2025, സെപ്റ്റംബർ 27, ശനിയാഴ്‌ച

കിരാതവൃത്തം

            കിരാതവൃത്തം

                                                                                                                    കവിതക്കുറിപ്പ് 

                                  കവി ; കടമ്മനിട്ട രാമകൃഷ്ണൻ


മലയാള കവിതയെ ഏറെ ജനപ്രിയമാക്കിയ ആധുനിക കവികളിൽ പ്രധാനിയാണ് കടമ്മനിട്ട രാമകൃഷ്ണൻ. 'ചൊൽക്കാഴ്ച' എന്ന കവിതാവതരണ പരിപാടിയിലൂടെ ജനമനസ്സുകളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു.1935- ൽ പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിൽ ജനിച്ചു.  പടയണി പാട്ടുകളും പടയണി താളങ്ങളും കടമ്മനിട്ടയുടെ കവിതയുടെ സൗന്ദര്യാത്മകവും വൈകാരികവുമായ ഭാവങ്ങളാണ്.മലയാള കവിതയിൽ നാടോടി കലകളുടെ താളലയങ്ങൾ കൂട്ടിച്ചേർത്ത് നവീന ഭാവതലം സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. നാടോടി സംസ്കാരത്തിൻ്റെ ആത്മാവിലാണ്  കാവ്യമനസ്സിനെ കവി പ്രതിഷ്ഠിച്ചിരിക്കുന്നത്. 


ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾത്തന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയിച്ചു. വൃത്തങ്ങളുടെ സാങ്കേതിക ചട്ടക്കൂടിൽ നിന്നും കവിതയെ മോചിപ്പിച്ച് ജനകീയ കലാരൂപങ്ങളിലെ നാടൻ താളങ്ങളിൽ അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. പദസൗന്ദര്യവും നാടോടിതാളവും ശബ്ദവൈഭവവും ആശയ ഗാംഭീര്യവും കാവ്യബിംബങ്ങളിലെ വീര്യവും എല്ലാം കൂടിക്കലർന്ന വ്യത്യസ്തവും നവീനമായ ഭാവുകത്വത്തിലാണ് കടമ്മനിട്ട കവിതകൾ നിലകൊള്ളുന്നത്.ആധുനിക മലയാളകവിതയ്ക്ക് ദ്രാവിഡ പാരമ്പര്യത്തിനിണങ്ങുന്ന രൂപഭംഗി നൽകുന്നതിൽ  കടമ്മനിട്ടയോളം ആർക്കും കഴിഞ്ഞിട്ടില്ല . നാടോടി സംസ്‌കാരത്തെ അതിൻ്റെ പൂർണതയിൽ അദ്ദേഹം മലയാള കവിതയിൽ പ്രയോജനപ്പെടുത്തി. കടിഞ്ഞൂൽപൊട്ടൻ, മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു, മിശ്രതാളം, കാട്ടാളൻ, കുറത്തി, ശാന്ത, കിരാതവൃത്തം, ഒരുപാട്ട് , നദിയൊഴുകുന്നു ഇങ്ങനെ  കടമ്മനിട്ടത്തനിമ നിറഞ്ഞ ഒരു കാവ്യപ്രപഞ്ചം തന്നെയുണ്ട്.ഒരു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

കവിത വ്യാഖ്യാനം

പ്രകൃതിയുടെ മേൽ അധിനിവേശം നടത്തുന്ന നാഗരിക സംസ്‌കൃതിയോടുള്ള വെല്ലുവിളിയാണ് 'കിരാതവൃത്തം' എന്ന കവിത. വെന്തുവെണ്ണീറായി നിൽക്കുന്ന കാടിൻ്റെ നടുവിൽ രോക്ഷാകുലനായി നിൽക്കുന്ന കാട്ടാളനാണ് കവിതയിലെ നായകൻ. 

തൻ്റെ ആവാസവ്യവസ്ഥയെ തകർത്തെറിഞ്ഞ നാഗരിക ജനതയോടുള്ള രോക്ഷം അയാളിൽ കത്തിനിൽക്കുന്നു. കാടിനോടും കാട്ടുമക്കളോടും കാണിക്കുന്ന ക്രൂരതകളെ എതിരിടുവാൻ ആത്മരോക്ഷത്തോടെ നിൽക്കുന്ന കാട്ടാളൻ ഉഗ്രഭാവം  പൂണ്ടുനിൽക്കുന്നു.രൗദ്രഭാവവുമായ് നിൽക്കുന്ന ഒരു കാട്ടാളനെ വർണ്ണിച്ചു കൊണ്ടാണ് കവിത ആരംഭിക്കുന്നത്.


പ്രകൃതിയുമായി ബന്ധപ്പെട്ട ബിംബ കല്പനകളിലൂടെ കാട്ടാളന്റെ നെഞ്ചെരിയിക്കുന്ന തീവ്ര വേദനകളിലേക്ക് കവി നമ്മെ ആനയിക്കുന്നു.പരിസര വർണ്ണനയിലൂടെ കാട്ടാളന്റെ രോഷത്തിന് കാരണമെന്തെന്ന് കവി വ്യക്തമാക്കുന്നു .

ചുട്ടു ചാമ്പലായ വനത്തിന് നടുവിലാണ് കാട്ടാളൻ നിൽക്കുന്നത് ,

തൻ്റെ ആവാസവ്യവസ്ഥ തകർത്തവരോടുള്ള പ്രതികാരമാണ് കാട്ടാളന്റെ കണ്ണുകളിൽ ഉള്ളത്.


കാട്ടാളന്റെ കണ്ണിൽ പെറ്റു കിടക്കുന്ന ഈറ്റപ്പുലിയുടെ ക്രൗര്യം ജ്വലിച്ചു നിൽക്കുന്നു.മുന്നിൽ നിൽക്കുന്ന ശത്രുവിനോടുള്ള പ്രതികാരവും സ്വന്തം കുഞ്ഞിനോടുള്ള വാത്സല്യവും ഒരേസമയം ആ കണ്ണുകളിൽകാണാം. 

വാത്സല്യത്തിന്റെ വന്യമായ മാതൃബിംബമാണ് ഈറ്റപ്പുലി. കുഞ്ഞിൻ്റെ സംരക്ഷണത്തെ പറ്റിയുള്ള ചിന്തയാണ്   രോഷത്തിനു കാരണം. കാടിൻ്റെ സ്വത്തിനെ സംരക്ഷിക്കാനാണ് കാട്ടാളനും രോഷാകുലനാകുന്നത്. 


കരിമൂർഖൻ കൊത്തുവാനാഞ്ഞ് വാലിൽ ഉയർന്ന് നിൽക്കുന്നു.  മൂർഖന്റെ ശൗര്യത്തോടെ  കാട്ടാളനും പ്രതികാരദാഹിയായ് വെമ്പിനിൽക്കുകയാണ്..പടയണിയിലെ ഭൈരവിക്കോലത്തിൻ്റെ രൂപം കാട്ടാളനിൽ കവി ചേർത്തു വച്ചിരിക്കുന്നു.



ഭൈരവിക്കോലത്തെപ്പോലെ നെഞ്ചത്ത് പന്തം കുത്തിയാണ് കാട്ടാളൻ നിൽക്കുന്നത്. നെഞ്ചത്ത് കുത്തിനിർത്തിയിരിക്കുന്ന പന്തം അയാളുടെ ഉള്ളിൽ കത്തുന്ന രോക്ഷാഗ്നിയാണ്.


പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കാട്ടാളനെ പ്രകൃതി പുത്രനായി അവതരിപ്പിക്കുകയാണ് തുടർന്നുവരുന്ന വരികൾ.വിശാലമായ ആകാശത്തെ അച്ഛനായും തീകത്തിയാളുന്ന മലയോരത്തെ അമ്മയായും വർണ്ണിച്ചിരിക്കുന്നു. വാനം അച്ഛനും  മണ്ണ് അമ്മയുമായ പ്രകൃതിയുടെ മകനാണ് കാട്ടാളൻ.  തീ കൊണ്ട് വനം എരിഞ്ഞു തീർന്നു കാടിൻ്റെ മുകളിൽ ആകാശം ചത്തു കിടക്കുന്നു. അവന്‍റെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു.

"മുല പാതി മുറിഞ്ഞവൾ " എന്ന പ്രയോഗത്തിൽ കണ്ണകിയെന്ന ദ്രാവിഡ പുരാവൃത്തം സൂചിതമായിരിക്കുന്നു. പ്രകൃതിയുടെ മുലകളാണ് പർവ്വതങ്ങൾ. ആ പ്രകൃതിയാകുന്ന അമ്മയാകട്ടെ മുല പാതി മുറിഞ്ഞവളായി ആറ്റിന്റെ കരയിൽ ഇരിക്കുന്ന കാഴ്‌ച്ച കണ്ട് അയാൾ നടുങ്ങി. മനുഷ്യൻ്റെ പ്രകൃതിയുടെമേലുള്ള അധിനിവേശം മലകളെ തകർത്തു കളയുകയും ജലത്തിൻ്റെ സ്രോതസുകളെ വറ്റിച്ചു കളയുകയും ചെയ്തു. ഇതിനെയാണ് മുലപാതി മുറിഞ്ഞവളുടെ വിലാപമായി അവതരിപ്പിക്കുന്നത്.


വനം കാട്ടാളന്റെ ഭൂമികയാണ് . തൻ്റെ ജീവിത ഇടങ്ങളെ തച്ചുടച്ച ലോകത്തോടുള്ള അയാളുടെ വിലാപം ഒരു ചാട്ടുളിയായി ഉയർന്നു. അമ്പിനാൽ മുറിവേറ്റ കരിമ്പുലിയുടെ ഉഗ്രമായ അലർച്ച പോലെയായിരുന്നു അത്. 

ഉള്ളിലെ സംഹാരഭാവം മുഴുവൻ പുറത്തെടുത്ത് മാമലകളും വൻമരങ്ങളും തകർത്തുവരുന്ന പ്രകൃതിയുടെ താണ്ഡവമായ ഉരുൾപൊട്ടൽപോലെ കാട്ടാളന്റെ ഉള്ളിലെ രോക്ഷവും പുറത്തേക്കൊഴുകി.നൊമ്പരങ്ങളെ ഉള്ളിലൊതുക്കിയ കാട്ടാളൻ്റെ മനോനില ഭ്രാന്തമായ അവസ്ഥയെ പ്രാപിക്കുന്നു. ശത്രുക്കളുടെ വേരിനെ അടപടലം തകർക്കാൻ അയാൾ ആഞ്ഞു. അലകടൽ എന്ന പ്രയോഗം കാട്ടാളന്റെ ശത്രു നിരയുടെ വൈപുല്യം സൂചിപ്പിക്കുന്നു.

ഒരു നിമിഷം  അയാൾ മൗനിയായി വീണ്ടും തേങ്ങിക്കരഞ്ഞു. വീട് നഷ്ടപ്പെട്ടവന്റെ ഉള്ളുരുകുന്ന ചെയ്തികളാണ് കാട്ടാളനിൽ ഉണ്ടാവുന്നത്. ഒരേ സമയം വന്യമായി പോരാട്ടത്തിനിറങ്ങുകയും അതേ സമയം തന്റെ നഷ്ടങ്ങളോർത്ത് കരയുകയും ചെയ്യുന്നു.താൻ വളർന്ന ഇടവും വേണ്ടപ്പെട്ടവരും  ഇല്ലാതായി എന്ന തിരിച്ചറിവാണ് കാട്ടാളന്റെ കോപത്തിനും പോർവിളിക്കും കാരണം.


സങ്കടപ്പെടുത്തുന്ന വേദനകൾക്കു നടുവിലിരിക്കുന്ന കാട്ടാളൻ ആശ്വാസംതേടി ആകാശത്തേക്ക് നോക്കി.തെളിനീരിനായി മഴക്കാറു നോക്കിനിൽക്കുന്ന വേഴാമ്പൽ പക്ഷി കണക്കെയായിരുന്നു അത്.

