2020, മാർച്ച് 31, ചൊവ്വാഴ്ച

പഴയ ചിലത്

                                           

                                പഴയ  ചിലത്                                                                            കവിതക്കുറിപ്പ്                                                                               

                                                   കവി - പി . രാമൻ  

                      

                   ഉത്തരാധുനികകാലത്തിൻെറ വിഹ്വലതകളെ  ആവിഷ്കരിക്കുന്ന കവിയാണ് പി. രാമൻ. കവിതയുടെ പരമ്പരാഗത മാമൂലുകളെ നിഷേധിക്കുന്ന അദ്ദേഹം മലയാളകവിതയിൽ പുതുവഴികൾ തെളിക്കുന്നു . പുതുകാലത്തിലെ മലയാള കവിതയുടെ കരുത്തുറ്റ ശബ്ദം രാമനിൽനിന്നു കേൾക്കാം . കനം , തുരുമ്പ്, ഭാഷയും കുഞ്ഞും എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ . കൈമോശം വന്ന പഴയ കാലത്തിന്റെ ഗൃഹാതുരത്വ സ്മരണകളെ ഓർത്തെടുത്ത് അതിലൂടെ സഞ്ചരിക്കുകയാണ് പഴയ ചിലത് എന്ന കവിതയിൽ.
        കഴിഞ്ഞുപോയ കാലത്തെപ്പറ്റി വേദനയോടെ  ഓർക്കുന്ന ഒരു മനുഷ്യൻെറ ആകുലതകളാണ് പഴയ ചിലത് എന്ന കവിത. കുഞ്ഞുന്നാളിൽ  താമസിച്ച വീടും ബാല്യകാലവും കൗമാരത്തിലെ കുസൃതികളും ഓടിനടന്ന ഇടങ്ങളും തീക്ഷ്ണമായ വികാരമായി മനസ്സിലേക്കോടിയെത്തുന്നു .മനസ്സിന്റെ സംഘർഷം വീട്ടിലും പ്രകൃതിയിലുമെല്ലാം വന്നു നിറയുന്നു. പഴയ വഴികളിലൂടെ പുതുചിന്തകളെ തേടിനടക്കുകയാണ് ഈ  പുതുകാലകവി . 
              
                                                       - കവിതാഖ്യാനം -

⇒   ഒരു കാലത്ത്  സൗഹൃദങ്ങളും ഊഷ്മള ബന്ധങ്ങളുംകൊണ്ട് സമ്പന്നമായിരുന്നു ആ  വീട് ഇന്ന് എല്ലാം നഷ്‌ടപ്പെട്ട് അനാഥത്വത്തിൻെറ  വേദനയിൽ നിറയുന്നു . ഒറ്റപ്പെടലിന്റെ വീർപ്പുമുട്ടലിൽ വേദനിക്കുന്ന വീട്അതിന്റെ വാതിൽ താനേ തുറന്നടയ്ക്കുന്നു  .  ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് വീട്. നഷ്‌ടപ്രതീക്ഷയുടെ അടയാളമാണ്തുറന്നടയുന്ന വാതിൽ.  സംഘർഷം താങ്ങുവാനാകാതെ അതിന്റെ ചില്ലുകൾ പൊട്ടിത്തകർന്നു.ആത്മസംഘർഷംകൊണ്ട് ഭ്രാന്തമായ അവസ്ഥയിൽ എത്തിയ ആ വീട്ടിൽനിന്നുമുയർന്ന രോദനങ്ങൾകേട്ട് പ്രേതബാധയെന്നു ആളുകൾ തെറ്റിദ്ധരിച്ചു.

⇒  കൊഴിഞ്ഞ ബാല്യം ജീവിതത്തിൻെറ നഷ്‌ടവസന്തമാണ്. ബാല്യത്തിൻെറ തുടിപ്പും ചൈതന്യവും ടോർച്ചുവെളിച്ചത്തിൽ അയാൾ തെളിഞ്ഞുകണ്ടു. ചുകന്നകൈപ്പത്തിയും നാഡീഞരമ്പും ബാല്യത്തിൻെറ പ്രസരിപ്പുള്ള ഓർമ്മകളായി മനസ്സിക്കോടിയെത്തുന്നു.

