കൽവീട്കവിതക്കുറിപ്പ്
സ്ത്രീരചനകളാൽ സമ്പന്നമാണ് മലയാളകവിത . സ്ത്രീജീവിതത്തിൻെറ യാഥാർഥ്യബോധത്തോടെയുള്ള ആവിഷ്കാരം പെണ്ണെഴുത്തുകാരിൽ കാണാം. സ്ത്രീതന്നെ പ്രകൃതി , പ്രകൃതിതന്നെ സ്ത്രീ എന്ന പാരിസ്ഥിതിക ദർശനം അവരുടെ കവിതകളിൽ വായിക്കാം. ഒന്നിച്ചൊഴുകുന്ന പുഴപോലെ സ്ത്രീയും പ്രകൃതിയും സഹജഭാവത്തോടെ ചേർന്നു നീങ്ങുന്ന കാഴ്ച അവർ പങ്കുവയ്ക്കുന്നു. പ്രകൃതിയുടെ രൂപഭാവങ്ങളിൽ അന്തർലീനമായിരിക്കുന്ന സ്ത്രീമനസ്സിനെ കണ്ടെത്തുകയാണ് അവരുടെ ലക്‌ഷ്യം.
സ്ത്രീത്വത്തിൻെറ അർത്ഥം തേടിയുള്ള സഞ്ചാരമാണ് ഗിരിജയുടെ കവിതകൾ .

പുറമെ ശാന്തമെങ്കിലും അകമെ അശാന്തമായ സ്ത്രീപുരുഷബന്ധത്തിൻെറ ആന്തരിക അവസ്ഥകളെ അനാവരണം ചെയ്യുന്നതാണ് കൽവീട്. ഗാർഹിക ദാമ്പത്യജീവിതത്തിൽ ഒന്നിച്ചു പോകുമ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന പെൺമനസ്സിനെ കവിതയിൽ ആലേഖനം ചെയ്തിരിക്കുന്നു. . ആണിൻെറ വിചാരലോകത്ത് പ്രവേശിക്കേണ്ടിവരുന്ന സ്ത്രീക്ക് അവളുടെ വൈകാരിക അവസ്ഥകളെ പലപ്പോഴും അടിയറ വയ്‌ക്കേണ്ടിവരുന്നു. സ്ത്രീ-പുരുഷ മനോഭാവങ്ങൾ വ്യത്യസ്തമാകുന്നതാണ് അതിൻെറ കാരണം. പ്രിയതമനാൽ തിരിച്ചറിയപ്പെടാനാവാതെ നാലുചുവരുകൾക്കിടയിൽ നൊമ്പരപ്പെടുന്ന ഒരു പെണ്മനസ്സിൻെറ വിങ്ങലാണ് 'കൽവീടി'ൽ നിന്നുയരുന്നത്.
കവിതാഖ്യാനം
➤ സ്ത്രീ -പുരുഷ ജീവിതത്തെ പ്രകൃതിയിലെ രണ്ട് നിർമ്മിതികളോട് ചേർത്ത് താരതമ്യം ചെയ്യുകയാണ് ഗിരിജ. നിൻെറത് കല്ലിൽ പണിതു മിനുക്കിയ ശില്പം ,എൻെറത് മണ്ണിൽകുഴച്ച ഒരു മൺകുടിൽ . ഈ വ്യത്യസ്തതകളിൽ പുരുഷ - സ്ത്രീ മനോഭാവങ്ങളെ വിശദീകരിക്കുന്നു. കല്ലിൻെറ കഠിനതതയിൽ നിർമ്മിക്കപ്പെട്ട വീടുപോലെയാണ് പുരുഷമനസ്സ്. മനോഹരമായി മിനുക്കപ്പെട്ട ശില്പമെങ്കിലും പ്രകൃതിയുടെ സ്പന്ദനങ്ങളെ അനുഭവിക്കാൻ അതിനു കഴിയുന്നില്ല. കാൽപ്പനികതയുടെ അൽപ്പ ഭാവങ്ങളും അതിൽ ചേർത്തുവച്ചിട്ടില്ല . അകത്തളങ്ങളെ സ്പർശിക്കും തരത്തിൽ വൈകാരികതയുടെ ഭാവങ്ങൾ ഒന്നും അവനിൽ പ്രവേശിക്കുന്നില്ല.

