2026 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

വിവാഹപ്പിറ്റേന്ന് കഥാവിശകലനം

വിവാഹപ്പിറ്റേന്ന്

                     വി.കെ.എൻ


മലയാള സാഹിത്യത്തിൽ തന്റേതായ ഒരു സാമ്രാജ്യം സൃഷ്ടിച്ച അദ്വിതീയനായ എഴുത്തുകാരനാണ് വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ എന്ന വി.കെ.എൻ (V.K.N.). കുഞ്ചൻ നമ്പ്യാർക്ക് ശേഷം മലയാളത്തിൽ ഇത്രയേറെ ധൈഷണിക മൂർച്ചയുള്ള ആക്ഷേപഹാസ്യം മലയാളഭാഷയിൽ തൊടുത്ത മറ്റൊരു എഴുത്തുകാരനില്ല .വി.കെ.എൻ സാഹിത്യം സാഹിത്യത്തിൽ ഒറ്റയ്ക്ക് നിലയുറപ്പിച്ചിട്ടുള്ളതാണ്. ഭാഷയിലെ സാധ്യമായ പദാവലികളുടെ അമ്മാനമാടൽ അദ്ദേഹത്തിൻറെ കൃതികളിൽ കാണാം. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി, തമിഴ് തുടങ്ങിയ വിവിധ ഭാഷകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സങ്കരഭാഷാ ശൈലിയാണ് അദ്ദേഹം ഉപയോഗിച്ചത്. 

വക്രോക്തിയും (Irony) പദക്കസർത്തുകളും സാഹിത്യ ശൈലിയെ വ്യത്യസ്തമാക്കുന്നു. വാക്കുകളെ തിരിച്ചുമറിച്ചും, ഗൗരവമേറിയ കാര്യങ്ങളെ നിസ്സാരവൽക്കരിച്ചും അദ്ദേഹം ഫലിതം നിർമ്മിച്ചു. വി.കെ.എന്റെ സാഹിത്യം വരികൾക്കിടയിലൂടെ വായിക്കാൻ പ്രത്യേക വായനാശേഷി തന്നെ ആവശ്യമാണ് എന്നാണ് നിരൂപകമതം. തീക്ഷ്ണമായ അധികാര വിമർശനത്തിൽ(Political Satire)വി.കെ എന്നിന് വെല്ലുന്ന സാഹിത്യകാരൻ മലയാളത്തിൽ ഉണ്ടായിട്ടില്ല.


ഡൽഹിയിലെ പത്രപ്രവർത്തക ജീവിതത്തിനിടയിൽ കണ്ട രാഷ്ട്രീയ നാടകങ്ങളും അധികാരത്തിന്റെ ഇടനാഴികളിലെ കപടതകളും അദ്ദേഹം തന്റെ കൃതികളിലൂടെ കഠിനമായി വിചാരണ ചെയ്തു. ഭരണവർഗത്തിന്റെയും ബൂർഷ്വാസിയുടെയും പൊള്ളത്തരങ്ങളെയും ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കുകളെയും പരിഹസിക്കാനും അദ്ദേഹം മടിച്ചില്ല. . 'പയ്യൻ' എന്ന മാന്ത്രിക കഥാപാത്ര നിർമ്മിതിയിലാണ് അദ്ദേഹത്തിൻറെ സാഹിത്യപ്രതിഭ വിളഞ്ഞുനിൽക്കുന്നത്.വി.കെ.എൻ സാഹിത്യത്തിന്റെ ഏറ്റവും വലിയ മേന്മകളിലൊന്നാണ് 'പയ്യൻ' എന്ന കേന്ദ്ര കഥാപാത്രം. ഡൽഹി പശ്ചാത്തലമാക്കി എഴുതിയ കഥകളിൽ പയ്യനിലൂടെയാണ് വി.കെ.എൻ തന്റെ മൂർച്ചയേറിയ രാഷ്ട്രീയ-സാമൂഹിക നിരീക്ഷണങ്ങൾ വായനക്കാരിലേക്ക് എത്തിച്ചത്. ചരിത്രം, ദർശനം കാർഷികരംഗം, രാഷ്ട്രീയം, പുരാണങ്ങൾ, പാശ്ചാത്യ സാഹിത്യം എന്നിവയെല്ലാം അടങ്ങിയ വലിയൊരു വിജ്ഞാനകോശമാണ് വി കെ എൻ . മലയാള ഭാഷയുടെ വ്യാകരണത്തെയും നാടൻ പ്രയോഗങ്ങളെയും സ്വന്തം ഇഷ്ടപ്രകാരം പുനർനിർമ്മിച്ചുകണ്ടാണ് വി.കെ.എൻ സാഹിത്യസൃഷ്ടി നടത്തുന്നത്. 

വായനക്കാരെ ചിന്തിപ്പിക്കുന്ന നിരവധി കഥകൾ അദ്ദേഹ രചിച്ചിട്ടുണ്ട്  മന്ദഹാസം, പയ്യൻ, ക്ലിയൊപാട്ര, പയ്യന്റെകാലം, കാലഘട്ടത്തിലെപയ്യൻ , പയ്യന്റെസമരം, പയ്യന്റെ യാത്രകൾ, കുഞ്ഞൻമേനോൻ, അതികായൻ, ചാത്തൻസ്‌ചൂർണാനന്ദൻ , സർ ചാത്തുവിന്റെ റൂളിംഗ്‌, 50 കഥകൾ, പയ്യൻ കഥകൾ, ഹാജ്യാര്‌ , മാനാഞ്ചിറ ടെസ്റ്റ്‌,  ഒരാഴ്ച, , പയ്യന്റെ ഡയറി എന്നീ കഥകൾക്കൊപ്പം നോവൽ സാഹിത്യത്തിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അസുരവാണി, മഞ്ചൽ, ആരോഹണം, സിൻഡിക്കേറ്റ്‌, ജനറൽ ചാത്തൻസ്‌, പയ്യന്റെ രാജാവ്‌,പെൺപട, പിതാമഹൻ, കുടിനീർ, അധികാരം, അനന്തരം.എന്നിവയാണ്  അദ്ദേഹത്തിൻറെ നോവലുകൾ 

'പയ്യൻകഥകൾ' എന്ന കൃതിക്ക് 1982 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.'ആരോഹണം' എന്ന നോവലിന് 1969കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.വായനക്കാരെ ഒരേസമയം പൊട്ടിച്ചിരിപ്പിക്കുകയും അതേസമയം നമ്മൾ ജീവിക്കുന്ന സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ച് ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് വി.കെ.എൻ സാഹിത്യത്തിന്റെ ഏറ്റവും വലിയ മേന്മ.


കഥാസംഗ്രഹം

വി.കെ.എൻ എഴുതിയ ഹാസ്യവും ആക്ഷേപഹാസ്യവും സാമൂഹികവിമർശനവും നിറഞ്ഞ ചെറുകഥകളിൽ ഒന്നാണ് വിവാഹ പിറ്റേന്ന്.വിവാഹത്തിന് ശേഷമുള്ള ആദ്യദിവസം സാധാരണ കുടുംബജീവിതത്തിൽ സംഭവിക്കാവുന്ന അനുഭവങ്ങളെ മുൻനിർത്തി നിർമ്മിച്ചതാണ് ഈ കഥ.വിവാഹ പിറ്റേന്നുള്ള സംഭവങ്ങൾ സാമൂഹിക പരിഹാസങ്ങളോടെ വളരെ രൂക്ഷവും രസകരവുമായ ശൈലിയിൽ അദ്ദേഹം വരച്ചു കാണിക്കുന്നു. പരമ്പരാഗതമായ മലയാളി വിവാഹ സങ്കല്പങ്ങളെയും, വിവാഹം കഴിഞ്ഞയുടൻ ദമ്പതികൾ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെയും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും അനാവശ്യമായ ഇടപെടലുകളെയും കഥാകൃത്ത് ഇതിലൂടെ പരിഹസിക്കുന്നു.വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് വരനും നവ വധുവും നേരിടുന്ന ചില സങ്കോചങ്ങൾ, അതിന് കാരണമാകുന്ന വീട്ടുകാരുടെ അമിതമായ ജിജ്ഞാസയും, നാട്ടുനടപ്പുകളും പശ്ചാത്തലമാക്കിയാണ് കഥ വികസിക്കുന്നത്. 


