കിരാതവൃത്തം
കവിതക്കുറിപ്പ്
കവി ; കടമ്മനിട്ട രാമകൃഷ്ണൻ
മലയാള കവിതയെ ഏറെ ജനപ്രിയമാക്കിയ ആധുനിക കവികളിൽ പ്രധാനിയാണ് കടമ്മനിട്ട രാമകൃഷ്ണൻ. 'ചൊൽക്കാഴ്ച' എന്ന കവിതാവതരണ പരിപാടിയിലൂടെ ജനമനസ്സുകളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു.1935- ൽ പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിൽ ജനിച്ചു. പടയണി പാട്ടുകളും പടയണി താളങ്ങളും കടമ്മനിട്ടയുടെ കവിതയുടെ സൗന്ദര്യാത്മകവും വൈകാരികവുമായ ഭാവങ്ങളാണ്.മലയാള കവിതയിൽ നാടോടി കലകളുടെ താളലയങ്ങൾ കൂട്ടിച്ചേർത്ത് നവീന ഭാവതലം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. നാടോടി സംസ്കാരത്തിൻ്റെ ആത്മാവിലാണ് കാവ്യമനസ്സിനെ കവി പ്രതിഷ്ഠിച്ചിരിക്കുന്നത്.
.jpeg)
ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾത്തന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയിച്ചു. വൃത്തങ്ങളുടെ സാങ്കേതിക ചട്ടക്കൂടിൽ നിന്നും കവിതയെ മോചിപ്പിച്ച് ജനകീയ കലാരൂപങ്ങളിലെ നാടൻ താളങ്ങളിൽ അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. പദസൗന്ദര്യവും നാടോടിതാളവും ശബ്ദവൈഭവവും ആശയ ഗാംഭീര്യവും കാവ്യബിംബങ്ങളിലെ വീര്യവും എല്ലാം കൂടിക്കലർന്ന വ്യത്യസ്തവും നവീനമായ ഭാവുകത്വത്തിലാണ് കടമ്മനിട്ട കവിതകൾ നിലകൊള്ളുന്നത്.ആധുനിക മലയാളകവിതയ്ക്ക് ദ്രാവിഡ പാരമ്പര്യത്തിനിണങ്ങുന്ന രൂപഭംഗി നൽകുന്നതിൽ കടമ്മനിട്ടയോളം ആർക്കും കഴിഞ്ഞിട്ടില്ല . നാടോടി സംസ്‌കാരത്തെ അതിൻ്റെ പൂർണതയിൽ അദ്ദേഹം മലയാള കവിതയിൽ പ്രയോജനപ്പെടുത്തി. കടിഞ്ഞൂൽപൊട്ടൻ, മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു, മിശ്രതാളം, കാട്ടാളൻ, കുറത്തി, ശാന്ത, കിരാതവൃത്തം, ഒരുപാട്ട് , നദിയൊഴുകുന്നു ഇങ്ങനെ കടമ്മനിട്ടത്തനിമ നിറഞ്ഞ ഒരു കാവ്യപ്രപഞ്ചം തന്നെയുണ്ട്.ഒരു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
കവിത വ്യാഖ്യാനം
പ്രകൃതിയുടെ മേൽ അധിനിവേശം നടത്തുന്ന നാഗരിക സംസ്‌കൃതിയോടുള്ള വെല്ലുവിളിയാണ് 'കിരാതവൃത്തം' എന്ന കവിത. വെന്തുവെണ്ണീറായി നിൽക്കുന്ന കാടിൻ്റെ നടുവിൽ രോക്ഷാകുലനായി നിൽക്കുന്ന കാട്ടാളനാണ് കവിതയിലെ നായകൻ.
തൻ്റെ ആവാസവ്യവസ്ഥയെ തകർത്തെറിഞ്ഞ നാഗരിക ജനതയോടുള്ള രോക്ഷം അയാളിൽ കത്തിനിൽക്കുന്നു. കാടിനോടും കാട്ടുമക്കളോടും കാണിക്കുന്ന ക്രൂരതകളെ എതിരിടുവാൻ ആത്മരോക്ഷത്തോടെ നിൽക്കുന്ന കാട്ടാളൻ ഉഗ്രഭാവം പൂണ്ടുനിൽക്കുന്നു.രൗദ്രഭാവവുമായ് നിൽക്കുന്ന ഒരു കാട്ടാളനെ വർണ്ണിച്ചു കൊണ്ടാണ് കവിത ആരംഭിക്കുന്നത്.
