ഊണ്
കവിതക്കുറിപ്പ്കവയിത്രി ; അനിത തമ്പി
വർത്തമാന മലയാള കവിതയിൽ സ്ത്രീപക്ഷത്തെ ശക്തമായി ആവിഷ്കരിക്കുന്ന എഴുത്തുകാരിയാണ് അനിത തമ്പി.സാമാന്യമായ ആസ്വാദനരുചികളില്‍ നിന്ന് കുതറിമാറുന്ന അപ്രവചനീയ രചനാരീതി അനിതയുടെ കവിതകളുടെ സവിശേഷതയാണ്. സ്ത്രീ ജീവിതങ്ങളുടെ അനുഭവങ്ങളും അനുഭൂതികളും ലളിതമായും സൂക്ഷ്മമായും അനിത കവിതയിൽ ആവിഷ്കരിക്കുന്നു.
1968–ൽ ആലപ്പുഴയിൽ ജനനം. കവിതാസമാഹാരങ്ങൾ: മുറ്റമടിക്കുമ്പോൾ (2004), അഴകില്ലാത്തവയെല്ലാം (2010), ആലപ്പുഴവെള്ളം (2016), വെൽഷ് കവി ഷാൻ മെലാൻജലിനൊപ്പം എഴുതിയ മറ്റൊരു വെള്ളം (2017) മുരിങ്ങ വാഴ കറിവേപ്പ് (2023). പരിഭാഷകൾ: ലെസ് മറെ കവിതകൾ (2007), വൈലോപ്പിള്ളിയുടെ പെണ്ണും പുലിയും പുനരാഖ്യാനം (2012), പിനോക്യോ (2021). കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. ഐ ഐ റ്റി ബോംബെയിൽനിന്ന് എം ടെക്കും മാലിന്യസംസ്കരണത്തിൽ ഗവേഷണബിരുദവും. കവിതയുടെ പരിപക്വമായ ജൈവസൗന്ദര്യമാണ് അനിത തമ്പിയുടെ കവിത.
കവിതാ വ്യാഖ്യാനം
ഒരു ഉച്ചയൂണിൻ്റെ പശ്ചാത്തലത്തിൽ ആവിഷ്കരിച്ചിരിക്കുന്ന കവിതയാണ് 'ഊണ്'. സാമൂഹിക രാഷ്ട്രീയ അവസ്ഥകളെ ചർച്ച ചെയ്യുന്നതോടൊപ്പം തൊഴിലിടങ്ങളെക്കുറിച്ചുള്ള ആകുലതകളും ഉത്കണ്ഠകളും കവിത പങ്കു വയ്ക്കുന്നു. ഒരു വലിയ വയലിനെത്തന്നെ ഉള്ളിൽ പേറുന്ന ചോറിൻ്റെ ഓരോ വറ്റിനും പറയാനുള്ള കഥയിലേക്ക് ചെവി ചായ്ക്കുകയാണ് കവയിത്രി. ഇനി വീടിൻ്റെ സ്വാസ്ഥ്യങ്ങളിൽ നിന്ന് ഇറങ്ങി നടന്നാലും ചെന്നു കയറുന്നത് ഉച്ചി പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളുടെ നടുവിലാണ്. ജീവിതപൂരണത്തിനായി ചെന്നുകയറുന്ന ഓരോ ഇടവും ഉച്ചി പൊള്ളിക്കുന്ന അനുഭവമായി ഒപ്പം സഞ്ചരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ.ഒരു ഉച്ചയൂണിൻ്റെ പാത്രത്തിൽ നിന്നും പരിസരത്തിൽ നിന്നും ജീവിതത്തെ തിരയുകയാണ് ഈ കവിത.
ഒരു ഉച്ചച്ചൂടിൽ ഒരു മേശപ്പുറത്ത് നമ്മൾ ഒന്നിച്ചുണ്ണുന്ന ചോറിന്റെ ഓരോ വറ്റിൻ്റെ ഉള്ളിന്റെയുള്ളിലും എത്രയോ നെൽവയലുകൾ....
ഉച്ചച്ചൂടിന്റെ കഠിനതകൾ ജീവിതത്തെ അസ്വസ്ഥതപ്പെടുത്തുന്നില്ല. ഒന്നിച്ചുള്ള ഇരുപ്പും ഒന്നിച്ചുള്ള ഊണും തികച്ചും ആനന്ദപ്രദമാണ്. അതിനാൽത്തന്നെ ചോറിന്റെ ഓരോ വറ്റിലും ഒരു വലിയ ലോകത്തെ കാണാൻ അത് പ്രേരിപ്പിക്കുന്നു.
ഓരോ വറ്റിനുള്ളിലും ഒരു വലിയ ലോകം ഉറങ്ങിക്കിടക്കുന്നു.ചോറിലെ ഓരോ വറ്റും ഒരു വലിയ ലോകത്തെ വഹിക്കുന്നു.
ചോറിൻ്റെ ഓരോമണിയിലും അതാക്കി തീർത്ത ഭൂതകാലത്തിന്റെ ഓർമ്മകൾ ഉള്ളിലുണ്ട്. അരിമണിക്കൊപ്പം ഒരു ലോകം തന്നെ സഞ്ചരിക്കുന്നു.
