായ നാലാമൻ പീലിപ്പോച്ചന്റെ പക്ഷേ കുടുംബത്തിൽ സമാധാനമില്ല.ഭാര്യ അന്നമ്മയ്ക്ക് പീലിപ്പോച്ചന്റെ സ്വഭാവത്തിൽ സംശയമാണ്. പ്രായമായ മകനുമായി എപ്പോഴും സംഘട്ടനമാണ്.

അഞ്ചാമത്തെ മകനായ മാത്തുക്കുട്ടി പൊതുക്കാര്യ പ്രവർത്തകനാണ്.ഇടവകയിലെയും നാട്ടിലെയും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ അയാൾ വേണം. മാത്തുക്കുട്ടിയുടെ ഓപ്പമാണ് കുഞ്ഞേനാച്ചൻ്റെ താമസം. ആദ്യഭാര്യ മരിച്ച് മാത്തുക്കുട്ടി വീട്ടുകാര്യങ്ങളുടെ ചുമതല മുഴുവൻ രണ്ടാം ഭാര്യയായ ദീനാമ്മയെ ഏൽപ്പിച്ച് നാട്ടുകാര്യവുമായി നടക്കുന്നു.ദിവസത്തിന്റെ സിംഹഭാഗവും പൊതുക്ഷേമ തൽപരനായി വീടിന് പുറത്താണ്. ദീനാമ്മ പക്വമതിയായ ഒരു വീട്ടമ്മയെപോലെയാണ്.  കുഞ്ഞേനാച്ചനെ നന്നായി പരിചരിക്കുന്നതിനാൽ അയാൾക്കും അവളെ വലിയ ഇഷ്ടമാണ്.അവരുടെ കൊച്ചുമോൾ സിസിലിയാണ്  വൃദ്ധൻ്റെ ഏറ്റവും വലിയസന്തോഷം. മാത്തുക്കുട്ടിയുടെ ആദ്യത്തെ കെട്ടിലുള്ള മകൻ രാജൻ പട്ടാളക്കാരനാണ്. പ്രതിമാസം അവനയക്കുന്ന നൂറ് രൂപായാണ് ആ കുടുംബത്തിന്റെ പ്രധാന വരുമാനം.

കുഞ്ഞേനാച്ചന്റെ തളർന്ന ശരീരത്തിനുണർവ് നൽകുന്ന “കറുപ്പ് “ ഇടക്കിടക്ക് എത്തിക്കുന്ന സരസനായ ശിവരാമക്കുറുപ്പാണ് കുഞ്ഞേനാച്ചന്റെ ഉറ്റചെങ്ങാതി.അയാൾക്ക് കറുപ്പ് നൽകാൻ കുറുപ്പച്ചൻ നിരന്തരം വീട്ടിൽ എത്തുന്നു. മക്കളുടെ എതിർപ്പ് അവഗണിച്ചും അപ്പൻ അയാളെ വീട്ടിൽ സ്വീകരിക്കുന്നു.

മാത്തുക്കുട്ടിയുടെ മകൻ രാജൻ അവധിക്കു വീട്ടിലെത്തി.എല്ലാവർക്കും സമ്മാനങ്ങളുമായിട്ടാണ്  എത്തുന്നത്. രാജന്റെ പേർക്ക് ഒരു വിവാഹാലോചനയുമായി കുഞ്ഞേനാച്ചന്റെ അളിയന്റെ മകനും ദീനാമ്മയുടെ സഹോദരീ ഭർത്താവുമായ കാർത്തികപ്പള്ളി അച്ചൻ വീട്ടിലെത്തി.രാജനും അവന്റെ അമ്മാമൻ കുഞ്ഞുകുട്ടിയും കൂടിപ്പോയി പെണ്ണിനെ കണ്ടു. ശാന്തമ്മ രാജന്റെ മനസ്സിനിണങ്ങി. വീട്ടുകാർക്കും തൃപ്തിയായി. വിവാഹവും ഉറച്ചു. അപ്പോൾ വേലഞ്ചിറക്കാരൻ മൊളകു ലോനപ്പൻ  ഒരു പരദൂഷണവുമായി അവിടെയെത്തുന്നു.

കാർത്തികപള്ളി അച്ചന്റെ അവിഹിത സന്തതിയാണ് ശാന്തമ്മ എന്നൊരു വാർത്തയും അറിയിച്ചു.വീട്ടിൽ വലിയ പ്രശ്നമായി. കുടുംബാംഗങ്ങൾ ഒന്നിച്ചാലോചിച്ച് നിശ്ചയിച്ച വിവാഹം നടത്തേണ്ടെന്ന് തീരുമാനിച്ചെങ്കിലും രാജന്റെ ഉറച്ച നിലപാടിൽ എല്ലാവരും വഴങ്ങി.വിവാഹവും നടന്നു.കാർത്തികപ്പള്ളി അച്ഛനെ ക്ഷണിച്ചതുമില്ല. ചുരുങ്ങിയ മധുവിധു ദിനങ്ങൾക്ക് ശേഷം  രാജൻ ജോലിസ്ഥലത്തേക്കു പോയി.ഓർമ്മകളും പ്രതീക്ഷകളുമായി നവവധുവായ ശാന്തമ്മ ആ വീട്ടിലെ ഒരംഗമായി കഴിഞ്ഞു വന്നു.

കീവറീച്ചന്റെ മൂത്തമകൾ കുട്ടിയമ്മ  ജീവിതപങ്കാളിയെ സ്വയം കണ്ടെത്തി. സഹപ്രവർത്തകനായതോമസ് സാറുമായി അവൾ വീടു വിട്ടു . രോഷാകുലരായ കാരണവന്മാർ തോമസിനെ കോടതി കയറ്റാൻ തീരുമാനമെടുത്തപ്പോൾ അവർ ആ വീട്ടിലേക്കു  കടന്നു വന്നു. കുഞ്ഞേനാച്ചൻ മറ്റാരുടെയും അനുവാദത്തിനു കാത്തുനിൽക്കാതെ സ്വീകരിച്ച് അനുഗ്രഹിച്ചു.മറ്റൊരു മകൾ റാഹേലമ്മ എല്ലാവരുടെയും അവഹേളനം ഏറ്റുവാങ്ങി ജീവിച്ചു.ഒരു ദിവസം അവൾ മരിച്ചു.ആ വിയോഗം കുഞ്ഞേനാച്ചനെ ഏറെ ദുഃഖിപ്പിച്ചു.

കാർത്തികപ്പള്ളി അച്ചനെപറ്റി പറഞ്ഞു പരത്തിയ വാർത്ത വെറും അപവാദമായിരുന്നെന്ന് തെളിഞ്ഞു.അച്ചൻ്റെ ശത്രുവായ പത്രോസ് മുതലാളിയാണ് അതിൻ്റെ പിന്നിലെന്ന് വ്യക്തമായി.ശാന്തമ്മയ്ക്ക് സന്തോഷമായി.

കുഞ്ഞുചെറുക്കന്റെ രാത്രിസഞ്ചാരക്കാരനായ മകൻ ദാനിക്കുട്ടിയെ കള്ളക്കടത്തിന് പോലീസ് പിടികൂടി.കപ്പൽവഴി വരുന്ന സാധനങ്ങൾ സർക്കാർ അറിയാതെ വിൽക്കുകയായിരുന്നു അവൻ്റെജോലി. പിടിക്കപ്പെടുന്നതിനു തലേദിവസം കുഞ്ഞേനാച്ചന് ദാനിക്കുട്ടി  അഞ്ഞൂറു രൂപ നൽകി. ആ പണം കുഞ്ഞുചെറുക്കനെ ഏൽപ്പിച്ചു. 

