2026 ഓഗസ്റ്റ് 18, ചൊവ്വാഴ്ച

            ഏടാകൂടം
  














കവി ; അജിത്ത് എം.പച്ചനാടൻ 

  

                                 കവിതാസ്വാദനം

അജിത്ത് എം പച്ചനാടന്റെ "ഏടാകൂടം" എന്ന കവിത ശാരീരിക വൈകല്യമുള്ള ഒരാളുടെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു.

സമൂഹത്തിന്റെ കരുണയില്ലായ്മയും അവഗണനയും തുറന്നുകാട്ടുന്ന ശക്തമായ കാവ്യസൃഷ്ടിയാണിത്. സമൂഹ മനസ്സാക്ഷിയുടെ മുമ്പിൽ ചോദ്യചിഹ്നമായി ഒരു മുടന്തനെ ഉയർത്തി കാണിക്കുകയാണ് കവി.മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട മുടന്തന്റെ ഹൃദയനൊമ്പരങ്ങളെ കവിത ആഖ്യാനം ചെയ്യുന്നു.ശാരീരിക വൈകല്യങ്ങളുടെ വേദനകളെക്കാൾ അയാളെ ആക്രമിക്കുന്നത് സമൂഹത്തിന്റെ മനോഭാവങ്ങളാണ്. സമൂഹത്തിൻ്റെ പൊതുധാരകളിൽ ഉൾപ്പെടുത്തിയില്ല എന്നു മാത്രമല്ല ബോധപൂർവ്വം അകറ്റി നിർത്തുന്നതിനാണ് സമൂഹം ശ്രമിക്കുന്നത്. മനോഭാവങ്ങളെയും ചിന്താഗതികളെയും ഒരിക്കലും മാറ്റിപ്പണിയാൻ ആഗ്രഹിക്കാത്ത സമൂഹം ഭൗതികമായ നിർമ്മിതികളിലും അവരെ പരിഗണിച്ചില്ല. പൊതുസ്ഥലങ്ങളും സാമൂഹ്യസമ്പർക്ക ഇടങ്ങളും നിർമ്മിച്ചപ്പോഴും അകറ്റി നിർത്തുക എന്ന പൊതുബോധം സമൂഹമനോഭാവത്തിൽ ഉണ്ടായിരുന്നു. സാമൂഹിക ഇടങ്ങൾ സൗഹൃദ വേദികൾ ആകുന്നതിന് പകരം ദ്രോഹിക്കുന്ന ഇടങ്ങളായി മാറുന്നു. വിനോദങ്ങളും സൗഹൃദങ്ങളും കളികളും പ്രണയവും ഒത്തുചേരലും എല്ലാം അവർക്ക്  നിഷേധിക്കപ്പെട്ടു. അവസരങ്ങളെ സാധ്യമാക്കിയില്ല എന്നുമാത്രമല്ല നിഷേധിക്കുക എന്നതുകൂടിയായിരുന്നു സമൂഹത്തിൻ്റെ ചിന്താഗതി

ഇവിടെ "മുടന്തൻ" എന്ന കഥാപാത്രം ഒരു വ്യക്തിയെ മാത്രമല്ല, സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെടുന്ന എല്ലാ മനുഷ്യരുടെയും പ്രതീകമാണ്.

കവിതയുടെ തുടക്കത്തിൽത്തന്നെ മുടന്തന്റെ ജീവിതപാതയെ ദുർഘടമാക്കുന്ന സമൂഹത്തിൻ്റെ ചിന്തകളെ സൂചിപ്പിക്കുന്നു. "ഓലിവലിയൊരു പുഴയായി "പാലമില്ലാത്തിടത്താകെ കുത്തൊഴുക്ക്". മറ്റുള്ളവർക്ക് സാധാരണമായ കാര്യങ്ങൾപോലും അവനു വലിയ പ്രതിബന്ധങ്ങളാണ്. 


