മല്ലീസ് പറമുടി -കവിത
മല്ലീശ്വരമുടി
കവിതക്കുറിപ്പ്
കവി - മണികണ്ഠന്‍ അട്ടപ്പാടി
കേരളത്തിലെ സമകാലീനഗോത്രകവിതയുടെ ഏറ്റവും ഊര്‍ജ്ജസ്വലമായ മുഖങ്ങളിലൊന്നാണ് മണികണ്ഠന്‍ അട്ടപ്പാടിയുടേത്. ആദിവാസിജനതയുടെ സാംസ്കാരികത്തനിമയെക്കുറിച്ചുള്ള ഉറച്ച ബോദ്ധ്യവും പുതുമയും പാരമ്പര്യവും ഒരുപോലെ സന്നിവേശിക്കുന്ന സൗന്ദര്യശാസ്ത്രവും അദ്ദേഹത്തിന്റെ കവിതകളെ സവിശേഷമാക്കുന്നു. (അവതാരിക, മല്ലീസ്പറ മുടി)ഗോത്ര ജനതയുടെ പച്ചയായ ജീവിതാനുഭവങ്ങളെ ഇരുള ഭാഷയിലൂടെയാണ് മണികണ്ഠൻ മലയാള കവിതയിൽ ആവിഷ്കരിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടിനോട് ചേർന്ന് കഴിയുന്നവർ എന്ന നിലയിൽ പ്രകൃതി സൗന്ദര്യത്തിന്റെ മനോഹാരിതയെയും നിഗൂഢതകളെയും കാടിൻ്റെ സ്പന്ദനങ്ങളെയും ഒപ്പിയെടുക്കുവാൻ അദ്ദേഹത്തിൻ്റെ കവിതകൾക്ക് കഴിയുന്നു. കാടിൻ്റെ മകൻ എന്ന നിലയിൽ പ്രകൃതി നാശത്തെയും ഗോത്രജനം എന്ന നിലയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗോത്രവർഗ്ഗ സ്വത്വത്തെയും കുറിച്ചുള്ള നൊമ്പരങ്ങൾ അദ്ദേഹത്തിൻ്റെ കവിതയിൽ നിറയുന്നു.പ്രകൃതിയുടെ മടിത്തട്ടിൽ വസിക്കുന്ന ജനവിഭാഗത്തിന്റെ പ്രതിനിധിയായി ലോകത്തോട് സംവദിക്കുകയാണ് കവി.
പ്രകൃതിയുടെ സൗന്ദര്യവും കാടിനോട് ഇണങ്ങി ജീവിക്കുന്ന ഗോത്ര ജനതയുടെ ദൈന്യം ദിന ജീവിതവും അനുഷ്ഠാനങ്ങളും അധിനിവേശം സൃഷ്ടിക്കുന്ന മുറിവുകളും അവയോടുള്ള പ്രതിഷേധങ്ങളും 'മല്ലീശ്വരമുടി' എന്ന കവിതയിൽ ആവിഷ്കരിക്കുന്നു.
പാലക്കാട്, അട്ടപ്പാടിയിൽ 4000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മല്ലീശ്വരമുടി ആദിവാസി ജനതയ്ക്ക് ദൈവസാന്നിധ്യത്തിന്റെ ഇരിപ്പിടമാണ് .മല്ലിയും ഈശ്വരനും അഥവാ പാർവതിയും പരമശിവനും കുടിയിരിക്കുന്ന ഇടം എന്ന നിലയിൽ വിശ്വാസത്തിൻ്റെ പുണ്യഭൂമിയാണത്. പരമശിവൻ്റെ തിരുമുടിയാണ് മല്ലീശ്വരമുടിയെന്നും അവിടുന്ന് ഒഴുകുന്ന ഭവാനിപ്പുഴ പാർവതിദേവിയെന്നും അവർ വിശ്വസിക്കുന്നു.
കവിതയുടെ കുറിപ്പ്
മല്ലീശ്വര മുടിയിനപ്പുറത്തേക്ക് മറയുന്ന സൂര്യൻ...