നൊമ്പരങ്ങൾക്ക് നടുവിൽ ആശ്രയം തേടി  അച്ഛനിലേയ്ക്ക് കണ്ണയക്കുകയാണ് കാട്ടാളൻ.

   കൊടുംതീയിൽ   എരിഞ്ഞു തീർന്നുപോയ തന്റെ ആവാസവ്യവസ്ഥയെ ഓർത്ത് അയാൾ അത്യന്തം നൊമ്പരപ്പെടുന്നു.  പ്രകൃതി പോലും മൗനം അവലംബിക്കുന്നു. ചത്തുപോയ പ്രകൃതിയിൽ സ്നേഹത്തിൻ്റെ ഒരു കണിക പോലും അവശേഷിച്ചിട്ടില്ല. നഷ്ടപ്പെട്ടുപോയ പിതൃസ്നേഹത്തെ ഓർത്ത് അയാൾ ഭ്രാന്തമായി അലറി

കത്തിയെരിഞ്ഞ കാടിനു മുക ൾഭാഗം കരിമേഘങ്ങൾ ചത്ത് വിഷക്കടലായി. 

 അവിടെ കരിമരണം കാത്തിരിക്കുകയാണെന്ന് അയാൾക്ക് തോന്നി.

ജീവനറ്റ ശരീരമായ പിതാവിനെയാണ് കാട്ടാളൻ അവിടെ കാണുന്നത്.

ക്രൂരമായ പരിസ്ഥിതി ചൂഷണവും നാഗരികതയുടെ വേട്ടയാടലും തകർത്തുകളഞ്ഞ കീഴാള - ആദിവാസി -ഗ്രാമീണ  ജനതയുടെ പ്രതീകമാണ് കാട്ടാളൻ. എല്ലാ അധികാര കേന്ദ്രങ്ങളും അടിയാളരായി കരുതപ്പെടുന്ന ഈ ജനതയുടെ ദൈന്യതയ്ക്കു നേരെ കണ്ണടക്കുന്നു. .

വനവും വന്യസമ്പത്തുകളും നിറഞ്ഞ പ്രകൃതിയായിരുന്നു അവൻ്റെ സ്വത്ത്. നഷ്ടപ്പെട്ടുപോയ അവയെ ഓർത്തുള്ള വിലാപങ്ങൾ ഉള്ളിൽ ഉയരുന്നു.

 മാന്തോപ്പുകളുരുകും മണ്ണിലിരിക്കുന്നു , മാവും മാന്തോപ്പും   കേരളിയ ഗ്രാമീണതയുടെ നഷ്ടപ്പെട്ട അടയാളങ്ങളാണ്.

ഇടിമിന്നലുപൂക്കും മാനത്ത് കിനാവുകൾ വിതച്ചവനാണ് കാട്ടാളൻ. ഇടിമിന്നലിന് കൂട്ടുവരുന്ന മൺസൂണുകൾ കാർഷിക സമൃദ്ധി നിറഞ്ഞ ഗ്രാമത്തിൻ്റെ ഐശ്വര്യമായിരുന്നു.കാർഷിക സംസ്കൃതിയുടെ മകനാണ് എന്ന് അഭിമാനം ഈ വരികളിൽ നിറഞ്ഞുനിൽക്കുന്നു.


നഷ്ടപ്പെട്ട പ്രകൃതിയിൽ തനിക്ക് സ്വന്തമായിരുന്ന എല്ലാറ്റിനെയും കാട്ടാളൻ ഓർത്തെടുക്കുകയാണ് പ്രകൃതി,ചെടികൾ, ചെറുജീവികൾ. എല്ലാം നശിച്ചു.കടന്നുവന്ന നാഗരികത എല്ലാം നശിപ്പിച്ചു. പ്രകൃതി നഷ്ടങ്ങളെ ഓരോന്നോരോന്നായി കാട്ടാളൻ ഓർത്തെടുക്കുന്നു.

തുളസിക്കാടുകൾ, ഈറൻ മുടി കോതിയ സന്ധ്യകൾ, പച്ചപ്പൈ ചാടി നടക്കും മുത്തങ്ങാപ്പുല്ലുകൾ,എന്നിങ്ങനെ കാട്ടാളന് നഷ്ടപ്പെട്ടവ ഒട്ടനവധിയാണ്.

കാടും കാടിൻ്റെ മക്കളുംപ്രകൃതിയും ഒത്തുചേർന്ന ജീവിത ആഘോഷങ്ങൾ . ആഘോഷങ്ങളുടെ നടുവിൽ നിന്നും എല്ലാ ബന്ധങ്ങളും പിഴുതെടുക്കപ്പെട്ടു. കരുത്തും കാന്തിയുമുൾച്ചേർന്ന കാട്ടുജീവിതത്തിന്റെ ആനന്ദങ്ങൾ കാട്ടാളന്റെ മനസ്സിലൂടെ മിന്നിമറയു

കാട്ടിലെ സ്വത്തുമാത്രമല്ല  സ്വന്തം കുടുംബവും നഷ്ടപ്പെട്ട അതിതീവ്രനൊമ്പരങ്ങൾ കാട്ടാളനെ മഥിക്കുന്നു.

ന്നു.


ആദ്യം നഷ്ടദുഃഖങ്ങളിലേക്ക് ഓടിയെത്തുന്നത് തൻ്റെ പ്രിയതമയാണ്. ചോലമരത്തിൻ്റെ ചുവട്ടിൽ കൺപീലിക്കാട് വിടർത്തി,ഉടലിളകി അരക്കെട്ടിളകി, മുലയിളക്കി കാർമുടിചിതറി നൃത്തംചെയ്ത കാടത്തികൾ. തനിക്ക് നഷ്ടപ്പെട്ട അവരെവിടെ എന്ന് ഉള്ളുതുറന്നു ചോദിക്കുന്നു.

ഗോത്ര സമൂഹത്തിൻ്റെ ആചാരങ്ങളും ആഘോഷങ്ങളും നൃത്തങ്ങളും എല്ലാം നിറഞ്ഞ സുന്ദരമായ ഒരു കുടുംബജീവിതം അവർക്കുണ്ടായിരുന്നു.പാട്ടും നൃത്തവും ലഹരിയും ഇടകലർന്ന ഗോത്രജീവിതം. ആനന്ദങ്ങളില്ലാതായി, സുഭിക്ഷത തന്ന കാട് നഷ്ടപ്പെട്ടു, താളംകൊട്ടി തലയാട്ടിയ തനിക്ക് തന്നെത്തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.

കാടിന്റെയും വീടിന്റെയും കാവൽക്കാരനായ കാട്ടാളന് കാടും വീടും വീട്ടുകാരും മാത്രമല്ല ഒടുവിൽ തന്നെയും നഷ്ടപ്പെട്ടിക്കുന്നുവെന്ന സ്വത്വദുഃഖം അയാളെ അലട്ടുന്നു.


സങ്കടത്തിന്റെ നടുവിൽ പേർത്തും പേർത്തും ചോദ്യശരങ്ങൾ എയ്യുന്ന  കാട്ടാളൻ തുടർന്ന്  മക്കളെ തിരയുന്നു

തേൻകൂടു നിറക്കാൻ പോയ  തന്റെ ആൺകുട്ടികളെവിടെ ?


പൂക്കൂട നിറക്കാൻ പോയ പെൺപൈതങ്ങളെവിടെ?

അമ്മിഞ്ഞ നുണഞ്ഞിരുന്ന കുരുന്നു കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു. ഗോത്ര  വംശത്തെ നിലനിർത്തേണ്ട മക്കൾ ഇല്ലാതായി.വനം,ഭാര്യ , മക്കൾ എല്ലാം നഷ്ടപ്പെട്ടു. ഗോത്രത്തിന്റെ പിന്തുടർച്ചയാകേണ്ട പുതുതലമുറ വനത്തിൽ എരിഞ്ഞടങ്ങി.തീവ്രദുഃഖത്തിൻ്റെ നടുവിലാണ് ഈ ചോദ്യങ്ങൾ ഉയരുന്നത് .

കുരുന്നുകളുടെ തളിരെല്ലുകൾ കത്തിയ മണം നാഡികളിൽ വന്നു നിറയുന്നു.  വർണ്ണാഭമായ പൂക്കൾ ഉരുകി ഒലിച്ചതുപോലെ പ്രതീക്ഷയുടെ പൂമൊട്ടുകളായിരുന്ന തങ്ങളുടെ കുരുന്നുകൾ കാട്ടുതീയിൽ ഉരുകിയതിന്റെ നിറമാണോ ദിക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് എന്ന് ഹൃദയംപൊട്ടി കാട്ടാളൻ ചോദിക്കുന്നു.

'കുറത്തി ' എന്ന കവിതയിലും ഉയരുന്നത് സമാന ചോദ്യമാണ് ഉയരുന്നത്" നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ? നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴ്ന്നെടുക്കുന്നോ? നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ? നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.  ഇതേ  തീവ്രവികാരങ്ങളാണ് ഇവിടെയും ചോദ്യമാകുന്നത്.പാവങ്ങളെ അടിമകളാക്കുകയും വേട്ടയാടുകയും ചെയ്യുന്ന നഗര സംസ്കാരത്തിനെയാണ് കവി ചോദ്യം ചെയ്യുന്നത്.

വരും തലമുറയെ ഇല്ലായ്മ ചെയ്ത പാതകികളോടുള്ള കാട്ടാളന്റെ രോക്ഷാഗ്നി കണ്ണീരായി അടർന്നു വീണു.ഈറ്റപ്പുലി മുരളും കണ്ണിൽ ഊറിയടർന്ന തീത്തുള്ളിയുമായി കരളിൽ നുറുങ്ങിയ നട്ടെല്ല് നിവർത്തിയെഴുന്നേൽക്കുന്ന കാട്ടാളന്റെ   പടപ്പുറപ്പാടിന്റെ വർണ്ണന വാക്കുകളുടെ ഇറുക്കവും മുറുക്കവും ശക്തിയും സൗന്ദര്യവുമെല്ലാം ഒത്തുചേർന്ന വരികളിലൂടെയാണ് കടമ്മനിട്ട ഉരുക്കി വാർക്കുന്നത്.

ചുരമാന്തിയ കരുത്തിൽ തിരമാലകളെ പോലെ അയാൾ ചീറിയലച്ചു. പ്രാചീനമായ ഗോത്ര ആയുധംമായ മഴു കയ്യിലെടുത്തു. വേട്ടക്കാരുടെ കൈകൾ ഞാൻ വെട്ടും, മല തീണ്ടി അശുദ്ധം ചെയ്തവരുടെ കബന്ധങ്ങൾ ആറ്റിലൊഴുക്കും, മരമൊക്കെ അരിഞ്ഞവരുടെ കുലമെല്ലാം മുടിക്കും,അവരുടെ കുടൽമാലകൾ കൊണ്ട് നിറമാലകൾ തൂക്കും കുരൽ ഊരിയെടുത്ത് യുദ്ധകാഹളം മുഴക്കും, അവരുടെ പ്രാണഞരമ്പുകൾ പിരിച്ച് കുലവില്ലിന് ഞാണേറ്റും.  തങ്ങളുടെ കുലംമുടിപ്പിച്ചവരുടെ കുലവും മുച്ചൂടുംമുടിപ്പിക്കുമെന്ന ശക്തമായ താക്കീതാണ് ഈ വരികളിൽ. കൽമഴു ഏന്തിയ പരശുരാമന്റെയും മാറുപിളർന്ന് തലമുടി കെട്ടാൻ ഉഗ്രശപഥം ചെയ്ത പാഞ്ചാലിയുടെയും പ്രതികാരം ഇവിടെയുണ്ട്.

