വിവാഹപ്പിറ്റേന്ന്
മലയാള സാഹിത്യത്തിൽ തന്റേതായ ഒരു സാമ്രാജ്യം സൃഷ്ടിച്ച അദ്വിതീയനായ എഴുത്തുകാരനാണ് വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ എന്ന വി.കെ.എൻ (V.K.N.). കുഞ്ചൻ നമ്പ്യാർക്ക് ശേഷം മലയാളത്തിൽ ഇത്രയേറെ ധൈഷണിക മൂർച്ചയുള്ള ആക്ഷേപഹാസ്യം മലയാളഭാഷയിൽ തൊടുത്ത മറ്റൊരു എഴുത്തുകാരനില്ല .വി.കെ.എൻ സാഹിത്യം സാഹിത്യത്തിൽ ഒറ്റയ്ക്ക് നിലയുറപ്പിച്ചിട്ടുള്ളതാണ്. ഭാഷയിലെ സാധ്യമായ പദാവലികളുടെ അമ്മാനമാടൽ അദ്ദേഹത്തിൻറെ കൃതികളിൽ കാണാം. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി, തമിഴ് തുടങ്ങിയ വിവിധ ഭാഷകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സങ്കരഭാഷാ ശൈലിയാണ് അദ്ദേഹം ഉപയോഗിച്ചത്.
വക്രോക്തിയും (Irony) പദക്കസർത്തുകളും സാഹിത്യ ശൈലിയെ വ്യത്യസ്തമാക്കുന്നു. വാക്കുകളെ തിരിച്ചുമറിച്ചും, ഗൗരവമേറിയ കാര്യങ്ങളെ നിസ്സാരവൽക്കരിച്ചും അദ്ദേഹം ഫലിതം നിർമ്മിച്ചു. വി.കെ.എന്റെ സാഹിത്യം വരികൾക്കിടയിലൂടെ വായിക്കാൻ പ്രത്യേക വായനാശേഷി തന്നെ ആവശ്യമാണ് എന്നാണ് നിരൂപകമതം. തീക്ഷ്ണമായ അധികാര വിമർശനത്തിൽ(Political Satire)വി.കെ എന്നിന് വെല്ലുന്ന സാഹിത്യകാരൻ മലയാളത്തിൽ ഉണ്ടായിട്ടില്ല.
ഡൽഹിയിലെ പത്രപ്രവർത്തക ജീവിതത്തിനിടയിൽ കണ്ട രാഷ്ട്രീയ നാടകങ്ങളും അധികാരത്തിന്റെ ഇടനാഴികളിലെ കപടതകളും അദ്ദേഹം തന്റെ കൃതികളിലൂടെ കഠിനമായി വിചാരണ ചെയ്തു. ഭരണവർഗത്തിന്റെയും ബൂർഷ്വാസിയുടെയും പൊള്ളത്തരങ്ങളെയും ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കുകളെയും പരിഹസിക്കാനും അദ്ദേഹം മടിച്ചില്ല. . 'പയ്യൻ' എന്ന മാന്ത്രിക കഥാപാത്ര നിർമ്മിതിയിലാണ് അദ്ദേഹത്തിൻറെ സാഹിത്യപ്രതിഭ വിളഞ്ഞുനിൽക്കുന്നത്.വി.കെ.എൻ സാഹിത്യത്തിന്റെ ഏറ്റവും വലിയ മേന്മകളിലൊന്നാണ് 'പയ്യൻ' എന്ന കേന്ദ്ര കഥാപാത്രം. ഡൽഹി പശ്ചാത്തലമാക്കി എഴുതിയ കഥകളിൽ പയ്യനിലൂടെയാണ് വി.കെ.എൻ തന്റെ മൂർച്ചയേറിയ രാഷ്ട്രീയ-സാമൂഹിക നിരീക്ഷണങ്ങൾ വായനക്കാരിലേക്ക് എത്തിച്ചത്. ചരിത്രം, ദർശനം കാർഷികരംഗം, രാഷ്ട്രീയം, പുരാണങ്ങൾ, പാശ്ചാത്യ സാഹിത്യം എന്നിവയെല്ലാം അടങ്ങിയ വലിയൊരു വിജ്ഞാനകോശമാണ് വി കെ എൻ . മലയാള ഭാഷയുടെ വ്യാകരണത്തെയും നാടൻ പ്രയോഗങ്ങളെയും സ്വന്തം ഇഷ്ടപ്രകാരം പുനർനിർമ്മിച്ചുകണ്ടാണ് വി.കെ.എൻ സാഹിത്യസൃഷ്ടി നടത്തുന്നത്.
