ഞാരോത്തെ പറമ്പിലെ തെങ്ങ്
കവിതക്കുറിപ്പ്
മലയാള കവിതയുടെ സമകാലിക മുഖമാണ് പി.എ. നാസിമുദ്ദീൻ്റെ കവിതകളിൽ വിരിയുന്നത്. കവിതയിൽ പുതുവഴി വെട്ടി സഞ്ചരിക്കുന്ന കവി , ജീവിതത്തിൻ്റെ തീവ്രഅനുഭവങ്ങളെയും പരുക്കൻ യാഥാർത്ഥ്യങ്ങളെയും കവിതയ്ക്ക് വിഷയമാക്കുന്നു.നിസാമുദ്ദീന്റെ കവിതയിൽ ജീവിതത്തിൻ്റെ കനൽ എരിഞ്ഞു നില്ക്കുന്നു.കൊടുങ്ങല്ലൂർ കണ്ടംകുളം ദേശത്ത് പുത്തൻതെരുവിലാണ് ജനനം.
കവിതാസമാഹാരങ്ങൾ;ദൈവവും കളിപ്പന്തും, വൈകുന്നേരം ഭൂമി പറഞ്ഞത് . ഇതര കൃതികൾ: കാർട്ടൂൺ കാർട്ടൂൺ, രചനയും സൗന്ദര്യവും, കവിയാകാം കഥാകൃത്ത് ആകാം. ദീർഘകാലം മലർവാടി ബാലമാസികയുടെ പത്രാധിപരായിരുന്നു.
ഞാരോത്തെപറമ്പിലെ തെങ്ങിനെ പശ്ചാത്തലമാക്കിയ ആത്മഭാഷണ കവിതയാണ് 'ഞാരോത്തെ പറമ്പിലെ തേങ്ങ്'. നാസിമുദ്ദീന്റെ ആത്മചിത്രം എന്നു പറയാവുന്ന വളരെ ലളിതമായ ഒരു കവിതയാണിത്.
ചെറുപ്പത്തിൽതന്നെ കൂമ്പടഞ്ഞു പോയ തെങ്ങ്... ജീവിതംകൊണ്ട് അനാഥരായവരുടെയും ഒറ്റയാക്കപ്പെട്ടവരുടെയും തിരസ്കരിക്കപ്പെട്ടവരുടെയും പ്രതിനിധിയാണ്. ആഗ്രഹിക്കാതെ സംഭവിച്ച രോഗമോ തകർച്ചയോ ജീവിതവൈകല്യങ്ങളോ ആകാം കൂമ്പടഞ്ഞ അവസ്ഥകളെ സൃഷ്ടിക്കുന്നത്. "എന്നെപ്പോലെ അനാഥൻ തന്നെ '' എന്ന് പറയുമ്പോൾ ആ ദുഃഖമെല്ലാം കവിയും പിൻപറ്റുന്നു. നൊമ്പരങ്ങളുടെ നടുവിൽ ഉലയുന്ന കവി ഹൃദയത്തിന്റെ ഇടിപ്പുകൾ അവിടെ കേൾക്കാം.
ചെറുപ്പത്തിൽ തന്നെ കൂമ്പടഞ്ഞു മെലിഞ്ഞുണങ്ങി നില്‍ക്കുന്ന തെങ്ങിന് മരുന്നും വെള്ളവും നൽകാൻ നിരവധി ആളുകൾ ഉണ്ടായിരുന്നു. കനിവിന്റെ കരം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നിന്ന് അതിൻ്റെ നേരെ നീണ്ടു. സമൂഹം കരുതൽ നൽകി ഉയർത്താൻ ശ്രമിച്ചതിന്റെ സൂചനയാണ് മരുന്നും വെള്ളവും നൽകിയത്. മനമലിവിൽ ഉയർത്തിക്കൊണ്ടുവരുവാനുള്ള ഒരു സാധ്യതയും ഫലം കണ്ടില്ല.കയ്യടികളുടെ ആരവങ്ങളോ പ്രോത്സാഹനങ്ങളുടെ ആർപ്പുവിളികളോ ഒരുവേള ഹൃദയത്തെ ഉണർത്താൻ പര്യാപ്തമായി എന്ന് വരില്ല. അതുപോലെ കരുതലിന്റെ അലിവിൽ ഞാരോത്തെ പറമ്പിലെ തെങ്ങും മെലിഞ്ഞു തന്നെ നിന്നു.