⇒  പ്രായവും രോഗവും ചൈതന്യം നഷ്‌ടപ്പെടുത്തിയ ആ ശരീരത്തിൽ ഇന്ന്  എക്സ്‌റേരശ്മികൾ ഒപ്പിയെടുക്കുന്നത് ഇരുട്ടിനെ മാത്രം . അരണ്ട പുകച്ചുരുളുകൾക്കിടയിലെ എല്ലിൻകോലുപോലെ ഭയപ്പെടുത്തുന്നതായിരുന്നു എക്സ്റെയിലെ ആ കാഴ്ച. ബാല്യത്തിൻെറ കൗതുകത്തോടെ അയാൾ ഒരിക്കൽക്കൂടി ടോർച്ചുതെളിച്ചു. അപ്പോൾ  നഷ്‌ടബാല്യത്തിൻെറ തുടിപ്പുകൾ  ആ വൃദ്ധ ശരീരത്തിലേക്കോടിയെത്തി.

⇒  വീണ്ടുകിട്ടിയ ബാല്യത്തിന്റെ പ്രസരിപ്പോടെ സഞ്ചരിച്ച വഴികളിലേക്കെല്ലാം ആർഭാടത്തോടെ ഇറങ്ങിനടന്നു.ബാല്യം അധികം ചെലവിട്ട കുളത്തിന്റെ കരയിലേക്ക്  ആദ്യം ഓടിച്ചെന്നു.

       
⇨    മാറൊപ്പം വെള്ളത്തിൽനിന്നപ്പോൾ  ബാല്യത്തിൻെറ അടയാളമായ  പഴയ ട്രൗസറും ഷർട്ടും ഒരുടവും തട്ടാതെ ഒരു മനുഷ്യനെപ്പോലെ തിളങ്ങിക്കിടക്കുന്നത് അയാൾ കണ്ടു. പ്രായമെത്ര കടന്നാലും  ഓർമ്മയിൽ എന്നും തിളങ്ങിക്കിടക്കുന്നതാണ് ഒരുവൻെറ ബാല്യം .   

⇨   ബാല്യത്തിൻെറ ഓർമ്മകൾ വീണ്ടും പടികടന്നെത്തുന്നത് കളികൾക്കും ഉല്ലാസത്തിനും  ഇടമായിരുന്ന മുറ്റത്തെ അശോകമരചുവട്ടിലെക്കാണ് . ആ മരം  ഇന്നില്ല . അത് മുറിച്ചുമാറ്റിയിരിക്കുന്നു. സ്വന്തം കാൽമുട്ട് മുറിച്ചതിൻെറ താഴെഭാഗം  അസ്വസ്ഥതപ്പെടുന്ന ഒരു നൊമ്പരം അപ്പോൾ  അനുഭവപ്പെട്ടു.

⇨  ഇളംറോസ് നിറത്തിലുള്ള തളിരിലകളുംഓറഞ്ചും മഞ്ഞയും ചോപ്പും കലർന്ന  പൂങ്കുലകളും നോക്കി അത്ഭുതപ്പെട്ടു നില്ക്കുന്ന ഒരു കുട്ടി അപ്പോൾ അയാളുടെ മനസ്സിൽ വീണ്ടും ജനിച്ചു.

⇨  നഷ്‌ടബാല്യത്തിൻെറയും  പ്രകൃതി നാശത്തിൻെറയും കടുത്ത വേദന വെട്ടിമാറ്റിയ കൈപോലെ അയാൾക്കനുഭവപ്പെട്ടു . ആ വേദനകളെ അയാൾ കവിതയാക്കി. ഓരോകവിതയും ഓരോ വേദനകളാണ് . ബാല്യത്തിൻെറയും പ്രകൃതിയുടെയും ഗൃഹാതുരത്വസ്മരണകൾ കവിതകളായി പുനർജ്ജനിക്കുന്നു . മുറിച്ചുമാറ്റിയ കൈയുടെ വേദനപോലെ .


                         ആസ്വാദനം ; ഡോ . മനോജ് ജെ . പാലക്കുടി .