മുഹൂർത്തം രാത്രി11:00 മണിക്ക് ആയിരുന്നു എന്ന് പറഞ്ഞു തുടങ്ങുന്നകഥ വിവാഹത്തിൻ്റെ ഓരോ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുംനന്നായി പരിഹസിക്കുന്നു. വളരെ വൈകിമാത്രം തീർന്ന വിവാഹ ആഘോഷങ്ങൾക്കു ശേഷം ക്ഷീണിതനായി എത്തിയ വരൻ ഉറങ്ങിപ്പോയി. ആദ്യരാത്രിയിൽ നവവധു മുറിയിലേക്ക് വന്നത് അയാൾ അറിഞ്ഞില്ല.പിറ്റേന്ന് രാവിലെ മുറിയിലേക്ക് ഇരച്ചെത്തിയ അളിയന്മാരായ കുട്ടിസഹോദരങ്ങളുടെ ഏട്ടേ ...വിളികളുടെ കോറസ് കേട്ടാണ് അയാൾ ഉണർന്നത്. പുരുഷൻ തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നതിൻ്റെ നാണം ലെവലേശം ഇല്ലാതെയാണ് നവവധു ആദ്യദിനംതന്നെ പെരുമാറുന്നത് .ഭർത്താവിൻ്റെ ഭക്ഷണ താല്പര്യങ്ങൾ നോക്കാതെ എരുമപാലു കുടിപ്പിച്ച് അവൾ ഊട്ടുന്നു. അതുവരെ തുടർന്നുവന്ന സിഗരറ്റ് വലിഅടക്കമുള്ള വ്യക്തിപരമായ കാര്യങ്ങളിലേക്ക് കാർക്കശ്യഭാവത്തോടെ നിർദ്ദേശങ്ങളുമായി എത്തുന്നു. വളരെ സ്വകാര്യവും വ്യക്തിപരമായ അയാളുടെ ജീവിതത്തിൻ്റെ നിയന്ത്രണം അവളുടെ കൈകളിലാവുന്നു.ഭാര്യയുടെ നിലപാടുകൾ അയാളെ അസ്വസ്ഥപ്പെടുത്തുന്നു.

ജാലവിദ്യക്കാരുടെ കൈയിലെ പാവപോലെ അയാൾക്ക് സ്വയം അനുഭവപ്പെടുന്നു. കുളി,എണ്ണതേക്കൽ എല്ലായിടത്തും ഭാര്യയുടെ കടന്നുകയറ്റം അയാളെ ബുദ്ധിമുട്ടിക്കുന്നു.ഒപ്പം അമ്മാവൻ , വലിയമ്മ, പേരക്കുട്ടികൾ ഇങ്ങനെ വലിയയൊരുനിര അയാളുടെ ഓരോ ചലനത്തെയും നിരീക്ഷിച്ചുകൊണ്ട് ചുറ്റുവട്ടത്തു നിൽക്കുന്നു. വ്യക്തി ജീവിതത്തിലെ സമ്പാദ്യങ്ങളെയും ശമ്പളത്തെയും തൊഴിലിടങ്ങളിലുള്ള അവസ്ഥകളെയും ചികഞ്ഞെടുത്ത് അവർ ചർച്ചാവിഷയമാക്കുന്നു.ഭാര്യയുടെ ബന്ധുമിത്രാദികളുടെ കൂട്ടം അയാൾക്ക് ചുറ്റും സംഘംചേർന്നിരിക്കുന്നു.

ഉച്ചയൂണിന് പുതുമണവാളനു ചുറ്റും കൗതുകത്തോടെ ബന്ധുമിത്രാദികൾ അണിനിരന്നു അയാളുടെ ഭക്ഷണചര്യകളെ അവർ ശ്രദ്ധയോടെ വീക്ഷിച്ചു.അവരിൽ നിന്നെല്ലാം രക്ഷപ്പെടാൻ അയാൾ മുറിക്കകത്ത് കയറി വാതിൽ അടയ്ക്കാൻ ആഗ്രഹിച്ചു.പുതുതായി എത്തിയ കാരണവരുടെ വാക്കുകൾക്കു മുന്നിൽ അയാളുടെ നിയന്ത്രണ നഷ്ടപ്പെട്ടു.

വിവാഹപ്പിറ്റേന്ന് - കഥയിലെ കാര്യങ്ങൾ

വിവാഹത്തിന്റെ പിറ്റേന്ന് നവദമ്പതികൾ രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഊണ് കഴിക്കുന്നതുവരെയുള്ള വളരെ സാധാരണമായ കാര്യങ്ങളെ, വലിയൊരു സംഭവം എന്നഭാവത്തിൽ വീട്ടുകാർ നോക്കിക്കാണുന്നതാണ് പ്രധാന ഹാസ്യം.ദമ്പതികൾക്ക് അല്പം സ്വകാര്യത കൊടുക്കുന്നതിന് പകരം, അവരുടെ തൊഴിൽ ,ശമ്പളംഎന്നിവയെപ്പറ്റിയുള്ള ആകാംക്ഷ എന്തു ചെയ്യുന്നു എന്നറിയാൻ വീടിന്റെ ഉമ്മറത്തും അടുക്കളയിലും ഒളിഞ്ഞുനോക്കാനും കാതോർക്കാനും നിൽക്കുന്ന മുതിർന്നവരുടെയും കുട്ടികളുടെയും ജിജ്ഞാസയെ വി.കെ.എൻ അതീവ രസകരമായി അവതരിപ്പിക്കുന്നു.


രാവിലെ പല്ലുതേക്കുമ്പോഴും കാലു കഴുകുമ്പോഴും ബന്ധുക്കളുടെ ഒരു സംഘം അയാളെ ചൂഴ്ന്നു നിൽക്കുന്നു.കുളക്കരയിൽ കുളിക്കാൻ ചെല്ലുമ്പോൾ അവിടെയും ബന്ധുമിത്രാദികളുടെ സംഘം ഇയാളെ നോക്കിക്കൊണ്ടിരിക്കുന്നു.സ്വന്തം ചെരിപ്പ് എടുക്കുന്ന സമയം പോലും അയാൾക്ക് സ്വകാര്യത അനുഭവിക്കാൻ കഴിയുന്നില്ല. വ്യക്തിപരമായ ശീലത്തിൽ ഭാര്യയും ബാഹ്യമായ ചെയ്തികളിൽ ബന്ധുമിത്രാദികളും നടത്തുന്ന അമിതമായ പരിപാലനയും പരിലാളനങ്ങളും അയാളെ സന്തോഷിപ്പിക്കുകയല്ല കൂടുതൽ കൂടുതൽ മുഷിപ്പിക്കുകയാണ് ചെയ്തത്. സാധാരണക്കാരുടെ ജീവിതത്തിൽ ഗൗരവമായി കാണുന്ന പല ആചാരങ്ങളെയും വി.കെ.എൻ നർമ്മത്തിലൂടെയും മൂർച്ചയേറിയ വാക്കുകളിലൂടെയും പൊളിച്ചുകാട്ടുന്നു.. 

ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളിലും വിവാഹംപോലുള്ള ഘട്ടങ്ങളിലും ബന്ധുക്കളും സമൂഹവും എത്രത്തോളം ഇടപെടണം എന്നതിന് കൃത്യമായ അതിർവരമ്പുകൾ വേണമെന്ന് കഥ നിരീക്ഷിക്കുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും അവരുടെ മാനസികാവസ്ഥയ്ക്കും മുൻഗണന നൽകുന്ന ഒരു ആധുനിക സമൂഹമായി നാം മാറേണ്ടതുണ്ട് എന്ന പാഠമാണ് വി.കെ.എൻ പരിഹാസകഥയിലൂടെ പങ്കുവെക്കുന്നത്.