കാറ്റുകളുടെ കലപിലകൾക്കിടയിൽ അതിൻ്റെ ദുഃഖം വാക്കുകൾ നഷ്ടപ്പെട്ട് മൗനത്തിൽ ഒതുങ്ങി നിന്നു.
ഒരു വസന്തത്തിൽ മെലിഞ്ഞുണങ്ങിയ തെങ്ങിനെ ചുറ്റി മൈനകൾ, പ്രാവുകൾ,കുയിലുകൾ ഇങ്ങനെ പക്ഷികള്‍ ചിറകടിച്ച് പറക്കുന്നതും കണ്ടുകണ്ടു നില്‍ക്കെ അതില്‍ ഒരു പഞ്ചവർണ്ണതത്ത കൂടുവെച്ചിരിക്കുന്നു.
മനസ്സിന്റെയും ശരീരത്തിന്റെയും സ്വാഭാവികശേഷികള്‍ അകാലത്തില്‍ ശോഷിച്ചോ മുരടിച്ചോ പോയവർ, ഉയർച്ചയെ പറ്റിയുള്ള സ്വപ്നങ്ങൾ അസ്തമിച്ച് ഉള്‍വലിഞ്ഞ അവസ്ഥകളിൽ കഴിയുന്നവർ നിരവധി ഉണ്ടാകും. ഉയരാനുള്ള സ്വയം ശേഷിയോ സ്വയം പ്രതീക്ഷയുടെ ഉണർവ്വോ ഇല്ലാതായ മനുഷ്യജന്മങ്ങളുടെ പ്രതീകമുഖം ഇവിടെ കാണാം.
അവിടെ അവിചാരിതമായി ഒരു പഞ്ചവര്‍ണത്തത്ത വന്ന് കൂട് വെച്ചിരിക്കുന്നു.ഇല്ലാത്ത ശേഷികളെ നിർമ്മിച്ചെടുക്കാൻ അല്ല കിളികൾ ശ്രമിക്കുന്നത്.
ഉള്ള ശേഷികളുടെ നടുവിൽ പ്രതീക്ഷയുടെ ചിറകടിയും ആയിട്ടാണ് കിളികളും പഞ്ചവർണ്ണ തത്തയും പറന്നു വരുന്നത്. ശേഷിക്കുറവിൻ്റെ പരിമിതികൾക്ക് നടുവിൽ സർഗ്ഗത്മ സ്വപ്നങ്ങളുടെ പുതു ഫലങ്ങൾ വിരിയിക്കാൻ കഴിയും.
സഹതാപത്തോടെയുള്ള കരംപിടുത്തത്തെക്കാൾ അവസ്ഥകളെ സ്നേഹിച്ച് പ്രതീക്ഷകളെ ചേർത്തുകൊണ്ടുള്ള ചിറകടികളാണ് കൂടുതൽ ആവശ്യം എന്ന് കവി വിളിച്ചോതുന്നു. മരുന്നും വെള്ളവും നൽകിയിട്ടും അഗതിയായി മെലിഞ്ഞുനിന്ന തെങ്ങിൽ ആ ചിറകടികൾ പ്രതീക്ഷയുടെ വസന്തം കൊണ്ടുവരികയാണ്.
ശേഷിച്ചതും ശോഷിച്ചതുമായ ഉടലിൽ സർഗാത്മകതയുടെയും പുതുപ്രതീക്ഷയുടെയും പലവർണ്ണങ്ങൾ ചിറകടിച്ചു നിന്നു
എന്ന് മാത്രമല്ല പഞ്ചവർണ്ണ തത്തയുടെ കൂടും നിർമ്മിക്കപ്പെട്ടിരിക്കുന്നു.
ഫലശൂന്യമെന്ന് കരുതിയിരുന്ന തെങ്ങിൽ പൂവിരിഞ്ഞു എന്ന് മാത്രമല്ല പഞ്ചവർണ്ണക്കിളിയുടെ വർണ്ണാഭമായ കുഞ്ഞുങ്ങൾ വിരിയുന്ന ഇടമായി മാറ്റപ്പെടുകയും ചെയ്തു.അനാഥവും ഒറ്റപ്പെട്ടതും തകർന്നതുമായ അവസ്ഥകളുടെ നടുവിൽ നിന്നുപോലും ഉയർന്നുപൊങ്ങാനുള്ള മനുഷ്യമനസിന്റെ സർഗാത്മക ശേഷിയെ കവി നോക്കി കാണുന്നു.
കവിതാസ്വാദനം ;ഡോ.മനോജ് ജെ. പാലക്കുടി