പ്രകൃതിയുമായി ബന്ധപ്പെട്ട ബിംബ കല്പനകളിലൂടെ കാട്ടാളന്റെ നെഞ്ചെരിയിക്കുന്ന തീവ്ര വേദനകളിലേക്ക് കവി നമ്മെ ആനയിക്കുന്നു.പരിസര വർണ്ണനയിലൂടെ കാട്ടാളന്റെ രോഷത്തിന് കാരണമെന്തെന്ന് കവി വ്യക്തമാക്കുന്നു .
ചുട്ടു ചാമ്പലായ വനത്തിന് നടുവിലാണ് കാട്ടാളൻ നിൽക്കുന്നത് ,
തൻ്റെ ആവാസവ്യവസ്ഥ തകർത്തവരോടുള്ള പ്രതികാരമാണ് കാട്ടാളന്റെ കണ്ണുകളിൽ ഉള്ളത്.
കാട്ടാളന്റെ കണ്ണിൽ പെറ്റു കിടക്കുന്ന ഈറ്റപ്പുലിയുടെ ക്രൗര്യം ജ്വലിച്ചു നിൽക്കുന്നു.മുന്നിൽ നിൽക്കുന്ന ശത്രുവിനോടുള്ള പ്രതികാരവും സ്വന്തം കുഞ്ഞിനോടുള്ള വാത്സല്യവും ഒരേസമയം ആ കണ്ണുകളിൽകാണാം.
വാത്സല്യത്തിന്റെ വന്യമായ മാതൃബിംബമാണ് ഈറ്റപ്പുലി. കുഞ്ഞിൻ്റെ സംരക്ഷണത്തെ പറ്റിയുള്ള ചിന്തയാണ് രോഷത്തിനു കാരണം. കാടിൻ്റെ സ്വത്തിനെ സംരക്ഷിക്കാനാണ് കാട്ടാളനും രോഷാകുലനാകുന്നത്.
കരിമൂർഖൻ കൊത്തുവാനാഞ്ഞ് വാലിൽ ഉയർന്ന് നിൽക്കുന്നു. മൂർഖന്റെ ശൗര്യത്തോടെ കാട്ടാളനും പ്രതികാരദാഹിയായ് വെമ്പിനിൽക്കുകയാണ്..പടയണിയിലെ ഭൈരവിക്കോലത്തിൻ്റെ രൂപം കാട്ടാളനിൽ കവി ചേർത്തു വച്ചിരിക്കുന്നു.
ഭൈരവിക്കോലത്തെപ്പോലെ നെഞ്ചത്ത് പന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് കുത്തിനിർത്തിയിരിക്കുന്ന പന്തം അയാളുടെ ഉള്ളിൽ കത്തുന്ന രോക്ഷാഗ്നിയാണ്.
പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കാട്ടാളനെ പ്രകൃതി പുത്രനായി അവതരിപ്പിക്കുകയാണ് തുടർന്നുവരുന്ന വരികൾ.വിശാലമായ ആകാശത്തെ അച്ഛനായും തീകത്തിയാളുന്ന മലയോരത്തെ അമ്മയായും വർണ്ണിച്ചിരിക്കുന്നു. വാനം അച്ഛനും മണ്ണ് അമ്മയുമായ പ്രകൃതിയുടെ മകനാണ് കാട്ടാളൻ. തീ കൊണ്ട് വനം എരിഞ്ഞു തീർന്നു കാടിൻ്റെ മുകളിൽ ആകാശം ചത്തു കിടക്കുന്നു. അവന്‍റെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു.