വധൂവരന്മാരുടെ സ്വകാര്യതയെ മാനിക്കാതെ, അവരുടെ ഓരോ ചലനങ്ങളെയും വാക്കുകളെയും വളരെ കൗതുകത്തോടെയും ആകാംഷയോടെയും നിരീക്ഷിക്കുന്ന ബന്ധുക്കളെയും നാട്ടുകാരെയും കഥയിൽകാണാം.ആകാംക്ഷയുടെയുംകരുതലിന്റെയും സ്നേഹത്തിന്റെയും പേരിൽ നവദമ്പതികളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് അനാവശ്യമായി ഇടപെടുന്ന മുതിർന്നവരുടെ കപട സദാചാരത്തെയും വി.കെ.എൻ തന്റെ മൂർച്ചയേറിയ വാക്കുകളിലൂടെ പരിഹസിക്കുന്നു.


ഗൗരവമുള്ള ഒരു സാമൂഹിക യാഥാർത്ഥ്യത്തെ അതീവ ലളിതവും എന്നാൽ വരികൾക്കിടയിൽ ഒളിച്ചുവെച്ച ആക്ഷേപഹാസ്യ ശൈലിയിലുമാണ് (Satire) അദ്ദേഹം അവതരിപ്പിക്കുന്നത്.കഥയിലെ ഹാസ്യം വെറും ഉപരിപ്ലവമായ കോമഡിയല്ല; അത് സമൂഹത്തിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്ന മൂർച്ചയേറിയ ആക്ഷേപഹാസ്യമാണ്.കഥയുടെ അവതരണം വായനക്കാരെ ചിരിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നു.

 മനുഷ്യന്റെ ഏറ്റവും വലിയ അവകാശമായ സ്വകാര്യതയെ സമൂഹം എങ്ങനെ ലംഘിക്കുന്നു എന്ന് കഥ കാണിച്ചുതരുന്നു.ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാനും, അവരുടെ കാര്യങ്ങൾ അനാവശ്യമായി അന്വേഷിച്ചു നടക്കാനും മലയാളി സമൂഹം കാട്ടുന്ന അമിതമായ താല്പര്യത്തെ വി.കെ.എൻ കഠിനമായി വിമർശിക്കുന്നു. ഭക്തിയുടെയോ സ്നേഹത്തിൻറെ കുടുംബ മഹിമയുടെയോ ആചാരങ്ങളുടെയോ ഒക്കെ മുഖംമൂടിയണിഞ്ഞാണ് ഈ 'ഒളിഞ്ഞുനോട്ട താല്പര്യം' പുറത്തുവരുന്നത്.

സമൂഹത്തിൽ മാന്യന്മാരായി ജീവിക്കുന്ന മുതിർന്നവരും സ്ത്രീകളും കുട്ടികളും വരെ ഈ കപട സദാചാരത്തിന്റെ ഭാഗമാകുന്നതായി കഥയിൽ കാണാം. പുറമെ ആചാരബദ്ധതയും നന്മയും നടിക്കുകയും, ഉള്ളിൽ ഇടുങ്ങിയ ചിന്താഗതികൾ വച്ചുപുലർത്തുകയും ചെയ്യുന്ന മനുഷ്യരുടെ ഇരട്ടത്താപ്പാണ് ഇവിടെ വിചാരണ ചെയ്യപ്പെടുന്നത്.അനാവശ്യമായ നാട്ടുനടപ്പുകൾ കാലഹരണപ്പെട്ടതും വ്യക്തികളെ അസ്വസ്ഥരാക്കുന്നതുമായ പല സാമൂഹിക ആചാരങ്ങളെയും അന്ധമായി പിന്തുടരുന്ന രീതിയെ വി.കെ.എൻ പരിഹസിക്കുന്നു.സ്നേഹത്തിന്റെയോ കുടുംബബന്ധങ്ങളുടെയോ പേരിൽ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്ന മലയാളിയുടെ പൊതുബോധത്തെ തിരുത്താൻ പ്രേരിപ്പിക്കുന്ന ശക്തമായ ഒരു സാമൂഹ്യവിമർശനമാണ് ഈ കഥ മുന്നോട്ട് വെയ്ക്കുന്നത്.


ഡോ. മനോജ് ജെ പാലക്കുടി





2026 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

മൃഗാധിപത്യം കഥാനിരൂപണം

 മൃഗാധിപത്യം കഥാനിരൂപണം


           എം. പി. നാരായണപിള്ള 


 മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കഥാകൃത്തും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു എംപി നാരായണപിള്ള. മലയാളത്തിലെ നവീന ചെറുകഥാപ്രസ്ഥാനത്തിന്റെ പ്രധാന ശിൽപ്പികളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.മാലിക്കത്താഴത്ത് പുല്ലുവഴി നാരായണപിള്ള എന്നാണ് പൂർണ്ണനാമം.


ദില്ലിയിൽ ടെലിഫോൺ ഓപ്പറേറ്ററായും പിന്നീട് പ്ലാനിംഗ് കമ്മീഷനിൽ സാമ്പത്തിക ഉദ്യോഗസ്ഥനായും പ്രവർത്തിച്ചു.  പത്രപ്രവർത്തന രംഗത്തും പ്രാഗല്ഭ്യം തെളിയിച്ചു. മലയാളത്തിന് മികച്ച സാഹിത്യസംഭാവനകൾ നൽകിയ കഥാകാരനും നിരൂപകനും നോവലിസ്റ്റുമാണ് അദ്ദേഹം.എം. പി. നാരായണപിള്ളയുടെ കഥകൾ മനുഷ്യജീവിതത്തിലെ വൈരുധ്യങ്ങളും അധികാരബന്ധങ്ങളും സാമൂഹിക യാഥാർഥ്യങ്ങളും ആഴത്തിൽ ചിത്രീകരിക്കുന്നു. കഠിനമായ യാഥാർഥ്യബോധവും പരിഹാസാത്മകമായ അവതരണശൈലിയും അദ്ദേഹത്തിന്റെ രചനകളുടെപ്രത്യേകതയാണ്.പരിണാമം അദ്ദേഹത്തിന്റെ  നോവലാണ് . മൃഗാധിപത്യം,മുരുകൻ എന്ന പാമ്പാട്ടി,ജോർജ് ആറാമന്റെ കോടതി, 56 സത്രഗലി  എന്നിവയാണ് പ്രസിദ്ധ കഥകൾ.മറ്റു നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്...വായനക്കാരെ പൂവിട്ടു തൊഴണം,ഉരുളയ്ക്കുപ്പേരി,ഇന്നലെ കാക്ക വന്നോ? പിണ്ഡം കൊത്തിയോ?,ആറാം കണ്ണ്,മദ്യപുരാണം,പിടക്കോഴി കൂവാൻ തുടങ്ങിയാൽ,വെളിപാടുകൾ,കാഴ്ചകൾ ശബ്ദങ്ങൾ ഇങ്ങനെ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ് .അധികാരഘടനകളോടുള്ള വിമർശനം,മനുഷ്യന്റെ ഉള്ളിലെ മൃഗീയതയും നൈതിക സംഘർഷങ്ങളുംകറുത്ത ഹാസ്യം (Black Humour),പരിഹാസവും സാമൂഹിക വിമർശനവും,നവീനമായ ആഖ്യാനരീതി ഇതെല്ലാം നാരായണപിള്ളയുടെ സാഹിത്യ സവിശേഷതകളാണ്.

മലയാള ചെറുകഥയെ പുതിയ ദിശയിലേക്ക് നയിച്ച എഴുത്തുകാരനെന്ന നിലയിലാണ് എം. പി. നാരായണപിള്ളയെ സാഹിത്യലോകം ഓർക്കുന്നത്. പ്രത്യേകിച്ച് "മൃഗാധിപത്യം", "മുരുകൻ എന്ന പാമ്പാട്ടി", "പരിണാമം" എന്നീ കൃതികൾ അദ്ദേഹത്തിന്റെ സാഹിത്യപ്രതിഭയുടെ മികച്ച ഉദാഹരണങ്ങളാണ്.