സ്ത്രീ ജീവിതത്തെ നിലാവും ഇരുട്ടും ചേർത്തു കുഴച്ചു നിർമ്മിച്ച മൺകുടിലിനോടു ഉപമിക്കുന്നു. നിലാവും ഇരുട്ടും ചേർന്ന കാൽപ്പനികതയുടെ കൂട്ടുകളിലാണ് അത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പ്രണയത്തിൻെറ പ്രതീകമായ നിലാവും വിരഹത്തിൻെറ പ്രതീകമായ ഇരുട്ടും കൂട്ടിക്കലർത്തി നിർമ്മിക്കപ്പെട്ടതാണ് അവളുടെ മൺകുടിലാകുന്ന ഉടൽ. പ്രകൃതിയുടെ ചെറുമാറ്റങ്ങളെയും നേരിയസ്പന്ദനങ്ങളെയും അനുഭവിച്ചറിയാൻ അതിനു കഴിയുന്നു . അതിനാൽ പ്രണയത്തിൻെറയും വിരഹത്തിൻെറയുമായ വൈകാരികതയുടെ ഓരോ സ്പർശവും അവളുടെ ഹൃദയഭിത്തികളെ പൊള്ളിക്കുന്നു.
➤ ഓരോ മഴയിലും അലിയുകയും വെയിലിൽ കാണാതാവുകയും നിലാവിൽ വാതിൽ തുറക്കുകയും ചെയ്യുന്ന മൺകുടിലാണ് അവൾ. ഋതുക്കളുടെ ഓരോ ചലനങ്ങളെയും അകത്തളങ്ങളിൽ അവൾ ഒപ്പിയെടുക്കുന്നു. അപ്രകാരം പ്രതീക്ഷയുടെ മഴയിൽ അതു ലയിച്ചുചേരുകയും വിഷാദത്തിൻെറ വേനലിൽ സ്വയം നഷ്‍ടപ്പെടുകയും ചെയ്യുന്ന മാനസികപ്രകൃതിയാണ് അവൾക്കു നല്കപ്പെട്ടിരിക്കുന്നത. അനുരാഗത്തിൻെറ കണ്ടുമുട്ടലിൽ മാത്രമേ അവളുടെ ഹൃദയം തുറക്കപ്പെടുകയുള്ളു.
➤ വിചാരങ്ങളുടെയും പ്രവർത്തികളുടെയും ലോകത്തു മുഴുകുന്ന പുരുഷമനസ് കല്ലിൽപണിത കൽച്ചുവരാണ്. പ്രണയത്തിൻെറയും കാല്പനികതയുടെയും ഭാഷ അവൻെറ ഹൃദയത്തിന് അന്യമാണ്. അതിനാൽ പ്രകൃതിയിലെ പ്രണയത്തിൻെറ സുന്ദര നിമിഷങ്ങളെ ഒപ്പിയെടുക്കാൻ അവൻെറ കണ്ണുകൾക്കോ കാതുകൾക്കോ നാസാരന്ധ്രങ്ങൾക്കോ കഴിയുന്നില്ല. പ്രകൃതിയിലെ പ്രണയ മുഹൂർത്തങ്ങളെ ഓരോന്നായി കവിതയിൽ എടുത്തുപറയുന്നു.
മഴ മുരളുന്ന ശബ്ദം....
പീലിവിടർത്തി കാടിനൊപ്പം നൃത്തമാടുന്ന മയിൽ......
മുരളീരവമുയർത്തിയൊഴുകുന്ന മഴത്തുള്ളികൾ .........
മണ്ണിലുയരുന്ന പുതു ഗന്ധങ്ങൾ........