കൽമഴുവോങ്ങി തലയറുക്കാനും കുടൽമാലകൊണ്ടു നിറമാല തൂക്കാനുമിറങ്ങിയ കാട്ടാളൻ  സായുധ കലാപത്തിനാഹ്വാനം ചെയ്യുന്നുവെന്നും, കിരാതവൃത്തം നക്സൽ കവിതയാണ് എന്നും വിമർശനം ഉണ്ടായി.

എന്നാൽ കടുത്ത നിരാശയുടെ നടുവിലും കാട്ടാളൻ പ്രത്യാശയുടെ പൊൻപുലരിയെ  സ്വപ്നം കാണുന്നു. പ്രതീക്ഷയുടെ പൊരി  പെരുമഴയായി പെയ്തിറങ്ങും, കരിഞ്ഞുണങ്ങിയ വനത്തിൽ പുതുനാമ്പുകൾ പൊട്ടി വിടരും, പൊടി വേരുകൾ പടരും ,വനഭംഗി പഴയ കരുത്ത് ആർജ്ജിക്കും. പ്രത്യാശയുടെ കിരണം ഉദിച്ചു നിൽക്കുന്ന പൊൻപുലരിയെ കാട്ടാളൻ മനസ്സിൽ കാണുന്നു.

 




നാശത്തിന്റെ നടുവിൽ നിന്ന് വനം ഒന്നാകെ പുതുമോടി നിറയും വനഭംഗി തിരികെ വരും കരിമേഘം മൂടിനിന്ന മാനത്ത് പുതു സൂര്യൻ തെളിയും പിന്നാലെ ആശയുടെയും കാല്പനികതയും അടയാളമായ അമ്പിളി മാനത്ത് ഉയരും.പ്രകൃതിയും പ്രകൃതിശക്തികളും ഉണർന്ന് ഊർജ്ജസ്വലമായി നിൽക്കുന്ന ആ മണ്ണിൽ നിന്നുകൊണ്ട് ഉറക്കെച്ചിരിക്കുന്ന കാട്ടാളൻ ശുഭപ്രതീക്ഷയുടെ നാളെയെപ്പറ്റി പ്രത്യാശഭരിതനാണ്. 

ഭാവിയെപ്പറ്റി ശുഭപ്രതീക്ഷയുള്ളവനാണെങ്കിലും വർത്തമാന അവസ്ഥകളുടെ പരിതോവസ്ഥകളിൽ നൊന്തുനിൽക്കുന്ന  കാട്ടാളന്റെ നെഞ്ചെരിയിക്കുന്ന വേദനകളെ ഒരിക്കൽക്കൂടി നോക്കി കണ്ടുകൊണ്ടാണ് കവിത അവസാനിക്കുന്നത്. നീറായവനത്തിൻ നടുവിൽ നിൽപ്പു കാട്ടാളൻ നെഞ്ചത്തൊരു പന്തം കുത്തി... ഇപ്പോഴും പഴയ അവസ്ഥകൾക്ക് നടുവിൽ തന്നെയാണ് അയാൾ നിൽക്കുന്നത്.


കൊലചെയ്യപ്പെട്ട കൂട്ടരും കാട്ടുതീ  എരിയിച്ച കാടും , വറ്റിയ പുഴയും തകർക്കപ്പെട്ട മലകളും എല്ലാം നിറഞ്ഞ നൊമ്പരപ്പെട്ട വർത്തമാന അവസ്ഥകൾ അയാളെ ചൂഴ്ന്നു നിൽക്കുന്നു. വേദന കനംവെച്ചു നിൽക്കുന്നു ഭാവി പ്രതീക്ഷകൾക്ക് നടുവിലാണ് അയാൾ കാലൂന്നി നിൽക്കുന്നത്.


രൗദ്രം, കരുണം, വീരം  രസങ്ങളുടെ അഴകാർന്ന ആവിഷ്കാരം  'കിരാതവൃത്ത'ത്തിലുണ്ട് . കാട്ടാളന്റെ ഉള്ളിൽ മിന്നി മറയുന്ന ഭാവങ്ങൾ ഓരോന്നും വാക്കുകളിൽ ചമയ്ക്കാൻ കഴിയുന്നതാണ് കടമ്മനിട്ടയുടെ കാവ്യക്കരുത്ത്. പുരാവൃത്തങ്ങളുടെ അകമ്പടിയിൽ നാടോടി കലകളുടെ മേളത്തിൽ നാടൻ പാട്ടുകളുടെ താളത്തിൽ കാടിൻ്റെ മനുഷ്യരുടെ സങ്കടങ്ങൾ കടമ്മനിട്ട കവിതയിലാക്കി.

ഈ ആധുനിക കാലത്തും അധിനിവേശനത്തിന്റെപേരിൽ വീടു നഷ്ടപ്പെട്ടവരുടെയും കുടിയിറക്കപ്പെട്ടവരുടെയും വേട്ടയാടപ്പെടുന്നവരുടെയും വംശഹത്യക്ക് വിധേയരാക്കപ്പെടുന്നവരുടെയും കഥതന്നെയാണ് കിരാത വൃത്തത്തിൽ ഉറക്കെപ്പാടുന്നത്. കാട്ടാളന്റെയല്ല കവിയുടെ ആത്മരോഷങ്ങളാണ് കവിതയായി പാടുന്നത്.


ആസ്വാദനം;  ഡോ. മനോജ് ജെ. പാലക്കുടി

2025, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ഊണ്

         ഊണ്                                 

                                                                                                                  കവിതക്കുറിപ്പ്


                                                       കവയിത്രി   ; അനിത തമ്പി


           വർത്തമാന മലയാള കവിതയിൽ സ്ത്രീപക്ഷത്തെ ശക്തമായി ആവിഷ്കരിക്കുന്ന എഴുത്തുകാരിയാണ് അനിത തമ്പി.സാമാന്യമായ ആസ്വാദനരുചികളില്‍ നിന്ന് കുതറിമാറുന്ന അപ്രവചനീയ രചനാരീതി അനിതയുടെ കവിതകളുടെ സവിശേഷതയാണ്.   സ്ത്രീ ജീവിതങ്ങളുടെ അനുഭവങ്ങളും  അനുഭൂതികളും ലളിതമായും സൂക്ഷ്മമായും അനിത കവിതയിൽ ആവിഷ്കരിക്കുന്നു.  


1968–ൽ ആലപ്പുഴയിൽ ജനനം. കവിതാസമാഹാരങ്ങൾ: മുറ്റമടിക്കുമ്പോൾ (2004), അഴകില്ലാത്തവയെല്ലാം (2010), ആലപ്പുഴ​വെള്ളം (2016), വെൽഷ് കവി ഷാൻ മെലാൻജലിനൊപ്പം എഴുതിയ മറ്റൊരു വെള്ളം (2017) മുരിങ്ങ വാഴ കറിവേപ്പ് (2023). പരിഭാഷകൾ: ലെസ് മറെ കവിതകൾ (2007), വൈലോപ്പിള്ളിയുടെ പെണ്ണും പുലിയും പുനരാഖ്യാനം (2012), പിനോക്യോ (2021). കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. ഐ ഐ റ്റി ബോംബെ​യിൽനിന്ന്  എം ടെക്കും മാലിന്യസംസ്ക​രണത്തിൽ ഗവേഷണബിരുദവും. കവിതയുടെ പരിപക്വമായ ജൈവസൗന്ദര്യമാണ് അനിത തമ്പിയുടെ കവിത.

കവിതാ വ്യാഖ്യാനം

        ഒരു ഉച്ചയൂണിൻ്റെ പശ്ചാത്തലത്തിൽ ആവിഷ്കരിച്ചിരിക്കുന്ന കവിതയാണ് 'ഊണ്'. സാമൂഹിക രാഷ്ട്രീയ അവസ്ഥകളെ ചർച്ച ചെയ്യുന്നതോടൊപ്പം തൊഴിലിടങ്ങളെക്കുറിച്ചുള്ള ആകുലതകളും ഉത്കണ്ഠകളും കവിത പങ്കു വയ്ക്കുന്നു. ഒരു വലിയ വയലിനെത്തന്നെ ഉള്ളിൽ പേറുന്ന  ചോറിൻ്റെ ഓരോ വറ്റിനും  പറയാനുള്ള  കഥയിലേക്ക് ചെവി ചായ്ക്കുകയാണ് കവയിത്രി. ഇനി വീടിൻ്റെ സ്വാസ്ഥ്യങ്ങളിൽ നിന്ന് ഇറങ്ങി നടന്നാലും ചെന്നു കയറുന്നത് ഉച്ചി പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളുടെ നടുവിലാണ്. ജീവിതപൂരണത്തിനായി ചെന്നുകയറുന്ന ഓരോ ഇടവും ഉച്ചി പൊള്ളിക്കുന്ന അനുഭവമായി ഒപ്പം സഞ്ചരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ.ഒരു ഉച്ചയൂണിൻ്റെ പാത്രത്തിൽ നിന്നും പരിസരത്തിൽ നിന്നും ജീവിതത്തെ തിരയുകയാണ് ഈ കവിത.


ഒരു ഉച്ചച്ചൂടിൽ ഒരു മേശപ്പുറത്ത് നമ്മൾ ഒന്നിച്ചുണ്ണുന്ന  ചോറിന്റെ ഓരോ വറ്റിൻ്റെ  ഉള്ളിന്റെയുള്ളിലും എത്രയോ നെൽവയലുകൾ....

ഉച്ചച്ചൂടിന്റെ കഠിനതകൾ ജീവിതത്തെ അസ്വസ്ഥതപ്പെടുത്തുന്നില്ല. ഒന്നിച്ചുള്ള ഇരുപ്പും ഒന്നിച്ചുള്ള ഊണും തികച്ചും ആനന്ദപ്രദമാണ്. അതിനാൽത്തന്നെ ചോറിന്റെ ഓരോ വറ്റിലും ഒരു വലിയ ലോകത്തെ  കാണാൻ അത് പ്രേരിപ്പിക്കുന്നു.  


ഓരോ വറ്റിനുള്ളിലും ഒരു വലിയ ലോകം ഉറങ്ങിക്കിടക്കുന്നു.ചോറിലെ ഓരോ വറ്റും ഒരു വലിയ ലോകത്തെ വഹിക്കുന്നു.

ചോറിൻ്റെ ഓരോമണിയിലും അതാക്കി തീർത്ത ഭൂതകാലത്തിന്റെ ഓർമ്മകൾ ഉള്ളിലുണ്ട്. അരിമണിക്കൊപ്പം  ഒരു ലോകം തന്നെ സഞ്ചരിക്കുന്നു.

അതുപോലെ ഓരോ മനുഷ്യനും വലിയൊരു വിശാലതയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒരു വ്യക്തിയും ഒറ്റയ്ക്കല്ല അവൻ ഒരു ലോകമാണ്.

ഒരു  കാർഷിക സംസ്കൃതിയുടെ ഉൽപ്പന്നമാണ് ഓരോ വിത്തും. കൊടുക്കൽ വാങ്ങലുകളുടെ പാരസ്പര്യത്തിലാണ് പ്രകൃതി രൂപം കൊള്ളുന്നത്.അതിനാൽ തന്നെ പ്രകൃതിയുടെ എല്ലാ സ്പന്ദനങ്ങളെയും ഓരോ വിത്തിലും വായിച്ചെടുക്കാം.

വയലിലെ വെള്ളച്ചാലിൽ തുള്ളിമറിയുന്ന മീനുകൾ, ദൂരെ ഏതോ നാട്ടിൽ നിന്നും വന്നിറങ്ങുന്ന തത്തകൾ , പച്ചപ്പിനെ നിർത്തില്ലാതെ ചിരിപ്പിക്കുന്ന കൊച്ചൻ കാറ്റുകൾ, കുഞ്ഞുങ്ങൾ കൈകൾ വിടർത്തി വീഴാതെ ഓടുന്ന വരമ്പുകൾ, രാത്രിയിൽ വെള്ളത്തിൽ ഇളകുന്ന വെട്ടം നോക്കി ഉറങ്ങാതിരിക്കുന്ന വീടുകൾ, വീടിനുള്ളിൽ ഉറങ്ങുന്ന ആളുകളുടെ കിനാവുകൾ. ഇങ്ങനെ ഓരോ വിത്തിലേക്കും ചെവി ചായ്ച്ചാൽ പറയാൻ നിരവധി കഥകൾ ഉണ്ട്. 