മൃഗാധിപത്യത്തിലെ കഥാപാത്രങ്ങൾ

എം.പി. നാരായണപിള്ള രചിച്ച ശ്രദ്ധേയമായ ഒരു ചെറുകഥയാണ് 'മൃഗാധിപത്യം'. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള അധികാര ബന്ധത്തിന്റെയും പ്രകൃതിയുടെയും ജൈവലോകത്തിന്റെയും തലതിരിഞ്ഞ അവസ്ഥകളുടെയും കഥയാണ് ഇത്. ഡി.എഫ്.ഒ. (Divisional Forest Officer) ദാമോദരൻ നായർ, ഫോറസ്റ്റ് റേഞ്ചർ മരിയപൂതം എന്നിവരാണ് കഥയിലെ പ്രധാന മനുഷ്യ കഥാപാത്രങ്ങൾ.

ഡി.എഫ്.ഒ. ദാമോദരൻ നായരെ ഒരു പുലി ആക്രമിച്ചു കൊലപ്പെടുത്തുന്നു. എന്നാൽ ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തുന്ന ഏകാംഗ അന്വേഷണ കമ്മീഷനും റേഞ്ചർ മരിയപൂതവും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്. 


വന്യമൃഗങ്ങൾ മനുഷ്യന്റെ ആധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്നതും, ഡി.എഫ്.ഒയെ കൊന്ന ആ പുലിയെ റേഞ്ചർ മരിയപൂതം തിരിച്ച് കൊല്ലുന്നില്ല എന്നതുൾപ്പെടെയുള്ള വൈകാരികവും യുക്തിഭദ്രവുമായ നിരീക്ഷണങ്ങൾ ഈ കഥ മുന്നോട്ട് വെക്കുന്നു. മനുഷ്യന്റെ ഭരണം, അധികാരമോഹം, പ്രകൃതിയോടുള്ള സമീപനം എന്നിവയെ ആക്ഷേപഹാസ്യപരമായും ഫാന്റസി കലര്‍ത്തിയുമാണ് എം.പി. നാരായണപിള്ള ഇതിൽ അവതരിപ്പിച്ചിട്ടുള്ളത്. 

പരിസ്ഥിതി നീതിയുടെ കഥാലോകം

വളരെ ആഴമേറിയതും പ്രകൃതി കേന്ദ്രീകൃതവുമായ ഒരു കാഴ്ചപ്പാടിലൂടെയാണ് കഥ മുന്നേറുന്നത്.മനുഷ്യൻ പ്രകൃതിയുടെ മേൽ നടത്തുന്ന അധിനിവേശത്തെയും, സഹജീവികളോടുള്ള ക്രൂരതയെയും ചോദ്യം ചെയ്തുകൊണ്ട് യഥാർത്ഥ മാനവികത എന്താണെന്ന് കഥാകൃത്ത് നമ്മെ ചിന്തിപ്പിക്കുന്നു.പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കുംമേൽ മനുഷ്യന് ആധിപത്യമുണ്ടെന്ന തെറ്റായ ധാരണയെ കഥ വിമർശിക്കുന്നു. പ്രകൃതിയെ ചൂഷണം ചെയ്യാനും മൃഗങ്ങളെ അടക്കിഭരിക്കാനും ശ്രമിക്കുന്ന മനുഷ്യൻ സ്വന്തം 'മാനവികത' കൈവിട്ട് വെറുമൊരു വേട്ടക്കാരനായി മാറുന്നു.പ്രകൃതിയുടെ തുല്യതഭാവവും കഥ വിശദമായി ചർച്ച ചെയ്യുന്നു. മനുഷ്യൻ മാത്രം ജീവിച്ചാൽ പോരാ, ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്ന 'ഇക്കോ-ഹ്യൂമനിസം' കഥ മുന്നോട്ട് വെക്കുന്നു.

പദവിയുടെ അഹങ്കാരം ഉള്ളിൽ പേറിയ ഡി.എഫ്.ഒ. ദാമോദരൻ നായർ പ്രകൃതിയെയും മൃഗങ്ങളെയും തന്റെ ഔദ്യോഗിക പദവി കൊണ്ട് നിയന്ത്രിക്കാൻ നോക്കുന്ന ആളാണ്. നാട്ടിലെ വ്യവസ്ഥികളുടെ കാഴ്ചപ്പാടിൽ വളരെ മാന്യനും സഹപ്രവർത്തകരോട് കാരുണ്യവും അനുകമ്പയും ഉള്ള ആളായിരുന്നു അയാൾ.എന്നാൽ കാടിന്റെ നിയമങ്ങളെ മാനിക്കാതെ, മനുഷ്യന്റെ നിയമങ്ങൾ അവിടെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് അയാൾക്ക് ജീവൻ നഷ്ടപ്പെടുന്നത്.


റേയ്ഞ്ചർ മരിയപൂതത്തിന്റെ 'ജൈവ മാനവികത',മൃഗങ്ങളോടുള്ള കാരുണ്യം എന്നിവ കഥ വിവരിക്കുന്നു. ഡി.എഫ്.ഒയെ കൊന്ന പുലിയെ വെടിവെച്ചുകൊല്ലാൻ റേയ്ഞ്ചർ  തയ്യാറാകുന്നില്ല. പ്രതികാരബുദ്ധിയോടെ മൃഗങ്ങളെ കാണരുത് എന്ന ചിന്തയാണ് അയാളെ നയിക്കുന്നത്.

കാടിന്റെ നിയമം മനസ്സിലാക്കണമെന്നതാണ് അയാളുടെ ന്യായം.പുലി മനുഷ്യനെ കൊന്നത് ക്രൂരത കൊണ്ടല്ല, മറിച്ച് അതിന്റെ സ്വാഭാവികമായ ഇരപിടിയൻ സ്വഭാവം കൊണ്ടോ അല്ലെങ്കിൽ ആത്മരക്ഷാർത്ഥമോ ആണെന്ന് മരിയപൂതം തിരിച്ചറിയുന്നു. മൃഗങ്ങളുടെ ഈ അവസ്ഥയെ മനസ്സിലാക്കാനും അവരോട് ക്ഷമിക്കാനും കാണിക്കുന്ന ഈ വലിയ മനസ്സാണ് കഥയിലെ ഏറ്റവും വലിയ മാനവികത.ഈ മാനവികത മനുഷ്യൻ്റെ ചിന്താലോകത്തിന് വിരുദ്ധമായി നിൽക്കുന്നതുമാണ്.

വേട്ടക്കാരന്റെ മനസ്സിലൂടെയാണ് കമ്മീഷനും മൃഗങ്ങളെ കാണുന്നത്.അവ വേട്ടയാടപ്പെടേണ്ടതാണ് എന്ന് ചിന്തയാണ് അയാളിൽ മുന്നിട്ടുനിൽക്കുന്നത്. മൃഗങ്ങളെ വെറുമൊരു കൗതുക വസ്തുവായോ അല്ലെങ്കിൽ ശത്രുവായോ കാണുന്ന സമൂഹത്തിന് നേരെ, അവരും ജീവനുള്ള, വികാരങ്ങളുള്ള ജീവികളാണെന്ന് കഥ ഓർമ്മിപ്പിക്കുന്നു.മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതിനെക്കാൾ വലിയ ക്രൂരതയായിട്ടാണ് കാട്ടിലെ മൃഗങ്ങൾ ഇരപിടിക്കുന്നതിനെ അധികാരികൾ കാണുന്നത്. മനുഷ്യന്റെ ഈ ഇരട്ടത്താപ്പിനെ കഥാകൃത്ത് പരിഹസിക്കുന്നു.വനത്തിനുള്ളിലെ നീതി പുലിക്ക് അനുകൂലമാണ് എന്നാണ് കഥാകൃത്തിന്റെ കണ്ടെത്തൽ.ഡി.എഫ്.ഒയുടെ മരണത്തിന് ശേഷം എത്തുന്ന അന്വേഷണ കമ്മീഷൻ പ്രകൃതിയെയോ മനുഷ്യനെയോ മനസ്സിലാക്കാൻ ശ്രമിക്കാതെ കേവലം ചട്ടങ്ങൾ പാലിക്കാൻ മാത്രം നോക്കുന്നവരാണ്. അയാളുടെ ചോദ്യങ്ങൾ എല്ലാം ചട്ടപ്രകാരം നിർവഹിക്കപ്പെടുന്നതാണ് .മനുഷ്യൻ പ്രകൃതിക്ക് മുകളിലല്ല, പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണെന്ന് തിരിച്ചറിയുന്നതാണ് യഥാർത്ഥ മാനവികത എന്ന് 'മൃഗാധിപത്യം' എന്ന കഥയിലൂടെ എം.പി. നാരായണപിള്ള വ്യക്തമാക്കുന്നു.


