അന്ധ
പി .എൻ. ഗോപികൃഷ്ണൻ.
കവിതാസ്വാദനം
ഒരു അന്ധയുടെ ആത്മഭാഷണ രൂപത്തിൽ പി.എൻ.ഗോപീകൃഷ്ണൻ രചിച്ച കവിതയാണ് 'അന്ധ'.
കാഴ്ചയില്ലാത്തവരുടെ പ്രതിനിധിയായി ഒരു പെൺകുട്ടി ലോകത്തോടു സംസാരിക്കുന്നു. വൈകല്യത്തിന്റെ മാറ്റിനിർത്തലുകൾക്കു മുന്നിൽ ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും സ്വയംപ്രതിരോധത്തിന്റെയും ഉറച്ചകോട്ടകളെ പണിതുയർത്തുകയാണ് അവൾ.കാഴ്ചയില്ലായ്മയുടെ പരിമിതികളെപ്പറ്റി സഹതപിക്കാതെ അതിൻ്റെ അനന്തസാധ്യതകളെ അവതരിപ്പി ക്കുന്നതാണ് ഈ കവിത.കാഴ്ചയുള്ളവരുടെ കൂട്ടത്തിൽനിന്നും വ്യത്യസ്തരാണ് അവർ. കാഴ്ചയുള്ളവരുടെ കാഴ്ചപ്പാടുകൾ കാണാത്ത ജീവിത ദർശനങ്ങളാണ്അവരെ വഴിതെളിക്കുന്നത്. ആ ദർശനങ്ങൾ കവിതയിൽ പങ്കുവയ്ക്കുകയാണ് കവി.കാഴ്ചശക്തിയില്ലാത്തവരെ സമൂഹം സഹതാപത്തോടെയാണ് കാണുന്നത്. ഈ സമീപനത്തെ ശക്തമായി ചോദ്യം ചെയ്യുകയാണ് കവിത.
“കാഴ്ചയുള്ളവരേ, നിങ്ങൾ എന്നെ ചൊല്ലി സഹതപിക്കാതിരിക്കുവിൻ” എന്ന ആദ്യവരിയിൽത്തന്നെ പ്രതിഷേധസ്വരം വ്യക്തമാകുന്നു. കാഴ്ചയില്ലാത്തവർ എന്ന വേർതിരിവ് സൃഷ്ടിച്ച് മറ്റുള്ളവർ അഹന്തയുള്ളവരാകുന്നു. അവരെ കാഴ്ചയുള്ളവർ എന്നു വിളിച്ച് പ്രതിഷേധത്തിന്റെ പരിഹാസം ഉയർത്തുകയാണ് കവി.കാഴ്ചയില്ലായ്മയെ ഒരു കുറവായി കാണാതെ, അതിനെ ഒരു വ്യത്യസ്തമായ ജീവിതാനുഭവമായി ഇതിൽ അവതരിപ്പിക്കുന്നു.
പൂവിടുന്ന ചെടിക്കും മധുരഫലം നൽകുന്ന മാവിനും കാടിനും കണ്ണുകളില്ലെങ്കിലും അവയും പ്രകൃതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. അവയുടെ കൂട്ടത്തിലാണ് താനെന്നും മനുഷ്യരുടെ കൂട്ടത്തിലല്ലെന്നും അന്ധ പ്രഖ്യാപിക്കുന്നു. ഇതിലൂടെ പ്രകൃതിയുമായുള്ള ആത്മബന്ധവും മനുഷ്യർ സൃഷ്ടിച്ച വൈകല്യബോധത്തോടുള്ള വിമുഖതയും പ്രകടമാകുന്നു.കാഴ്ചകളുടെ സമൃദ്ധി തരുന്ന കാടിനും കണ്ണില്ല.