കാനനപ്രകൃതിയുടെ സുന്ദരമായ കാഴ്ചകളെ വരച്ചു കാണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത് . മല്ലീശ്വരന്റെ പിന്നിൽ മറയുന്ന സൂര്യൻ, കാടിനെ പുതപ്പിച്ചുറങ്ങുന്ന ഇരുട്ട്, മലയിൽനിന്നും ഒഴുകുന്ന വെള്ളത്തിൻ്റെ ഒച്ച,മഞ്ഞ് വീഴുന്ന കാർത്തിക മാസത്തെ പുലർകാലം, അതിരാവിലെ പുഴയോരത്ത് ചെല്ലുന്നവർ, അവിടെ വെള്ളാരം കല്ലുകൊണ്ട് തീമൂട്ടുന്നവർ, വേപ്പിൻ തണ്ടെടുത്തു പല്ലുതേക്കുന്നവർ, അലക്കുന്നവർ, മീൻ പിടിക്കുന്നവർ, പാഴ് വർത്തമാനങ്ങൾ പറയുന്നവർ.പ്രകൃതി -മനുഷ്യബന്ധത്തിന്റെ സുന്ദരകാഴ്ചകളെയാണ് വാക്കുകളിൽ കവി വരച്ചു കാണിക്കുന്നത്.
പ്രകൃതി - ഈശ്വര സങ്കൽപ്പത്തിന്റെ കൂടിച്ചേരലിനെയും മനോഹരമായി ആവിഷ്കരിക്കുന്നു.
ഈശ്വരൻ തന്നെയായ മല്ലീശ്വര മുടിയുടെ അപ്പുറത്തേക്ക് സൂര്യൻ മറയുന്നു. ഉറങ്ങുന്ന കാടിനെ ഇരുട്ട് പുതപ്പിച്ചു ഉറക്കുന്നു. പിന്നെ അവിടെ ചലിക്കുന്നത് പുഴ മാത്രമാണ്.
കാർത്തിക മാസക്കാലം......
പ്രകൃതിയുമായി ചേർന്നിരിക്കുന്ന ഗോത്ര സംസ്കൃതിയെ തുടർന്നുള്ള വരികളിൽ വിവരിക്കുകയാണ്. പുഴയുടെ അരികിലാണ് അവരുടെ ജീവിതം.പ്രകൃതിയുടെ മടിത്തട്ടിൽ ജീവിക്കുന്ന ഗോത്രമനുഷ്യൻ്റെ ദിനചര്യകളെവിവരിക്കുന്നു. പുലർകാലം മുതൽ പ്രകൃതിയുടെ മടിത്തട്ടിലാണ് അവരുടെ ജീവിതം. വേപ്പിൻതണ്ടെടുത്ത് പല്ലുതേക്കലും വീശി വീശി തുണിയലക്കലും മീൻപിടുത്തവും തുടങ്ങി സൗഹൃദത്തിനും ഉപജീവനത്തിനും സ്നേഹ സംഭാഷണത്തിനുമുള്ള ഇടമായി അവർ പുഴയെ ജീവിതത്തോട് ചേർത്തുവയ്ക്കുന്നു. പ്രകൃതിയാണ് അവരുടെ ദിനവും ദിനചര്യയും.അതിൻ്റെ നടുവിൽ പടുത്തുയർത്തിയതാണ് ഗോത്ര സംസ്കൃതി.ഇരതേടലും വിനോദങ്ങളും സൗഹൃദങ്ങളുമെല്ലാം പ്രകൃതിയിൽ ആയിരുന്നു.പ്രകൃതിയാണ് അവരുടെ ജീവിതത്തിൻ്റെ താളം.
മുടി കൂടുതൽ വളർന്നു പോയെന്ന് പറഞ്ഞു....
അധിനിവേശത്തിന്റെ ആസക്തികളെയും അതു സൃഷ്ടിക്കുന്ന മുറിവുകളെയും തുടർന്നുള്ള വരികൾ വിവരിക്കുന്നു. ഈശ്വരന്റെ മുടിയായി കണ്ട മലനിരകളെ ഇന്നു മനുഷ്യൻ മൊട്ടയടിക്കുന്നു. കൈ നഖം വളർന്നു പോയി എന്നു പറഞ്ഞ് മരക്കൊമ്പുകളെ വെട്ടി നീക്കം ചെയ്യുകയും ചെയ്യുന്നു. ദേവസാന്നിധ്യം കുടിയിരുന്ന പുണ്യ ഇടം തല പൊളിയുന്ന വെയിലിൽ സ്വർണം പോലെ മിന്നുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത മനുഷ്യൻ്റെ സ്വാർത്ഥതയെ ചോദ്യം ചെയ്യുകയാണ്. ദൈവസാന്നിധ്യത്തിന്റെ വിശുദ്ധ ഇടങ്ങളെ പോലും 'നശിപ്പിച്ചു. പ്രകൃതിയിൽ താളവും നൃത്തവും ജീവിതവും ചേർത്തുവച്ച ഒരു ജന വിഭാഗത്തിന്റെ നൊമ്പരങ്ങളാണ് ഈ വരികളിൽ.