ബലഹീനന് കൈത്താങ്ങാകുന്നതിനു പകരം അവരുടെ വഴികളെ ദുർഘടങ്ങളാക്കി . അവരുടെ യാത്രയെ കൂടുതൽ ക്ലേശകരമാക്കി എന്നതായിരുന്നു സമൂഹത്തിൻ്റെ വിനോദം. പുഴക്കൊലുസിന്റെ കൊഞ്ചലിനു പകരം അവരെ നേരിട്ടത് ക്രൗര്യച്ചിരികളാണ്.

ഉത്തരക്കടലാസ് അവൻ്റെ ജീവിതം തന്നെയാണ്.വൈകല്യത്തിന്റെ ഒരു കുറവിനെ ശരീരത്തിന്റെ മൊത്തം കുറവായി   എഴുതിത്തള്ളി. അവന്റെ ജീവിതമാകുന്ന ഉത്തരക്കടലാസ് മുഴുവൻ തെറ്റുകളായി കുത്തിവരയ്ക്കപ്പെട്ടു. ഒപ്പം അവന്റെ ശരിയായ ഉത്തരങ്ങളെക്കാൾ തെറ്റുകളാണ് സമൂഹം ശ്രദ്ധിക്കുന്നത്. അതിലൂടെ വ്യക്തിയുടെ കഴിവുകളെക്കാൾ കുറവുകളെ മാത്രം ഉയർത്തി  കാണിക്കുന്ന മനുഷ്യസ്വഭാവത്തെ കവി വിമർശിക്കുന്നു.

മുടന്തൻ ചിരിക്കുമ്പോൾ ആരും കൂടെ ചിരിക്കുന്നില്ല; കരയാതിരിക്കുന്നതിൽ ആളുകൾ അത്ഭുതപ്പെടുന്നു. ഇവിടെ സമൂഹം അവനെ ഒരു സമ്പൂർണ്ണ മനുഷ്യനായി കാണാതെ, സഹതാപത്തിന് മാത്രം അർഹനായ ഒരാളായി കാണുന്നതിന്റെ വൈരുദ്ധ്യം വെളിവാകുന്നു.

ചിരിച്ചപ്പോൾ ആരും കൂടെ ചിരിച്ചില്ല .....ദുഃഖങ്ങളിൽ കൂടെ സഹതപിച്ചില്ല എന്ന് മാത്രമല്ല അധിക്ഷേപത്തിലൂടെ കൂടുതൽ നൊമ്പരപ്പെടുത്തുകയും ചെയ്തു.

നിലവിളിച്ചപ്പോൾ ......കണ്ണീരിന് അളവു കുറഞ്ഞെന്നും ................ജീവിതത്തിൻ്റെ വലിയ നൊമ്പരങ്ങളുടെ മധ്യേ കൂടുതൽ കാർക്കശ്യത്തോടെ  പ്രതികരിച്ചു.ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവരുടെ വലിയ വേദനകളെ വലിയ പരിഹാസത്തിനു വേദിയാക്കി.

 അവന്റെ വേദന പോലും അളക്കുകയും വിധിക്കുകയും ചെയ്യുന്ന മനോഭാവമാണ് തുടർന്ന്  കവിത വിമർശിക്കുന്നത്.ദുർബലനെ ആരും ഒരു വിനോദങ്ങളിലും കൂട്ടിയില്ല. കളികളിൽ അവൻ ഒറ്റപ്പെട്ടു. ഏകാന്തതയിൽ അവൻ സുഹൃത്തുക്കളെ തേടി നടന്നു. കണ്ടെത്തിയവരെല്ലാം ബൈബിളിലെ ബാബേൽ ഗോപുരം കണക്കെ ആയിരുന്നു.ബാബേലിൽ ആരും മറ്റൊരാളുടെ ഭാഷ തിരിയുന്നവരായിരുന്നില്ല. അഹങ്കാരംകൊണ്ട് ഭാഷ ചിതറിക്കപ്പെട്ട വരായിരുന്നു അവർ.