അതുപോലെ ഓരോ മനുഷ്യനും വലിയൊരു വിശാലതയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒരു വ്യക്തിയും ഒറ്റയ്ക്കല്ല അവൻ ഒരു ലോകമാണ്.
ഒരു കാർഷിക സംസ്കൃതിയുടെ ഉൽപ്പന്നമാണ് ഓരോ വിത്തും. കൊടുക്കൽ വാങ്ങലുകളുടെ പാരസ്പര്യത്തിലാണ് പ്രകൃതി രൂപം കൊള്ളുന്നത്.അതിനാൽ തന്നെ പ്രകൃതിയുടെ എല്ലാ സ്പന്ദനങ്ങളെയും ഓരോ വിത്തിലും വായിച്ചെടുക്കാം.
വയലിലെ വെള്ളച്ചാലിൽ തുള്ളിമറിയുന്ന മീനുകൾ, ദൂരെ ഏതോ നാട്ടിൽ നിന്നും വന്നിറങ്ങുന്ന തത്തകൾ , പച്ചപ്പിനെ നിർത്തില്ലാതെ ചിരിപ്പിക്കുന്ന കൊച്ചൻ കാറ്റുകൾ, കുഞ്ഞുങ്ങൾ കൈകൾ വിടർത്തി വീഴാതെ ഓടുന്ന വരമ്പുകൾ, രാത്രിയിൽ വെള്ളത്തിൽ ഇളകുന്ന വെട്ടം നോക്കി ഉറങ്ങാതിരിക്കുന്ന വീടുകൾ, വീടിനുള്ളിൽ ഉറങ്ങുന്ന ആളുകളുടെ കിനാവുകൾ. ഇങ്ങനെ ഓരോ വിത്തിലേക്കും ചെവി ചായ്ച്ചാൽ പറയാൻ നിരവധി കഥകൾ ഉണ്ട്.
ഉച്ചയൂണിന് തീൻമേശയിൽ ഒന്നിച്ച കൂട്ടത്തിൽനിന്നും വീണ്ടും തൊഴിലിടങ്ങളുടെ ഏകാന്തതയിലേക്ക് സ്കൂട്ടറിലുള്ള മടക്കയാത്രയാണ്.... സ്വസ്ഥതയും സമാധാനവും സ്നേഹവും നിറഞ്ഞ കുടുംബത്തിലെ പങ്കുവയ്ക്കലിൻ്റെ മേശയിൽ നിന്നും തിരികെ പോകുമ്പോൾ തികച്ചും ഒറ്റയ്ക്കാണ്.
ഉച്ചി പൊള്ളിക്കുന്ന ചിന്തകൾ തലച്ചോറിനെ മഥിക്കുന്നു. തൊഴിലിടത്തേക്ക് പോകുന്ന ഒരു സ്ത്രീയെ അലട്ടുന്ന നിരവധി ചിന്തകളുണ്ട്. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വീണ്ടും അവശേഷിക്കുന്ന ഉത്തരവാദിത്വങ്ങൾ, ചെയ്തുതീർക്കാതെ പോകേണ്ടി വന്ന പണികളുടെ ആകുലതകൾ, തൊഴിൽ ഇടത്തിലെ ചൂഷണങ്ങൾ, ഒത്തുചേരാത്തതിന്റെ ബുദ്ധിമുട്ടുകൾ.ഇങ്ങനെ പൊള്ളിക്കുന്ന അനുഭവങ്ങളുടെ കൂമ്പാരവും പേറിയാണ് പണിസ്ഥലത്തേക്കുളള യാത്ര. ഊണിന് അല്പം നേരം മാത്രം കിട്ടിയ സ്വസ്ഥതയിൽ നിന്നും വീണ്ടും നീണ്ട അസ്വസ്ഥതകളിലേക്കാണ് ഈ യാത്ര. ചൂഷണങ്ങളുടെയും പ്രതിസന്ധികളുടെയും ഇടത്തിലേക്ക് ഒറ്റയ്ക്ക് പൊരുതാൻ ഇറങ്ങുന്ന ഒരു സ്ത്രീക്ക് ഇത് കൂടുതൽ തീവ്രമാകും.നെൽവയലുകളുടെ ഗ്രാമത്തിന്മേൽ പ്രകാശിച്ചു കൊണ്ടിരിക്കുന്ന ഒരു സുന്ദര സൂര്യനെ കാല്പനിക ഭാവത്തോടുകൂടി കണ്ടിരുന്നു. ഇപ്പോൾ അത് കാല്പനികഭാവങ്ങളെല്ലാം അകന്ന് ഉച്ചി പൊള്ളിച്ച് നിഴലുകൾ കുറുക്കി വറ്റിക്കുന്ന ഒരു സൂര്യനായി അനുഭവപ്പെടുന്നു. കാല്പനിക ഭാവങ്ങൾ തരുന്നവ എന്നുതോന്നിക്കുന്നവ പോലും ആനന്ദം നൽകുന്നില്ല എന്നുമാത്രമല്ല അവയൊക്കെ തലയെരിയിക്കുന്നവയായി മാറ്റപ്പെടും.
ആസ്വാദനം ; ഡോ. മനോജ് ജെ.പാലക്കുടി.

.jpeg)
.jpeg)

.jpeg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