“എന്റെ കൂടെ ഒരു ഇരുണ്ട കാട് സഞ്ചരിക്കുന്നു” എന്ന വരി കവിതയുടെ ഏറ്റവും ശക്തമായ ദൃശ്യബിംബങ്ങളിലൊന്നാണ്. കാഴ്ചയില്ലായ്മയെ ഇരുട്ടായി കാഴ്ചയുള്ളവർ കാണുന്നു. ആ ഇരുട്ടിനെ ഭയത്തിന്റെയും ശൂന്യതയുടെയും ഇടമാക്കുന്നു. ഇരുണ്ട കാട് ദൃശ്യങ്ങളുടെ സമൃദ്ധി നിറഞ്ഞ കാഴ്ചകളുടെ കൂട്ടമാണ്.ഇരുണ്ട കാട്ടിലെ ഓരോ കാഴ്ചയും ഉൾ കണ്ണുകൊണ്ട് ദർശിക്കാൻ കഴിയുമെന്ന് അവൾ അഭിമാനത്തോടെ പറയുന്നു.ഇരുണ്ട വനത്തിനുള്ളിലെ മനോഹര കാഴ്ചകൾ മനോനേത്രങ്ങൾ കൊണ്ട് ഒപ്പിയെടുക്കാനാകും. ഇരുണ്ട കാട് പോലെ ഇരുട്ടിനുള്ളിൽ കാഴ്ചകളുടെ സമ്പന്നമായ ഒരു ലോകം തെളിഞ്ഞു നിൽക്കുന്നുണ്ട് എന്ന് വെളിപ്പെടുത്തലാണ് ഈ വരികളിൽ.
കാഴ്ചഉള്ളവരുടെ പരിധികളെ ചോദ്യം ചെയ്യുകയാണ് തുടർന്നുള്ള വരികളിൽ.മനുഷ്യൻ ശാസ്ത്രസാങ്കേതിക വിദ്യകളിലൂടെ കാഴ്ച പരിമിതിയെ മറികടക്കാൻ ശ്രമിക്കുന്നു. ബൈനോക്കുലറുകളും മൈക്രോസ്കോപ്പുകളും ടെലസ്കോപ്പുകളും സർവൈലൻസ് ക്യാമറകളും അതിന്റെ പ്രതീകങ്ങളാണ്.ഇവയ്ക്കൊന്നും കാഴ്ചയുടെ അതീന്ദ്രിയതലങ്ങളെ കണ്ടെത്താൻ കഴിയുകയില്ല. കാഴ്ചയുടെ അനുഭൂതികളെ അളക്കാൻ കണ്ണുകൾ മാത്രം പോര. അനുഭവങ്ങളും വികാരങ്ങളും ആത്മബോധവുമാണ് കാഴ്ചയെ നിർവചിക്കുന്നത്. ആ അനുഭവമാണ് തുറന്നു കിട്ടുന്നത് എന്ന് അന്ധ വെളിപ്പെടുത്തുന്നു.
നോട്ടത്തിനപ്പുറം മറ്റൊരു ദൃശൃലോകത്തെഅവർ നിർമ്മിക്കുന്നു.
നിങ്ങൾക്ക് കാഴ്ചയുള്ളതിനാൽ ചലനങ്ങളെ നിങ്ങൾ കാണുന്നു.എന്നാൽ നിശ്ചലതയിലാണ് ഞങ്ങളുടെ കാഴ്ച.അവിടെ ഞാൻ "വളരുകയും , പടരുകയും , ഒഴുകുകയും , അലയുകയും ചെയ്യുന്നു".നിശ്ചലതയിൽനിന്നും വളർന്നു വരുന്നതാണ് ഞങ്ങളുടെ ലോകം.
നിങ്ങളുടെ അഹങ്കാരങ്ങളിൽ വിരിയുന്ന സഹതാപങ്ങളോട് ഞങ്ങളെ ചേർത്തുവെയ്ക്കേണ്ട എന്ന് കാഴ്ചയുള്ളവരോട് പ്രഖ്യാപിക്കുന്നു.ഹരിതസമൃദ്ധി നിറഞ്ഞുനിൽക്കുന്ന പ്രകൃതിയോടു ചേർത്തുവെ യ്ക്കുകയാണ് അവരുടെ ജീവിതത്തെ.
നിങ്ങളുടെ വംശത്തിൽനിന്നും കാലിടറി വീണ ഒരാൾ എന്നനിലയിൽ ഞങ്ങളെ കരുതരുത്.അന്ധത വൈകല്യമല്ല. വീഴ്ചയുമല്ല.