രു വലിയ ജീവിത പരിസരത്തിൽ നിന്നും ഉയിർകൊണ്ട അവയ്ക്ക് വലിയ ജീവിതാനുഭവങ്ങളുടെ കൂട്ട് ഒപ്പമുണ്ട്.


ഉച്ചയൂണിന് തീൻമേശയിൽ ഒന്നിച്ച  കൂട്ടത്തിൽനിന്നും വീണ്ടും തൊഴിലിടങ്ങളുടെ ഏകാന്തതയിലേക്ക് സ്കൂട്ടറിലുള്ള മടക്കയാത്രയാണ്.... സ്വസ്ഥതയും സമാധാനവും സ്നേഹവും നിറഞ്ഞ കുടുംബത്തിലെ പങ്കുവയ്ക്കലിൻ്റെ മേശയിൽ നിന്നും തിരികെ പോകുമ്പോൾ തികച്ചും ഒറ്റയ്ക്കാണ്. 

ഉച്ചി പൊള്ളിക്കുന്ന ചിന്തകൾ തലച്ചോറിനെ മഥിക്കുന്നു. തൊഴിലിടത്തേക്ക് പോകുന്ന ഒരു സ്ത്രീയെ അലട്ടുന്ന നിരവധി ചിന്തകളുണ്ട്.  വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വീണ്ടും അവശേഷിക്കുന്ന ഉത്തരവാദിത്വങ്ങൾ, ചെയ്തുതീർക്കാതെ പോകേണ്ടി വന്ന പണികളുടെ ആകുലതകൾ, തൊഴിൽ ഇടത്തിലെ ചൂഷണങ്ങൾ, ഒത്തുചേരാത്തതിന്റെ ബുദ്ധിമുട്ടുകൾ.ഇങ്ങനെ പൊള്ളിക്കുന്ന അനുഭവങ്ങളുടെ കൂമ്പാരവും പേറിയാണ് പണിസ്ഥലത്തേക്കുളള യാത്ര. ഊണിന് അല്പം നേരം മാത്രം കിട്ടിയ സ്വസ്ഥതയിൽ നിന്നും വീണ്ടും നീണ്ട അസ്വസ്ഥതകളിലേക്കാണ് ഈ യാത്ര. ചൂഷണങ്ങളുടെയും പ്രതിസന്ധികളുടെയും ഇടത്തിലേക്ക് ഒറ്റയ്ക്ക് പൊരുതാൻ ഇറങ്ങുന്ന ഒരു സ്ത്രീക്ക് ഇത് കൂടുതൽ തീവ്രമാകും. 


 നെൽവയലുകളുടെ ഗ്രാമത്തിന്മേൽ പ്രകാശിച്ചു കൊണ്ടിരിക്കുന്ന ഒരു സുന്ദര സൂര്യനെ കാല്പനിക ഭാവത്തോടുകൂടി കണ്ടിരുന്നു. ഇപ്പോൾ അത്  കാല്പനികഭാവങ്ങളെല്ലാം അകന്ന് ഉച്ചി പൊള്ളിച്ച് നിഴലുകൾ കുറുക്കി വറ്റിക്കുന്ന ഒരു സൂര്യനായി അനുഭവപ്പെടുന്നു. കാല്പനിക ഭാവങ്ങൾ തരുന്നവ എന്നുതോന്നിക്കുന്നവ പോലും ആനന്ദം നൽകുന്നില്ല എന്നുമാത്രമല്ല അവയൊക്കെ തലയെരിയിക്കുന്നവയായി മാറ്റപ്പെടും.




തൊഴിലിനോ  മറ്റാവശ്യങ്ങൾക്കോ വീടിൻ്റെ സ്വസ്ഥതയിൽ നിന്നും പുറംലോകത്തിന്റെ അസ്വസ്ഥതകളിലേക്ക് സഞ്ചരിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ
യോ അല്ലെങ്കിൽ ഏതൊരാളുടെയോ ആകുലതകളുടെ ആഖ്യാനമായി ഈ കവിത മാറുന്നു.



ആസ്വാദനം ; ഡോ. മനോജ് ജെ.പാലക്കുടി.

2025, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

തിരുവോണം

                തിരുവോണം

                                                                                                                    കവിതക്കുറിപ്പ്




                                                         വിജയലക്ഷ്മി

കാവ്യ പാരമ്പര്യങ്ങളോട് ചേർന്ന് നിന്നുകൊണ്ട് ആധുനിക ഭാവുകത്വത്തെ മലയാള കവിതയിൽ രേഖപ്പെടുത്തുന്ന എഴുത്തുകാരിയാണ് വിജയലക്ഷ്മി. ''മതേതരമായ ആത്മീയത കൊണ്ടും ധ്യാനാത്മകമായ ഏകാന്തത കൊണ്ടും ആഴത്തിലുള്ള സ്ത്രീപക്ഷ വീക്ഷണം കൊണ്ടും മലയാളകവിതയെ വിജയലക്ഷ്മി മുന്നോട്ടു നയിക്കുന്നു. സരളവും സാന്ദ്രവുമായ ആഖ്യാനശൈലി, പദ്യവും ഗദ്യവും പ്രമേയങ്ങളിൽ സവിശേഷമായി സമന്വയിപ്പിക്കുന്നതിലുള്ള മികവ്, എന്നിങ്ങനെ സമകാലീന കവിതയിൽ വേറിട്ട ഒറ്റയടിപ്പാത സൃഷ്ടിക്കുവാൻ  അവർക്കു കഴിഞ്ഞു " (മാതൃഭൂമി ദിനപത്രം).


മലയാള കവിതയിൽ സ്ത്രീപക്ഷ ചിന്തകൾ അവതരിപ്പിക്കാൻ കഴിയുന്നതോടൊപ്പം സമകാലിക സാമൂഹ്യവസ്ഥകളെ സമർത്ഥമായി അവതരിപ്പിക്കുവാൻ അവർക്ക് കഴിയുന്നു. മിത്തുകളും പുരാണങ്ങളും സമകാലിക ജീവിതാവസ്ഥകളും രാഷ്ട്രീയ ദർശനങ്ങളുമെല്ലാം അവരുടെ കവിതയ്ക്ക് ഊടും പാവും നെയ്യുന്നു. മൃഗശിക്ഷകൻ,തച്ചന്റെ മകൾ,അന്ധകന്യക, തമിഴ്പാവ, ജ്ഞാന മഗ്ദലന, ഒറ്റമണൽത്തരി , മഴതൻ മറ്റേതോ മുഖം,സീതാദർശനം,വിജയലക്ഷ്മിയുടെ പ്രണയ കവിതകൾ ഇങ്ങനെ നിരവധി  കവിതകളാൽ  അവർ സാഹിത്യത്തെ സമ്പന്നമാക്കി . സമകാലിക സാമൂഹിക അവസ്ഥകളെ വിജയലക്ഷ്മി സൂക്ഷ്മതയോടെ നോക്കിക്കാണുന്നു.

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും അടയാളമായി മലയാളി ആഘോഷിക്കുന്ന തിരുവോണത്തിന്റെ നഗരകാഴ്ചകളിലേക്കുള്ള സഞ്ചാരമാണ് 'തിരുവോണം ' എന്ന കവിത. ഗ്രാമസൗഭാഗ്യങ്ങളിൽ നിന്നും നഗര മധ്യത്തിലേക്ക് എത്തുമ്പോൾ ഓണത്തിൻ്റെ ആഘോഷങ്ങൾ മരണത്തിൻ്റെ  ചുടല നൃത്തമാകുന്നു. ഗ്രാമത്തിൻ്റെ സൗന്ദര്യ കാഴ്ചകളിലേക്കും മരണം ആടിത്തിമിർക്കുന്ന നഗരത്തിൻ്റെ  ഓണക്കാഴ്ചകളിലേക്കും  കവിത കണ്ണു തുറക്കുന്നു.ഗ്രാമങ്ങളിൽ പരിശുദ്ധിയുടെ പരിമളം പേറി നിൽക്കുന്ന തിരുവോണം നഗരങ്ങളിൽ ശുദ്ധി നഷ്ടപ്പെട്ടതും  ചേതനയറ്റതും നിർജ്ജീവവുമാണെന്ന് കവിത വെളിപ്പെടുത്തുന്നു.

  

കവിതയുടെ വ്യാഖ്യാനം

ഗ്രാമത്തിന്റെ സൗഭാഗ്യങ്ങളിൽ നിന്നും  നഗരത്തിലേക്ക്  നിഗൂഢതകളിലേക്ക് എത്തിച്ചേർന്നതിൻ്റെ  അമ്പരപ്പുകളോടെ  കവിത ആരംഭിക്കുന്നു.കാട്ടുതുളസിയുടെ രൂക്ഷഗന്ധവും പാലപ്പൂവിന്റെ മദഗന്ധവും ഒക്കെ ഗ്രാമത്തിൻ്റെ മനോഹര അനുഭൂതികളായിരുന്നു. അവയെല്ലാം ഇപ്പോൾ അകലെയായിരിക്കുന്നു.





ശുദ്ധി നഷ്ടപ്പെട്ട നഗരത്തിൻ്റെ അവസ്ഥകളെ കവിത നോക്കിക്കാണുന്നു. സ്വാർത്ഥതയും മാത്സര്യവും കെട്ടുകാഴ്ചകളും നിറഞ്ഞതാണ് നഗരം.  നിർഗന്ധ പൂക്കൾ നിറഞ്ഞ നഗരത്തിലെ ഉദ്യാനങ്ങൾ.


പുരാണത്തിൽ സീതാപഹരണത്തിന് എത്തിയ മാരിചൻ സ്വർണ്ണമാനായി സീതയുടെ മുന്നിലെത്തി.മായരൂപിയായസ്വർണ്ണ പുള്ളിമാനിനെ പിടിക്കാനാഞ്ഞ സീതയെ പോലെയാണ് നഗരത്തിൽ എത്തുന്നവർ.




വിധേയരോടൊത്ത് സഞ്ചരിക്കുന്ന സ്ത്രീജനങ്ങൾ, ഉടുത്തൊരുങ്ങി എത്തിയ അവർ ദീപശോഭയിൽ തിളങ്ങിനിൽക്കുന്നു. ധനാർത്തിമൂലം കെട്ടിപ്പടുത്ത വ്യവസായങ്ങൾ  നഗരത്തെ വായുമലിനീകരണത്തിന്റെ കേന്ദ്രമാക്കിയിരിക്കുന്നു. ആ വാതകകൊലക്കളത്തിന് നടുവിൽ സ്വയം മരണത്തെ പുല്കുന്ന നഗരവാസികൾ.

       തിരുവോണത്തിൻ്റെ പേരിൽ അവർ വലിയ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നു .  ആത്മാവു നഷ്ടപ്പെട്ട ഉത്സവ മേളാങ്കം മാത്രമാണത്. ഗ്രീക്ക് പുരാണത്തിലെ ട്രോജൻ കുതിരയെന്ന  കാവ്യബിംബത്തെ ഇവിടെ  ചേർത്തുവയ്ക്കുന്നു. 


കെട്ടിയുയർത്തിയ മര കുതിരയുടെ ചുറ്റും ആളുകൾ ആഹ്ലാദനൃത്തം ചവിട്ടി. എന്നാൽ മരകുതിരയുടെ ഉള്ളിൽ ചുരുണ്ടിരുന്ന കൊടിയനാശത്തെ അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അതുപോലെ ഓണത്തിൻ്റെ കെട്ടിഎഴുന്നള്ളിപ്പുകൾക്കുള്ളിൽ ദുരന്തം പതിയിരിക്കുന്നത് നഗരവാസികളും അറിയുന്നില്ല.