"മുല പാതി മുറിഞ്ഞവൾ " എന്ന പ്രയോഗത്തിൽ കണ്ണകിയെന്ന ദ്രാവിഡ പുരാവൃത്തം സൂചിതമായിരിക്കുന്നു. പ്രകൃതിയുടെ മുലകളാണ് പർവ്വതങ്ങൾ. ആ പ്രകൃതിയാകുന്ന അമ്മയാകട്ടെ മുല പാതി മുറിഞ്ഞവളായി ആറ്റിന്റെ കരയിൽ ഇരിക്കുന്ന കാഴ്‌ച്ച കണ്ട് അയാൾ നടുങ്ങി. മനുഷ്യൻ്റെ പ്രകൃതിയുടെമേലുള്ള അധിനിവേശം മലകളെ തകർത്തു കളയുകയും ജലത്തിൻ്റെ സ്രോതസുകളെ വറ്റിച്ചു കളയുകയും ചെയ്തു. ഇതിനെയാണ് മുലപാതി മുറിഞ്ഞവളുടെ വിലാപമായി അവതരിപ്പിക്കുന്നത്.
വനം കാട്ടാളന്റെ ഭൂമികയാണ് . തൻ്റെ ജീവിത ഇടങ്ങളെ തച്ചുടച്ച ലോകത്തോടുള്ള അയാളുടെ വിലാപം ഒരു ചാട്ടുളിയായി ഉയർന്നു. അമ്പിനാൽ മുറിവേറ്റ കരിമ്പുലിയുടെ ഉഗ്രമായ അലർച്ച പോലെയായിരുന്നു അത്.
ഉള്ളിലെ സംഹാരഭാവം മുഴുവൻ പുറത്തെടുത്ത് മാമലകളും വൻമരങ്ങളും തകർത്തുവരുന്ന പ്രകൃതിയുടെ താണ്ഡവമായ ഉരുൾപൊട്ടൽപോലെ കാട്ടാളന്റെ ഉള്ളിലെ രോക്ഷവും പുറത്തേക്കൊഴുകി.നൊമ്പരങ്ങളെ ഉള്ളിലൊതുക്കിയ കാട്ടാളൻ്റെ മനോനില ഭ്രാന്തമായ അവസ്ഥയെ പ്രാപിക്കുന്നു. ശത്രുക്കളുടെ വേരിനെ അടപടലം തകർക്കാൻ അയാൾ ആഞ്ഞു. അലകടൽ എന്ന പ്രയോഗം കാട്ടാളന്റെ ശത്രു നിരയുടെ വൈപുല്യം സൂചിപ്പിക്കുന്നു.
ഒരു നിമിഷം അയാൾ മൗനിയായി വീണ്ടും തേങ്ങിക്കരഞ്ഞു. വീട് നഷ്ടപ്പെട്ടവന്റെ ഉള്ളുരുകുന്ന ചെയ്തികളാണ് കാട്ടാളനിൽ ഉണ്ടാവുന്നത്. ഒരേ സമയം വന്യമായി പോരാട്ടത്തിനിറങ്ങുകയും അതേ സമയം തന്റെ നഷ്ടങ്ങളോർത്ത് കരയുകയും ചെയ്യുന്നു.താൻ വളർന്ന ഇടവും വേണ്ടപ്പെട്ടവരും ഇല്ലാതായി എന്ന തിരിച്ചറിവാണ് കാട്ടാളന്റെ കോപത്തിനും പോർവിളിക്കും കാരണം.
സങ്കടപ്പെടുത്തുന്ന വേദനകൾക്കു നടുവിലിരിക്കുന്ന കാട്ടാളൻ ആശ്വാസംതേടി ആകാശത്തേക്ക് നോക്കി.തെളിനീരിനായി മഴക്കാറു നോക്കിനിൽക്കുന്ന വേഴാമ്പൽ പക്ഷി കണക്കെയായിരുന്നു അത്.
നൊമ്പരങ്ങൾക്ക് നടുവിൽ ആശ്രയം തേടി അച്ഛനിലേയ്ക്ക് കണ്ണയക്കുകയാണ് കാട്ടാളൻ.
