നീലക്കുയിൽ (1954)
സിനിമ ആസ്വാദനക്കുറിപ്പ്
നീലക്കുയിൽ കഥാചുരുക്കം
1950-കളിലെ കേരളത്തിലെ ഒരു ഗ്രാമമാണ് കഥയുടെ പശ്ചാത്തലം. ഗ്രാമത്തിലെ സ്കൂൾ അധ്യാപകനായ ശ്രീധരൻ നായർ (സത്യൻ) സമൂഹത്തിൽ മാന്യസ്ഥാനമുള്ള ഒരു ഉയർന്ന ജാതിക്കാരനാണ്. ഗ്രാമത്തിന്റെ വയലുകളിലും പാടങ്ങളിലും ജോലി ചെയ്യുന്ന ദളിത് യുവതിയായ നീലി (മിസ് കുമാരി) സൗന്ദര്യവും നിഷ്കളങ്കതയും നിറഞ്ഞവളാണ്. ഇവർ തമ്മിൽ പരിചയം വളരുകയും പിന്നീട് അത് പ്രണയമായി മാറുകയും ചെയ്യുന്നു.
പ്രണയബന്ധം സമൂഹത്തിന്റെ അംഗീകാരമില്ലാത്തതായിരുന്നു. ജാതിവ്യവസ്ഥ ശക്തമായി നിലനിന്നിരുന്ന കാലമായതിനാൽ ശ്രീധരൻ നായർ തന്റെ വികാരങ്ങൾ തുറന്നുപറയാൻ ഭയപ്പെട്ടു. അതിനിടയിൽ നീലി ഗർഭിണിയാകുന്നു. ഈ വാർത്ത ശ്രീധരൻ നായരെ ആശങ്കയിലാക്കുന്നു.സമൂഹം തന്നെ ഒറ്റപ്പെടുത്തുമെന്ന ഭയവും കുടുംബത്തിൻ്റെ മാനത്തെക്കുറിച്ചുള്ള ആശങ്കയും കാരണം അദ്ദേഹം നീലിയെ പരസ്യമായി അംഗീകരിക്കാൻ തയ്യാറാകുന്നില്ല. തുടർന്ന് ശ്രീധരൻ നായർ സ്വന്തം ജാതിയിൽപ്പെട്ട നളിനിയെ വിവാഹം കഴിക്കുന്നു. ഈ വിവാഹത്തോടെ നീലി പൂർണമായും ഒറ്റപ്പെടുന്നു. കുടുംബവും സമൂഹവും അവളെ അവഗണിക്കുന്നു. പ്രിയപ്പെട്ടവന്റെ വഞ്ചനയും സമൂഹത്തിന്റെ അവഹേളനവും സഹിച്ച് അവൾ ദുരിതപൂർണമായ ജീവിതം നയിക്കുന്നു.കാലം കടന്നുപോകുമ്പോൾ നീലി ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നു. എന്നാൽ ജീവിതത്തിലെ കഷ്ടപ്പാടുകളും അവഗണനയും കാരണം അവളുടെ ആരോഗ്യം തകരുന്നു. കുഞ്ഞിനെ പ്രസവിച്ച ശേഷം അവൾ മരണമടയുന്നു. അമ്മയില്ലാത്ത ആ കുഞ്ഞ് അനാഥനാകുന്നു. ഗ്രാമവാസികൾക്കിടയിൽ സഹതാപമുണ്ടെങ്കിലും കുഞ്ഞിന്റെ ഭാവി അനിശ്ചിതമാണ്.
ഈ സാഹചര്യത്തിൽ ഗ്രാമത്തിലെ പോസ്റ്റ്മാനായ ശങ്കരൻ നായർ കുഞ്ഞിനെ ഏറ്റെടുത്ത് വളർത്താൻ തീരുമാനിക്കുന്നു. മനുഷ്യസ്നേഹവും കരുണയും നിറഞ്ഞ വ്യക്തിയായ അദ്ദേഹം കുഞ്ഞിനെ സ്വന്തം മകനെപ്പോലെ സംരക്ഷിക്കുന്നു. കുഞ്ഞിന് മോഹൻ എന്ന് പേരിടുകയും വളർത്തുകയും ചെയ്യുന്നു. കുഞ്ഞിന്റെ യഥാർത്ഥ പിതാവ് ആരാണെന്ന് ഗ്രാമത്തിൽ ആർക്കും അറിയില്ല.
ഇതിനിടെ ശ്രീധരൻ നായരുടെ ജീവിതം പുറത്തുനോക്കുമ്പോൾ സന്തോഷകരമാണെങ്കിലും ഉള്ളിൽ കുറ്റബോധം വളരുന്നു. നീലിയുടെ മരണവും കുഞ്ഞിന്റെ അവസ്ഥയും അദ്ദേഹത്തെ വേട്ടയാടുന്നു. സ്വന്തം ഭീരുത്വവും ജാതിഭയവും കാരണം ഒരു സ്ത്രീയുടെ ജീവിതം നശിപ്പിച്ചുവെന്ന തിരിച്ചറിവ് അദ്ദേഹത്തെ മാനസികമായി തളർത്തുന്നു. മറുവശത്ത്, ഭാര്യ നളിനിയുമായുള്ള ദാമ്പത്യജീവിതത്തിൽ കുട്ടികളില്ലാത്തതും അദ്ദേഹത്തിന്റെ ആത്മസംഘർഷം വർധിപ്പിക്കുന്നു.