വായനക്കാരെ ചിന്തിപ്പിക്കുന്ന നിരവധി കഥകൾ അദ്ദേഹ രചിച്ചിട്ടുണ്ട് മന്ദഹാസം, പയ്യൻ, ക്ലിയൊപാട്ര, പയ്യന്റെകാലം, കാലഘട്ടത്തിലെപയ്യൻ , പയ്യന്റെസമരം, പയ്യന്റെ യാത്രകൾ, കുഞ്ഞൻമേനോൻ, അതികായൻ, ചാത്തൻസ്‌ചൂർണാനന്ദൻ , സർ ചാത്തുവിന്റെ റൂളിംഗ്, 50 കഥകൾ, പയ്യൻ കഥകൾ, ഹാജ്യാര് , മാനാഞ്ചിറ ടെസ്റ്റ്, ഒരാഴ്ച, , പയ്യന്റെ ഡയറി എന്നീ കഥകൾക്കൊപ്പം നോവൽ സാഹിത്യത്തിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അസുരവാണി, മഞ്ചൽ, ആരോഹണം, സിൻഡിക്കേറ്റ്, ജനറൽ ചാത്തൻസ്, പയ്യന്റെ രാജാവ്,പെൺപട, പിതാമഹൻ, കുടിനീർ, അധികാരം, അനന്തരം.എന്നിവയാണ് അദ്ദേഹത്തിൻറെ നോവലുകൾ
'പയ്യൻകഥകൾ' എന്ന കൃതിക്ക് 1982 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.'ആരോഹണം' എന്ന നോവലിന് 1969കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.വായനക്കാരെ ഒരേസമയം പൊട്ടിച്ചിരിപ്പിക്കുകയും അതേസമയം നമ്മൾ ജീവിക്കുന്ന സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ച് ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് വി.കെ.എൻ സാഹിത്യത്തിന്റെ ഏറ്റവും വലിയ മേന്മ.
കഥാസംഗ്രഹം
വി.കെ.എൻ എഴുതിയ ഹാസ്യവും ആക്ഷേപഹാസ്യവും സാമൂഹികവിമർശനവും നിറഞ്ഞ ചെറുകഥകളിൽ ഒന്നാണ് വിവാഹ പിറ്റേന്ന്.വിവാഹത്തിന് ശേഷമുള്ള ആദ്യദിവസം സാധാരണ കുടുംബജീവിതത്തിൽ സംഭവിക്കാവുന്ന അനുഭവങ്ങളെ മുൻനിർത്തി നിർമ്മിച്ചതാണ് ഈ കഥ.വിവാഹ പിറ്റേന്നുള്ള സംഭവങ്ങൾ സാമൂഹിക പരിഹാസങ്ങളോടെ വളരെ രൂക്ഷവും രസകരവുമായ ശൈലിയിൽ അദ്ദേഹം വരച്ചു കാണിക്കുന്നു. പരമ്പരാഗതമായ മലയാളി വിവാഹ സങ്കല്പങ്ങളെയും, വിവാഹം കഴിഞ്ഞയുടൻ ദമ്പതികൾ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെയും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും അനാവശ്യമായ ഇടപെടലുകളെയും കഥാകൃത്ത് ഇതിലൂടെ പരിഹസിക്കുന്നു.വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് വരനും നവ വധുവും നേരിടുന്ന ചില സങ്കോചങ്ങൾ, അതിന് കാരണമാകുന്ന വീട്ടുകാരുടെ അമിതമായ ജിജ്ഞാസയും, നാട്ടുനടപ്പുകളും പശ്ചാത്തലമാക്കിയാണ് കഥ വികസിക്കുന്നത്.