കൊടുംതീയിൽ എരിഞ്ഞു തീർന്നുപോയ തന്റെ ആവാസവ്യവസ്ഥയെ ഓർത്ത് അയാൾ അത്യന്തം നൊമ്പരപ്പെടുന്നു. പ്രകൃതി പോലും മൗനം അവലംബിക്കുന്നു. ചത്തുപോയ പ്രകൃതിയിൽ സ്നേഹത്തിൻ്റെ ഒരു കണിക പോലും അവശേഷിച്ചിട്ടില്ല. നഷ്ടപ്പെട്ടുപോയ പിതൃസ്നേഹത്തെ ഓർത്ത് അയാൾ ഭ്രാന്തമായി അലറി
കത്തിയെരിഞ്ഞ കാടിനു മുക ൾഭാഗം കരിമേഘങ്ങൾ ചത്ത് വിഷക്കടലായി. അവിടെ കരിമരണം കാത്തിരിക്കുകയാണെന്ന് അയാൾക്ക് തോന്നി.
ജീവനറ്റ ശരീരമായ പിതാവിനെയാണ് കാട്ടാളൻ അവിടെ കാണുന്നത്.
ക്രൂരമായ പരിസ്ഥിതി ചൂഷണവും നാഗരികതയുടെ വേട്ടയാടലും തകർത്തുകളഞ്ഞ കീഴാള - ആദിവാസി -ഗ്രാമീണ ജനതയുടെ പ്രതീകമാണ് കാട്ടാളൻ. എല്ലാ അധികാര കേന്ദ്രങ്ങളും അടിയാളരായി കരുതപ്പെടുന്ന ഈ ജനതയുടെ ദൈന്യതയ്ക്കു നേരെ കണ്ണടക്കുന്നു. .
വനവും വന്യസമ്പത്തുകളും നിറഞ്ഞ പ്രകൃതിയായിരുന്നു അവൻ്റെ സ്വത്ത്. നഷ്ടപ്പെട്ടുപോയ അവയെ ഓർത്തുള്ള വിലാപങ്ങൾ ഉള്ളിൽ ഉയരുന്നു.
മാന്തോപ്പുകളുരുകും മണ്ണിലിരിക്കുന്നു , മാവും മാന്തോപ്പും കേരളിയ ഗ്രാമീണതയുടെ നഷ്ടപ്പെട്ട അടയാളങ്ങളാണ്.
ഇടിമിന്നലുപൂക്കും മാനത്ത് കിനാവുകൾ വിതച്ചവനാണ് കാട്ടാളൻ. ഇടിമിന്നലിന് കൂട്ടുവരുന്ന മൺസൂണുകൾ കാർഷിക സമൃദ്ധി നിറഞ്ഞ ഗ്രാമത്തിൻ്റെ ഐശ്വര്യമായിരുന്നു.കാർഷിക സംസ്കൃതിയുടെ മകനാണ് എന്ന് അഭിമാനം ഈ വരികളിൽ നിറഞ്ഞുനിൽക്കുന്നു.
നഷ്ടപ്പെട്ട പ്രകൃതിയിൽ തനിക്ക് സ്വന്തമായിരുന്ന എല്ലാറ്റിനെയും കാട്ടാളൻ ഓർത്തെടുക്കുകയാണ് പ്രകൃതി,ചെടികൾ, ചെറുജീവികൾ. എല്ലാം നശിച്ചു.കടന്നുവന്ന നാഗരികത എല്ലാം നശിപ്പിച്ചു. പ്രകൃതി നഷ്ടങ്ങളെ ഓരോന്നോരോന്നായി കാട്ടാളൻ ഓർത്തെടുക്കുന്നു.
തുളസിക്കാടുകൾ, ഈറൻ മുടി കോതിയ സന്ധ്യകൾ, പച്ചപ്പൈ ചാടി നടക്കും മുത്തങ്ങാപ്പുല്ലുകൾ,എന്നിങ്ങനെ കാട്ടാളന് നഷ്ടപ്പെട്ടവ ഒട്ടനവധിയാണ്.
കാടും കാടിൻ്റെ മക്കളുംപ്രകൃതിയും ഒത്തുചേർന്ന ജീവിത ആഘോഷങ്ങൾ . ആഘോഷങ്ങളുടെ നടുവിൽ നിന്നും എല്ലാ ബന്ധങ്ങളും പിഴുതെടുക്കപ്പെട്ടു. കരുത്തും കാന്തിയുമുൾച്ചേർന്ന കാട്ടുജീവിതത്തിന്റെ ആനന്ദങ്ങൾ കാട്ടാളന്റെ മനസ്സിലൂടെ മിന്നിമറയു
കാട്ടിലെ സ്വത്തുമാത്രമല്ല സ്വന്തം കുടുംബവും നഷ്ടപ്പെട്ട അതിതീവ്രനൊമ്പരങ്ങൾ കാട്ടാളനെ മഥിക്കുന്നു.