മരിയപൂതത്തിലെ ദാർശനികനായ കഥാകാരൻ


ഈ കഥയിലെ ഏറ്റവും കേന്ദ്രീകൃതവും ദാർശനികവുമായ കഥാപാത്രം റെയിഞ്ചർ മരിയപൂതമാണ്.അധികാര വ്യവസ്ഥിതിയുടെയും മനുഷ്യകേന്ദ്രീകൃത ചിന്തകളുടെയും പൊള്ളത്തരം തുറന്നുകാട്ടാൻ കഥാകൃത്ത് സൃഷ്ടിച്ച ഒരു അപൂർവ്വ വ്യക്തിത്വമാണ് ഈ റെയ്ഞ്ചർ. 
പരമ്പരാഗത ചിന്തകൾക്ക് മുകളിലുള്ള പാരിസ്ഥിതികബോധം അയാളിൽ ഉണർന്നു പ്രവർത്തിക്കുന്നു.

കാടിനെയും കാട്ടുമൃഗങ്ങളെയും വെറുമൊരു വരുമാന മാർഗ്ഗമായോ അല്ലെങ്കിൽ മനുഷ്യന് അടക്കിഭരിക്കാനുള്ള ഒന്നായോ അല്ല അയാൾ കാണുന്നത്. ഡി.എഫ്.ഒയെ ഒരു പുലി കൊന്നു തിന്നിട്ടും, കൈയിൽ തോക്കുണ്ടായിരുന്നിട്ടും അയാൾ ആ പുലിയെ വെടിവെച്ചുകൊല്ലുന്നില്ല. പുലി ചെയ്തത് ഒരു 'കുറ്റകൃത്യം' അല്ലെന്നും, അത് അതിന്റെ സ്വാഭാവികമായ ജൈവനിയമം (ഇരപിടിയൻ സ്വഭാവം) മാത്രമാണെന്നും തിരിച്ചറിയാനുള്ള ദാർശനികമായ ഔന്നത്യം അയാൾക്കുണ്ട്. മനുഷ്യ ലോകത്തിന് അപ്പുറമുള്ള ഒരു ലോകത്തെ കാണാനുള്ള ശ്രമമാണ് അയാളിൽ ഉള്ളത്. 

ഔദ്യോഗിക നിയമങ്ങൾക്കപ്പുറം പ്രകൃതിയുടെ വലിയ നിയമങ്ങളെ അനുസരിക്കുന്ന ആളാണ് മരിയപൂതം. ഡി.എഫ്.ഒയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ വരുന്ന ഔദ്യോഗിക കമ്മീഷന് മുന്നിൽ അയാൾ ഭയമില്ലാതെ സത്യ ങ്ങൾ തുറന്നുപറയുന്നു. പുലിയെ വധിക്കാത്തതിന്റെ പേരിൽ കോടതി തന്നെ ശിക്ഷിച്ചേക്കാം എന്നറിഞ്ഞിട്ടും അയാൾ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. പ്രതിയായി നിൽക്കുമ്പോഴും, തനിക്ക് അനുകൂലമായി "സാക്ഷിയായി പുലിയെത്തന്നെ വിളിക്കാം" എന്ന് പറയുന്നതിലൂടെ മനുഷ്യന്റെ നിയമവ്യവസ്ഥയെ അയാൾ പരിഹസിക്കുകയാണ് . ആക്രമിച്ച മൃഗത്തിന് നേരെ തോക്കെടുക്കാത്ത അയാളുടെ പ്രവർത്തി ഭീരുത്വമല്ല, മറിച്ച് ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ തുല്യ അവകാശമുണ്ടെന്ന തിരിച്ചറിവാണ്. 


 മനുഷ്യന്റെ സ്വാർത്ഥതയ്ക്കായി മൃഗങ്ങളെ വേട്ടയാടുന്ന സമൂഹത്തിന് മുന്നിൽ അയാൾ കാരുണ്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതീകമായി മാറുന്നു. മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതിനെക്കാൾ വലിയ ക്രൂരതയായിട്ടാണ് വ്യവസ്ഥിതി മൃഗങ്ങളുടെ ഇരപിടിത്തത്തെ കാണുന്നത്. ഈ വിരോധാഭാസത്തെ വളരെ ശാന്തമായും യുക്തിഭദ്രമായും റേയ്ഞ്ചർ കമ്മീഷന് മുന്നിൽ തുറന്നുകാട്ടുന്നു.കേവലം ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്നതിനപ്പുറം, കാടിന്റെ ആത്മാവ് തൊട്ടറിഞ്ഞ ഒരു മനുഷ്യനായാണ് എം.പി. നാരായണപിള്ള മരി യപൂതത്തെ വരച്ചുകാട്ടിയിരിക്കുന്നത്.

നാരായണപിള്ളയുടെ ആഖ്യാനതന്ത്രങ്ങൾ കഥയിൽ

എം.പി. നാരായണപിള്ളയുടെ ഈ കഥ പരമ്പരാഗതമായ സാമൂഹിക പുരോഗമന ചിന്തകൾക്കുമപ്പുറം, വളരെ ആധുനികവും വിപ്ലവകരവുമായ 'പരിസ്ഥിതി കേന്ദ്രീകൃത പുരോഗമന ചിന്ത' ആണ് മുന്നോട്ട് വയ്ക്കുന്നത്.കഥയിലെ ഗൗരവമേറിയ തത്ത്വചിന്തകളെ വായനക്കാരിലേക്ക് എളുപ്പത്തിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ ആഖ്യാനതന്ത്രം വലിയ പങ്ക് വഹിക്കുന്നു.മൂർച്ചയേറിയ ആക്ഷേപഹാസ്യം (Satire)


കഥയിലുടനീളം നാരായണപിള്ള ഉപയോഗിച്ചിരിക്കുന്നത് പരുക്കനും എന്നാൽ അങ്ങേയറ്റം മൂർച്ചയുള്ളതുമായ ആക്ഷേപഹാസ്യമാണ്. മനുഷ്യൻ നിർമ്മിച്ച ഭരണകൂട വ്യവസ്ഥയെയും, ഉദ്യോഗസ്ഥ ഭരണത്തിന്റെ (Bureaucracy) മരവിപ്പിനെയും അദ്ദേഹം ഇതിലൂടെ പരിഹസിക്കുന്നു. ഡി.എഫ്.ഒയെ പുലി കൊന്ന സംഭവത്തെ അന്വേഷിക്കാൻ എത്തുന്ന കമ്മീഷന്റെ ചോദ്യങ്ങളും അതിന് റെയിഞ്ചർ നൽകുന്ന മറുപടികളും വായനക്കാരനിൽ ചിരി ഉണർത്തുന്നതോടൊപ്പം തന്നെ വ്യവസ്ഥിതിയുടെ പൊള്ളത്തരത്തെക്കുറിച്ച് വലിയ ചിന്തകൾ സമ്മാനിക്കുകയും ചെയ്യുന്നു.ഫാന്റസിയും യാഥാർത്ഥ്യവും തമ്മിലുള്ള സങ്കലനം