ഋതു ഭേദങ്ങൾക്കനുസരിച്ച് പ്രകൃതിയിൽ പരിവർത്തനങ്ങളുണ്ടാകുന്നു. പുതുഗന്ധങ്ങളും പുതു വർണ്ണങ്ങളും പ്രകൃതിയിൽ വിരുന്നിനെത്തുന്നു. ഇലകളും പൂക്കളും വാരിവിതറുന്ന ഗന്ധങ്ങളും വർണ്ണങ്ങളുംകൊണ്ട് പ്രകൃതി അലംകൃതയാകുന്നു. അവയുടെ അകമ്പടിയോടെയെത്തുന്ന ഫലസമൃദ്ധികൾ ......
ഇതെല്ലാം അറിയുവാനാകുന്നത് അവൾക്കു മാത്രമാണ്. പ്രകൃതിയിലെ ഉർവ്വരാവസ്ഥകൾ തന്നെയാണ് പെണ്ണിനുമുള്ളത്.
➤ ഇതിനെ അറിയുവാൻ അവനു കഴിയുന്നില്ല . പ്രകൃതിയുടെ ആർദ്രഹൃദയം നല്കപ്പെട്ടിരിക്കുന്നത് അവൾക്കാണ്. വിചാരങ്ങളുടെ അന്വേഷണം അവനെ ദൃഢമനസ്കനാക്കുന്നു. ഹൃദയ വാതിലുകൾക്കു മുറുക്കം തോന്നിപ്പിക്കുന്നു.
➤ അനുരാഗ തല്പരയായി കൽവാതിലിൽ മുട്ടിവിളിക്കുന്ന പ്രകൃതിയുടെ ചിത്രം സ്ത്രീയുടെകൂടെയാണ്. പ്രണയപൂർത്തിയുടെ വിവിധാവസ്ഥകളെ കവിത വിവരിക്കുന്നു. മഴയായി പെയ്തിറങ്ങുന്നു..........
തങ്കത്തളിരായ് ചെടിയിലുയിർക്കുന്നു.......
ഉടലുരുകുന്ന ഗന്ധം നുകരാൻ കൊതിക്കുന്നു.....
കാട്ടിലയായി പിച്ചിമണക്കാൻ ആഗ്രഹിക്കുന്നു.....
കാട്ടാറായി നീന്തിമദിക്കാൻ തുടിക്കുന്നു.
തുറക്കപ്പെടാത്ത വാതിലിനു മുമ്പിൽ നിസ്സഹായയായി നിൽക്കപ്പെടാനാണ് പ്രകൃതിയുടെ വിധി അതുതന്നെയാണ് സ്ത്രീയുടെയുംഅവസ്ഥ. . വൈകാരികതയുടെ വിങ്ങലുകളെ ഉള്ളിലൊതുക്കി നിശ്ശബ്ദമായി നിലവിളിക്കാനെ രണ്ടുപേർക്കും കഴിയുന്നുള്ളു. തിരസ്കരണങ്ങളെയും അവഗണനകളെയും ഉള്ളിൽ ഒതുക്കേണ്ടിവരുന്ന പ്രകൃതിയുടെയും സ്ത്രീയുടെയും മനസ്സ് ഒന്നാണെന്നു കവിത വിശദീകരിക്കുന്നു .
➤ അതിൻെറ തേങ്ങലുകളെ കേൾക്കാൻ കൽച്ചുവരുകളും കൽവാതിലുകളും കാവൽക്കാരുമുള്ള ആ സുന്ദരശിൽപ്പത്തിനാവുന്നില്ല . കാരണം അതു കാതുകളില്ലാത്ത ഒരു സുന്ദരശില്പം മാത്രമാണ്. ഇത്തരത്തിൽ പെണ്മനസിൻെറ പ്രണയാനുഭവത്തെ മനസ്സിലാക്കാത്ത ആൺലോകത്തോടുള്ള പ്രതിഷേധത്തിൻെറ സൂചനകൾ നല്കിക്കൊണ്ട് കവിത അവസാനിക്കുന്നു.
ആസ്വാദനം ; ഡോ. മനോജ് ജെ. പാലക്കുടി .