ഗോതമ്പുശില്പം


                                        ഗോതമ്പുശില്പം 

                                                   കവിതക്കുറിപ്പ് 
 






സ്ത്രീമനോഭാവങ്ങളെ  ആഴത്തിൽ വിചിന്തനം ചെയ്യുന്നവയാണ് സ്ത്രിരചനകൾ അഥവാ  പെണ്ണെഴുത്തുകൾ. സ്ത്രീക്കുമാത്രമെ സ്ത്രീയെ അറിയു എന്ന ചിന്ത പെണ്ണെഴുത്തുകൾക്കു പിന്നിലുണ്ട്.ഇപ്രകാരംഏറ്റവുമധികം സ്ത്രീമനസിൻെറ  തുറന്നെഴുത്തുകൾക്കു  വേദിയാകുന്നത്  കവിതകളാണ് . സ്ത്രീ ഇടപെടുന്ന ഇടങ്ങളും അവരുടെ ബന്ധങ്ങളും   ഗാർഹികവും സാമൂഹികവുമായ പ്രതിസന്ധികളും  ആവിഷ്‌കരിക്കാൻ  കവിതയെ അവർ  പ്രയോജനപ്പെടുത്തുന്നു.      

      സ്ത്രീ ഇടപെടലുകളുടെ പ്രധാന ഭൂമികയായ  അടുക്കളയെ  പശ്‌ചാത്തലമാക്കി  കവിത ബാലകൃഷ്ണൻ എഴുതിയ കവിതയാണ്  ഗോതമ്പുശില്പം.


    അടുക്കളയിലെ സ്ത്രീയുടെ  ഉപകരണങ്ങളും ബന്ധങ്ങളും  ചിന്തകളുമെല്ലാം ഈ  കവിതയിൽ ഇടം നേടുന്നു . സ്ത്രീയുടെ സർഗ്ഗാത്മക  സൃഷ്‌ടിയുടെ  ഇടമെന്നനിലയിൽ അടുക്കളയ്ക്കു വലിയ പ്രാധാന്യമുണ്ട് . ഈ  ഇടത്തിൽനിന്നുകൊണ്ട് സ്ത്രീമനസ്സിൻെറ  രൂപപ്പെടുത്തലുകളെക്കൂടി കവിത വിചിന്തനം ചെയ്യുന്നു .  പുരുഷകേന്ദ്രികൃത വ്യവസ്ഥയിൽ ഞെരുങ്ങുമ്പോഴും  സ്ത്രിക്കൊപ്പമല്ല  പുരുഷനൊപ്പം ചരിക്കു
    ന്നതാണ് സ്ത്രീമനസ്സെന്ന   മനഃശാസ്ത്രത്തെ ഈ കവിത വിശദികരിക്കുന്നു. മകളുടെ സർഗ്ഗവാസനകളെയോ ചിന്തകളെയോ തിരിച്ചറിയുന്നില്ല എന്നുമാത്രമല്ല അവളുടെ അവകാശങ്ങളെക്കൂടി തട്ടിയെടുത്ത് മകന് നൽകുന്നതാണ് അമ്മ മനസ്സ്.   അമ്മയുടെ ഇച്ഛകളും ആഗ്രഹങ്ങളും മകനൊപ്പമാണെന്ന ഫ്രോയിഡിയൻ മനഃശാസ്ത്രത്തെ കവിത വിശദീകരിക്കുന്നു.  മകളുടെ സാന്നിധ്യം അധികപ്പറ്റായി മാത്രമേ അമ്മയ്ക്കു തോന്നുന്നുള്ളൂ.