മുഹൂർത്തം രാത്രി11:00 മണിക്ക് ആയിരുന്നു എന്ന് പറഞ്ഞു തുടങ്ങുന്നകഥ വിവാഹത്തിൻ്റെ ഓരോ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുംനന്നായി പരിഹസിക്കുന്നു. വളരെ വൈകിമാത്രം തീർന്ന വിവാഹ ആഘോഷങ്ങൾക്കു ശേഷം ക്ഷീണിതനായി എത്തിയ വരൻ ഉറങ്ങിപ്പോയി. ആദ്യരാത്രിയിൽ നവവധു മുറിയിലേക്ക് വന്നത് അയാൾ അറിഞ്ഞില്ല.പിറ്റേന്ന് രാവിലെ മുറിയിലേക്ക് ഇരച്ചെത്തിയ അളിയന്മാരായ കുട്ടിസഹോദരങ്ങളുടെ ഏട്ടേ ...വിളികളുടെ കോറസ് കേട്ടാണ് അയാൾ ഉണർന്നത്. പുരുഷൻ തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നതിൻ്റെ നാണം ലെവലേശം ഇല്ലാതെയാണ് നവവധു ആദ്യദിനംതന്നെ പെരുമാറുന്നത് .ഭർത്താവിൻ്റെ ഭക്ഷണ താല്പര്യങ്ങൾ നോക്കാതെ എരുമപാലു കുടിപ്പിച്ച് അവൾ ഊട്ടുന്നു. അതുവരെ തുടർന്നുവന്ന സിഗരറ്റ് വലിഅടക്കമുള്ള വ്യക്തിപരമായ കാര്യങ്ങളിലേക്ക് കാർക്കശ്യഭാവത്തോടെ നിർദ്ദേശങ്ങളുമായി എത്തുന്നു. വളരെ സ്വകാര്യവും വ്യക്തിപരമായ അയാളുടെ ജീവിതത്തിൻ്റെ നിയന്ത്രണം അവളുടെ കൈകളിലാവുന്നു.ഭാര്യയുടെ നിലപാടുകൾ അയാളെ അസ്വസ്ഥപ്പെടുത്തുന്നു.
ജാലവിദ്യക്കാരുടെ കൈയിലെ പാവപോലെ അയാൾക്ക് സ്വയം അനുഭവപ്പെടുന്നു. കുളി,എണ്ണതേക്കൽ എല്ലായിടത്തും ഭാര്യയുടെ കടന്നുകയറ്റം അയാളെ ബുദ്ധിമുട്ടിക്കുന്നു.ഒപ്പം അമ്മാവൻ , വലിയമ്മ, പേരക്കുട്ടികൾ ഇങ്ങനെ വലിയയൊരുനിര അയാളുടെ ഓരോ ചലനത്തെയും നിരീക്ഷിച്ചുകൊണ്ട് ചുറ്റുവട്ടത്തു നിൽക്കുന്നു. വ്യക്തി ജീവിതത്തിലെ സമ്പാദ്യങ്ങളെയും ശമ്പളത്തെയും തൊഴിലിടങ്ങളിലുള്ള അവസ്ഥകളെയും ചികഞ്ഞെടുത്ത് അവർ ചർച്ചാവിഷയമാക്കുന്നു.ഭാര്യയുടെ ബന്ധുമിത്രാദികളുടെ കൂട്ടം അയാൾക്ക് ചുറ്റും സംഘംചേർന്നിരിക്കുന്നു.
ഉച്ചയൂണിന് പുതുമണവാളനു ചുറ്റും കൗതുകത്തോടെ ബന്ധുമിത്രാദികൾ അണിനിരന്നു അയാളുടെ ഭക്ഷണചര്യകളെ അവർ ശ്രദ്ധയോടെ വീക്ഷിച്ചു.അവരിൽ നിന്നെല്ലാം രക്ഷപ്പെടാൻ അയാൾ മുറിക്കകത്ത് കയറി വാതിൽ അടയ്ക്കാൻ ആഗ്രഹിച്ചു.പുതുതായി എത്തിയ കാരണവരുടെ വാക്കുകൾക്കു മുന്നിൽ അയാളുടെ നിയന്ത്രണ നഷ്ടപ്പെട്ടു.