അധിനിവേശത്തിന്റെയും ചൂഷണത്തിന്റെയും പുതുരൂപങ്ങൾ  നഗരത്തിന് ചുറ്റും കെണിയൊരുക്കി നിൽക്കുന്ന രാഷ്ട്രീയചിന്തകളിലേക്ക്   കവിത വഴിമാറുന്നു.

തിരുവോണ ആഘോഷത്തിൻ്റെ നാല് നാളുകൾ പകർന്നു നൽകിയ പ്രകാശം വരുംകാലത്ത് ഇരുളായി മാറി പോകരുത് എന്ന് കവയിത്രി മുന്നറിയിപ്പ് നൽകുന്നു.

ചൂഷണത്തിനായി പണ്ട് എത്തിയ കപ്പൽപ്പടകൾ വീണ്ടും നഗരങ്ങളെ കൊള്ളയടിക്കാൻ  എത്തിയിരിക്കുന്നു. നഗരം പരാജയമാണ്. പരദേശികൾ വീണ്ടും പഴയതുപോലെ അധിനിവേശത്തിന്റെ ചിന്തകളുമായി എത്തിക്കഴിഞ്ഞു. കച്ചവടവും വ്യവസായവും മറ്റു മാർഗ്ഗങ്ങളുമായി ചൂഷണത്തിന് വിദേശികൾ തെരഞ്ഞെടുക്കുന്നത് നഗരങ്ങളെയാണ്. പലരൂപത്തിൽ അവതരിക്കുന്ന സമകാലീക ചൂഷണങ്ങളെ കവിത നോക്കിക്കാണുന്നു.

ആഘോഷത്തിൻ്റെ ചിഹ്നമായി ഉയർത്തിയ ഉത്സവ കൊടിക്കൂറയിലൂടെ സ്വർഗ്ഗത്തെ ഭൂമിയിലേക്ക് ഇറക്കാം എന്നാണോ നഗരവാസികൾ കരുതുന്നത്.ചൂഴ്ന്നു നില്ക്കുന്ന മരണത്തെ മറക്കുവാൻ തന്ന മധുവാണ് നഗരവാസികൾക്ക് ഓണത്തിൻ്റെ ആഘോഷങ്ങൾ.

ഓണത്തിൻ്റെ പരിശുദ്ധിയിൽ ശോഭിതമായിരുന്ന ഗ്രാമത്തിൻ്റെ പണ്ടത്തെ അപൂർവ്വസുന്ദര  കാഴ്ചകളിലേക്ക് കവിത കൊണ്ടുപോകുന്നു.


 ഭൂമിദേവിക്ക് ചാന്തുപൊട്ട് ചാർത്തിയപോലെ ശുദ്ധഗോമയം കൊണ്ട് ഒരുക്കിയ വൃത്തം.അതിൽ മനോഹരമായ ധാരാളം പൂക്കൾ കൊണ്ടുണ്ടാക്കിയ ഓണപൂക്കളം.നടുക്കുവെച്ച തുമ്പക്കുടം. ഓണത്തിന് ഒരുങ്ങി നിൽക്കുന്ന സുന്ദരിയെപോലെ മനോഹരിയായി പൊട്ടും ചാർത്തി  ഭൂമിദേവി നിൽക്കുന്നു.

മാവേലി തമ്പുരാനെ എതിരേൽക്കാൻ ഒരുങ്ങി നിൽക്കുന്ന ഓരോ പ്രജയും തൻ്റെ മുറ്റം തമ്പുരാൻ്റെതെന്ന്  അഭിമാനം കൊള്ളുന്നു. അസുരദേവനായ മഹാബലിയ്ക്ക് വീട്ടുമുറ്റത്ത് സ്വീകരണം ഒരുക്കിയപ്പോൾ  ഐശ്വര്യത്തിന്റെ ദേവതയായ സാക്ഷാൽ ലക്ഷ്മി ദേവിയെ അവർ വീട്ടിനുള്ളിൽ പ്രതിഷ്ഠിച്ചു. ഉള്ളിൽ ഐശ്വര്യദേവതയെയും പുറത്ത് അസുരനെയും കുടിയിരുത്തുന്നതാണ് ഓണത്തിൻ്റെ ശ്രേഷ്ഠതയും മാഹാത്മ്യവും.

ദേവലോകം പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി തോൽപ്പിച്ച ആ മഹാത്മാവിൻ്റെ ഓർമ്മകളെ നെഞ്ചിലേറ്റി മനുഷ്യർ ആഘോഷിച്ചപ്പോൾ ദേവലോകം തോറ്റുപോയി.തോറ്റവനെ ആഘോഷിക്കുന്നതാണ്  തിരുവോണം.

              ധനാസക്തികളാൽ എരിഞ്ഞ മനുഷ്യൻ്റെ കണ്ണുകൾ  നഗരത്തിന്റെ തെരുവിൽ ആകെ തിരഞ്ഞത് മാരിചനയാണ് . ആർത്തികൾക്ക് നടുവിൽ അധിവസിക്കുന്നവനല്ല മഹാബലി. അതിനാൽ നഗരത്തിൻ്റെ ആഘോഷ ത്തിമിർപ്പുകൾക്കോ കെട്ടുകാഴ്ചകൾക്കോ കപടതകൾക്കോ നടുവിൽ മഹാബലിയെ കണ്ടെത്താനായില്ല.

ഒടുവിൽ ഗ്രാമീണ വിശുദ്ധി തുളുമ്പി നിൽക്കുന്ന ഭവനത്തിൽ തിരിച്ചെത്തി വെൺപ്രാവുകളുടെ കുറുകൽ കേട്ട് മയങ്ങി പിന്നീട് വെയിൽ ചാഞ്ഞപ്പോൾ ഉണർന്ന്  സായംകാലത്തിൻ്റെ  സൗന്ദര്യം നുകർന്ന്  ഇളം തിണ്ണയിൽ ഇരിക്കുമ്പോൾ തിരുവോണത്തെ കണ്ടു. വിശ്രന്തിയുടെ ദിനമായി, മഹത്വത്തിൻ്റെ രക്തസാക്ഷ്യമായ് മുന്നിൽ വിനയാന്വിതം  വന്നുനിൽക്കുന്ന തിരുവോണം.നഗരത്തിൻ്റെ  കപടതകളിലോ കെട്ടുകാഴ്ചകളിലോ അല്ല യഥാർത്ഥ ഓണം. 

നഗരം അതിൻ്റെ സമസ്ത അനുഭവങ്ങളിലൂടെയും അന്വേഷിച്ച തിരുവോണത്തെ അവിടെയെങ്ങും കണ്ടെത്താനായില്ല. ആഘോഷത്തിമിർപ്പുകളെ   അകറ്റി ഗ്രാമീണ വിശുദ്ധിയെ പുൽകിയപ്പോഴാണ് യഥാർത്ഥ തിരുവോണത്തിന്റെ സാമീപ്യ മുണ്ടായത് . ഗ്രാമത്തിൻ്റെ വിശുദ്ധമായ ഇടത്തിലാണ്  തിരുവോണംകുടിയിരിക്കുന്നത്  എന്ന കണ്ടെത്തലിൽ കവിത അവസാനിക്കുന്നു.


ആസ്വാദനം : ഡോ.മനോജ് ജെ.പാലക്കുടി


https://greenbooksindia.com/dr-manoj-j-palakudy




2025, സെപ്റ്റംബർ 17, ബുധനാഴ്‌ച

അരനാഴികനേരം - നോവൽ. പഠനവും സംഗ്രഹവും

അരനാഴികനേരം - നോവൽ. പഠനവും സംഗ്രഹവും




പാറപ്പുറത്തിന്റെ സാഹിത്യലോകം 


1950 കൾ മുതൽ 1980 കൾ വരെ മലയാള ചെറുകഥ, നോവൽ  സാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരനാണ് പാറപ്പുറത്ത്. ഓണാട്ടുകരയിലെ സാധാരണ മനുഷ്യരുടെ ജീവിതവും അവരുടെ സാമൂഹികപ്രശ്നങ്ങളും പച്ചയായി വരച്ചുകാട്ടിയപ്പോൾ മലയാള കഥാവേദിക്ക് അത് വേറിട്ട വഴിയായി. മാവേലിക്കര കുന്നം പാറപ്പുറത്ത് കെ.ഇ. മത്തായിയാണ് പാറപ്പുറത്ത് എന്ന തൂലികാനാമത്തിലൂടെ പ്രശസ്തനായത്.


ജന്മനാടായ കുന്നവും സമീപപ്രദേശങ്ങളായ പൈനുംമൂട്, കൊല്ലകടവ്, ഒപ്പം നാട്ടിലൂടെയൊഴുകുന്ന അച്ചൻകോവിലാറും  അദ്ദേഹത്തിൻ്റെ നോവലുകൾക്കു പശ്ചാത്തലമൊരുക്കി. മധ്യതിരുവിതാംകൂറും അവിടുത്തെ ഭാഷയും കഥപറച്ചിലിന് ഈണം പകർന്നു.മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യൻ സമുദായത്തിന്റെ ജീവിതമാണ് പാറപ്പുറത്ത് പ്രധാനമായി അവതരിപ്പിക്കുന്നത്.

ച്ചായൻ, അയ്യം, കൊച്ചാട്ടൻ, ഇച്ചേയി, കൊണതോഴം, കയ്യാല, ചായ്പ്, മൂപ്പില്, നേരിയത്, പോലത്തേക്ക് തുടങ്ങി മധ്യതിരുവിതാംകൂറിന്റെ തനതായ വാക്കുകളാലും ശൈലികളാലും സമ്പന്നമായിരുന്നു പാറപ്പുറത്തിന്റെ രചനകൾ. മധ്യതിരുവിതാംകൂറിലെക്രിസ്ത്യൻ കുടുംബ കഥകളാണ് അദ്ദേഹം ഏറെയും പറഞ്ഞത്. ചുറ്റിലും കണ്ട ജീവിതത്തെപ്പറ്റി അതിശയോക്തിയില്ലാതെ എഴുതുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. 



1950കളിൽ ആരംഭിക്കുന്ന എഴുത്ത് 80കളിൽ അവസാനിക്കുമ്പോൾ വലിയൊരു സാഹിത്യലോകം തന്നെ അദ്ദേഹം സൃഷ്ടിച്ചിരുന്നു.നിണമണിഞ്ഞ കാല്പാടുകളിൽ (1955) തുടങ്ങി കാണാപ്പൊന്ന് (1980) വരെ 20 നോവലുകളും പ്രകാശധാര (1952) മുതൽ വഴിയറിയാതെ (1980) വരെയുള്ള 14 കഥാസമാഹാരങ്ങളും വെളിച്ചംകുറഞ്ഞ വഴികൾ (1980) എന്ന നാടകവും മരിക്കാത്ത ഓർമ്മകൾ (1982) എന്ന സ്മരണയും പാറപ്പുറത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാറപ്പുറത്തിന്റെ ഏഴു നോവലുകൾ ചലച്ചിത്രങ്ങളായി. അവസാന നോവലായ കാണാപ്പൊന്നിന്റെ അവസാന അധ്യായം മരണത്തിനു തലേദിവസം പറഞ്ഞുകൊടുത്ത് എഴുതിക്കുകയായിരുന്നു. പിന്നീട് കെ. സുരേന്ദ്രനാണ് അതു പൂർത്തീകരിച്ചത്.

പട്ടാള ജീവിതങ്ങളും പാറപ്പുറത്തിന്റെ കഥാലോകത്ത് ഇടം നേടി.നിണമണിഞ്ഞ കാല്പാടുകൾ എന്ന ആദ്യ നോവലിനു പ്രചോദനമായത് സൈനികസേവനകാലത്തെ സ്വന്തം ജീവിതാനുഭവങ്ങളാണ്.ആത്മസ്പർശിയായ പട്ടാള നോവലാണത്.നൈനിത്താളിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണ് പണിതീരാത്ത വീട്.