ന്നു.
ആദ്യം നഷ്ടദുഃഖങ്ങളിലേക്ക് ഓടിയെത്തുന്നത് തൻ്റെ പ്രിയതമയാണ്. ചോലമരത്തിൻ്റെ ചുവട്ടിൽ കൺപീലിക്കാട് വിടർത്തി,ഉടലിളകി അരക്കെട്ടിളകി, മുലയിളക്കി കാർമുടിചിതറി നൃത്തംചെയ്ത കാടത്തികൾ. തനിക്ക് നഷ്ടപ്പെട്ട അവരെവിടെ എന്ന് ഉള്ളുതുറന്നു ചോദിക്കുന്നു.
ഗോത്ര സമൂഹത്തിൻ്റെ ആചാരങ്ങളും ആഘോഷങ്ങളും നൃത്തങ്ങളും എല്ലാം നിറഞ്ഞ സുന്ദരമായ ഒരു കുടുംബജീവിതം അവർക്കുണ്ടായിരുന്നു.പാട്ടും നൃത്തവും ലഹരിയും ഇടകലർന്ന ഗോത്രജീവിതം. ആനന്ദങ്ങളില്ലാതായി, സുഭിക്ഷത തന്ന കാട് നഷ്ടപ്പെട്ടു, താളംകൊട്ടി തലയാട്ടിയ തനിക്ക് തന്നെത്തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.
കാടിന്റെയും വീടിന്റെയും കാവൽക്കാരനായ കാട്ടാളന് കാടും വീടും വീട്ടുകാരും മാത്രമല്ല ഒടുവിൽ തന്നെയും നഷ്ടപ്പെട്ടിക്കുന്നുവെന്ന സ്വത്വദുഃഖം അയാളെ അലട്ടുന്നു.
സങ്കടത്തിന്റെ നടുവിൽ പേർത്തും പേർത്തും ചോദ്യശരങ്ങൾ എയ്യുന്ന കാട്ടാളൻ തുടർന്ന് മക്കളെ തിരയുന്നു
തേൻകൂടു നിറക്കാൻ പോയ തന്റെ ആൺകുട്ടികളെവിടെ ?

പൂക്കൂട നിറക്കാൻ പോയ പെൺപൈതങ്ങളെവിടെ?
അമ്മിഞ്ഞ നുണഞ്ഞിരുന്ന കുരുന്നു കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു. ഗോത്ര വംശത്തെ നിലനിർത്തേണ്ട മക്കൾ ഇല്ലാതായി.വനം,ഭാര്യ , മക്കൾ എല്ലാം നഷ്ടപ്പെട്ടു. ഗോത്രത്തിന്റെ പിന്തുടർച്ചയാകേണ്ട പുതുതലമുറ വനത്തിൽ എരിഞ്ഞടങ്ങി.തീവ്രദുഃഖത്തിൻ്റെ നടുവിലാണ് ഈ ചോദ്യങ്ങൾ ഉയരുന്നത് .
കുരുന്നുകളുടെ തളിരെല്ലുകൾ കത്തിയ മണം നാഡികളിൽ വന്നു നിറയുന്നു. വർണ്ണാഭമായ പൂക്കൾ ഉരുകി ഒലിച്ചതുപോലെ പ്രതീക്ഷയുടെ പൂമൊട്ടുകളായിരുന്ന തങ്ങളുടെ കുരുന്നുകൾ കാട്ടുതീയിൽ ഉരുകിയതിന്റെ നിറമാണോ ദിക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് എന്ന് ഹൃദയംപൊട്ടി കാട്ടാളൻ ചോദിക്കുന്നു.