വിവാഹപ്പിറ്റേന്ന് - കഥയിലെ കാര്യങ്ങൾ
വിവാഹത്തിന്റെ പിറ്റേന്ന് നവദമ്പതികൾ രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഊണ് കഴിക്കുന്നതുവരെയുള്ള വളരെ സാധാരണമായ കാര്യങ്ങളെ, വലിയൊരു സംഭവം എന്നഭാവത്തിൽ വീട്ടുകാർ നോക്കിക്കാണുന്നതാണ് പ്രധാന ഹാസ്യം.ദമ്പതികൾക്ക് അല്പം സ്വകാര്യത കൊടുക്കുന്നതിന് പകരം, അവരുടെ തൊഴിൽ ,ശമ്പളംഎന്നിവയെപ്പറ്റിയുള്ള ആകാംക്ഷ എന്തു ചെയ്യുന്നു എന്നറിയാൻ വീടിന്റെ ഉമ്മറത്തും അടുക്കളയിലും ഒളിഞ്ഞുനോക്കാനും കാതോർക്കാനും നിൽക്കുന്ന മുതിർന്നവരുടെയും കുട്ടികളുടെയും ജിജ്ഞാസയെ വി.കെ.എൻ അതീവ രസകരമായി അവതരിപ്പിക്കുന്നു.
രാവിലെ പല്ലുതേക്കുമ്പോഴും കാലു കഴുകുമ്പോഴും ബന്ധുക്കളുടെ ഒരു സംഘം അയാളെ ചൂഴ്ന്നു നിൽക്കുന്നു.കുളക്കരയിൽ കുളിക്കാൻ ചെല്ലുമ്പോൾ അവിടെയും ബന്ധുമിത്രാദികളുടെ സംഘം ഇയാളെ നോക്കിക്കൊണ്ടിരിക്കുന്നു.സ്വന്തം ചെരിപ്പ് എടുക്കുന്ന സമയം പോലും അയാൾക്ക് സ്വകാര്യത അനുഭവിക്കാൻ കഴിയുന്നില്ല. വ്യക്തിപരമായ ശീലത്തിൽ ഭാര്യയും ബാഹ്യമായ ചെയ്തികളിൽ ബന്ധുമിത്രാദികളും നടത്തുന്ന അമിതമായ പരിപാലനയും പരിലാളനങ്ങളും അയാളെ സന്തോഷിപ്പിക്കുകയല്ല കൂടുതൽ കൂടുതൽ മുഷിപ്പിക്കുകയാണ് ചെയ്തത്. സാധാരണക്കാരുടെ ജീവിതത്തിൽ ഗൗരവമായി കാണുന്ന പല ആചാരങ്ങളെയും വി.കെ.എൻ നർമ്മത്തിലൂടെയും മൂർച്ചയേറിയ വാക്കുകളിലൂടെയും പൊളിച്ചുകാട്ടുന്നു..
ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളിലും വിവാഹംപോലുള്ള ഘട്ടങ്ങളിലും ബന്ധുക്കളും സമൂഹവും എത്രത്തോളം ഇടപെടണം എന്നതിന് കൃത്യമായ അതിർവരമ്പുകൾ വേണമെന്ന് കഥ നിരീക്ഷിക്കുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും അവരുടെ മാനസികാവസ്ഥയ്ക്കും മുൻഗണന നൽകുന്ന ഒരു ആധുനിക സമൂഹമായി നാം മാറേണ്ടതുണ്ട് എന്ന പാഠമാണ് വി.കെ.എൻ പരിഹാസകഥയിലൂടെ പങ്കുവെക്കുന്നത്.