കുഞ്ഞേനാച്ചനെയും മക്കളെയും കഠിനദുഃഖത്തിലാഴ്ത്തി പട്ടാളക്യാമ്പിൽ നിന്നും രാജന്റെ മരണവാർത്ത അറിയിച്ചു കൊണ്ടുള്ള കമ്പി സന്ദേശമെത്തി. ഏതാനും ദിവസം മാത്രം ഭർത്താവുമായി ജീവിച്ച് അകാലത്തിൽ വിധവയായിത്തീർന്ന ശാന്തമ്മയുടെ വേദന കുഞ്ഞേനാച്ചനെ തളർത്തി.

ദുഃഖത്തിന്റെ തീരാക്കയത്തിൽ വീണ കുഞ്ഞേനാച്ചന്റെ മനോനില വീണ്ടും തകർത്തുകൊണ്ട് മറ്റൊരു സംഭവം നടന്നു.പീലിപ്പോച്ചന്റെ മകൻ വേലക്കാരിപ്പെണ്ണിനെ വിവാഹം കഴിച്ചെന്ന വാർത്ത നാട്ടിൽ പരന്നു.മകന്റെ വിവാഹവാർത്തയറിഞ്ഞ പീലിപ്പോച്ചൻ്റെ ഭാര്യ അന്നമ്മ ചിത്തഭ്രമം പിടിപെട്ട് നാടൻ പിള്ളേരുടെ കൂക്കുവിളിയുടെ അകമ്പടിയുമായി കുഞ്ഞേനാച്ചന്റെ വീട്ടിലെത്തി. മരുമകളുടെ ദുർവിധി കണ്ട് വൃദ്ധനായ പിതാവിൻ്റെ കണ്ണുകൾ നിറഞ്ഞു.

നിരന്തരമായ ജീവിത ദുരന്തങ്ങളുടെ നടുവിൽ അയാൾ ഉഴറി. മക്കളും കൊച്ചുമക്കളും മരുമക്കളും അടങ്ങിയ കുടുംബത്തിൻ്റെ  ദുർഗതി അയാളെ വളർത്തി. ഒടുവിൽ  ഹൃദയാഘാതം സംഭവിച്ച്  ശരീരം തളർന്ന് കുഞ്ഞേനാച്ചൻ ശയ്യയെ ശരണം പ്രാപിച്ചു.

ദുരന്തങ്ങളുടെ ഏറ്റവും വലിയ ആഘാതം അയാളെ കാത്തിരിക്കുകയായിരുന്നു . ശാരീരിക പരവേശത്താൽ  വെള്ളം കുടിക്കാൻ ചെല്ലുന്ന കുഞ്ഞേനാച്ചൻ കാണുന്നത് കുറുപ്പച്ചനും ദീനാമ്മയും തമ്മിലുള്ള അവിഹിത വേഴ്ചയാണ് . വൃദ്ധന്റെ ഉത്തമസുഹൃത്തായിരുന്ന കുറുപ്പച്ചൻ മാത്തുക്കുട്ടിയുടെ കച്ചവട പങ്കാളിയുമായി മാറിയിരുന്നു.  ജീവിതത്തിൽ
ഏറെ വിശ്വസിച്ചിരുന്ന കുറുപ്പച്ചനും ദീനാമ്മയുമായുള്ള അവിഹിതബന്ധം നേരിട്ടു കാണുവാൻ ഇടയായ കുഞ്ഞേനാച്ചൻ സമനില തെറ്റി നിലം പതിച്ചു.സംസാരിക്കുവാനാവാതെ വീർപ്പുമുട്ടിക്കഴിഞ്ഞ കുഞ്ഞേനാച്ചന്റെ നാവ് ചലിക്കാതിരുന്നാൽ തന്റെ വഞ്ചന പുറത്താവുകയില്ലെന്ന് കരുതിയ കറുപ്പച്ചൻ അവസാനമായി നൽകിയ കറുപ്പിൽ വിഷം ചേർത്തു. ഇക്കാര്യം ശിവരാമക്കുറുപ്പ് ദീനാമ്മയെ അറിയിക്കുന്നു
.





മൂന്നു തലമുറകളുടെ കാരണവരായി തൊണ്ണൂറു വർഷങ്ങൾ വളരെ സാഹസികനായിജീവിച്ച ആ മനുഷ്യൻ്റെ അന്ത്യം അതീവദയനീയമായിരുന്നു.കുഞ്ഞേനാച്ചന്റെ മരണം കണ്ട വീട്ടിൽ നിന്നും കൂട്ട നിലവിളി ഉയർന്നു. എല്ലാത്തിനും മീതെ ഉയർന്നു കേട്ടത് ദീനാമ്മയുടെ അലമുറയിട്ട നിലവിളിയായിരുന്നു.


ആസ്വാദനം ;ഡോ. മനോജ് ജെ.പാലക്കുടി

2025 സെപ്റ്റംബർ 11, വ്യാഴാഴ്‌ച

മല്ലീസ് പറമുടി -കവിത /മല്ലീശ്വരമുടി

 മല്ലീസ് പറമുടി -കവിത

                മല്ലീശ്വരമുടി

               
          
                                                                                          കവിതക്കുറിപ്പ്

                                                        കവി - മണികണ്ഠന്‍ അട്ടപ്പാടി



കേരളത്തിലെ സമകാലീനഗോത്രകവിതയുടെ ഏറ്റവും ഊര്‍ജ്ജസ്വലമായ മുഖങ്ങളിലൊന്നാണ് മണികണ്ഠന്‍ അട്ടപ്പാടിയുടേത്. ആദിവാസിജനതയുടെ സാംസ്കാരികത്തനിമയെക്കുറിച്ചുള്ള ഉറച്ച ബോദ്ധ്യവും പുതുമയും പാരമ്പര്യവും ഒരുപോലെ സന്നിവേശിക്കുന്ന സൗന്ദര്യശാസ്ത്രവും അദ്ദേഹത്തിന്റെ കവിതകളെ സവിശേഷമാക്കുന്നു. (അവതാരിക, മല്ലീസ്പറ മുടി)ഗോത്ര ജനതയുടെ പച്ചയായ ജീവിതാനുഭവങ്ങളെ  ഇരുള ഭാഷയിലൂടെയാണ് മണികണ്ഠൻ മലയാള കവിതയിൽ ആവിഷ്കരിക്കുന്നത്.  പ്രകൃതിയുടെ മടിത്തട്ടിനോട് ചേർന്ന് കഴിയുന്നവർ എന്ന നിലയിൽ പ്രകൃതി സൗന്ദര്യത്തിന്റെ മനോഹാരിതയെയും നിഗൂഢതകളെയും കാടിൻ്റെ സ്പന്ദനങ്ങളെയും ഒപ്പിയെടുക്കുവാൻ അദ്ദേഹത്തിൻ്റെ കവിതകൾക്ക് കഴിയുന്നു. കാടിൻ്റെ മകൻ എന്ന നിലയിൽ പ്രകൃതി നാശത്തെയും ഗോത്രജനം എന്ന നിലയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗോത്രവർഗ്ഗ സ്വത്വത്തെയും കുറിച്ചുള്ള നൊമ്പരങ്ങൾ അദ്ദേഹത്തിൻ്റെ കവിതയിൽ നിറയുന്നു.പ്രകൃതിയുടെ മടിത്തട്ടിൽ വസിക്കുന്ന ജനവിഭാഗത്തിന്റെ പ്രതിനിധിയായി ലോകത്തോട് സംവദിക്കുകയാണ് കവി.