കഥയുടെ അവസാനഭാഗത്ത് ശ്രീധരൻ നായർ തന്റെ മനസ്സാക്ഷിയുടെ വിളി കേൾക്കുന്നു. വർഷങ്ങളായി മറച്ചുവെച്ച സത്യം തുറന്നുപറയാൻ അദ്ദേഹം തീരുമാനിക്കുന്നു. മോഹൻ തന്റെ സ്വന്തം മകനാണെന്നും നീലിയുമായുള്ള ബന്ധമാണ് അതിന് കാരണമെന്നും അദ്ദേഹം സമ്മതിക്കുന്നു. സാമൂഹിക അപമാനത്തെ ഭയക്കാതെ അദ്ദേഹം കുഞ്ഞിനെ സ്വന്തം മകനായി സ്വീകരിക്കുന്നു. ഭാര്യ നളിനിയും ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നു.
അങ്ങനെ കുറ്റബോധത്തിൽ നിന്ന് ആത്മശുദ്ധിയിലേക്കുള്ള ശ്രീധരൻ നായരുടെ യാത്രയോടെയാണ് സിനിമ അവസാനിക്കുന്നത്. ജാതിവ്യവസ്ഥ മനുഷ്യജീവിതങ്ങളെ എങ്ങനെ തകർക്കുന്നു എന്നും മനുഷ്യസ്നേഹവും ധാർമ്മികധൈര്യവും അതിനെ എങ്ങനെ അതിജീവിക്കാമെന്നും ചിത്രം ശക്തമായി അവതരിപ്പിക്കുന്നു. അതുകൊണ്ടാണ് നീലക്കുയിൽ മലയാള സിനിമയിലെ ആദ്യത്തെ മഹത്തായ സാമൂഹിക യാഥാർത്ഥ്യചിത്രങ്ങളിലൊന്നായി ഇന്നും വിലയിരുത്തപ്പെടുന്നത്.
മലയാള സിനിമയിൽ നീലക്കുയിലിന്റെ സ്ഥാനം
മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന ചിത്രമാണ് നീലക്കുയിൽ. പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. തിരക്കഥ എഴുതിയത് ഉറൂബ് .
മലയാള സിനിമയുടെ മനുഷ്യ ജീവിതങ്ങളുടെ പ്രശ്നങ്ങളിലേക്കുള്ള കടന്നുവരവിന്റെ തുടക്കമായിരുന്നു നീലക്കുയിൽ. യാഥാർത്ഥ്യ വാദത്തിന്റെ തുടക്കം മലയാള സിനിമ ചരിത്രത്തിലേക്ക് കൊണ്ടുവരുന്നു.
നീലക്കുയിലിന് മുമ്പുള്ള മലയാള സിനിമകളിൽ പുരാണങ്ങളും രാജ കഥാപാത്രങ്ങളും നാടകശൈലിയും ആധിപത്യം പുലർത്തിയിരുന്നു. ഗ്രാമീണ ജീവിതവും സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളും യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിച്ച ആദ്യകാല ചിത്രങ്ങളിൽ ഒന്നാണ് നീലക്കുയിൽ.സാധാരണക്കാരന്റെ പ്രശ്നങ്ങളും കണ്ണീരും കൊച്ചു കൊച്ചു സന്തോഷങ്ങളും സിനിമയുടെ ഭാഗമാകുന്നു.
ജാതിവ്യവസ്ഥയെ വിമർശിച്ച ചിത്രം കേരളത്തിൻ്റെ ജാതി ചിന്തകൾക്ക് നേരെയുള്ള കണ്ണാടിയായിരുന്നു.കേരളത്തിലെ ജാതിവിവേചനവും സാമൂഹിക അസമത്വവും ചിത്രത്തിന്റെ പ്രധാന പ്രമേയമാണ്. ഒരു സ്കൂൾ അധ്യാപകനും താഴ്ന്ന ജാതിക്കാരിയായ യുവതിയും തമ്മിലുള്ള ബന്ധത്തിലൂടെ സമൂഹത്തിലെ അനീതികളെ ചിത്രം തുറന്നുകാട്ടുന്നു.സമൂഹത്തിൻ്റെ ഉന്നത തലങ്ങളിൽ നിൽക്കുന്ന അധ്യാപകൻ ജാതിയുടെ കെട്ടുപാടുകളിൽ നിന്നും മുക്തനല്ല എന്ന് സിനിമ വിവരിക്കുന്നു.സമൂഹത്തിൻ്റെ ബോധങ്ങളിൽ ജാതിചിന്ത ചിറകു വിരിച്ചുനിൽക്കുന്ന വ്യത്യസ്ത ദൃശ്യങ്ങളിലേക്ക് സിനിമ ആനയിക്കുന്നു.കഥാനായകന്റെ തിരസ്കരണവും വീടും സമൂഹവും നായികയ്ക്കു നൽകുന്ന മനസ്സിക ആഘാതങ്ങളും ജാതിയുടെ ആഴത്തിൽ വേരിറങ്ങി നിൽക്കുന്ന അവസ്ഥകളെ വിശദീകരിക്കുന്നു.