മറ്റൊരാളെ കേൾക്കാൻ കൂസാക്കാതെ സ്വന്തം ശബ്ദങ്ങളുടെ സുഖത്തിൽ മുഴുകി. മുടന്തൻ്റെ വേദന കേൾക്കാൻ ആരും മെനക്കെട്ടില്ല.കവിതയുടെ മധ്യഭാഗത്ത് ആധുനിക മനുഷ്യന്റെ ആശയവിനിമയ പ്രതിസന്ധി ശക്തമായി അവതരിപ്പിക്കുന്നു.


"ഓരോ ചെവിയിലും അവരവരുടെ ശബ്ദം മാത്രം കേൾപ്പിക്കുന്ന ഹെഡ്ഫോൺ" എന്ന ചിത്രം ഇന്നത്തെ സമൂഹത്തിന്റെ സ്വാർത്ഥതയും സ്വയംസുഖാന്വേഷണവും  സൂചിപ്പിക്കുന്നു. മറ്റൊരാളുടെ വേദന കേൾക്കാനോ മനസ്സിലാക്കാനോ ആരും തയ്യാറല്ല. അതുകൊണ്ട് മുടന്തന്റെ ശബ്ദം "അനാഥനാദം" ആയി മാറുന്നു.

പ്രണയത്തിലും സൗഹൃദത്തിലും സാമൂഹിക ഇടപെടലുകളിലും അവൻ നേരിടുന്ന അവഗണന കവിതയെ കൂടുതൽ ഹൃദയസ്പർശിയാക്കുന്നു. അവന്റെ പ്രണയവും പരിഹാസത്തിന് ഇരയാകുന്നു.

തേഞ്ഞു തേഞ്ഞ് രൂപം മാറിയ മുടന്തന്റെ ചെരിപ്പ് ....ആവശ്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ച് അലയാനാണ് അവൻ്റെ വിധി. ആരും അവന് നീതി നൽകിയില്ല. 

നിൽക്കാകുതിര ...... കടങ്കഥകളും അവനുവേണ്ടി പരിഹാസചിത്രം വരച്ചു.കടങ്കഥകളുടെ ആഖ്യാനങ്ങളിൽ മുടന്തന്റെ  നോവും പരിഹാസ വിഷയമായി.. 

യാത്രകളെല്ലാം ഒതുക്കു കല്ലുകൾക്ക് മുന്നിൽ തീർന്നു....മാറിനിൽക്കാനും മറഞ്ഞിരിക്കാനും മാറ്റിയിടപെട്ട ഒതുക്കുകല്ലുകൾ പോലെ അവനും സമൂഹ കാഴ്ചപ്പാടുകളിൽനിന്നും ഒതുക്കി മാറ്റപ്പെട്ടു."ഒതുക്കുകല്ല്" എന്ന പ്രയോഗം വളരെ അർത്ഥസമ്പുഷ്ടമാണ്.പഴയ കേരളീയ വഴികളിൽ വാഹനങ്ങൾ കടന്നുപോകാതിരിക്കാനോ വഴിയുടെ അതിർത്തി സൂചിപ്പിക്കാനോ സ്ഥാപിച്ചിരുന്ന കല്ലുകളെയാണ് ഒതുക്കുകല്ലുകൾ എന്നു വിളിച്ചിരുന്നത്.അവന്റെ സ്വപ്നങ്ങളും യാത്രകളും ആഗ്രഹങ്ങളും മുന്നോട്ട് പോകാതെ നിൽക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു.മുടന്തന്റെ ജീവിതത്തെ ഒതുക്കുകയും മുന്നേറ്റത്തെ തടയുകയും ചെയ്യുന്ന സാമൂഹികവും മാനസികവും ഭൗതികവുമായ എല്ലാ പ്രതിബന്ധങ്ങളുടെയും പ്രതീകമാണ്. ജീവിതപാതയിൽ സമൂഹം അവനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന വിവേചനത്തിന്റെ കല്ലുകളെയാണ് കവി ഈ പ്രയോഗത്തിലൂടെ സൂചിപ്പിക്കുന്നത്.