വടക്കേയിന്ത്യൻ പട്ടാള ക്യാമ്പുകളും ഓണാട്ടുകരയിലെ ഗ്രാമീണജീവിതവും പാറപ്പുറത്തിന്റെ നോവലുകളുടെ ഊടും പാവുമാണ്.കേവലം പട്ടാളക്കഥകൾക്കുപരി പട്ടാളക്കാരനെ കേന്ദ്രബിന്ദുവാക്കി കുടുംബബന്ധങ്ങളുടെ ജയപരാജയങ്ങളുടെ ചിത്രീകരണമാണ് പാറപ്പുറത്തിന്റെ നോവലുകളിലുണ്ടായിരുന്നത്. 

സാംസ്കാരിക മൂല്യങ്ങളോടുള്ള ആദരവും അവയുടെ തകർച്ചയിൽ ഉണ്ടാകുന്ന വേദനയും പാറപ്പുറത്തിന്റെ കൃതികളുടെ പ്രധാന വിഷയമാണ്. സാധാരണ മനുഷ്യരുടെ കഥകളാണ് അദ്ദേഹം പറഞ്ഞത് അതിനാൽ സാധാരണക്കാരാണ് അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ. ദ്രോഹ ബുദ്ധിയില്ലാതെ ജീവിക്കാൻ കൊതിക്കുന്നവർ സാധാരണക്കാർ ഏറ്റുവാങ്ങുന്ന ദുരന്തങ്ങളാണ് അദ്ദേഹം ആഖ്യാനം ചെയ്തത്. മനുഷ്യരിലെ  ആന്തരിക വെളിച്ചത്തെ കാണുന്നതാണ് പാറപ്പുറത്തിന്റെ സർഗാത്മക മനസ്സ്.

കേരള സാഹിത്യ അക്കാദമി പുരസ്കാരം രണ്ടുതവണ പാറപ്പുറത്തിനെ തേടിയെത്തി.അരനാഴികനേരം (നോവൽ) 1967-ൽ പ്രസിദ്ധീകരിച്ച ഈ കൃതി, 1968-ലും നാലാൾ നാലുവഴി (ചെറുകഥ)1966 ലും കേരള സാഹിത്യ അക്കാദമി അവാർഡും  നേടികൊടുത്തു.

പോൾ വർഗ്ഗീസ് Time to Die എന്ന പേരിൽ അരനാഴികനേരം നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി.1981 ഡിസംബർ 30-നായിരുന്നു അന്ത്യം.


 അരനാഴികനേരം നോവൽ - കഥ പറയുന്ന കുഞ്ഞേനാച്ചൻ 

നോവൽസംഗ്രഹം 


അഞ്ച് മക്കളും അവരുടെ മക്കളുമടങ്ങിയ വലിയ ഒരു കുടുംബത്തിലെ നായകനാണ്കുഞ്ഞേനാച്ചൻ  . വൃദ്ധനും അവശനുമായ കാരണവർ കുഞ്ഞേനാച്ചൻ്റെ ഓർമ്മകളിലൂടെയാണ് കഥ ഏറെയും പറയുന്നത്. ഭക്തനും തന്റേടിയുമായ കുഞ്ഞേനാച്ചൻ സ്നേഹം കൊണ്ടും ശാസന കൊണ്ടും മക്കളെ നേർവഴിക്കു നടത്തുന്നു. സാഹചര്യങ്ങളുടെ പ്രലോഭനത്തിൽ ധാരാളം തെറ്റുകൾ ചെയ്യുന്നുണ്ട്.എങ്കിലും ജീവിത സുകൃതങ്ങൾ അതിനെ ഒരു പരിധിവരെങ്കിലും  മറികടന്ന് നിൽക്കുന്നതായിട്ടാണ് നോവൽ അവതരിപ്പിക്കുന്നത്. കലഹിച്ചും പഴിപറഞ്ഞും വഴക്കിട്ടും നീങ്ങുന്ന അപ്പനും മക്കളും കുടുംബസ്നേഹവും നന്മയും ഉള്ളവരാണ് .കലാഹങ്ങൾക്കിടയിലും അവർ പരസ്പരം സ്നേഹിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് ബൈബിളിൽ നിന്ന് വചനങ്ങൾ ഉദ്ധരിക്കുന്ന ശൈലി കുഞ്ഞേനാച്ചൻ എന്ന കഥാപാത്രത്തെ മിഴിവുള്ളതാക്കുന്നു.വല്യപ്പനും മക്കളും പേരക്കുട്ടികളും അടങ്ങുന്ന വലിയ കുടുംബത്തിലെ ഓരോ വ്യക്തിയെയും സ്പർശിച്ചുകൊണ്ട് കഥ മുന്നോട്ടുപോകുന്നു.

നീണ്ട തൊണ്ണൂറു സംവത്സരം പനച്ചമൂട്ടിൽ ജീവിച്ച കുഞ്ഞേനാച്ചൻ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചവനാണ്  .

 ഉത്തുംഗപ്രഭാവനായി ജീവിതം കെട്ടിപ്പടുത്ത കുഞ്ഞേനാച്ചന്റെ ജീവിതം വളർന്നു പന്തലിച്ചു നിൽക്കുന്ന ഒരു മഹാ വൃക്ഷം പോലെ അനുഭവ സങ്കീർണ്ണവും ഉജ്ജ്വലവുമായിരുന്നു. സ്വതന്ത്ര ബുദ്ധിക്കാരനായ കുഞ്ഞേനാച്ചൻ. ചെറുപ്പം മുതൽ തന്റേടിയായി വളർന്ന അയാൾ തന്റെ വാർദ്ധക്യത്തിലും ആരുടെ മുന്നിൽ തലകുനിക്കാൻ ഇഷ്ടപ്പെടുന്നില്ല. ബൈബിൾ വചനങ്ങൾ മന:പ്പാഠമാക്കിയിരിക്കുന്ന കുഞ്ഞേനാച്ചൻ ജീവിത സന്ദർഭങ്ങളെ ബൈബിളിന്റെ വെളിച്ചത്തിൽ കാണുകയും ജീവിതവ്യഥകൾക്കും സന്തോഷങ്ങൾക്കും നടുവിൽ കൃത്യമായി ബൈബിൾ വചനങ്ങൾ ഉരുവിടുകയും ചെയ്യുന്നു.ആരുടെയും ശാസനയിൽ നിൽക്കാൻ ഇഷ്ടപ്പെടാത്ത അദ്ദേഹം ഇളയ മകൻ മാത്തച്ചനൊപ്പം താമസിക്കുന്നുവെങ്കിലും എല്ലാ മക്കളുടെയും വീട്ടിൽ ക്രമമനുസരിച്ച് ഭക്ഷണത്തിനെത്തും.  


വീടുകളിൽ സന്ദർശനം നടത്തി തിരിച്ചു വരുന്ന വഴി ഒരു ദിവസം മനസ്സിനൊപ്പം നീങ്ങാത്ത ശരീരം തളർന്നു പെരുവഴിയിൽ വീണു പോയി. നാട്ടുകാരും സ്വന്തക്കാരും കൂടി വീട്ടിലെത്തിച്ചു. അന്നു മുതൽ കിടക്കയും മുറ്റവുമായി കഴിഞ്ഞു കൂടുന്ന ഈശ്വരവിശ്വാസിയായ ആ തൊണ്ണൂറുകാരന്റെ ഓർമ്മകളിലൂടെയും ദൃക്‌സാക്ഷിത്വത്തിലൂടെയും നോവൽ വികസിക്കുന്നു.മരണത്തിൻ്റെ അരനാഴിക നേരത്തിനായി കാത്തിരിക്കുന്ന കുഞ്ഞേനാച്ചൻ്റെ ഓർമ്മകളിലൂടെ ചുരുൾ നിവരുന്നതാണ് ആ വലിയ കുടുംബത്തിൻ്റെ ചരിത്രം.  ഗംഭീരമായ ഒരു ജീവിതത്തിന്റെ മുഴുവൻ ട്രാജഡിയും 'അരനാഴിക നേരം ' ആവിഷ്കരിക്കുന്നു.


കുഞ്ഞേനാച്ചന്റെ മൂത്ത മകൻ കുഞ്ഞോമ ചെറുപ്പത്തിലെ അതിർത്തിവഴക്കിൽ കൊല്ലപ്പെട്ടു. കുഞ്ഞേനാച്ചനും മക്കളുമടങ്ങിയ സംഘം മറ്റൊരു പ്രമാണിയായ ശേഖരൻ നായരുമായി ഏറ്റുമുട്ടലിലാണ് മരണം.മൂത്ത മകൻ്റെ മരണം കുഞ്ഞേനാച്ചന് എന്നും നീറുന്ന നൊമ്പരമാണ്.


 മുൻകോപിയാണെങ്കിലും രണ്ടാമൻ കീവറീച്ചൻ കുടുംബസ്നേഹിയാണ്. അഞ്ചു പെൺമക്കൾ.സ്കൂൾ ടീച്ചറായ മൂത്ത മകൾ കുട്ടിയമ്മയ വേറൊരു വരുമാനവുമില്ലാത്ത അയാൾ കറവപ്പശുവായി വീട്ടിൽ നിറുത്തിയിരിക്കുകയാണ്. അവളുടെ വികാരങ്ങളെപ്പറ്റിയോ ഭാവിയെപ്പറ്റിയോ കീവറീച്ചൻ ചിന്തിക്കുന്നില്ല എന്നത് കുഞ്ഞേനാച്ചനു ആധിയാകുന്നു. അവളുടെ ഹൃദയം ഇതരസഭാക്കാരനും സഹപ്രവർത്തകനുമായ തോമസിനോട് പ്രണയത്തിലാകുന്നു. വീട്ടുകാരുടെ എതിർപ്പ്  അവഗണിച്ച് അവർ വിവാഹം കഴിച്ചു.മറ്റൊരു മകൾ റാഹേലമ്മ വെളുപ്പുദീനം കാരണം ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട് വീട്ടിൽ നിൽക്കുന്നു.


മൂന്നാമത്തെ മകനായ കുഞ്ഞുചെറുക്കൻ കള്ളക്കടത്തുമായി ബന്ധപ്പെട്ടു കഴിയുന്ന മകന്റെ പണം ലഭിക്കുന്നുണ്ടെങ്കിലും എന്നും പട്ടിണിയും പരാതിയുമായി അപ്പനെയും സഹോദരങ്ങളെയും അലട്ടിക്കൊണ്ട് ചെറ്റപ്പുരയിൽ കഴിയുന്നു.

പണക്കാരനായ നാലാമൻ പീലിപ്പോച്ചന്റെ പക്ഷേ കുടുംബത്തിൽ സമാധാനമില്ല.ഭാര്യ അന്നമ്മയ്ക്ക് പീലിപ്പോച്ചന്റെ സ്വഭാവത്തിൽ സംശയമാണ്. പ്രായമായ മകനുമായി എപ്പോഴും സംഘട്ടനമാണ്.

അഞ്ചാമത്തെ മകനായ മാത്തുക്കുട്ടി പൊതുക്കാര്യ പ്രവർത്തകനാണ്.ഇടവകയിലെയും നാട്ടിലെയും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ അയാൾ വേണം. മാത്തുക്കുട്ടിയുടെ ഓപ്പമാണ് കുഞ്ഞേനാച്ചൻ്റെ താമസം. ആദ്യഭാര്യ മരിച്ച് മാത്തുക്കുട്ടി വീട്ടുകാര്യങ്ങളുടെ ചുമതല മുഴുവൻ രണ്ടാം ഭാര്യയായ ദീനാമ്മയെ ഏൽപ്പിച്ച് നാട്ടുകാര്യവുമായി നടക്കുന്നു.ദിവസത്തിന്റെ സിംഹഭാഗവും പൊതുക്ഷേമ തൽപരനായി വീടിന് പുറത്താണ്. ദീനാമ്മ പക്വമതിയായ ഒരു വീട്ടമ്മയെപോലെയാണ്.  കുഞ്ഞേനാച്ചനെ നന്നായി പരിചരിക്കുന്നതിനാൽ അയാൾക്കും അവളെ വലിയ ഇഷ്ടമാണ്.അവരുടെ കൊച്ചുമോൾ സിസിലിയാണ്  വൃദ്ധൻ്റെ ഏറ്റവും വലിയസന്തോഷം. മാത്തുക്കുട്ടിയുടെ ആദ്യത്തെ കെട്ടിലുള്ള മകൻ രാജൻ പട്ടാളക്കാരനാണ്. പ്രതിമാസം അവനയക്കുന്ന നൂറ് രൂപായാണ് ആ കുടുംബത്തിന്റെ പ്രധാന വരുമാനം.