തികച്ചും യാഥാർത്ഥ്യമായ ഒരു പശ്ചാത്തലത്തിൽ (ഫോറസ്റ്റ് വകുപ്പ്, ഉദ്യോഗസ്ഥർ) തുടങ്ങി, അതിലേക്ക് ഫാന്റസിയുടെയും ദർശനത്തിന്റെയും ഘടകങ്ങൾ ചേർത്തുവെക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. കോടതിയിൽ പുലിയെ സാക്ഷിയാക്കാം എന്ന് പറയുന്നതുപോലെയുള്ള സന്ദർഭങ്ങൾ കഥയെ കേവലമൊരു വനപാലകന്റെ കഥ എന്നതിനപ്പുറം വലിയൊരു അന്യാപദേശക്കഥ (Allegory) ആക്കി മാറ്റുന്നു.നാടകീയമായ സംഭാഷണ ശൈലി

കഥ മുന്നോട്ട് പോകുന്നത് റേയിഞ്ചറും കമ്മീഷനും തമ്മിലുള്ള നാടകീയമായ സംഭാഷണങ്ങളിലൂടെയാണ്. പരമ്പരാഗതമായ വിവരണങ്ങൾക്ക് പകരം സംഭാഷണങ്ങളിലെ ഈ നാടകീയത കഥയ്ക്ക് വലിയ ദൃശ്യാവിഷ്കാര ഭംഗി നൽകുന്നു. വളരെ ലളിതമായ ചോദ്യോത്തരങ്ങളിലൂടെയാണ് മനുഷ്യന്റെ അഹന്തയെ കഥാകൃത്ത് പൊളിച്ചടുക്കുന്നത്. പരുക്കൻ ഭാഷയും ദാർശനിക ഭാവവും


നാരായണപിള്ളയുടെ ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്; അത് കാപട്യങ്ങളില്ലാത്ത, പരുക്കനായ ഭാഷയാണ്. എന്നാൽ ആ പരുക്കൻ വാക്കുകൾക്കുള്ളിൽ വലിയൊരു ദാർശനിക തലം ഒളിഞ്ഞിരിപ്പുണ്ടാകും. കാടിന്റെ വന്യതയെയും മനുഷ്യന്റെ കൃത്രിമത്വത്തെയും വേർതിരിച്ചു കാണിക്കാൻ ഈ ഭാഷാശൈലിക്ക് സാധിക്കുന്നുണ്ട്.കഥാപാത്രങ്ങളുടെ സൃഷ്ടിയിലും  സവിശേഷ നിലപാടുകൾ ഉണ്ട്.

കഥാപാത്രങ്ങളെ കറുപ്പും വെളുപ്പുമായി തിരിക്കാതെ, അവരുടെ നിലപാടുകളിലൂടെ കഥയെ വികസിപ്പിക്കുന്ന ശൈലിയാണിത്. ഡി.എഫ്.ഒയുടെ അധികാരമോഹവും, റെയിഞ്ചറുടെ ജൈവബോധവും വായനക്കാരന് മുന്നിൽ തുറന്നിട്ട്, ആര് പുരോഗമനവാദി എന്ന് സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാരന് കഥാകൃത്ത് നൽകുന്നു.

ആശയത്തിന്റെ വലിപ്പവും ആഖ്യാനത്തിന്റെ സവിശേഷതയും ഒത്തുചേരുമ്പോഴാണ് ഒരു കൃതി അനശ്വരമാകുന്നത്. 'മൃഗാധിപത്യം' എന്ന കഥയിൽ എം.പി. നാരായണപിള്ള അത് പൂർണ്ണമായും സാധിച്ചെടുത്തിട്ടുണ്ട്. ചിരിപ്പിക്കുകയും അതേസമയം തന്നെ നമ്മെ വേട്ടയാടുകയും ചെയ്യുന്ന ഈ ആഖ്യാന രീതി തന്നെയാണ് ഈ കഥയെ ഇന്നും പ്രസക്തമാക്കി നിലനിർത്തുന്നത്.



ഡോ മനോജ് ജെ പാലക്കുടി

2026 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

ഹിഗ്വിറ്റ കഥാനിരൂപണം

ഹിഗ്വിറ്റ



 എസ്. എൻ. മാധവൻ


മലയാള ചെറുകഥാസാഹിത്യത്തിൽ നവീന ആഖ്യാനരീതിയും സാമൂഹിക-രാഷ്ട്രീയ ബോധവും ഒരുമിച്ചുചേർന്ന സൃഷ്ടികളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് എൻ. എസ്. മാധവൻ. ". മലയാള ഭാഷയിൽ അടയാളപ്പെടുത്തപ്പെട്ട നിരവധി കഥകളുടെ എഴുത്തുകാരനാണ് അദ്ദേഹം.വൻമരങ്ങൾ വീഴുമ്പോൾ, ഭീമച്ചൻ,ചൂളൈമേട്ടിലെ ശവങ്ങൾ , തിരുത്ത്,പഞ്ചകന്യകകൾ,പര്യായകഥകൾ തുടങ്ങി ചെറുകഥകളും ലത്തൻബത്തേരിയിലെ ലുത്തിനികൾ എന്നനോവലും രചിച്ചു.മാധവന്റെ ഏറ്റവും പ്രശസ്തമായ കഥകളിലൊന്നാണ് "ഹിഗ്വിറ്റ"


പീറ്റർ ഹാൻകെയുടെ ജർമൻ നോവലായ "പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത"യുടെ സൂചനനൽകി കൊണ്ടാണ് കഥ ആരംഭിക്കുന്നത്.നോവലിലെ നായകനായ ജോസഫ് ബ്ലോഹ് എന്ന ഗോളി അപ്രതീക്ഷിതമായി നടത്തുന്ന ഒരു കൊലപാതകത്തിലൂടെയാണ് നോവലിൻ്റെ  കഥ ചുരുൾ നിവരുന്നത്. നോവലിലെ ഈ കഥ തൻ്റെ സുഹൃത്തായ ഫാദർ കപ്രിയറ്റിയിൽനിന്നാണ് ഗീവർഗീസച്ചൻ കേട്ടിട്ടുള്ളത്.ഈ നോവലിന്റെ പശ്ചാത്തലത്തെയും ഹിഗ്വിറ്റ എന്ന ലോകപ്രസിദ്ധ ഫുട്ബോളറെയും കഥാതന്തുവിൽ ചേർത്ത് ബന്ധിക്കുന്നു.


1990-കളിലെ ഇന്ത്യൻ സാമൂഹിക സാഹചര്യങ്ങളെയും ന്യൂനപക്ഷ ജീവിതത്തിന്റെ ആശങ്കകളെയും മതവും മനുഷ്യാവകാശവും തമ്മിലുള്ള സംഘർഷങ്ങളെയും ശക്തമായി അവതരിപ്പിക്കുന്ന കഥയാണ് ഇത്. കൊളംബിയൻ ഫുട്ബോൾ ഗോൾകീപ്പർ ഹിഗ്വിറ്റയുടെ പ്രതീകം ഉപയോഗിച്ചാണ് കഥ മുന്നോട്ടുപോകുന്നത്.അജീർണ്ണതബാധിച്ച സാമൂഹ്യ അവസ്ഥകളിലേക്കും മാനുഷിക അവകാശങ്ങൾ ധ്വംസിക്കപ്പെട്ട സമൂഹ ബോധത്തിലേക്കും ഗീവർഗീസ് അച്ചൻ തൊടുത്ത ഗോളാണ്. ഹിഗ്വിറ്റ എന്ന കഥ.

കഥാസംഗ്രഹം


കഥയിലെ കേന്ദ്രകഥാപാത്രം ഫാദർ ഗീവർഗീസാണ്. ഡൽഹിയിൽ താമസിക്കുന്ന ഒരു വൈദികനായ അദ്ദേഹം മതപരമായ കടമകൾ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ ലൂസി എന്ന ആദിവാസി പെൺകുട്ടിയുടെ ജീവിതത്തിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടാകുന്നു.അദ്ദേഹത്തിൻ്റെ  ആത്മീയ ശുശ്രൂഷയ്ക്ക് ഏൽപ്പിക്കപ്പെട്ട പെൺകുട്ടിയാണ് അവൾ. ഉത്തരേന്ത്യൻ നഗരജീവിതത്തിന്റെ ഇരുണ്ട മുഖമായ ഗുണ്ടായിസവും അധികാര ദുരുപയോഗവും ലൈംഗിക ചൂഷണവും ലൂസിയെ വേട്ടയാടുന്നു. ബലാത്സംഗത്തിനും ചൂഷണത്തിനും വിധേയയാകാനുള്ള സാഹചര്യത്തിൽ അവളെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം ഫാദറുടെ മുന്നിലെത്തുന്നു.