സഹതാപത്തിന്റെ മഹത്വം എന്ന നിലയിൽ മോതിരങ്ങൾ എന്റെ വിരലിൽഅണിയിക്കുകയും അരുത്. സഹതാപംകൊണ്ട് തകർക്കപ്പെടുവാൻ ഉള്ളതല്ല ഈ ജീവിതം . നിലനിൽപ്പിന്റെയും , അനാശ്രയത്വത്തിന്റെയും ഉദാത്ത മാതൃകയായപ്രകൃതിയോട് അവൾ സ്വയം ചേർത്തുവെയ്ക്കുന്നു. സഹതാപത്തിനെതിരായ പ്രതിഷേധംകവിതയിലെ ഏറ്റവും ശക്തമായ ആശയങ്ങളിലൊന്നാണ്. സഹതാപമല്ല അംഗീകാരമാണ് സമൂഹം നൽകേണ്ടത്. അന്ധരെ ദയയ്ക്ക് അർഹരായി മാത്രം കാണുന്നു. എന്നാൽ തുല്യരായ മനുഷ്യരായി കാണണം.സഹതാപത്തിൻ്റെ മോതിരം വ്യക്തിയുടെ ശ്രേഷ്ഠതയെ പരിമിതപ്പെടുത്തുന്ന ഒന്നായി കവി കാണുന്നു.
കവിതയുടെ അവസാനഭാഗം ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനമാണ്.“ഞാൻ വേറെ ഒരു വംശം.”ഈ വാക്കുകളിൽ പ്രതിഷേധവും അഭിമാനവും ഒരുമിച്ചു പ്രകാശിക്കുന്നു. അന്ധതയെ കുറവായി കാണുന്ന സമൂഹത്തോട് അന്ധ പറയുന്നു, താൻ ഒരു ദുർബലയല്ല; മനുഷ്യരുടെ നിരീക്ഷണങ്ങൾക്കും വിലയിരുത്തലുകൾക്കും അതീതമായ ഒരു വ്യക്തിത്വമാണ് .കാരണം, താൻ “വേറെ ഒരു വംശം” ആണ്.
ഇവിടെ “വംശം” എന്നത് ജൈവപരമായ അർഥത്തിലല്ല, മറിച്ച് ജീവിതത്തെ കാണുന്ന വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിനെയാണ് സൂചിപ്പിക്കുന്നത്. സസ്യങ്ങളെപ്പോലെ സ്വയം നിലനിൽക്കാനും സ്വന്തം അപ്പം സ്വയം പാകം ചെയ്യാനും ലോകവുമായി അത് പങ്കുവയ്ക്കാനും കഴിവുള്ളവളാണ് അവൾ.
ഈ കവിതയുടെ കേന്ദ്രധ്വനി സ്വാഭിമാനവും ആത്മവിശ്വാസവുമാണ്. വൈകല്യമുള്ളവരെ സഹതാപത്തിന്റെ കണ്ണുകൊണ്ട് മാത്രം കാണുന്ന സമൂഹത്തിനെതിരായ ശക്തമായ പ്രതികരണമാണ്. മനുഷ്യന്റെ മൂല്യം അവന്റെ ശാരീരിക അളവുകോലുകളിലല്ല, മറിച്ച് ആത്മവിശ്വാസവും സ്വന്തമായ കാഴ്ചപ്പാടുകളുമാണ്.
ശക്തമായ പ്രതീകങ്ങളിലൂടെ അന്ധരുടെ ആത്മാഭിമാനത്തിന്റെ മഹത്തായ സന്ദേശം ഈ കവിത വായനക്കാരിൽ എത്തിക്കുന്നു.യഥാർത്ഥ അന്ധത കണ്ണുകളുടെ അഭാവമല്ല; മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത മനസ്സുകളുടെ പരിമിതിയാണെന്ന് ഈ കവിത ഓർമ്മിപ്പിക്കുന്നു.യാചനകളല്ല ആത്മാഭിമാനത്തിന്റെയും മനുഷ്യാന്തസ്സിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണ് കവിതയിൽ ഈ നിർവഹിക്കപ്പെടുന്നത്.
ഡോ. മനോജ് ജെ. പാലക്കുടി





അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