പ്രകൃതിയുടെ സൗന്ദര്യവും    കാടിനോട് ഇണങ്ങി ജീവിക്കുന്ന ഗോത്ര ജനതയുടെ ദൈന്യം ദിന ജീവിതവും അനുഷ്ഠാനങ്ങളും അധിനിവേശം സൃഷ്ടിക്കുന്ന മുറിവുകളും  അവയോടുള്ള പ്രതിഷേധങ്ങളും 'മല്ലീശ്വരമുടി' എന്ന കവിതയിൽ ആവിഷ്കരിക്കുന്നു.


പാലക്കാട്, അട്ടപ്പാടിയിൽ 4000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മല്ലീശ്വരമുടി   ആദിവാസി ജനതയ്ക്ക് ദൈവസാന്നിധ്യത്തിന്റെ ഇരിപ്പിടമാണ് .മല്ലിയും ഈശ്വരനും അഥവാ പാർവതിയും പരമശിവനും  കുടിയിരിക്കുന്ന ഇടം എന്ന നിലയിൽ വിശ്വാസത്തിൻ്റെ പുണ്യഭൂമിയാണത്. പരമശിവൻ്റെ തിരുമുടിയാണ് മല്ലീശ്വരമുടിയെന്നും  അവിടുന്ന് ഒഴുകുന്ന ഭവാനിപ്പുഴ പാർവതിദേവിയെന്നും അവർ വിശ്വസിക്കുന്നു.


 കവിതയുടെ കുറിപ്പ് 


മല്ലീശ്വര മുടിയിനപ്പുറത്തേക്ക് മറയുന്ന സൂര്യൻ...

കാനനപ്രകൃതിയുടെ സുന്ദരമായ കാഴ്ചകളെ വരച്ചു കാണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത് . മല്ലീശ്വരന്റെ പിന്നിൽ മറയുന്ന സൂര്യൻ, കാടിനെ പുതപ്പിച്ചുറങ്ങുന്ന ഇരുട്ട്, മലയിൽനിന്നും ഒഴുകുന്ന വെള്ളത്തിൻ്റെ ഒച്ച,മഞ്ഞ് വീഴുന്ന കാർത്തിക മാസത്തെ പുലർകാലം, അതിരാവിലെ പുഴയോരത്ത് ചെല്ലുന്നവർ, അവിടെ വെള്ളാരം കല്ലുകൊണ്ട് തീമൂട്ടുന്നവർ, വേപ്പിൻ തണ്ടെടുത്തു പല്ലുതേക്കുന്നവർ, അലക്കുന്നവർ, മീൻ പിടിക്കുന്നവർ, പാഴ് വർത്തമാനങ്ങൾ പറയുന്നവർ.പ്രകൃതി -മനുഷ്യബന്ധത്തിന്റെ സുന്ദരകാഴ്ചകളെയാണ് വാക്കുകളിൽ കവി വരച്ചു കാണിക്കുന്നത്.


പ്രകൃതി - ഈശ്വര സങ്കൽപ്പത്തിന്റെ കൂടിച്ചേരലിനെയും മനോഹരമായി ആവിഷ്കരിക്കുന്നു.

ഈശ്വരൻ തന്നെയായ മല്ലീശ്വര മുടിയുടെ അപ്പുറത്തേക്ക് സൂര്യൻ മറയുന്നു.  ഉറങ്ങുന്ന കാടിനെ ഇരുട്ട് പുതപ്പിച്ചു ഉറക്കുന്നു. പിന്നെ അവിടെ ചലിക്കുന്നത് പുഴ മാത്രമാണ്. പ്രകാശത്തിൻ്റെ അസ്തമയവും  ഇരുളിൻ്റെ പരപ്പുമെല്ലാം വിലയം കൊള്ളുന്നത് ഈശ്വരരൂപമായ മല്ലീശ്വരനിലാണ്. പാർവ്വതി ദേവി സങ്കല്പമായ ഭവാനിപ്പുഴ മാത്രം ചലിക്കുന്നു. ഈശ്വരനിൽ തുടങ്ങി ഈശ്വരനിൽ ലയിക്കുന്ന പ്രകൃതി ദിനചക്രം .


കാർത്തിക മാസക്കാലം......

പ്രകൃതിയുമായി ചേർന്നിരിക്കുന്ന ഗോത്ര സംസ്കൃതിയെ തുടർന്നുള്ള വരികളിൽ വിവരിക്കുകയാണ്. പുഴയുടെ അരികിലാണ് അവരുടെ ജീവിതം.പ്രകൃതിയുടെ മടിത്തട്ടിൽ ജീവിക്കുന്ന ഗോത്രമനുഷ്യൻ്റെ ദിനചര്യകളെവിവരിക്കുന്നു. പുലർകാലം മുതൽ പ്രകൃതിയുടെ മടിത്തട്ടിലാണ് അവരുടെ ജീവിതം. വേപ്പിൻതണ്ടെടുത്ത് പല്ലുതേക്കലും വീശി വീശി തുണിയലക്കലും മീൻപിടുത്തവും തുടങ്ങി സൗഹൃദത്തിനും ഉപജീവനത്തിനും  സ്നേഹ സംഭാഷണത്തിനുമുള്ള  ഇടമായി അവർ പുഴയെ ജീവിതത്തോട് ചേർത്തുവയ്ക്കുന്നു. പ്രകൃതിയാണ് അവരുടെ ദിനവും  ദിനചര്യയും.അതിൻ്റെ നടുവിൽ പടുത്തുയർത്തിയതാണ് ഗോത്ര സംസ്കൃതി.ഇരതേടലും വിനോദങ്ങളും സൗഹൃദങ്ങളുമെല്ലാം  പ്രകൃതിയിൽ ആയിരുന്നു.പ്രകൃതിയാണ് അവരുടെ ജീവിതത്തിൻ്റെ താളം.



മുടി കൂടുതൽ വളർന്നു പോയെന്ന് പറഞ്ഞു....

അധിനിവേശത്തിന്റെ ആസക്തികളെയും അതു സൃഷ്ടിക്കുന്ന മുറിവുകളെയും തുടർന്നുള്ള വരികൾ വിവരിക്കുന്നു. ഈശ്വരന്റെ മുടിയായി കണ്ട  മലനിരകളെ ഇന്നു മനുഷ്യൻ മൊട്ടയടിക്കുന്നു. കൈ നഖം വളർന്നു പോയി എന്നു പറഞ്ഞ് മരക്കൊമ്പുകളെ വെട്ടി നീക്കം ചെയ്യുകയും ചെയ്യുന്നു. ദേവസാന്നിധ്യം കുടിയിരുന്ന പുണ്യ ഇടം തല പൊളിയുന്ന വെയിലിൽ സ്വർണം പോലെ മിന്നുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത മനുഷ്യൻ്റെ സ്വാർത്ഥതയെ ചോദ്യം ചെയ്യുകയാണ്. ദൈവസാന്നിധ്യത്തിന്റെ വിശുദ്ധ ഇടങ്ങളെ പോലും 'നശിപ്പിച്ചു. പ്രകൃതിയിൽ താളവും നൃത്തവും ജീവിതവും ചേർത്തുവച്ച ഒരു ജന വിഭാഗത്തിന്റെ നൊമ്പരങ്ങളാണ് ഈ വരികളിൽ.