ആദ്യഘട്ടത്തിൽ അദ്ദേഹം പ്രാർത്ഥനയിലും സഭയുടെ ഔപചാരിക രീതികളിലും ആശ്രയിക്കുന്നു. എന്നാൽ പിന്നീട് അവ മനുഷ്യനെ രക്ഷിക്കാൻ പര്യാപ്തമല്ലെന്ന് തിരിച്ചറിയുന്നു. ഒടുവിൽ ഗോളിയായ ഹിഗ്വിറ്റ ഗോൾപോസ്റ്റ് വിട്ടിറങ്ങി കളിക്കുന്നതുപോലെ, തന്റെ സുരക്ഷിതമായ മതപരമായ പരിധികൾ വിട്ടിറങ്ങി അനീതിക്കെതിരെ നേരിട്ട് പോരാടാൻ ഫാദർ തീരുമാനിക്കുന്നു.

ഹിഗ്വിറ്റ എന്ന ശീർഷകത്തിന്റെ പ്രസക്തി


കഥയുടെ ശീർഷകം കൊളംബിയൻ ഫുട്ബോൾ താരം റെനെ ഹിഗ്വിറ്റയിൽ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. സാധാരണ ഗോൾകീപ്പർമാർ ഗോൾപോസ്റ്റിൽ നിൽക്കുമ്പോൾ ഹിഗ്വിറ്റ പലപ്പോഴും മുന്നോട്ടിറങ്ങി കളിക്കാറുണ്ടായിരുന്നു. ഈ സ്വഭാവമാണ് കഥയിൽ പ്രതീകാത്മകമായി ഉപയോഗിക്കുന്നത്.


ഫാദർ ഗീവർഗീസും തന്റെ പരമ്പരാഗത വൈദിക വേഷംവിട്ട് സാമൂഹിക ഇടപെടലിലേക്ക് കടക്കുന്നു. അതുകൊണ്ട് ഹിഗ്വിറ്റ ഒരു വ്യക്തിയുടെ പേര് മാത്രമല്ല; അത് ധീരമായ നിലപാടിന്റെയും സമർത്ഥമായ ഇടപെടലിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും പ്രതീകമാണ്. കഥയിൽ ഫാദർ ഗീവർഗീസച്ചനും കൊളംബിയൻ ഫുട്ബോൾ ഗോൾകീപ്പർ റെനെ ഹിഗ്വിറ്റയും തമ്മിൽ നേരിട്ടുള്ള ബന്ധമില്ല. മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന നിലയിൽ ചെറുപ്പത്തിലെ പേരെടുത്ത അച്ചൻ്റെ പ്രിയപ്പെട്ട കളിക്കാരനാണ് ഹിഗിറ്റ. ഉള്ളിൽ അയാളെപ്പറ്റി വലിയ ആരാധന ഭാവവും ഉണ്ട്. ബാഹ്യതലത്തെക്കാൾ കഥയുടെ ആശയതലത്തിൽ വളരെ ശക്തമായ പ്രതീകാത്മകബന്ധം ഇവർ തമ്മിൽ നിലനിൽക്കുന്നു.

ഗോൾകീപ്പറുടെ ജോലി ഗോൾപോസ്റ്റിനുള്ളിൽ നിന്ന് ഗോൾ തടയുക എന്നതാണ്. എന്നാൽ ഹിഗ്വിറ്റയുടെ പ്രത്യേകത, അദ്ദേഹം പലപ്പോഴും തന്റെ സുരക്ഷിത മേഖലയായ ഗോൾപോസ്റ്റ് വിട്ട് പുറത്തേക്കിറങ്ങി കളിക്കുമായിരുന്നു.

അതുപോലെ ഫാദർ ഗീവർഗീസച്ചനും ഒരു വൈദികനെന്ന നിലയിൽ പ്രാർത്ഥനയുടെയും ആത്മീയ സേവനത്തിന്റെയും ലോകത്ത് ഒതുങ്ങിനിൽക്കാമായിരുന്നു. എന്നാൽ ലൂസിയുടെ ജീവിതം അപകടത്തിലായപ്പോൾ അദ്ദേഹം ആ സുരക്ഷിത വലയത്തിൽ നിന്ന് പുറത്തുകടന്ന് നേരിട്ട് ഇടപെടുന്നു.അവർ രണ്ടുപേരെയും ബന്ധിപ്പിക്കുന്ന പ്രധാന ആശയതലം ഇതാണ്.

ഹിഗ്വിറ്റ ഗോൾപോസ്റ്റ് വിട്ടിറങ്ങുമ്പോൾ ഗോൾ വഴങ്ങാനുള്ള സാധ്യത ഉണ്ടായിരുന്നു.ലോകകപ്പിൽ അത്തരത്തിലുള്ള റിസ്ക് ഏറ്റെടുത്തതിനാൽ കൊളംബിയ എന്ന പ്രസിദ്ധ ഫുട്ബോൾ രാജ്യത്തിൻ്റെ പരാജയവും സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും അദ്ദേഹം റിസ്ക് ഏറ്റെടുത്തു.

ഗീവർഗീസച്ചനും സാമൂഹിക അനീതിക്കെതിരെ പ്രതികരിക്കുമ്പോൾ തന്റെ വൈദിക പദവിക്കും വ്യക്തിജീവിതത്തിനും അപകടം വരാമെന്ന് അറിയാമായിരുന്നു. എങ്കിലും അദ്ദേഹം മൗനം പാലിച്ചില്ല.ആദിവാസി പെൺകുട്ടിക്കുവേണ്ടി അച്ചൻ മുന്നിട്ടിറങ്ങുകയാണ്. അനീതിക്കെതിരെ നിലകൊള്ളുന്നതും പുരോഹിതധർമ്മത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു.ജീവിതത്തിൻറെ നിർണായക നിമിഷത്തിൽ ഫാദർ ഉണർന്നു പ്രവർത്തിക്കുന്നു.

കഥയിൽ ഹിഗ്വിറ്റ ഒരു ഫുട്ബോൾ താരം മാത്രമല്ല. അദ്ദേഹം ധീരമായ ഇടപെടലിന്റെ, സജീവ പ്രതിരോധത്തിന്റെ, സാമൂഹിക ഉത്തരവാദിത്വത്തിന്റെ പ്രതീകമാണ്. ഗീവർഗീസച്ചൻ അവസാനം സ്വീകരിക്കുന്ന നിലപാട് ഹിഗ്വിറ്റയുടെ കളിശൈലിയെ ഓർമ്മിപ്പിക്കുന്നു.സുരക്ഷിത സ്ഥാനങ്ങൾ വിട്ട് ഇറങ്ങുന്നു.അനീതിക്കെതിരെ ധൈരൃപൂർവ്വം പ്രതികരിക്കുന്നു.പരിധികൾ കടന്ന് മനുഷ്യനീതിക്കുവേണ്ടി പ്രവർത്തിക്കുന്നു. ഈ സമാനതയാണ് കഥയുടെ കേന്ദ്രപ്രതീകവും ശീർഷകത്തിന്റെ ആഴത്തിലുള്ള അർത്ഥവും.

മനുഷ്യാവകാശങ്ങളും സാമൂഹ്യനീതിയും തൊഴിൽപരമായ ചൂഷണവും ആത്മീയ പ്രഭാഷണങ്ങളും മത ജീവിതവും കൂടിക്കലർന്ന ജീവിതത്തിലെ  ഒരേടാണ് കഥയുടെ ചുറ്റുപാട് .മതവും മനുഷ്യാവകാശവും പരസ്പരം ബന്ധിപ്പിക്കേണ്ടതാണ് എന്നുള്ള പരമമായ ബോധ്യം കഥ നൽകുന്നു.