കുഞ്ഞേനാച്ചന്റെ തളർന്ന ശരീരത്തിനുണർവ് നൽകുന്ന “കറുപ്പ് “ ഇടക്കിടക്ക് എത്തിക്കുന്ന സരസനായ ശിവരാമക്കുറുപ്പാണ് കുഞ്ഞേനാച്ചന്റെ ഉറ്റചെങ്ങാതി.അയാൾക്ക് കറുപ്പ് നൽകാൻ കുറുപ്പച്ചൻ നിരന്തരം വീട്ടിൽ എത്തുന്നു. മക്കളുടെ എതിർപ്പ് അവഗണിച്ചും അപ്പൻ അയാളെ വീട്ടിൽ സ്വീകരിക്കുന്നു.

മാത്തുക്കുട്ടിയുടെ മകൻ രാജൻ അവധിക്കു വീട്ടിലെത്തി.എല്ലാവർക്കും സമ്മാനങ്ങളുമായിട്ടാണ്  എത്തുന്നത്. രാജന്റെ പേർക്ക് ഒരു വിവാഹാലോചനയുമായി കുഞ്ഞേനാച്ചന്റെ അളിയന്റെ മകനും ദീനാമ്മയുടെ സഹോദരീ ഭർത്താവുമായ കാർത്തികപ്പള്ളി അച്ചൻ വീട്ടിലെത്തി.രാജനും അവന്റെ അമ്മാമൻ കുഞ്ഞുകുട്ടിയും കൂടിപ്പോയി പെണ്ണിനെ കണ്ടു. ശാന്തമ്മ രാജന്റെ മനസ്സിനിണങ്ങി. വീട്ടുകാർക്കും തൃപ്തിയായി. വിവാഹവും ഉറച്ചു. അപ്പോൾ വേലഞ്ചിറക്കാരൻ മൊളകു ലോനപ്പൻ  ഒരു പരദൂഷണവുമായി അവിടെയെത്തുന്നു.

കാർത്തികപള്ളി അച്ചന്റെ അവിഹിത സന്തതിയാണ് ശാന്തമ്മ എന്നൊരു വാർത്തയും അറിയിച്ചു.വീട്ടിൽ വലിയ പ്രശ്നമായി. കുടുംബാംഗങ്ങൾ ഒന്നിച്ചാലോചിച്ച് നിശ്ചയിച്ച വിവാഹം നടത്തേണ്ടെന്ന് തീരുമാനിച്ചെങ്കിലും രാജന്റെ ഉറച്ച നിലപാടിൽ എല്ലാവരും വഴങ്ങി.വിവാഹവും നടന്നു.കാർത്തികപ്പള്ളി അച്ഛനെ ക്ഷണിച്ചതുമില്ല. ചുരുങ്ങിയ മധുവിധു ദിനങ്ങൾക്ക് ശേഷം  രാജൻ ജോലിസ്ഥലത്തേക്കു പോയി.ഓർമ്മകളും പ്രതീക്ഷകളുമായി നവവധുവായ ശാന്തമ്മ ആ വീട്ടിലെ ഒരംഗമായി കഴിഞ്ഞു വന്നു.

കീവറീച്ചന്റെ മൂത്തമകൾ കുട്ടിയമ്മ  ജീവിതപങ്കാളിയെ സ്വയം കണ്ടെത്തി. സഹപ്രവർത്തകനായതോമസ് സാറുമായി അവൾ വീടു വിട്ടു . രോഷാകുലരായ കാരണവന്മാർ തോമസിനെ കോടതി കയറ്റാൻ തീരുമാനമെടുത്തപ്പോൾ അവർ ആ വീട്ടിലേക്കു  കടന്നു വന്നു. കുഞ്ഞേനാച്ചൻ മറ്റാരുടെയും അനുവാദത്തിനു കാത്തുനിൽക്കാതെ സ്വീകരിച്ച് അനുഗ്രഹിച്ചു.മറ്റൊരു മകൾ റാഹേലമ്മ എല്ലാവരുടെയും അവഹേളനം ഏറ്റുവാങ്ങി ജീവിച്ചു.ഒരു ദിവസം അവൾ മരിച്ചു.ആ വിയോഗം കുഞ്ഞേനാച്ചനെ ഏറെ ദുഃഖിപ്പിച്ചു.

കാർത്തികപ്പള്ളി അച്ചനെപറ്റി പറഞ്ഞു പരത്തിയ വാർത്ത വെറും അപവാദമായിരുന്നെന്ന് തെളിഞ്ഞു.അച്ചൻ്റെ ശത്രുവായ പത്രോസ് മുതലാളിയാണ് അതിൻ്റെ പിന്നിലെന്ന് വ്യക്തമായി.ശാന്തമ്മയ്ക്ക് സന്തോഷമായി.

കുഞ്ഞുചെറുക്കന്റെ രാത്രിസഞ്ചാരക്കാരനായ മകൻ ദാനിക്കുട്ടിയെ കള്ളക്കടത്തിന് പോലീസ് പിടികൂടി.കപ്പൽവഴി വരുന്ന സാധനങ്ങൾ സർക്കാർ അറിയാതെ വിൽക്കുകയായിരുന്നു അവൻ്റെജോലി. പിടിക്കപ്പെടുന്നതിനു തലേദിവസം കുഞ്ഞേനാച്ചന് ദാനിക്കുട്ടി  അഞ്ഞൂറു രൂപ നൽകി. ആ പണം കുഞ്ഞുചെറുക്കനെ ഏൽപ്പിച്ചു. 

കുഞ്ഞേനാച്ചനെയും മക്കളെയും കഠിനദുഃഖത്തിലാഴ്ത്തി പട്ടാളക്യാമ്പിൽ നിന്നും രാജന്റെ മരണവാർത്ത അറിയിച്ചു കൊണ്ടുള്ള കമ്പി സന്ദേശമെത്തി. ഏതാനും ദിവസം മാത്രം ഭർത്താവുമായി ജീവിച്ച് അകാലത്തിൽ വിധവയായിത്തീർന്ന ശാന്തമ്മയുടെ വേദന കുഞ്ഞേനാച്ചനെ തളർത്തി.

ദുഃഖത്തിന്റെ തീരാക്കയത്തിൽ വീണ കുഞ്ഞേനാച്ചന്റെ മനോനില വീണ്ടും തകർത്തുകൊണ്ട് മറ്റൊരു സംഭവം നടന്നു.പീലിപ്പോച്ചന്റെ മകൻ വേലക്കാരിപ്പെണ്ണിനെ വിവാഹം കഴിച്ചെന്ന വാർത്ത നാട്ടിൽ പരന്നു.മകന്റെ വിവാഹവാർത്തയറിഞ്ഞ പീലിപ്പോച്ചൻ്റെ ഭാര്യ അന്നമ്മ ചിത്തഭ്രമം പിടിപെട്ട് നാടൻ പിള്ളേരുടെ കൂക്കുവിളിയുടെ അകമ്പടിയുമായി കുഞ്ഞേനാച്ചന്റെ വീട്ടിലെത്തി. മരുമകളുടെ ദുർവിധി കണ്ട് വൃദ്ധനായ പിതാവിൻ്റെ കണ്ണുകൾ നിറഞ്ഞു.

നിരന്തരമായ ജീവിത ദുരന്തങ്ങളുടെ നടുവിൽ അയാൾ ഉഴറി. മക്കളും കൊച്ചുമക്കളും മരുമക്കളും അടങ്ങിയ കുടുംബത്തിൻ്റെ  ദുർഗതി അയാളെ വളർത്തി. ഒടുവിൽ  ഹൃദയാഘാതം സംഭവിച്ച്  ശരീരം തളർന്ന് കുഞ്ഞേനാച്ചൻ ശയ്യയെ ശരണം പ്രാപിച്ചു.

ദുരന്തങ്ങളുടെ ഏറ്റവും വലിയ ആഘാതം അയാളെ കാത്തിരിക്കുകയായിരുന്നു . ശാരീരിക പരവേശത്താൽ  വെള്ളം കുടിക്കാൻ ചെല്ലുന്ന കുഞ്ഞേനാച്ചൻ കാണുന്നത് കുറുപ്പച്ചനും ദീനാമ്മയും തമ്മിലുള്ള അവിഹിത വേഴ്ചയാണ് . വൃദ്ധന്റെ ഉത്തമസുഹൃത്തായിരുന്ന കുറുപ്പച്ചൻ മാത്തുക്കുട്ടിയുടെ കച്ചവട പങ്കാളിയുമായി മാറിയിരുന്നു.  ജീവിതത്തിൽ
ഏറെ വിശ്വസിച്ചിരുന്ന കുറുപ്പച്ചനും ദീനാമ്മയുമായുള്ള അവിഹിതബന്ധം നേരിട്ടു കാണുവാൻ ഇടയായ കുഞ്ഞേനാച്ചൻ സമനില തെറ്റി നിലം പതിച്ചു.സംസാരിക്കുവാനാവാതെ വീർപ്പുമുട്ടിക്കഴിഞ്ഞ കുഞ്ഞേനാച്ചന്റെ നാവ് ചലിക്കാതിരുന്നാൽ തന്റെ വഞ്ചന പുറത്താവുകയില്ലെന്ന് കരുതിയ കറുപ്പച്ചൻ അവസാനമായി നൽകിയ കറുപ്പിൽ വിഷം ചേർത്തു. ഇക്കാര്യം ശിവരാമക്കുറുപ്പ് ദീനാമ്മയെ അറിയിക്കുന്നു
.





മൂന്നു തലമുറകളുടെ കാരണവരായി തൊണ്ണൂറു വർഷങ്ങൾ വളരെ സാഹസികനായിജീവിച്ച ആ മനുഷ്യൻ്റെ അന്ത്യം അതീവദയനീയമായിരുന്നു.കുഞ്ഞേനാച്ചന്റെ മരണം കണ്ട വീട്ടിൽ നിന്നും കൂട്ട നിലവിളി ഉയർന്നു. എല്ലാത്തിനും മീതെ ഉയർന്നു കേട്ടത് ദീനാമ്മയുടെ അലമുറയിട്ട നിലവിളിയായിരുന്നു.