എരിയുന്ന വിളക്ക് കെടാതെ എരിയട്ടെ... 

പ്രകൃതിയുടെ വിശുദ്ധിയെ തിരികെ പിടിക്കാനുള്ള ശ്രമമാണ് ഈ ആഹ്വാനം.

പരമശിവന്റെ ആവശ്യപ്രകാരം തെളിയിക്കപ്പെട്ടതാണ് മലമുകളിലെ വിളക്ക് എന്നാണ് ഐതിഹ്യം.പാർവതി ദേവിയുടെ സാന്നിധ്യവും അവിടെയുണ്ടായിരുന്നു.ഗോത്ര വിശ്വാസത്തിൻറെ നെടുംതൂണായ ഈ ആചാരങ്ങൾക്ക് ഒരു ഉടവും സംഭവിക്കരുത് എന്ന കവി ആഹ്വാനം ചെയ്യുന്നു


മല്ലീശ്വര മുടിയിലെ ശിവജ്യോതി ഗോത്ര വിശ്വാസത്തിൻ്റെയും ആചാരത്തിന്റെയും ഭാഗമാണ്. ദൈവിക ആഹ്വാനത്തിൽ തെളിയിക്കപ്പെട്ട വിളക്ക്കെടാതെ എരിയട്ടെ എന്ന് ആഗ്രഹിക്കുന്നു.  നാശത്തിന് നടുവിലും  ഗോത്ര ആചാരങ്ങളെയും ഗോത്ര ജീവിതത്തെയും തിരികെ പിടിക്കണം . 



നശിച്ച നമ്മുടെ ജീവിതം....

ഗോത്ര സമൂഹത്തിന് സ്വത്വം  നഷ്ടപ്പെട്ടു. ഗോത്രകാലം മുതൽ ആചരിച്ചുവന്ന അനുഷ്ഠാനങ്ങളും കലകളും ചികിത്സാരീതികളും മന്ത്രങ്ങളും നഷ്ടപ്പെട്ട് പോയ ഒരു കാലത്തു നിന്നു കൊണ്ടാണ് കവി സംസാരിക്കുന്നത്.  പച്ചമരുന്നുകളും നാട്ടുവൈദ്യങ്ങളും എല്ലാം അട്ടപ്പാടിക്കും കൈമോശം വന്നു കഴിഞ്ഞു.  നഷ്ടങ്ങളെയാണ്  മണികണ്ഠന്റെ കവിതകൾ ഏറെയും കുറിക്കുന്നത്

ആഹ്വാനത്തിന്റെ നടുവിലും നശിച്ചു പോയ ഗോത്ര ജീവിതത്തെ കുറിച്ചുള്ള നൊമ്പരങ്ങളെ മുഴക്കി കാണിച്ചുകൊണ്ട് കവിത അവസാനിക്കുന്നു. പിറന്ന നാടും ഗോത്ര ജീവിതവും ഇന്നൊരു നരകം ആയിരിക്കുന്നു. നാശോന്മുഖമായ പ്രകൃതിയിൽ നാശമടയുന്ന ഒരു ഗോത്ര സംസ്കാരമുണ്ട് എന്ന വലിയ തിരിച്ചറിവ് കവിക്കുണ്ട്. അവയുടെ നഷ്ടത്തിൽ അസ്വസ്ഥനാകുന്ന കവിയുടെ തീവ്ര നൊമ്പരങ്ങളാണ് ഈ വാക്കുകളിൽ. ആ നൊമ്പരങ്ങളുടെ തീവ്രതയിലാണ്  കവിത അവസാനിക്കുന്നത്.




           ആസ്വാദനം - ഡോ.മനോജ് ജെ. പാലക്കുടി


2021 മാർച്ച് 21, ഞായറാഴ്‌ച


                      ജാവേദ്എന്നമുജാഹിദ്
                                 കഥ ; ബെന്യാമിൻ     

                                    പ്രവാസ കഥാകാരൻ എന്ന് വിളിക്കപ്പെടുന്ന കഥാകൃത്താണ് ബെന്യാമിൻ. പ്രവാസ കഥകളുടെ ചൈതന്യമാണ്  ബെന്യാമിനെ സമകാലീന എഴുത്തുകാരിൽനിന്നും വ്യത്യസ്തനാക്കുന്നത്. എന്നും എവിടെയും മനുഷ്യരുടെ സ്വപ്നങ്ങളും ചിന്തകളും മനോഭാവങ്ങളും ശൈലികളുമെല്ലാം സമാനമാണെന്ന യാഥാർത്ഥ്യം അദ്ദേഹത്തിൻ്റെ കഥകൾ അടയാളപ്പെടുത്തുന്നു. 


ഉത്തരേന്ത്യയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കഥയാണ് ജാവേദ് എന്ന മുജാഹിദ്.  കാശ്മീരിലെ തീവ്രവാദവുമായി ബന്ധപ്പെട്ട ഈ കഥ മനുഷ്യത്വപരവും മാനവികവുമായ സന്ദേശം സമർഥമായി പ്രതിഫലിപ്പിക്കുന്നു.