      അടുക്കളയിൽ അമ്മക്കൊപ്പം സൃഷ്‌ടികർമ്മത്തിൽ ഏർപ്പെട്ടിരിക്കുന്ന മകൾ ഗോതമ്പുപൊടി കുഴച്ച്  സിംഹത്തിൻെറ രൂപം നിർമ്മിക്കുന്നു. മകളുടെ സ്വപ്നങ്ങളിൽ നിർമ്മിക്കപ്പെടുന്നത് കാട്ടിലെ രാജാവായ സിംഹത്തിൻെറ ഉടലാണ്. അവളുടെ സ്വപ്നത്തെ തുടക്കത്തിൽ തന്നെ അമ്മ അറുത്തുകളയുന്നു. പെണ്ണിൻെറ പുരോഗതിക്കും ഉയർത്തെഴുന്നേൽപ്പിനും  തടസ്സമാകുന്നത് അവളുതന്നെയെന്നു  വിശദികരിക്കുന്നതാണ് തുടർവരികൾ.  മകളുണ്ടാക്കിയ സിംഹത്തലയും വാലും പിഴുതെടുത്ത് 
      അമ്മ അടുത്ത ചപ്പാത്തിയും പരത്തി. രാജരൂപത്തെ നിർമ്മിച്ച  മകളുടെ ഉന്നതസങ്കൽപ്പങ്ങളെ തുടക്കത്തിൽത്തന്നെ അമ്മ പിഴുതെറിഞ്ഞു. 
മകളുടെ ക്രിയാത്മക സൃഷ്‌ടിയെ നശിപ്പിച്ച അമ്മ  ഇനിയെ
ൻെറ  ചെറുക്കൻെറ മുഖമാവാം എന്നുപറഞ്ഞു  മകൾ  നിർമ്മിച്ച സിംഹത്തിൻെറ ഉടലിൽ പുതിയ രൂപത്തെ മെനയുന്നു. മകൾ നിർമ്മിച്ച സിംഹത്തലയ്ക്കു പകരം മകൻെറ മുഖത്തെ അമ്മ മനസ്സിൽ കരുതിവയ്ക്കുന്നു. മകളുടെ രാജ സ്വപ്നങ്ങൾക്കു മുകളിൽ  അമ്മ ചേർത്തുവയ്ക്കുന്നത് മകൻെറ മുഖമാണ്.   


ഇനിയെൻെറ ചെറുക്കൻെറ മുഖമാവാം  , എൻെറ  ചെറുക്കൻ എന്നുപറഞ്ഞ് അമ്മ അവനെ സ്വന്തമാക്കുന്നു. അമ്മ മനസ്സ് മകൾക്കൊപ്പമല്ല മകനൊപ്പമാണ്. സ്വന്തമാക്കലിൻെറ വൈകാരികതകൊണ്ട് അമ്മ മകൻെറമേൽ അധികാരമുറപ്പിക്കുന്നു. തൻെറ ആഗ്രഹങ്ങളെ കൂട്ടിച്ചെർത്ത് മകൻെറ രൂപത്തെ നിർമ്മിക്കുന്ന അമ്മ അവൻെറ മേൽ അവകാശം ഉറപ്പിക്കുന്നു.


     



 
  മകൻെറ  രൂപത്തെ ഗോതമ്പിൽ നിർമ്മിക്കുന്ന  അമ്മ അവനുവേണ്ടി ഇരട്ടിപ്പങ്കു  മാറ്റിവയ്ക്കുന്നു. രണ്ടു ഗോതമ്പുണ്ടകളധികം വേണം ,  അവനു  തല വലുതുവേണം  എന്നു ‌ ആഗ്രഹിക്കുന്നു . മകൻെറ കാര്യത്തിൽ  അമ്മ  അമിത ശ്രദ്ധാലുവാകുന്നു. മകളുടെ ധൈഷണിക സ്വപ്നങ്ങളെ പിഴുതുകളഞ്ഞ അമ്മ  മകൻെറ തല വലുതുവേണം എന്നാശിക്കുന്നു. അറിവു നേടുന്നതിൽനിന്നു പെണ്ണിനെ വിലക്കിയ സമൂഹം ആണിൻെറ  ബൗദ്ധിക വളർച്ചയ്ക്ക് അമിത പ്രാധാന്യം നൽകി. അവൻെറ ബൗദ്ധിക പുരോഗതി മാത്രമാണ് അമ്മയുടെ പ്രതീക്ഷകളിൽ നിറയുന്നത്. 

നാവിൽ ശൂലം തറച്ചവൻ .......           മകൻ നാവു ബന്ധിക്കപ്പെട്ടവനാണ് എന്നതാണ് അമ്മയുടെ ദുഃഖം.  

                                                                                                            

 എന്നാൽ  മകൾ നിർമ്മിക്കുന്ന ചപ്പാത്തിയുടെ  വലുപ്പത്തെ  ഓർത്തു 'അമ്മ ആശങ്കാകുലയാകുന്നു .അതു ചട്ടിവിട്ടു പുറത്തു പോകുന്നുവെന്ന പരാതിയാണ് അമ്മയ്ക്ക് . അവളുടെ അവകാശങ്ങളെപ്പറ്റി അമ്മ തീർത്തും ബോധവതിയല്ല.