എരിയുന്ന വിളക്ക് കെടാതെ എരിയട്ടെ...
പ്രകൃതിയുടെ വിശുദ്ധിയെ തിരികെ പിടിക്കാനുള്ള ശ്രമമാണ് ഈ ആഹ്വാനം.
പരമശിവന്റെ ആവശ്യപ്രകാരം തെളിയിക്കപ്പെട്ടതാണ് മലമുകളിലെ വിളക്ക് എന്നാണ് ഐതിഹ്യം.പാർവതി ദേവിയുടെ സാന്നിധ്യവും അവിടെയുണ്ടായിരുന്നു.ഗോത്ര വിശ്വാസത്തിൻറെ നെടുംതൂണായ ഈ ആചാരങ്ങൾക്ക് ഒരു ഉടവും സംഭവിക്കരുത് എന്ന കവി ആഹ്വാനം ചെയ്യുന്നു
മല്ലീശ്വര മുടിയിലെ ശിവജ്യോതി ഗോത്ര വിശ്വാസത്തിൻ്റെയും ആചാരത്തിന്റെയും ഭാഗമാണ്. ദൈവിക ആഹ്വാനത്തിൽ തെളിയിക്കപ്പെട്ട വിളക്ക്കെടാതെ എരിയട്ടെ എന്ന് ആഗ്രഹിക്കുന്നു. നാശത്തിന് നടുവിലും ഗോത്ര ആചാരങ്ങളെയും ഗോത്ര ജീവിതത്തെയും തിരികെ പിടിക്കണം .
നശിച്ച നമ്മുടെ ജീവിതം....
ഗോത്ര സമൂഹത്തിന് സ്വത്വം നഷ്ടപ്പെട്ടു. ഗോത്രകാലം മുതൽ ആചരിച്ചുവന്ന അനുഷ്ഠാനങ്ങളും കലകളും ചികിത്സാരീതികളും മന്ത്രങ്ങളും നഷ്ടപ്പെട്ട് പോയ ഒരു കാലത്തു നിന്നു കൊണ്ടാണ് കവി സംസാരിക്കുന്നത്. പച്ചമരുന്നുകളും നാട്ടുവൈദ്യങ്ങളും എല്ലാം അട്ടപ്പാടിക്കും കൈമോശം വന്നു കഴിഞ്ഞു. നഷ്ടങ്ങളെയാണ് മണികണ്ഠന്റെ കവിതകൾ ഏറെയും കുറിക്കുന്നത്
ആഹ്വാനത്തിന്റെ നടുവിലും നശിച്ചു പോയ ഗോത്ര ജീവിതത്തെ കുറിച്ചുള്ള നൊമ്പരങ്ങളെ മുഴക്കി കാണിച്ചുകൊണ്ട് കവിത അവസാനിക്കുന്നു. പിറന്ന നാടും ഗോത്ര ജീവിതവും ഇന്നൊരു നരകം ആയിരിക്കുന്നു. നാശോന്മുഖമായ പ്രകൃതിയിൽ നാശമടയുന്ന ഒരു ഗോത്ര സംസ്കാരമുണ്ട് എന്ന വലിയ തിരിച്ചറിവ് കവിക്കുണ്ട്. അവയുടെ നഷ്ടത്തിൽ അസ്വസ്ഥനാകുന്ന കവിയുടെ തീവ്ര നൊമ്പരങ്ങളാണ് ഈ വാക്കുകളിൽ. ആ നൊമ്പരങ്ങളുടെ തീവ്രതയിലാണ് കവിത അവസാനിക്കുന്നത്.
ആസ്വാദനം - ഡോ.മനോജ് ജെ. പാലക്കുടി
.webp)



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