 ജാവേദ് എന്ന കാശ്മീരി യുവാവിൻ്റെ നിരപരാധിത്വവും, കാശ്മീരി പണ്ഡിറ്റ് കുടുംബവും ജാവേദിൻ്റെ മുസ്ലിം കുടുംബവും തമ്മിലുള്ള അസാധാരണമായ സ്നേഹബന്ധവും കാശ്മീർ താഴ്വരയിൽ വന്നു മൂടുന്ന തീവ്രവാദത്തിൻ്റെയും അശാന്തിയുടെയും  കാർമേഘവുമെല്ലാം  മുഖ്യപ്രമേയമായി കടന്നുവരുന്നു. തീവ്രവാദത്തിൻ്റെയും മതസ്പർദ്ധയുടെയും ഭ്രാന്തൻ കാമനകൾ മാനുഷികമൂല്യങ്ങളെ എപ്രകാരം ചവിട്ടിമെതിക്കുന്നുവെന്ന് ശക്തമായി ആവിഷ്കരിക്കുന്നു. ഏഴ്ഉപകഥകളിലൂടെയാണ് കഥാകൃത്ത് മൂല കഥയുടെ ചുരുൾ നിവർത്തുന്നത്. ഉപകഥകൾ മൂല കഥയുടെ ആസ്വാദനത്തെ സുഗമമാക്കുന്നതരത്തിലുള്ള ആഖ്യാനശൈലിയാണ് കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്. കഥാകൃത്ത് പറഞ്ഞ ഒന്നാമത്തെയും ഏഴാമത്തെയും കഥകൾക്കിടയിൽ കഥാബീജം അന്വേഷിക്കുന്ന ഒരു എഴുത്തുകാരനെക്കാണാം.   കഥ തിരഞ്ഞു പോകുന്ന  ഒരു എഴുത്തുകാരൻ്റെ പ്രതീക്ഷയോടെയാണ് കഥാനായകനായ ഇലട്രിസിറ്റി എൻജിനിയർ നിലകൊള്ളുന്നത്. ജിവിതങ്ങളെ  അന്വേഷിച്ചു പോകുന്ന എഴുത്തുകാരൻ്റെ അന്വേഷണത്വര ഈ കഥയിലെ കഥകളെ കൂടുതൽ അനുഭവ തലങ്ങളിലേക്ക് നയിക്കുന്നു. ഒടുവിലത്തെ കഥയിൽ കേട്ടകഥ പൂർത്തിയാക്കാനാവാത്തതിൻ്റെ സങ്കടവും നിരാശയും വന്നു നിറയുന്നു. മനുഷ്യൻ്റെ ലജ്ജാകരമായ സ്വാർത്ഥതയെപറ്റിയുള്ള പരാമർശങ്ങൾ കഥാന്ത്യത്തിൽ കടന്നുവരുന്നു. അതുവരെ ആവേശത്തോടെ കഥ പറഞ്ഞിരുന്ന മോഹൻ റോയ് എന്ന കഥാപാത്രം സ്വാർത്ഥതയുടെ അടിമയായി മാറുന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതോടെ അയാൾ തൻ്റെ സ്വകാര്യതയിലേക്ക് തീർത്തും സ്വാർത്ഥനായി മടങ്ങിപ്പോകുന്നു. ഒരു നന്ദി വാക്കുപോലും പറയാതെ കുറ്റപ്പെടുത്തലോടെയാണ് അയാൾ മടങ്ങി പോകുന്നത് . മനുഷ്യത്വവും മാനവികതയുമെല്ലാം സ്വാർത്ഥതയ്ക്ക് മുന്നിൽ എത്ര നിസ്സാരമാണെന്ന വർത്തമാന സത്യത്തെ വിചാരണ ചെയ്യുന്നതിനുവേണ്ടിയാണ് ഇത്തരത്തിലൊരു കഥാന്ത്യം കഥാകൃത്ത് തെരഞ്ഞെടുത്തിരിക്കുന്നത്. 

വ്യത്യസ്തമായ ജീവിത അനുഭവത്തെ സവിശേഷ കഥാഖ്യാനത്തിലൂടെ കഥ അവതരിപ്പിക്കുന്നു. മനുഷ്യൻ്റെ നന്മയേയും തിന്മയെയും നിഷ്കളങ്കതയെയും കാപട്യത്തെയും  മതേതരത്വത്തെയും തീവ്രവാദത്തെയും  സൗഹൃദത്തെയും സ്വാർത്ഥതയെയും ഒരേസമയം  കാണിച്ചുതരുന്നു.

  സെക്കൻഡ് ഹാൻഡ് കഥകളുടെ കുഴപ്പമെന്നെന്ന് വിവരിക്കുന്നു.അതു പറയുന്ന ആൾ വേഗത്തിൽ അവസാനിപ്പിച്ചു കടന്നു പോകുമ്പോൾ അതൊരു വലിയ അപൂർണ്ണതയായി നിന്നു പോകും എന്നുള്ള സൂചന കഥാകൃത്ത് തരുന്നു. കഥാനായകൻ മോഹൻ റോയിയെ പരിചയപ്പെടുന്നത്  കറണ്ട് പോയ സന്ദർഭത്തിലാണ്. ചുരുങ്ങിയ നേരംകൊണ്ട് മോഹൻറോയിയുടെ കഥകളിലേക്കും ജീവിതത്തിലേക്കും അയാൾ പ്രവേശിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട നെനിത്താളിലെ അനുഭവങ്ങളിലൂടെ കഥാകൃത്ത് കടന്നുപോകുന്നു. അവിടെ കണ്ടെത്തിയ ജാവേദ് എന്ന പ്രതിഭാധനനായ ഒരു യുവാവിൻറെ ജീവിതത്തിലേക്ക് കഥ പ്രവേശിക്കുന്നു.. ജാവേദിൻ്റെയും അവൻ്റെ കുടുംബത്തിൻ്റെയും തുടർന്ന് കുടുബസുഹൃത്തായ ആനന്ദ് ശിവപുരി ഡോക്ടറുടെയും അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും കഥ വിവരിക്കുന്നു.ജാവേദിൻ്റെ ജീവിതകഥയുടെ ആഖ്യാനത്തിലൂടെ കാശ്മീരിൻ്റെ മാറിവരുന്ന   രാഷ്ട്രീയസ്ഥിതികളെ കഥ ചർച്ച ചെയ്യുന്നു.                                                                                                                                                                   
    1.                                                             
 കാശ്മീരി പണ്ഡിറ്റുകളും കാശ്മീരി മുജാഹിദുകളും  സന്തോഷത്തോടെ കഴിഞ്ഞ സമാധാനത്തിൻ്റെ ആദ്യ നാളുകൾ. കടന്നുവന്ന മത തീവ്രവാദം. തീവ്രവാദം ജനിപ്പിക്കുന്ന അശാന്തിയും കലഹവും കൊലപാതവും സംശയഭാവവും  സ്പർദ്ധയും. വർത്തമാന അവസ്ഥകളിലേക്കുള്ള കാശ്മീരിൻ്റെ അധ:പതനം കഥ നോക്കി കാണുന്നു . തീവ്രവാദത്തിൻ്റെ കടന്നുവരവും അതിൻ്റെ ഫലമായി ഉയർന്നുവന്ന അരക്ഷിതാവസ്ഥകളും  കാശ്മീരിനെ എങ്ങനെ അസമാധാനത്തിൻ്റെ തടവറയാക്കി എന്ന് കഥ വിവരിക്കുന്നു.

 ഷേഖ് ഇക്ബാൽ ഹസ്സൻ പറഞ്ഞ കഥയിൽ കാശ്മീർ താഴ്‌വരയുടെ സമാധാനപൂർണ്ണമായ ഭൂതകാലത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. ജാവേദിൻ്റെ  ബാബയും ആനന്ദ്ശിവപുരി എന്ന ഡോക്ടറും തമ്മിൽ ആത്മബന്ധത്തിൻറെ ആഴങ്ങൾ കാശ്മീരിൻ്റെ ദൂതകാല മുഖമാണ് വെളിപ്പെടുത്തുന്നത്.  ഗ്രാമത്തെ വലിയൊരു ജ്വരവിപത്തിൽ നിന്നും രക്ഷിച്ച ഡോക്ടർ നാടിന് പ്രിയപ്പെട്ടവനായി മാറി. എന്നാൽ  തീവ്രവാദത്തിൻ്റെ മതിൽ ഉയർന്ന ആ ഗ്രാമത്തിൽ ആനന്ദ് ശിവപുരി വെറുക്കപ്പെട്ടവനായി. ഒടുവിൽ ശുശ്രൂഷ ഏറ്റുവാങ്ങിയ അവരുടെ കൈകളാൽ കൊല ചെയ്യപ്പെടുകയും ചെയ്തു . ആ ഗ്രാമത്തിൽ അദ്ദേഹം വെറുക്കപ്പെടാൻ ഉള്ള ഒരേയൊരു കാരണം കാശ്മീരി പണ്ഡിറ്റ് എന്നത് മാത്രമായിരുന്നു.