മതത്തിന്റെ യഥാർത്ഥ ലക്ഷ്യം മനുഷ്യനെ സംരക്ഷിക്കലാണെന്ന സന്ദേശമാണ് കഥ പങ്കുവയ്ക്കുന്നത്. അനീതിക്കെതിരെ മൗനം പാലിക്കുന്ന മതജീവിതത്തെ കഥ ചോദ്യംചെയ്യുന്നു ചെയ്യുന്നു

ചൂഷണ വിധേയമാകുന്ന ആദിവാസി സ്ത്രീയുടെ സംരക്ഷണത്തിന് കവചം ഒരുക്കുകയാണ് പൗരോഹിത്യ ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിൽക്കുന്ന ഗീവർഗീസച്ചൻ.മത ചുറ്റുപാടുകൾക്കുള്ളിൽ നിന്നും നിസ്സഹായനാണെന്ന് തിരിച്ചറിവാണ് അത്തരത്തിൽ കായികമായ പ്രതികരണത്തിന് ഗീവർഗീസച്ചനെ സജ്ജനാക്കുന്നത്.

അധികാരവും ചൂഷണവും കഥയുടെ പ്രമേയത്തിൽ ആഴ്ന്നു കിടക്കുന്നു.ഡൽഹി നഗരത്തിലെ സാമൂഹിക ഘടനയിൽ ദരിദ്രരും ന്യൂനപക്ഷങ്ങളും എങ്ങനെ ചൂഷണത്തിന് ഇരയാകുന്നു എന്ന് കഥ വ്യക്തമാക്കുന്നു. അധികാരവും പണവും മനുഷ്യജീവിതത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിന്റെ ചിത്രീകരണവുമാണിത്.ചൂഷണത്തിന് വിധേയമാകുന്ന ആദിവാസി സ്ത്രീകളുടെപ്രതിനിധിയാണ് ലൂസി .വളരെസമർത്ഥമായി ജബ്ബാർ അവൾക്ക് ചുറ്റും ചൂഷണത്തിന്റെ കെണിയൊരുക്കുന്നു.പുറത്തുവരാനാവാതെ അവളെ ചതിയുടെയും ചൂഷണത്തിന്റെയും കെണിയിൽപെടുത്തുന്നു.

പ്രതിരോധത്തിന്റെ രാഷ്ട്രീയം ആധുനിക കാലത്തിൻ്റെ ആവശ്യമെന്ന് കഥ തെളിയിക്കുന്നു.അനീതിക്കെതിരെ പ്രതികരിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്ന ബോധ്യം കഥ മുന്നോട്ടുവയ്ക്കുന്നു. പ്രതിരോധം ചിലപ്പോൾ പ്രാർത്ഥനയെക്കാൾ ആവശ്യമായി വരുമെന്ന സന്ദേശം കഥ നൽകുന്നു. ആത്മീയതയുടെ മന്ത്രങ്ങളെകാൾ ചില അവസരങ്ങൾ ആവശ്യപ്പെടുന്നത്  അനീതിക്കെതിരെയുള്ള  ചെറുത്തുനിൽപ്പിൻ്റെ  കായികപ്രതിരോധങ്ങൾ ആണെന്ന് കഥ വിശദീകരിക്കുന്നു.

വ്യക്തിപരമായ ധാർമ്മികതയ്ക്കു മുന്നിൽ ആശങ്കാകുലനായി നിൽക്കുന്ന ഗീവർഗീസച്ചൻ്റെ ആന്തരിക സംഘർഷങ്ങളും കഥയുടെ ഭാഗമാണ്.ആത്മീയതയിൽ അടിയുറച്ച ഫാദർ ഗീവർഗീസിന്റെ ഉള്ളിലെ സംഘർഷം കഥയുടെ പ്രധാന മർമ്മമാണ്. 


ഒരു വൈദികനെന്ന നിലയിലെ കടമയും ഒരു മനുഷ്യനെന്ന നിലയിലെ ഉത്തരവാദിത്വവും തമ്മിലുള്ള സംഘർഷം അദ്ദേഹത്തിലുണ്ട്. ജബ്ബാറിന്റെ കുടിലമായ ചെയ്തികളിൽനിന്ന് ലൂസിയെ സംരക്ഷിക്കാൻ ആദ്യമെല്ലാം ഗീവർഗീസച്ചൻ ആശ്രയിക്കുന്നത്  ഉള്ളിലുള്ള മതം പറയുന്ന ധാർമികതയുടെ വഴികളെയാണ്.ചൂഷണത്തിന് ഗത്യന്തരമില്ലാതെ വഴങ്ങേണ്ടിവന്ന ലൂസിയുടെ നൊമ്പരങ്ങൾ അച്ചൻ്റെ നൊമ്പരങ്ങൾ തന്നെയായി മാറുന്നു. അന്യദേശത്ത് സഹായിക്കാൻ ആരുമില്ലാതെ ഉഴറിനിൽക്കുന്ന ലൂസിക്കുവേണ്ടി  അച്ചൻ ഉറച്ച നിലപാടെടുക്കുന്നു. തന്നെചൂഴ്ന്നു നിൽക്കുന്ന മതപരമായ എല്ലാ കെട്ടുപാടുകളെയും പൊട്ടിച്ചുകൊണ്ട് ഗോളിയുടെ ആയുധമായ കാലുകളുടെ ശക്തി അച്ചനും ആയുധമാക്കുന്നു. ജീർണ്ണത ബാധിച്ച സമൂഹത്തിൻ്റെ നേരെയുള്ള പെനാൽറ്റി കിക്ക് ആയിരുന്നു അത്.


 ആത്മീയലോകത്ത് ജീവിക്കുന്ന ഫാദർ ഗീവർഗീസ് പിന്നീട് സാമൂഹിക യാഥാർഥ്യത്തെ നേരിടുന്നു. വ്യക്തിപരമായ ധൈര്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രതീകമാണ് അദ്ദേഹം. ചൂഷണത്തിനും ഭീഷണിക്കും ഇരയാകുന്ന സാധാരണ ജനങ്ങളുടെ പ്രതിനിധിയാണ് ലൂസി. സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ അവസ്ഥയെ അവൾ പ്രതിനിധീകരിക്കുന്നു.

ഫുട്ബോളും മതജീവിതവും തമ്മിൽ സൃഷ്ടിച്ചിരിക്കുന്ന സമാന്തരത കഥയെ വ്യത്യസ്തമാക്കുന്നു. ലളിതമായ ഭാഷയിലും ഗഹനമായ ആശയങ്ങളിലുമാണ് കഥ വികസിക്കുന്നത്.


ഇന്നത്തെ സമൂഹത്തിലും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ "ഹിഗ്വിറ്റ" അതീവ പ്രസക്തമായ കൃതിയാണ്. അനീതിക്കെതിരെ പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയെ ഈ കഥ  ഓർമ്മിപ്പിക്കുന്നു.മനുഷ്യാവകാശം, സാമൂഹിക നീതി, മതത്തിന്റെ യഥാർത്ഥ ദൗത്യം എന്നിവയെക്കുറിച്ച് ആഴത്തിൽ "ഹിഗ്വിറ്റ".ചിന്തിപ്പിക്കുന്നു. ഗോൾപോസ്റ്റ് വിട്ടിറങ്ങിയ ഹിഗ്വിറ്റയെപ്പോലെ സുരക്മേഖലകൾ വിട്ട് അനീതിക്കെതിരെ പോരാടാൻ മനുഷ്യൻ തയ്യാറാകണമെന്ന സന്ദേശമാണ് എൻ. എസ്. മാധവൻ ഈ കഥയിലൂടെ നൽകുന്നത്. സാമൂഹിക പ്രതിബദ്ധതയും കലാപരമായ മികവും ഒരുപോലെ സമന്വയിപ്പിച്ച മലയാളത്തിലെ മികച്ച ചെറുകഥകളിലൊന്നായി "ഹിഗ്വിറ്റ" നിലനിൽക്കുന്നു



ഡോ. മനോജ് ജെ പാലക്കുടി .