വിക്കുള്ള സുഹൃത്തിനോടു സംസാരിക്കുമ്പോൾ പോലും സമൂഹം അവരെ കളിയാക്കുന്നു. ഇതിലൂടെ ശാരീരികമായോ ഭാഷാപരമായോ വ്യത്യസ്തതകളുള്ളവരെ സമൂഹം എങ്ങനെ അകറ്റിനിർത്തുന്നുവെന്ന് കവി കാണിച്ചുതരുന്നു.നൊമ്പരങ്ങൾ പരസ്പരം പറഞ്ഞപ്പോഴും അവർ പരിഹസിക്കപ്പെട്ടു.ഒന്നിച്ചു കൂടാനുള്ള അവരുടെ ശ്രമങ്ങളും പരാജയപ്പെടുത്തി.

ക്രിക്കറ്റ്, സിനിമ, യാത്ര, ബസ് യാത്ര തുടങ്ങിയ ദൈനംദിന ജീവിതത്തിലെ നിരവധി അനുഭവങ്ങളിലൂടെ മുടന്തന്റെ ഏകാന്തത കവി ചിത്രീകരിക്കുന്നു.


"മുടന്തനെ കാത്ത് ബസ് നിന്നില്ല", "കോണിപ്പടികൾ മുകളിലേക്ക് ക്ഷണിച്ചില്ല" എന്നീ വരികൾ വൈകല്യമുള്ളവരുടെ ജീവിതത്തിൽ സമൂഹം സൃഷ്ടിക്കുന്ന അദൃശ്യ തടസ്സങ്ങളുടെ പ്രതീകങ്ങളാണ്.

കവിതയുടെ അവസാന വരികളിൽ മുടന്തന്റെ ജീവിതസത്യം സംഗ്രഹിക്കപ്പെടുന്നു. "മുടന്തനു നടപ്പാതയിൽ അയാൾ ഏടാകൂടമായി" എന്ന വരി സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ ക്രൂരതയെ വെളിപ്പെടുത്തുന്നു. ഒരു മനുഷ്യനെ മനുഷ്യനായി കാണാതെ, വഴിയിലെ തടസ്സമായി മാത്രം കാണുന്ന മനോഭാവമാണ് ഇവിടെ വിമർശിക്കപ്പെടുന്നത്. "പുഞ്ചിരിത്താക്കോൽ കൊണ്ട് ആരും അവനെ സ്വതന്ത്രനാക്കിയില്ല" എന്ന അവസാനവരി മനുഷ്യസ്നേഹത്തിന്റെയും അംഗീകാരത്തിന്റെയും അഭാവത്തെ അതീവ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.

സമൂഹത്തിന്റെ സഹതാപത്തേക്കാൾ സ്വീകാര്യതയും സമത്വവും ആവശ്യപ്പെടുന്ന കവിതയാണ് "ഏടാകൂടം". വൈകല്യമുള്ളവരുടെ ജീവിതവേദനയെ ഹൃദയത്തിലേറ്റുന്ന കവി ആധുനിക  സമൂഹത്തിന്റെ പരിഷ്കൃതമാകാത്ത മനോഭാവങ്ങളെ ചോദ്യം ചെയ്യുന്നു. മറ്റുള്ളവരുടെ ജീവിതാവസ്ഥകളെയും വേദനകളെയും പരാധീനതകളെയും ഉൾക്കൊള്ളാൻ കഴിവില്ലാത്ത സമൂഹത്തിൻ്റെ ഇടുങ്ങിയ ചിന്താഗതികളെയും വികലമായ കാഴ്ചപ്പാടുകളെയും ശക്തമായി ചോദ്യംചെയ്യുകയാണ് ഏടാകൂടം.




ഡോ.മനോജ് ജെ പാലക്കുടി

അഭിപ്രായങ്ങളൊന്നുമില്ല: