കാറ്റേ കടലേ
കവി :പി പി രാമചന്ദ്രൻ
കവിതാസ്വാദനം
മലയാള കവിതയുടെ ഉത്തരാധുനിക മുഖമാണ് പി.പി. രാമചന്ദ്രൻ.ചടുലമായ വാക്കുകൾ കൊണ്ടും സൂക്ഷ്മമായഅനുഭവങ്ങൾകൊണ്ടും അദ്ദേഹം കവിത രചിക്കുന്നു. കാച്ചികുറുക്കിയ വാക്കുകളാണ് കാവ്യത്തിന്റെ സവിശേഷത. കാവ്യപാരമ്പര്യങ്ങളെ കൈവിടാതെ നവീനതയെ മുറുകെപ്പിടിക്കുന്ന കവി മലയാള കവിതയിൽ പുതു വഴികളെ തിരയുന്നു. ഏറെ എഴുതാതെ ആഴത്തിൽ മുഴക്കമുണ്ടാക്കിയ കവിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ലളിതമായ പദാവലികളിൽ ചിന്തയുടെ ആഴത്തെ കവി ഒളിപ്പിക്കുന്നു. നാടകവും കഥകളും സിനിമയും സങ്കേതങ്ങൾ ആകുന്ന വിശാലമായ ക്യാൻവാസിലാണ് കാവ്യ രചന നടത്തുന്നത്. കാണെക്കാണെ , കാറ്റേ കടലേ , മാമ്പഴക്കാലം ഉത്തരകാലം,രണ്ടായിമുറിച്ചത് , കലംകാരി എന്നിവയാണ് കാവ്യരചനകൾ.
പ്രകൃതിനാശത്തെയും വികസനത്തിന്റെ പേരിൽ നടക്കുന്ന പരിസ്ഥിതി ചൂഷണത്തെയും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന സമകാലിക കവിതയാണ് കാറ്റേ കടലേ. മനുഷ്യൻ്റെ ഉപഭോഗാസക്തി, സ്വാർത്ഥത , ചിന്തയില്ലാത്ത വികസനം ഇവയ്ക്ക് ഇരയാകുന്ന പ്രകൃതിയുടെ കാഴ്ചകളിലൂടെ കവി സഞ്ചരിക്കുന്നു.
കേരളത്തിലെ ആയിരക്കണക്കിന് കുന്നുകൾ വികസനത്തിന്റെ പേരിൽ വളരെ വേഗം മണ്ണും കല്ലുമായി നാടുനീങ്ങി. കാല്പനിക സൗന്ദര്യം നിറച്ചു നിന്ന കണ്ണാന്തളികുന്നുകൾ ഗ്രാമീണ ഭൂപടങ്ങളിൽ നിന്നും മാഞ്ഞുപോയി.സ്വന്തം അനുഭവത്തിൽ നിന്നും കാവ്യ ബീജത്തെ സൃഷ്ടിച്ചെടുക്കുകയാണ് കവി. കവിയുടെ ബാല്യസ്മരണകളുടെയും നാടിന്റെ ഭൂപ്രകൃതിയുടെയും പ്രതീകമായിരുന്ന കുന്നുകൾ ഒന്നൊന്നായി ഇല്ലാതാകുന്ന വേദനയാണ് കവിതയുടെ കേന്ദ്രവിഷയം.
കവിതയുടെ തുടക്കത്തിൽ കവി പറയുന്നു:
"ഉമ്മറക്കോലായില്‍നിന്ന് രാത്രിയില്‍ എടുത്തുവയ്ക്കാന്‍ മറന്ന കിണ്ടികളവുപോയതുപോലെ വയല്‍ക്കരയിലുള്ള ഒരു കുന്ന് പുലര്‍ച്ചയ്ക്കു കാണാതായി."
ഇവിടെ ഒരു കുന്ന് അപ്രത്യക്ഷമാകുന്നത് വീട്ടുമുറ്റത്തെ ഒരു ചെറിയ വസ്തു നഷ്ടപ്പെടുന്നതുപോലെയാണ്.ഒരു കിണ്ടി മോഷ്ടിച്ചു കൊണ്ടുപോകുന്ന ലാഘവത്തോടെ ഒരു ഓരോ കുന്നും രാത്രിയുടെ മറവിൽ പിഴുത് മാറ്റപ്പെടുന്നു. കുന്നുകളുടെ നഷ്ടം ഉമ്മറക്കോലായിലെ നഷ്ടം പോലെ മനുഷ്യജീവിതത്തോട് എത്ര അടുത്ത് ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് കവി വ്യക്തമാക്കുന്നു.
മഴയും വെയിലും കുന്നിനെഅന്വേഷിക്കുന്നതായി കവി സങ്കൽപ്പിക്കുന്നു. പ്രകൃതിയിലെ ഘടകങ്ങൾക്കുപോലും കുന്നുകളുടെ അഭാവം വേദനാജനകമാണ്.മഴയും വെയിലും ഒരുക്കുന്ന പാരിസ്ഥിതിക സൗഹൃദത്തിലാണ് പ്രകൃതിയുടെ നിലനിൽപ്പ്.മലയുടെ നഷ്ടം പ്രകൃതിയുടെ നഷ്ടമാണ് എന്നറിഞ്ഞ് മഴയും വെയിലും അതിനെ തിരയുന്നു.
ഇപ്പോൾ കവിയുടെ വീട് "ബാക്കിയായ ഒരു കുന്നിന്റെ പള്ളയ്ക്ക്" സമീപത്താണ്. നാശത്തിന്റെ ഭീഷണി സ്വന്തം വീടിനു മുന്നിൽ വാപിളർന്നു നിൽക്കുന്നു.മനുഷ്യൻ പ്രകൃതിക്കേൽപ്പിച്ച മുറിപ്പാട് പോലെ പാതിമണ്ണുമായി ചോരഒലിപ്പിച്ചു നിൽക്കുകയാണ് കുന്നുകൾ .
കുന്നുകൾ "റോഡുപണിക്കു പോകുന്നു" . വികസനത്തിനുവേണ്ടി കുന്നുകൾ പൊളിച്ചുമാറ്റി റോഡുകളാക്കുന്ന യാഥാർഥ്യത്തെ മനുഷ്യവൽക്കരണത്തിലൂടെ കവി അവതരിപ്പിക്കുന്നു.കൺമുമ്പിലെ മലയിടിച്ച് വികസനം വരുത്തുവാൻ ഉള്ള ത്വരയിലാണ് മനുഷ്യർ. കേരളത്തിലെ കുന്നുകൾക്ക് ഇന്ന് മരണകാലമാണ്. മലയാള നാട്ടിലെ പാടശേഖരങ്ങൾ സമതലങ്ങൾ,കായൽ തീരങ്ങൾ ഇവയ്ക്ക് കാവൽ നിന്ന കുന്നുകൾ കൂട്ടത്തോടെ കൊല ചെയ്യപ്പെടുന്നു. കരയുന്നവീടുകളെ ഉറക്കി കിടത്തി..... . പ്രതിഷേധങ്ങളെ അടിച്ചമർത്തിയും വികസനത്തിന്റെ സ്വപ്നങ്ങൾ പറഞ്ഞും എതിർസ്വരങ്ങളെ നിശബ്ദമാക്കി. വികസനവും പ്രകൃതി ചൂഷണവും നാണയത്തിന്റെ രണ്ടുവശങ്ങൾപോലെയാണ്.
കുന്നുകൾക്ക് പേരുകളുണ്ട് — പന്തലംകുന്ന്, പൂത്രക്കുന്ന്, പുളിയാറക്കുന്ന്, പറക്കുന്ന്, ചോലക്കുന്ന്, ചന്തക്കുന്ന്, കരിമ്പനക്കുന്ന്. ഈ പേരുകൾ വെറും ഭൂപ്രദേശങ്ങളല്ല; ഒരു നാടിന്റെ ചരിത്രവും സംസ്കാരവും ഓർമ്മകളും കൂടിയാണ്.തലമുറകളുടെ സംസ്കൃതിയെ അടയാളപ്പെടുത്തുന്ന കുന്നുകളെല്ലാം നിസ്സഹായതയോടെ നാട്ടിൽ നിന്നും നീക്കപ്പെട്ടു.കുന്നുകൾക്കൊപ്പം പറിച്ചുകൊണ്ട് പോയത് ഒരു ദേശത്തിൻറെ സാംസ്കാരിക അടയാളങ്ങൾ കൂടിയാണ്.
കുന്നുകൾ എല്ലാം"പേരുവിളിക്കുമ്പോള്‍ വരിവരിയായി വന്ന് ലോറിയില്‍ കയറണം."
എന്ന വരികളിൽ കുന്നുകളെ ജീവനുള്ളവരായി ചിത്രീകരിക്കുന്നു.നാടിൻറെ ഹരിത സ്രോതസ്സായി വിളങ്ങി നിന്നകുന്നുകളെ ലോറിയിൽ കയറ്റിക്കൊണ്ടുപോകുന്ന കാഴ്ച കരളലിയിപ്പിക്കുന്നതാണ്. അടിമകളായി പേരു വിളിക്കപ്പെട്ട അവർ വികസനത്തിന്റെ പുതു ലോകത്തു മറ്റൊരു ദൗത്യത്തിനായി പുറപ്പെടുകയാണ് . കുന്നുകൾ ഓരോന്നും അടിമകളെപോലെ തെളിച്ചുകൊണ്ടുപോകുന്നു.