 തീവ്രവാദത്തിൻ്റെ പേരിൽ ജാവേദിൻ്റെ ബാബയും കൊലചെയ്യപ്പെട്ടു. ഗ്രാമത്തെ ഒറ്റിക്കൊടുത്ത കാഫിറായി ജനങ്ങൾ അയാളെ കണ്ടു. ദാൽ തടാകത്തിൽ പരൽമീനുകൾക്കൊപ്പം ഒഴുകി നടക്കുന്ന ശവശരീരമായി അയാൾ മാറി. 

മതങ്ങൾക്കപ്പുറം കുടുംബങ്ങളുടെ ഗാഢമായ ബന്ധത്തെ ആഖ്യാനം ചെയ്യുന്നതിനൊപ്പം മതതീവ്രവാദം മനുഷ്യനെ എങ്ങനെ അന്ധരാക്കുമെന്നും കഥ വിവരിക്കുന്നു. 

ഇന്ത്യൻ രാഷ്ട്രീയത്തെ കുലുക്കിയ മണ്ഡൽ കമ്മിഷൻ റിപ്പോർട്ടുകളോട് ചേർന്നുണ്ടായ ഡൽഹി കലാപങ്ങളും സമരങ്ങളെയും കഥ നോക്കിക്കാണുന്നു. മണ്ഡൽ റിപ്പോർട്ടിൻ്റെ പേരിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ സമരം ചെയ്യുന്ന അനൂപ് ശിവപുരി അക്കാലത്തെ വിദ്യാർത്ഥികളുടെ നീറുന്ന പ്രശ്നങ്ങളിലേക്ക് വായനക്കാരെ എത്തിക്കുന്നു.  മണ്ഡൽ കമ്മിഷനും പിന്നാലെ നടന്ന പ്രക്ഷോഭങ്ങളും ലഹളകളുമെല്ലാം കഥവിവരിക്കുന്നു. അനു പിൻ്റെ കഥ പാതിയിൽ അവസാനിക്കുമ്പോൾ കൂടുതൽ അറിയാനുള്ള ഒരു സസ്പെൻസ് കഥാകൃത്ത് അവിടെ അവശേഷിപ്പിക്കുന്നു. മാന്ത്രിക ശക്തി നഷ്ടപ്പെട്ടു പോയ ഒരു ഭൂതത്തെപോലെ  വഴിയിൽ പകച്ചുനിന്നു പോവാൻ വിധിക്കപ്പെട്ടനായി കഥാനായൻ.  

മനുഷ്യൻ്റെ സൗഹൃദങ്ങൾ വേഗം അസ്തമിക്കുന്നതാണ്.സ്വാർത്ഥത കടന്നു വന്നാൽ എല്ലാ ബന്ധങ്ങളും അവിടെ അവസാനിക്കുന്നു. ഒടുവിൽ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻ്റിനെയും വൈദ്യംതി പുന:സ്ഥാപിക്കാൻ അധ്വാനിച്ച കഥാനായകനെയും  കുറ്റം പറഞ്ഞു കൊണ്ട് സ്വകാര്യ ജീവിതത്തിലേക്ക് മടങ്ങി പോകുന്ന മോഹൻറോയ് എന്ന കഥാപാത്രം വർത്തമാന കാലഘട്ടത്തിൽ സ്വാർത്ഥത മുറ്റിപ്പോയ  മനുഷ്യരുടെ ജീവിതം തന്നെയാണ് വരച്ചു കാണിക്കുന്നത്. കുടുംബത്തിനപ്പുറം മറ്റൊരു ലോകം കാണാതെ സ്വാർത്ഥതയുടെ തുരുത്തുകളിൽ ഒറ്റപ്പെട്ടു നിൽക്കുന്ന മോഹൻറോയിയെ പോലുള്ള കഥാപാത്രങ്ങൾ പുതിയ കാലത്തിൻ്റെ നേർ പതിപ്പുകളാണ് എന്ന് വെളിപ്പെടുത്തിക്കൊണ്ട് കഥ അവസാനിക്കുന്നു.

വിശകലനം - ഡോ.മനോജ് ജെ.പാലക്കുടി

2021 മാർച്ച് 20, ശനിയാഴ്‌ച


45. നളചരിതപാഠം 



 


44.നളചരിതപാഠം 


 

43. നളചരിതപാഠം 


 


42. നളചരിതപാഠം 


 

41.നളചരിതപാഠം 



 

 


40.നളചരിതപാഠം 


39.നളചരിതപാഠം 


 


38.നളചരിതപാഠം 




 


37. നളചരിതപാഠം 



 


36. നളചരിതപാഠം 


 

35.നളചരിതപാഠം 



 


34.നളചരിതപാഠം 



 



33.നളചരിതപാഠം 


 


32.നളചരിതപാഠം 



 



31.നളചരിതപാഠം 



 

 

30.നളചരിതപാഠം 



29.നളചരിതപാഠം 



 


28.നളചരിതപാഠം 



 


27.നളചരിതപാഠം 



 


26.നളചരിതപാഠം 



 


25.നളചരിതപാഠം 



 

 


                               24.  നളചരിതപാഠം


 

                                               

                                           23.  നളചരിതപാഠം

 


 
    

22.നളചരിതപാഠം 



 



21.നളചരിതപാഠം 



 



20.നളചരിതപാഠം 




 


19.നളചരിതപാഠം 




 


18.നളചരിതപാഠം 


 



17.നളചരിതപാഠം 



 

16. നളചരിതപാഠം 




 




15. നളചരിതപാഠം 




 

14.നളചരിതപാഠം 




 

13. നളചരിതപാഠം 





 




12. നളചരിതപാഠം 




 

   

11.നളചരിതപാഠം 







 

2020 ഡിസംബർ 5, ശനിയാഴ്‌ച

 

                    9. നളചരിതപാഠം

                      

                 8. നളചരിതപാഠം




                   7. നളചരിതപാഠം




             6. നളചരിതപാഠം



                           കഥകളി ചരിത്രം 

 


                       ഉണ്ണായിവാര്യരും നളചരിതവും

                                  


                       കഥകളി സാഹിത്യം



                   കഥകളിവേഷങ്ങള്‍ 


 

                       കഥകളി ചടങ്ങുകള്‍



2020 മേയ് 11, തിങ്കളാഴ്‌ച

ആടിയാടി അലഞ്ഞ മരങ്ങളേ....


              ആടിയാടി അലഞ്ഞ മരങ്ങളേ....