അടുക്കളയിലെ ഗോതമ്പ് ശില്പിയുടെ  മനസ്സ് എന്നും മകനൊപ്പമാണ് . ആ ശില്പ്പി മുകളിൽ അനുഗ്രഹവും താഴെ വളർച്ചയുടെ വിശാല ചക്രവാളവുമൊരുക്കി  മകനുവേണ്ടി കാത്തു നിൽക്കുന്നു. മകൻെറ ഏതൊന്നിനും  അമ്മയുടെ  തുണയും സഹായവുമുണ്ട്.
                                                                                                                       
സ്ത്രീ മനസ്സിൻെറ ഉള്ളറകളെ സ്ത്രീ തുറന്നുകാട്ടുന്നതാണ് അവസാന വരികൾ. സ്ത്രീ മനസ്സിൻെറ വൈരുദ്ധ്യാത്മകതയിലേക്കു കവയിത്രി  വിരൽ ചൂണ്ടുന്നു.  അമ്മയ്ക്കു മകനോടുണ്ടായിരുന്ന താൽപ്പര്യം സ്വാർത്ഥമായിരുന്നു എന്നു വിളിച്ചുപറയുന്ന   മകൾ അമ്മയുടെ മനഃസാക്ഷിക്ക് മുമ്പിൽ രണ്ടു ചോദ്യങ്ങൾ തൊടുക്കുന്നു. 

  അമ്മ നിർമ്മിച്ച ചെറുക്കൻെറ  നാവ് പ്രേമത്തിൻെറ ശൂലം കയറ്റും മുമ്പുതന്നെ  പിഴുതെടുത്ത്  ചപ്പാത്തി ചുട്ടതെന്തിന് ? 
എന്നാൽ നാവിൽ ശൂലം തറക്കപ്പെട്ടവൻ എന്നായിരുന്നു അമ്മയുടെ പരാതി. മറ്റാർക്കും പ്രത്യേകിച്ച്  കാമുകിക്കു പോലും  വിട്ടുകൊടുക്കാതെ അമ്മ അവനെ സ്വന്തമാക്കി.     നാവു പിഴുതെടുത്ത് ചെറുപ്പത്തിൽത്തന്നെ അവനെ മറുവാക്കു പറയാത്ത അവസ്ഥയിലാക്കി.  

മകനെ സ്വാർത്ഥതയുടെ തടവിലാക്കിയ അമ്മ മകളുടെ അനന്തമായ സർഗ്ഗാത്മകതകളെയാകട്ടെ നശിപ്പിക്കുകയും ചെയ്തു. മകൾ നിർമ്മിച്ച ഗോതമ്പ് ശിൽപ്പത്തിൻെറ അനന്തമായ സർഗ്ഗാത്മതയെ അമ്മ  ഉള്ളികൂട്ടി കടിച്ചു തിന്നു. അതിനെതിരെ മകൾ രണ്ടാമത്തെ  ചോദ്യമുയർത്തുന്നു.  മകനുവേണ്ടി നിലകൊള്ളുന്നുവെന്നു കരുതുന്നുവെങ്കിലും  അമ്മയുടെ മനസ്സ് സ്വാർത്ഥമാണെന്നും  യഥാർത്ഥത്തിൽ അത്  മകളെ മാത്രമല്ല   മകനെയും ഒരുപോലെ തകർക്കുന്നതാണെന്നും മകളുടെ വാക്കുകൾ വ്യക്തമാക്കുന്നു.

സ്ത്രീമനസ്സിൻെറ ആന്തരിക വൈരുദ്ധ്യങ്ങളെ  ആവിഷ്കരി ക്കുകയാണ്  ഈ  കവിത.   പുരുഷമനസ്സിനൊപ്പം  ചരിക്കാൻ കൊതിക്കുന്ന  സ്ത്രീ അവൾക്കു തന്നെ വിരുദ്ധത തീർക്കുന്നു.  ഗാർഹിക പശ്ചാത്തലത്തിൽ സ്ത്രീമനഃ ശാസ്ത്രത്തിൻെറ ആഴങ്ങളെ കവയിത്രി  അനുഭവിപ്പിക്കുന്നു. 

                                                          



                                    ആസ്വാദനം - ഡോ .മനോജ്‌  ജെ. പാലക്കുടി