'കുറത്തി ' എന്ന കവിതയിലും ഉയരുന്നത് സമാന ചോദ്യമാണ് ഉയരുന്നത്" നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ? നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴ്ന്നെടുക്കുന്നോ? നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ? നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്. ഇതേ തീവ്രവികാരങ്ങളാണ് ഇവിടെയും ചോദ്യമാകുന്നത്.പാവങ്ങളെ അടിമകളാക്കുകയും വേട്ടയാടുകയും ചെയ്യുന്ന നഗര സംസ്കാരത്തിനെയാണ് കവി ചോദ്യം ചെയ്യുന്നത്.
വരും തലമുറയെ ഇല്ലായ്മ ചെയ്ത പാതകികളോടുള്ള കാട്ടാളന്റെ രോക്ഷാഗ്നി കണ്ണീരായി അടർന്നു വീണു.ഈറ്റപ്പുലി മുരളും കണ്ണിൽ ഊറിയടർന്ന തീത്തുള്ളിയുമായി കരളിൽ നുറുങ്ങിയ നട്ടെല്ല് നിവർത്തിയെഴുന്നേൽക്കുന്ന കാട്ടാളന്റെ പടപ്പുറപ്പാടിന്റെ വർണ്ണന വാക്കുകളുടെ ഇറുക്കവും മുറുക്കവും ശക്തിയും സൗന്ദര്യവുമെല്ലാം ഒത്തുചേർന്ന വരികളിലൂടെയാണ് കടമ്മനിട്ട ഉരുക്കി വാർക്കുന്നത്.
ചുരമാന്തിയ കരുത്തിൽ തിരമാലകളെ പോലെ അയാൾ ചീറിയലച്ചു. പ്രാചീനമായ ഗോത്ര ആയുധംമായ മഴു കയ്യിലെടുത്തു. വേട്ടക്കാരുടെ കൈകൾ ഞാൻ വെട്ടും, മല തീണ്ടി അശുദ്ധം ചെയ്തവരുടെ കബന്ധങ്ങൾ ആറ്റിലൊഴുക്കും, മരമൊക്കെ അരിഞ്ഞവരുടെ കുലമെല്ലാം മുടിക്കും,അവരുടെ കുടൽമാലകൾ കൊണ്ട് നിറമാലകൾ തൂക്കും കുരൽ ഊരിയെടുത്ത് യുദ്ധകാഹളം മുഴക്കും, അവരുടെ പ്രാണഞരമ്പുകൾ പിരിച്ച് കുലവില്ലിന് ഞാണേറ്റും. തങ്ങളുടെ കുലംമുടിപ്പിച്ചവരുടെ കുലവും മുച്ചൂടുംമുടിപ്പിക്കുമെന്ന ശക്തമായ താക്കീതാണ് ഈ വരികളിൽ. കൽമഴു ഏന്തിയ പരശുരാമന്റെയും മാറുപിളർന്ന് തലമുടി കെട്ടാൻ ഉഗ്രശപഥം ചെയ്ത പാഞ്ചാലിയുടെയും പ്രതികാരം ഇവിടെയുണ്ട്.
കൽമഴുവോങ്ങി തലയറുക്കാനും കുടൽമാലകൊണ്ടു നിറമാല തൂക്കാനുമിറങ്ങിയ കാട്ടാളൻ സായുധ കലാപത്തിനാഹ്വാനം ചെയ്യുന്നുവെന്നും, കിരാതവൃത്തം നക്സൽ കവിതയാണ് എന്നും വിമർശനം ഉണ്ടായി.
എന്നാൽ കടുത്ത നിരാശയുടെ നടുവിലും കാട്ടാളൻ പ്രത്യാശയുടെ പൊൻപുലരിയെ സ്വപ്നം കാണുന്നു. പ്രതീക്ഷയുടെ പൊരി പെരുമഴയായി പെയ്തിറങ്ങും, കരിഞ്ഞുണങ്ങിയ വനത്തിൽ പുതുനാമ്പുകൾ പൊട്ടി വിടരും, പൊടി വേരുകൾ പടരും ,വനഭംഗി പഴയ കരുത്ത് ആർജ്ജിക്കും. പ്രത്യാശയുടെ കിരണം ഉദിച്ചു നിൽക്കുന്ന പൊൻപുലരിയെ കാട്ടാളൻ മനസ്സിൽ കാണുന്നു.