വധൂവരന്മാരുടെ സ്വകാര്യതയെ മാനിക്കാതെ, അവരുടെ ഓരോ ചലനങ്ങളെയും വാക്കുകളെയും വളരെ കൗതുകത്തോടെയും ആകാംഷയോടെയും നിരീക്ഷിക്കുന്ന ബന്ധുക്കളെയും നാട്ടുകാരെയും കഥയിൽകാണാം.ആകാംക്ഷയുടെയുംകരുതലിന്റെയും സ്നേഹത്തിന്റെയും പേരിൽ നവദമ്പതികളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് അനാവശ്യമായി ഇടപെടുന്ന മുതിർന്നവരുടെ കപട സദാചാരത്തെയും വി.കെ.എൻ തന്റെ മൂർച്ചയേറിയ വാക്കുകളിലൂടെ പരിഹസിക്കുന്നു.
ഗൗരവമുള്ള ഒരു സാമൂഹിക യാഥാർത്ഥ്യത്തെ അതീവ ലളിതവും എന്നാൽ വരികൾക്കിടയിൽ ഒളിച്ചുവെച്ച ആക്ഷേപഹാസ്യ ശൈലിയിലുമാണ് (Satire) അദ്ദേഹം അവതരിപ്പിക്കുന്നത്.കഥയിലെ ഹാസ്യം വെറും ഉപരിപ്ലവമായ കോമഡിയല്ല; അത് സമൂഹത്തിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്ന മൂർച്ചയേറിയ ആക്ഷേപഹാസ്യമാണ്.കഥയുടെ അവതരണം വായനക്കാരെ ചിരിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നു.
മനുഷ്യന്റെ ഏറ്റവും വലിയ അവകാശമായ സ്വകാര്യതയെ സമൂഹം എങ്ങനെ ലംഘിക്കുന്നു എന്ന് കഥ കാണിച്ചുതരുന്നു.ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാനും, അവരുടെ കാര്യങ്ങൾ അനാവശ്യമായി അന്വേഷിച്ചു നടക്കാനും മലയാളി സമൂഹം കാട്ടുന്ന അമിതമായ താല്പര്യത്തെ വി.കെ.എൻ കഠിനമായി വിമർശിക്കുന്നു. ഭക്തിയുടെയോ സ്നേഹത്തിൻറെ കുടുംബ മഹിമയുടെയോ ആചാരങ്ങളുടെയോ ഒക്കെ മുഖംമൂടിയണിഞ്ഞാണ് ഈ 'ഒളിഞ്ഞുനോട്ട താല്പര്യം' പുറത്തുവരുന്നത്.
സമൂഹത്തിൽ മാന്യന്മാരായി ജീവിക്കുന്ന മുതിർന്നവരും സ്ത്രീകളും കുട്ടികളും വരെ ഈ കപട സദാചാരത്തിന്റെ ഭാഗമാകുന്നതായി കഥയിൽ കാണാം. പുറമെ ആചാരബദ്ധതയും നന്മയും നടിക്കുകയും, ഉള്ളിൽ ഇടുങ്ങിയ ചിന്താഗതികൾ വച്ചുപുലർത്തുകയും ചെയ്യുന്ന മനുഷ്യരുടെ ഇരട്ടത്താപ്പാണ് ഇവിടെ വിചാരണ ചെയ്യപ്പെടുന്നത്.അനാവശ്യമായ നാട്ടുനടപ്പുകൾ കാലഹരണപ്പെട്ടതും വ്യക്തികളെ അസ്വസ്ഥരാക്കുന്നതുമായ പല സാമൂഹിക ആചാരങ്ങളെയും അന്ധമായി പിന്തുടരുന്ന രീതിയെ വി.കെ.എൻ പരിഹസിക്കുന്നു.സ്നേഹത്തിന്റെയോ കുടുംബബന്ധങ്ങളുടെയോ പേരിൽ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്ന മലയാളിയുടെ പൊതുബോധത്തെ തിരുത്താൻ പ്രേരിപ്പിക്കുന്ന ശക്തമായ ഒരു സാമൂഹ്യവിമർശനമാണ് ഈ കഥ മുന്നോട്ട് വെയ്ക്കുന്നത്.
































.jpg)

.jpeg)
.jpeg)

.jpg)



.jpeg)