എട്ടുവരിപ്പാത ചുമന്നു കൊള്ളണം .... നൂല് പോലെ ഒഴുകുന്ന പുഴയും ഫലങ്ങളും ഹരിത സമൃദ്ധിയും നൽകിയ കുന്നുകൾ .നാടിനെ സമ്പൽസമൃദ്ധമാക്കിയ അവർ എട്ടുവരിപ്പാത ചുമന്നു നിൽക്കുന്ന അടിമകളായി മാറ്റപ്പെട്ടു.മനുഷ്യ വികസനത്തിനും പരിഷ്കാരത്തിനും വേണ്ടി ദാസ്യവേല ചെയ്യേണ്ടിവന്ന പ്രകൃതിയുടെ ദുര്യോഗമാണ്
വെളിപ്പെടുത്തുന്നത്.സ്വന്തം നിലനിൽപ്പിനെ മറന്ന് പ്രകൃതിയെ നിർദയമായി ചൂഷണം ചെയ്യുന്ന മനുഷ്യസമൂഹത്തിന്റെ ഹൃദയ കാഠിന്യത്തിൻ്റെ അവതരണമാണ് ഈ വാക്കുകൾ.
ഇനിയും കാണാൻ പറ്റിയെന്നും വരില്ല ......
കാറ്റിനോടും കടലിനോടും പ്രകൃതിയോടും വിട പറയുന്നവാക്കുകൾ.
വേഗത്തിലുള്ള പരിഷ്കാരം അതിവേഗം നാശത്തിലേക്കുള്ള പ്രയാണമാണ് . മലയെ തകർത്ത വികസന സഞ്ചാരം എത്തിക്കുന്നത് വിനാശത്തിന്റെ പടുകുഴിയിലേക്കാണ് പ്രകൃതിയുടെ പാരസ്പര്യത്തിന്റെ തകർച്ചയിൽ
അവസാനഭാഗത്ത് കവിത അതീവ വികാരഭരിതമാകുന്നു. കുന്നുകൾ ഇല്ലാതാകുമ്പോൾ കവി അവരോട് ഒരു അടയാളം കാണിക്കാൻ അഭ്യർത്ഥിക്കുന്നു.
"നിങ്ങളെന്തെങ്കിലും അടയാളം കാട്ടണം
ഞാന്‍ നോക്കിയിരിക്കും"
ഈ വരികൾ നഷ്ടപ്പെടുന്ന പ്രകൃതിയോടുള്ള മനുഷ്യന്റെ സ്നേഹവും നിസ്സഹായതയും പ്രകടമാക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ "മതിലുകൾ" എന്ന കഥയിലെ നാരായണിയുടെ ചുള്ളിക്കമ്പ് എറിയുന്ന രംഗം ഓർമിപ്പിച്ചുകൊണ്ട്, കുന്നുകളുമായുള്ള ആത്മബന്ധത്തെ കവി കൂടുതൽ ശക്തമാക്കുന്നു.നാശത്തിന്റെ തൊട്ടുമുമ്പെങ്കിലും രക്ഷപ്പെടലിന്റെ ഒടുക്കത്തെ അടയാളം കാണിക്കണം എന്നാണ് കവിയുടെ അഭ്യർത്ഥന.
ഹൃദയസ്പർശിയായ ഉപമകളും ദൃശ്യബിംബങ്ങളും കവിതയുടെ ധ്വനിതലത്തെ ആഴപ്പെടുത്തുന്നു.
നാട്ടിൻപുറങ്ങളുടെ ഓർമ്മകളെ ഉണർത്തുന്ന കുന്നുകളുടെ പേരുകൾ.
വികസനവും പ്രകൃതി സംരക്ഷണവും തമ്മിലുള്ള സംഘർഷത്തിന്റെ അവതരണം,
ലളിതമായ ഭാഷയിലൂടെ ആഴമുള്ള ആശയപ്രകടനം ഇവ കവിതയുടെ സവിശേഷതയായി ഉയർന്നു നിൽക്കുന്നു.
ഉപസംഹാരം
പിഴുതു മാറ്റപ്പെടുന്ന കുന്നുകളുടെ കാഴ്ചയിൽ നിന്ന് പ്രകൃതി നാശത്തിന്റെ സാർവത്രികമാനങ്ങളിലേക്ക് കണ്ണു തുറക്കുന്നതാണ് ഈ കവിത.വികസനത്തിന്റെ പേരിൽ അധിനിവേശം ചെയ്യപ്പെട്ട പ്രകൃതിയുടെയും സംസ്കാരത്തിന്റെയും ഓർമ്മകളുടെയും വിലാപഗീതമാണ് കവിതയിൽ മുഴങ്ങുന്നത്.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഈ കവിത ശക്തമായി ഓർമ്മിപ്പിക്കുന്നു. പ്രകൃതിനാശത്തിനെതിരായ അവസാന മുന്നറിയിപ്പും പരിസ്ഥിതി ബോധത്തിന്റെ കവിതാപരമായ പ്രഖ്യാപനവുമാണ് ഈ രചന.