ആസ്വാദനം ;ഡോ. മനോജ് ജെ.പാലക്കുടി

2025, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

മല്ലീസ് പറമുടി -കവിത /മല്ലീശ്വരമുടി

 മല്ലീസ് പറമുടി -കവിത

                മല്ലീശ്വരമുടി

               
          
                                                                                          കവിതക്കുറിപ്പ്

                                                                                  കവി - മണികണ്ഠന്‍ അട്ടപ്പാടി



കേരളത്തിലെ സമകാലീനഗോത്രകവിതയുടെ ഏറ്റവും ഊര്‍ജ്ജസ്വലമായ മുഖങ്ങളിലൊന്നാണ് മണികണ്ഠന്‍ അട്ടപ്പാടിയുടേത്. ആദിവാസിജനതയുടെ സാംസ്കാരികത്തനിമയെക്കുറിച്ചുള്ള ഉറച്ച ബോദ്ധ്യവും പുതുമയും പാരമ്പര്യവും ഒരുപോലെ സന്നിവേശിക്കുന്ന സൗന്ദര്യശാസ്ത്രവും അദ്ദേഹത്തിന്റെ കവിതകളെ സവിശേഷമാക്കുന്നു. (അവതാരിക, മല്ലീസ്പറ മുടി)ഗോത്ര ജനതയുടെ പച്ചയായ ജീവിതാനുഭവങ്ങളെ  ഇരുള ഭാഷയിലൂടെയാണ് മണികണ്ഠൻ മലയാള കവിതയിൽ ആവിഷ്കരിക്കുന്നത്.  പ്രകൃതിയുടെ മടിത്തട്ടിനോട് ചേർന്ന് കഴിയുന്നവർ എന്ന നിലയിൽ പ്രകൃതി സൗന്ദര്യത്തിന്റെ മനോഹാരിതയെയും നിഗൂഢതകളെയും കാടിൻ്റെ സ്പന്ദനങ്ങളെയും ഒപ്പിയെടുക്കുവാൻ അദ്ദേഹത്തിൻ്റെ കവിതകൾക്ക് കഴിയുന്നു. കാടിൻ്റെ മകൻ എന്ന നിലയിൽ പ്രകൃതി നാശത്തെയും ഗോത്രജനം എന്ന നിലയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗോത്രവർഗ്ഗ സ്വത്വത്തെയും കുറിച്ചുള്ള നൊമ്പരങ്ങൾ അദ്ദേഹത്തിൻ്റെ കവിതയിൽ നിറയുന്നു.പ്രകൃതിയുടെ മടിത്തട്ടിൽ വസിക്കുന്ന ജനവിഭാഗത്തിന്റെ പ്രതിനിധിയായി ലോകത്തോട് സംവദിക്കുകയാണ് കവി.



പ്രകൃതിയുടെ സൗന്ദര്യവും    കാടിനോട് ഇണങ്ങി ജീവിക്കുന്ന ഗോത്ര ജനതയുടെ ദൈന്യം ദിന ജീവിതവും അനുഷ്ഠാനങ്ങളും അധിനിവേശം സൃഷ്ടിക്കുന്ന മുറിവുകളും  അവയോടുള്ള പ്രതിഷേധങ്ങളും 'മല്ലീശ്വരമുടി' എന്ന കവിതയിൽ ആവിഷ്കരിക്കുന്നു.


പാലക്കാട്, അട്ടപ്പാടിയിൽ 4000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മല്ലീശ്വരമുടി   ആദിവാസി ജനതയ്ക്ക് ദൈവസാന്നിധ്യത്തിന്റെ ഇരിപ്പിടമാണ് .മല്ലിയും ഈശ്വരനും അഥവാ പാർവതിയും പരമശിവനും  കുടിയിരിക്കുന്ന ഇടം എന്ന നിലയിൽ വിശ്വാസത്തിൻ്റെ പുണ്യഭൂമിയാണത്. പരമശിവൻ്റെ തിരുമുടിയാണ് മല്ലീശ്വരമുടിയെന്നും  അവിടുന്ന് ഒഴുകുന്ന ഭവാനിപ്പുഴ പാർവതിദേവിയെന്നും അവർ വിശ്വസിക്കുന്നു.


 കവിതയുടെ കുറിപ്പ് 


മല്ലീശ്വര മുടിയിനപ്പുറത്തേക്ക് മറയുന്ന സൂര്യൻ...

കാനനപ്രകൃതിയുടെ സുന്ദരമായ കാഴ്ചകളെ വരച്ചു കാണിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത് . മല്ലീശ്വരന്റെ പിന്നിൽ മറയുന്ന സൂര്യൻ, കാടിനെ പുതപ്പിച്ചുറങ്ങുന്ന ഇരുട്ട്, മലയിൽനിന്നും ഒഴുകുന്ന വെള്ളത്തിൻ്റെ ഒച്ച,മഞ്ഞ് വീഴുന്ന കാർത്തിക മാസത്തെ പുലർകാലം, അതിരാവിലെ പുഴയോരത്ത് ചെല്ലുന്നവർ, അവിടെ വെള്ളാരം കല്ലുകൊണ്ട് തീമൂട്ടുന്നവർ, വേപ്പിൻ തണ്ടെടുത്തു പല്ലുതേക്കുന്നവർ, അലക്കുന്നവർ, മീൻ പിടിക്കുന്നവർ, പാഴ് വർത്തമാനങ്ങൾ പറയുന്നവർ.പ്രകൃതി -മനുഷ്യബന്ധത്തിന്റെ സുന്ദരകാഴ്ചകളെയാണ് വാക്കുകളിൽ കവി വരച്ചു കാണിക്കുന്നത്.


പ്രകൃതി - ഈശ്വര സങ്കൽപ്പത്തിന്റെ കൂടിച്ചേരലിനെയും മനോഹരമായി ആവിഷ്കരിക്കുന്നു.

ഈശ്വരൻ തന്നെയായ മല്ലീശ്വര മുടിയുടെ അപ്പുറത്തേക്ക് സൂര്യൻ മറയുന്നു.  ഉറങ്ങുന്ന കാടിനെ ഇരുട്ട് പുതപ്പിച്ചു ഉറക്കുന്നു. പിന്നെ അവിടെ ചലിക്കുന്നത് പുഴ മാത്രമാണ്.


കാർത്തിക മാസക്കാലം......

പ്രകൃതിയുമായി ചേർന്നിരിക്കുന്ന ഗോത്ര സംസ്കൃതിയെ തുടർന്നുള്ള വരികളിൽ വിവരിക്കുകയാണ്. പുഴയുടെ അരികിലാണ് അവരുടെ ജീവിതം.പ്രകൃതിയുടെ മടിത്തട്ടിൽ ജീവിക്കുന്ന ഗോത്രമനുഷ്യൻ്റെ ദിനചര്യകളെവിവരിക്കുന്നു. പുലർകാലം മുതൽ പ്രകൃതിയുടെ മടിത്തട്ടിലാണ് അവരുടെ ജീവിതം. വേപ്പിൻതണ്ടെടുത്ത് പല്ലുതേക്കലും വീശി വീശി തുണിയലക്കലും മീൻപിടുത്തവും തുടങ്ങി സൗഹൃദത്തിനും ഉപജീവനത്തിനും  സ്നേഹ സംഭാഷണത്തിനുമുള്ള  ഇടമായി അവർ പുഴയെ ജീവിതത്തോട് ചേർത്തുവയ്ക്കുന്നു. പ്രകൃതിയാണ് അവരുടെ ദിനവും  ദിനചര്യയും.അതിൻ്റെ നടുവിൽ പടുത്തുയർത്തിയതാണ് ഗോത്ര സംസ്കൃതി.ഇരതേടലും വിനോദങ്ങളും സൗഹൃദങ്ങളുമെല്ലാം  പ്രകൃതിയിൽ ആയിരുന്നു.പ്രകൃതിയാണ് അവരുടെ ജീവിതത്തിൻ്റെ താളം.



മുടി കൂടുതൽ വളർന്നു പോയെന്ന് പറഞ്ഞു....

അധിനിവേശത്തിന്റെ ആസക്തികളെയും അതു സൃഷ്ടിക്കുന്ന മുറിവുകളെയും തുടർന്നുള്ള വരികൾ വിവരിക്കുന്നു. ഈശ്വരന്റെ മുടിയായി കണ്ട  മലനിരകളെ ഇന്നു മനുഷ്യൻ മൊട്ടയടിക്കുന്നു. കൈ നഖം വളർന്നു പോയി എന്നു പറഞ്ഞ് മരക്കൊമ്പുകളെ വെട്ടി നീക്കം ചെയ്യുകയും ചെയ്യുന്നു. ദേവസാന്നിധ്യം കുടിയിരുന്ന പുണ്യ ഇടം തല പൊളിയുന്ന വെയിലിൽ സ്വർണം പോലെ മിന്നുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത മനുഷ്യൻ്റെ സ്വാർത്ഥതയെ ചോദ്യം ചെയ്യുകയാണ്. ദൈവസാന്നിധ്യത്തിന്റെ വിശുദ്ധ ഇടങ്ങളെ പോലും 'നശിപ്പിച്ചു. പ്രകൃതിയിൽ താളവും നൃത്തവും ജീവിതവും ചേർത്തുവച്ച ഒരു ജന വിഭാഗത്തിന്റെ നൊമ്പരങ്ങളാണ് ഈ വരികളിൽ.


എരിയുന്ന വിളക്ക് കെടാതെ എരിയട്ടെ... 

പ്രകൃതിയുടെ വിശുദ്ധിയെ തിരികെ പിടിക്കാനുള്ള ശ്രമമാണ് ഈ ആഹ്വാനം.

പരമശിവന്റെ ആവശ്യപ്രകാരം തെളിയിക്കപ്പെട്ടതാണ് മലമുകളിലെ വിളക്ക് എന്നാണ് ഐതിഹ്യം.പാർവതി ദേവിയുടെ സാന്നിധ്യവും അവിടെയുണ്ടായിരുന്നു.ഗോത്ര വിശ്വാസത്തിൻറെ നെടുംതൂണായ ഈ ആചാരങ്ങൾക്ക് ഒരു ഉടവും സംഭവിക്കരുത് എന്ന കവി ആഹ്വാനം ചെയ്യുന്നു


മല്ലീശ്വര മുടിയിലെ ശിവജ്യോതി ഗോത്ര വിശ്വാസത്തിൻ്റെയും ആചാരത്തിന്റെയും ഭാഗമാണ്. ദൈവിക ആഹ്വാനത്തിൽ തെളിയിക്കപ്പെട്ട വിളക്ക്കെടാതെ എരിയട്ടെ എന്ന് ആഗ്രഹിക്കുന്നു.  നാശത്തിന് നടുവിലും  ഗോത്ര ആചാരങ്ങളെയും ഗോത്ര ജീവിതത്തെയും തിരികെ പിടിക്കണം . 



നശിച്ച നമ്മുടെ ജീവിതം....

ഗോത്ര സമൂഹത്തിന് സ്വത്വം  നഷ്ടപ്പെട്ടു. ഗോത്രകാലം മുതൽ ആചരിച്ചുവന്ന അനുഷ്ഠാനങ്ങളും കലകളും ചികിത്സാരീതികളും മന്ത്രങ്ങളും നഷ്ടപ്പെട്ട് പോയ ഒരു കാലത്തു നിന്നു കൊണ്ടാണ് കവി സംസാരിക്കുന്നത്.  പച്ചമരുന്നുകളും നാട്ടുവൈദ്യങ്ങളും എല്ലാം അട്ടപ്പാടിക്കും കൈമോശം വന്നു കഴിഞ്ഞു.  നഷ്ടങ്ങളെയാണ്  മണികണ്ഠന്റെ കവിതകൾ ഏറെയും കുറിക്കുന്നത്

ആഹ്വാനത്തിന്റെ നടുവിലും നശിച്ചു പോയ ഗോത്ര ജീവിതത്തെ കുറിച്ചുള്ള നൊമ്പരങ്ങളെ മുഴക്കി കാണിച്ചുകൊണ്ട് കവിത അവസാനിക്കുന്നു. പിറന്ന നാടും ഗോത്ര ജീവിതവും ഇന്നൊരു നരകം ആയിരിക്കുന്നു. നാശോന്മുഖമായ പ്രകൃതിയിൽ നാശമടയുന്ന ഒരു ഗോത്ര സംസ്കാരമുണ്ട് എന്ന വലിയ തിരിച്ചറിവ് കവിക്കുണ്ട്. അവയുടെ നഷ്ടത്തിൽ അസ്വസ്ഥനാകുന്ന കവിയുടെ തീവ്ര നൊമ്പരങ്ങളാണ് ഈ വാക്കുകളിൽ. ആ നൊമ്പരങ്ങളുടെ തീവ്രതയിലാണ്  കവിത അവസാനിക്കുന്നത്.




           ആസ്വാദനം - ഡോ.മനോജ് ജെ. പാലക്കുടി