                                               കവിതക്കുറിപ്പ്‌  


                                      കവി ; അൻവർ അലി 
                                                                                    

                                                                                                                    വർത്തമാനകാലം ഏറെ പരിവർത്തനങ്ങൾക്കു വിധേയമായിക്കഴിഞ്ഞു. സാംസ്കാരികമായി സംഭവിച്ച മാറ്റം മനുഷ്യൻെറ ചിന്തകളെയും ദർശനങ്ങളെയും ഭാഷാബോധത്തെയും അഭിരുചികളെയും ആഭിമുഖ്യങ്ങളെയും മാറ്റിമറിച്ചു.    മാധ്യമങ്ങളും കമ്പ്യൂട്ടർസാങ്കേതികതയും ഒന്നുചേർന്ന് പുതിയ ജ്ഞാനമണ്ഡലങ്ങളെയും ഭാഷാബോധത്തെയും സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. സങ്കീർണ്ണമായ ഈ സാസ്കാരിക ചിന്താലോകത്തെ ആവിഷ്കരിക്കാൻ പഴയ ചട്ടക്കൂടുകൾ പോരായെന്നു മനസ്സിലാക്കി പുതിയ അച്ചുകളെ നിർമ്മിക്കുകയാണ് പുതുകാല കവികൾ . വർത്തമാനകാലത്തിൻെറ പുതിയ കാഴ്ചകളിലേക്കും ചിന്താധാരകളിലേക്കും അവർ കണ്ണുതുറക്കുന്നു. പുതുയാഥാർഥ്യങ്ങളെ   അവഗണിച്ചുകൊണ്ട് സാഹിത്യത്തിനു മുന്നോട്ടുപോകാനാവില്ല. കാവ്യപ്രമേയങ്ങളിലും രൂപങ്ങളിലും ആവിഷ്കരണരീതിയിലുമെല്ലാം ഈ മാറ്റം കാണാം.  മനുഷ്യജീവിതത്തിൻെറ പ്രതിദിന അനുഭവങ്ങളിൽ നിന്നു ഭിന്നമായ ലോകാനുഭവങ്ങളിലേക്ക് അനുദിനം ചുവടുവയ്ക്കുന്നതിനുള്ള ശ്രമം  ഉത്തരാധുനിക കവിതകളിൽ കാണാം. വീക്ഷണങ്ങളും വിലയിരുത്തലുകളും മാറുകയും കാവ്യസങ്കല്പങ്ങളുമായി ബന്ധപ്പെട്ട പുതിയ പ്രമേയങ്ങൾ കാവ്യവിഷയമായി അവതരിക്കുകയും ചെയ്യുന്നു.                                പദങ്ങൾക്കും പ്രയോഗങ്ങൾക്കും കാവ്യസൃഷ്‌ടികൾക്കും പുതിയ കാഴ്ച്ചപ്പാടൊരുക്കുകയും ഭാഷയ്ക്ക് നവമായ അർത്ഥതലങ്ങൾ നൽകുകയുംചെയ്യുന്ന ശൈലികൾ  ഉത്തരാധുനിക കവികൾ പ്രയോഗിക്കുന്നു. സങ്കീർണ്ണമായ വർത്തമാനകാലജീവിതത്തെ അതിൻെറ എല്ലാ സങ്കീർണ്ണതകളോടും കൂടെ അവതരിപ്പിക്കാൻ പുതിയ കവികൾ ശ്രമിക്കുന്നു.

ഉത്തരാധുനിക കവികളിൽ ശ്രദ്ധേയനാണ് അൻവർ അലി.

മലയാളത്തിലെ പുതു കവിതകളിലെ പരീഷണാത്മഭാവം അൻവറിൻെറ കവിതകളിൽ കൂടുതലായിക്കാണാം . പുതുഭാവുകത്വങ്ങളെ നിരന്തരം അന്വേഷിക്കുന്നതാണ്  അൻവറിൻെറ കാവ്യമനസ്സ് . കവി , വിവർത്തകൻ , നിരൂപകൻ , എഡിറ്റർ , ഡോക്യുമെന്ററി നിർമ്മാതാവ് , തിരക്കഥാകൃത്ത് , ഗാനരചയിതാവ് എന്നീ നിലകളിൽ സാഹിത്യസംഭാവനകൾ നൽകുന്നു. മാർഗ്ഗം എന്ന ചിത്രത്തിൻെറ തിരക്കഥയ്ക്ക് 2003 ൽ സംസ്ഥാന അവാർഡ് ലഭിച്ചു. മഴക്കാലം ,ആടിയാടി അലഞ്ഞ മരങ്ങളേ എന്നീ കവിത സമാഹാരങ്ങൾ പ്രസീദ്ധീകരിച്ചിട്ടുണ്ട്. 


                          കവിതാഖ്യാനം 

പുതുകവിതകളുടെ പരീക്ഷണങ്ങളിൽ ഒന്നാണ് അർദ്ധോക്തിയിൽ അവസാനിക്കുന്ന കവിതകൾ. ഈ  അർദ്ധോക്തികളുടെ നിശബ്ദതകളിൽ നിന്നുകൊണ്ടാണ് അൻവറിൻെറ കവിതകളും  വായിക്കേണ്ടത്. വീട്ടുഭാഷയും നാട്ടുഭാഷയും നാട്ടുനടപ്പുഭാഷയുമെല്ലാം കൂട്ടിച്ചെർത്ത് എഴുതുന്ന രീതിയാണ് അദ്ദേഹത്തിൻെറത്. ഇംഗ്ലീഷ് പദങ്ങളും കാവ്യഭാഷയിൽ സ്വതന്ത്രമായി ഇടം കണ്ടെത്തുന്നു.  പാട്ടുഭാഷയ്ക്കും ഗദ്യഭാഷയ്ക്കും ഇടയിലൂടെ നീങ്ങുന്നതാണ് അദ്ദേഹത്തിൻെറ  കാവ്യശൈലി. തലക്കെട്ടുകളിൽ ഒളിപ്പിക്കുന്ന ധ്വന്യാത്മകഭാഷ  കവിതയുടെ പ്രത്യേകതയാണ്.  ഈ സവിശേഷതകളെല്ലാം ആടിയാടി അലഞ്ഞ മരങ്ങളേ എന്ന കവിതയിലും കണ്ടെത്താം.

മുൻപ് എഴുതപ്പെട്ട കൃതികളെ കാവ്യപശ്ചാത്തലമാക്കുന്ന രീതി പുതുകവികൾക്കുണ്ട്. പൂർവ്വപാഠങ്ങളിൽ നിന്നു പുതുപാഠങ്ങളെ അവർ നിർമ്മിക്കുന്നു. എ.ആർ. രാജരാജവർമ്മയുടെ മരണത്തിൽ അനുശോചിച്ചുകൊണ്ട് കുമാരനാശാൻ എഴുതിയ കവിതയാണ് പ്രരോദനം. ഈ വിലാപകാവ്യത്തിൽ തിരുവനന്തപുരം മഹാരാജാസ്സിൻെറ മുന്നിലെ മഹാദ്രുമത്തെ എ.ആർ. രാജരാജവർമ്മയോട്  സാദൃശ്യപ്പെടുത്തുന്നു. ഈ മഹാവൃക്ഷത്തിൻെറ സൂചനകൾ കടമെടുത്ത് ഉത്തരാധുനിക ലോകത്തിൻെറ അവസ്ഥകളെ നോക്കിക്കാണുന്നതാണ് ആടിയാടി അലഞ്ഞ മരങ്ങളേ .. എന്ന കവിത. മഹാരഥന്മാരും മഹാപുരുഷന്മാരും തിരോഭവിക്കുന്ന ഉത്തരാധുനിക കാലത്തിൻെറ ശുഷ്കമായ കാവ്യലോകത്തെയും നേതൃതലങ്ങളെയും കാഴ്ചപ്പാടുകൾക്കു ഭംഗംവന്ന പുതുതലമുറയെയും കവി നോക്കിക്കാണുന്നു.  ആഴമുള്ള ദർശനങ്ങളും വിശാലമായ കാഴ്ച്ചപ്പാടുകളും ഉള്ളവരായിരുന്നു പഴയ തലമുറ, അവരുടെ വിശാലതകളെ സ്വന്തമാക്കാനാവാതെ ഇടുങ്ങിപ്പോയ പുതുലോകമനസ്സിനെ കവി തുറന്നുകാട്ടുന്നു. സങ്കീർണ്ണമായ വർത്തമാന സമസ്യകളെ അവതരിപ്പിക്കുന്ന കവി ചരിത്രത്തോടും ഭൂതകാലത്തോടും പുറം തിരിഞ്ഞു നിൽക്കുന്ന പുതുതലമുറയുടെ നിസ്സംഗതയേയും നോക്കിക്കാണുന്നു.  