നാശത്തിന്റെ നടുവിൽ നിന്ന് വനം ഒന്നാകെ പുതുമോടി നിറയും വനഭംഗി തിരികെ വരും കരിമേഘം മൂടിനിന്ന മാനത്ത് പുതു സൂര്യൻ തെളിയും പിന്നാലെ ആശയുടെയും കാല്പനികതയും അടയാളമായ അമ്പിളി മാനത്ത് ഉയരും.പ്രകൃതിയും പ്രകൃതിശക്തികളും ഉണർന്ന് ഊർജ്ജസ്വലമായി നിൽക്കുന്ന ആ മണ്ണിൽ നിന്നുകൊണ്ട് ഉറക്കെച്ചിരിക്കുന്ന കാട്ടാളൻ ശുഭപ്രതീക്ഷയുടെ നാളെയെപ്പറ്റി പ്രത്യാശഭരിതനാണ്. ഭാവിയെപ്പറ്റി ശുഭപ്രതീക്ഷയുള്ളവനാണെങ്കിലും വർത്തമാന അവസ്ഥകളുടെ പരിതോവസ്ഥകളിൽ നൊന്തുനിൽക്കുന്ന കാട്ടാളന്റെ നെഞ്ചെരിയിക്കുന്ന വേദനകളെ ഒരിക്കൽക്കൂടി നോക്കി കണ്ടുകൊണ്ടാണ് കവിത അവസാനിക്കുന്നത്. നീറായവനത്തിൻ നടുവിൽ നിൽപ്പു കാട്ടാളൻ നെഞ്ചത്തൊരു പന്തം കുത്തി... ഇപ്പോഴും പഴയ അവസ്ഥകൾക്ക് നടുവിൽ തന്നെയാണ് അയാൾ നിൽക്കുന്നത്.
കൊലചെയ്യപ്പെട്ട കൂട്ടരും കാട്ടുതീ എരിയിച്ച കാടും , വറ്റിയ പുഴയും തകർക്കപ്പെട്ട മലകളും എല്ലാം നിറഞ്ഞ നൊമ്പരപ്പെട്ട വർത്തമാന അവസ്ഥകൾ അയാളെ ചൂഴ്ന്നു നിൽക്കുന്നു. വേദന കനംവെച്ചു നിൽക്കുന്നു ഭാവി പ്രതീക്ഷകൾക്ക് നടുവിലാണ് അയാൾ കാലൂന്നി നിൽക്കുന്നത്.
രൗദ്രം, കരുണം, വീരം രസങ്ങളുടെ അഴകാർന്ന ആവിഷ്കാരം 'കിരാതവൃത്ത'ത്തിലുണ്ട് . കാട്ടാളന്റെ ഉള്ളിൽ മിന്നി മറയുന്ന ഭാവങ്ങൾ ഓരോന്നും വാക്കുകളിൽ ചമയ്ക്കാൻ കഴിയുന്നതാണ് കടമ്മനിട്ടയുടെ കാവ്യക്കരുത്ത്. പുരാവൃത്തങ്ങളുടെ അകമ്പടിയിൽ നാടോടി കലകളുടെ മേളത്തിൽ നാടൻ പാട്ടുകളുടെ താളത്തിൽ കാടിൻ്റെ മനുഷ്യരുടെ സങ്കടങ്ങൾ കടമ്മനിട്ട കവിതയിലാക്കി.
ഈ ആധുനിക കാലത്തും അധിനിവേശനത്തിന്റെപേരിൽ വീടു നഷ്ടപ്പെട്ടവരുടെയും കുടിയിറക്കപ്പെട്ടവരുടെയും വേട്ടയാടപ്പെടുന്നവരുടെയും വംശഹത്യക്ക് വിധേയരാക്കപ്പെടുന്നവരുടെയും കഥതന്നെയാണ് കിരാത വൃത്തത്തിൽ ഉറക്കെപ്പാടുന്നത്. കാട്ടാളന്റെയല്ല കവിയുടെ ആത്മരോഷങ്ങളാണ് കവിതയായി പാടുന്നത്.
ആസ്വാദനം; ഡോ. മനോജ് ജെ. പാലക്കുടി