➤ നീലപ്പുൽ.......                          
പ്രരോദനത്തിലെ 1 1 8 മത്തെ ശ്ലോകമാണിത്.  മഹാവൃക്ഷത്തിൻെറ സവിശേഷതകളെ മഹാരഥന്മാരിലേക്കു ചേർത്തുവയ്ക്കുന്നു. 
ആകാശ വിതാനങ്ങൾക്കു മുകളിൽ ഉയർന്നു നിന്ന വൻവൃക്ഷങ്ങൾ വഴിയാത്രികർക്കു  നിഴൽ കൂടാരങ്ങളെ  നിർമ്മിച്ചു. 
ഉന്നതമായ ദർശനങ്ങളും  ചിന്തകളും ഉള്ളവരായിരുന്നു പഴയ തലമുറയിലെ കവികളും സാഹിത്യകാരന്മാരും രാഷ്ട്രീയനേതൃനിരയും . ആശയങ്ങൾക്ക് ഉന്നതിയുള്ളതിനാൽ കാവ്യലോകങ്ങളും ചിന്താപദ്ധതികളും ആദർശസംസ്കാരവും സൃഷ്ടിക്കാൻ കെൽപ്പുള്ളവരായിരുന്നു അവർ. അവരുടെ തണൽ അനേകർക്ക് ആശ്വാസമായി.എന്നാൽ ഇന്ന് അവരുടെ വാക്കുകളും ജീവിതകഥകളും പഴങ്കഥകളായി മാത്രമേ പുതുതലമുറക്കുതോന്നുന്നുള്ളു. 

➤   കാതലുള്ള വൃക്ഷത്തിൻെറ ഒരോ കോശവും ചിതയിലെരിഞ്ഞു കത്തുന്നപോലെ മഹത് വ്യക്തിത്വങ്ങളുടെ  ഓരോ വാക്കും ജീവിത മുഹൂർത്തങ്ങളും അനേകരെ ജ്വലിപ്പിക്കുവാൻ കെല്പ്പുള്ളവയായിരുന്നു. അവരുടെ ഓരോ അണുവിലും ആശയങ്ങളുടെ സമ്പന്നത ഉണ്ടായിരുന്നു. മഹാന്മാരുടെ ചിതയിലെ സ്പുലിംഗങ്ങളിൽ നിന്നും കാവ്യങ്ങൾ പിറവികൊണ്ടു.എരിയുന്ന അവരുടെ ചിതപോലും  അനേകരെ പ്രചോദിപ്പിക്കുന്നതായിരുന്നു.

➤  പഴയവ   ഉളിപിടിക്കാത്ത കടുന്തടികളായിരുന്നു . പുതുമുറകളാകട്ടെ  കടുപ്പമറിയാത്തവയും.ഭാഷാപരവും ആശയപരവും ദാർശനികവുമായ കനമുള്ളവയായിരുന്നു പഴയകാലത്തിൻെറ ചിന്തകളെങ്കിൽ പുതിയ കാലത്തിൽ അതിൻെറ ഗരിമ നഷ്ടപ്പെട്ടു.പുതു തലമുറയ്ക്ക് അവയുടെ ആഴം ഗ്രഹിക്കാനായില്ല. നിരൂപണങ്ങൾക്കു വിധേയമാകാത്തത്ര സമ്പുഷ്ടി അവരുടെ സൃഷ്‌ടികൾക്കുണ്ടായിരുന്നു.

➤   കാറ്റിൻെറ ആനുകൂല്യം മുതലാക്കി ശബ്‌ദിക്കാൻ പോയവരെപ്പോലെയാണ്  ഇളംമുറക്കാർ . കനം വരുത്തുന്ന യാഥാർഥ്യങ്ങളെപ്പറ്റി ബോധ്യമില്ലാത്തവർ.   പൊള്ളയായ വാക്കുകളായിരുന്നു അവരിൽ നിന്നും പുറപ്പെട്ടത്. നിലപാടുകളില്ലാത്തതിനാൽ ആടിയാടി അലയാനായിരുന്നു അവരുടെ വിധി. വാചോടോപങ്ങളും പാഴ്വാക്കുകളും പറഞ്ഞ് അവരുടെ നാവുകൾ കുഴഞ്ഞു. ആദർശങ്ങളുടെയും ആശയങ്ങളുടെയും  അഭാവം നിമിത്തം ചുവടുറപ്പിക്കാനാവാതെ അടിതെറ്റി.

➤  ആഴത്തിൽ വേരുള്ള വൃക്ഷങ്ങളുടെ വീഴ്ച സാവധാനമായിരിക്കും.  മഹാന്മാരും  മഹാകവികളും വടവൃക്ഷങ്ങളാണ് അവർക്ക്  അത്ര വേഗം തിരോധാനം സംഭവിക്കില്ല. എന്നാൽ വർത്തമാനകാലത്തെ ഉന്നത വ്യക്തിത്വങ്ങളെന്നു കരുതപ്പെട്ടവരുടെ വീഴ്ച  വളരെ വേഗത്തിലാണ്. യാത്രാമൊഴി ചൊല്ലാനുള്ള വായ്ത്താരികൾ പോലും അവർ അവശേഷിപ്പിച്ചില്ല.

➤   ദൈവന്തമ്പുരാനെ തൊഴിലാളിവർഗ്ഗ പുരോഗതി പദ്ധതികൾ വന്നിരുന്നെങ്കിൽ പെരുങ്കാടുകളാകേണ്ടവരാണ് അവരെല്ലാം......  
സർഗ്ഗസിദ്ധികൾകൊണ്ടു വളർന്നു വന്നവരല്ല  സർക്കാർ സംവിധാനങ്ങൾകൊണ്ട് നിലനിന്നുപോകുന്ന കവികളും പ്രമുഖരും സാംസ്കാരിക നായകന്മാരുമാണ് ഇന്നധികമുള്ളത്. സംവിധാനങ്ങളുടെ സഹായംകൊണ്ടു മാത്രം നിലനിൽക്കേണ്ടിവരുന്ന സാംസ്കാരികലോകത്തിൻെറ ദാരിദ്രാവസ്ഥകളെ കവി നിരീക്ഷിക്കുന്നു. ആഴത്തിൽ വേരോടിക്കാനാവാതെ ആടിയാടി അലയേണ്ടി വരുന്ന ഉത്തരാധുനിക കാലത്തിൻെറ അപചയ കാഴ്ചകളിലേക്കു കണ്ണോടിക്കുകയാണ് അൻവർ അലി.




                              ആസ്വാദനം ;  ഡോ. മനോജ് ജെ. പാലക്കുടി