ഗ്രാമീണ കേരളത്തിന്റെ അവതരണം സിനിമയിൽ ദൃശ്യഭംഗി തീര്‍ക്കുന്നു.നീലക്കുയിലിന്റെ ഏറ്റവും വലിയ പ്രത്യേകത ഗ്രാമത്തെ ഒരു പശ്ചാത്തലമായി മാത്രം കാണിക്കാതെ കഥയിലെ സജീവ ഘടകമാക്കി മാറ്റിയതാണ്.
പച്ചപ്പാർന്ന വയലുകൾ,
തോടുകളും മരങ്ങളും നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ,
ഗ്രാമീണ വഴികളും കുടിലുകളും,
മഴയും കാലാവസ്ഥയും,ഇവയെല്ലാം ഗ്രാമത്തിന്റെ ആത്മാവിനെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നു.
കേരളത്തിലെ ഗ്രാമജീവിതം, പ്രകൃതി, കായൽ തീരം, ചായക്കട , കടകളിൽ സൊറപറഞ്ഞിരിക്കുന്ന ഗ്രാമവാസികൾ , ഉത്സവമേളങ്ങൾ, ഇങ്ങനെ ജനങ്ങളുടെ ജീവിതരീതി സ്വാഭാവികമായി അഭ്രപാളികളിൽ അവതരിപ്പിച്ചു. ഇത് മലയാളികളുടെ ജീവിതവുമായി സിനിമയെ കൂടുതൽ അടുപ്പിച്ചു.സിനിമാ ലോകത്തേക്ക് ഗ്രാമീണ ജീവിതത്തിൻ്റെ സാധാരണ അവസ്ഥകളുടെ പ്രവേശനമായിരുന്നു സംഭവിച്ചത്.
മലയാള സിനിമയിലെ പുതിയ വഴിത്തിരിവാണ് ഈ സിനിമയിൽ സംഭവിച്ചത്.സ്റ്റുഡിയോ കേന്ദ്രീകൃത ചിത്രീകരണത്തിൽ നിന്ന് പ്രകൃതിദത്ത ലൊക്കേഷനുകളിലേക്കുള്ള മാറ്റത്തിന് ഈ ചിത്രം പ്രചോദനമായി.
മികച്ച കഥാപാത്രസൃഷ്ടി
മലയാള സിനിമയുടെ ചരിത്രത്തിൽ കഥാപാത്രസൃഷ്ടിയിലെ യാഥാർത്ഥ്യവും മാനുഷികതയും കൊണ്ടു ശ്രദ്ധേയമായ ചിത്രമാണ് നീലക്കുയിൽ. ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ വെറുതെ കഥ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉപാധികളല്ല; കേരളത്തിന്റെ സാമൂഹിക യാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കുന്ന ജീവിക്കുന്ന മനുഷ്യരാണ്.ശ്രീധരൻ നായർ – മനുഷ്യന്റെ ദൗർബല്യവും കുറ്റബോധവും
ചിത്രത്തിലെ നായകനായ അധ്യാപകൻ ശ്രീധരൻ നായർ ഒരു തികഞ്ഞ നായകപാത്രമല്ല. സമൂഹത്തിൽ മാന്യനായ വ്യക്തിയായിരുന്നിട്ടും, നീലിയുമായുള്ള ബന്ധത്തിൽ അദ്ദേഹം വീഴ്ച വരുത്തുന്നു. പിന്നീട് ആ ബന്ധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിക്കുകയും ചെയ്യുന്നു.
മനുഷ്യന്റെ നന്മയും ദൗർബല്യവും ഒരുപോലെ ഉൾക്കൊള്ളുന്ന കഥാപാത്രം.കുറ്റബോധം, ആത്മസംഘർഷം, സാമൂഹിക ഭയം എന്നിവ വളരെ സ്വാഭാവികമായി അവതരിപ്പിക്കപ്പെടുന്നു. അന്നത്തെ സിനിമകളിലെ അതിമാനുഷിക നായകസങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രസൃഷ്ടിയാണ് ഈ സിനിമയിൽ.
നീലി – സാമൂഹിക അനീതിയുടെ പ്രതീകമാണ് നീലി.ചിത്രത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം.താഴ്ന്ന ജാതിയിൽപ്പെട്ട ഒരു സ്ത്രീ എന്ന നിലയിൽ അവൾ നേരിടുന്ന വിവേചനങ്ങൾ ചിത്രത്തിൽ വ്യക്തമായി കാണിക്കുന്നു.സ്നേഹവും പ്രതീക്ഷയും വേദനയും ആത്മാഭിമാനവും നിറഞ്ഞ ഒരു വ്യക്തിത്വമാണ് നീലി.അവൾ വെറും സഹതാപം ജനിപ്പിക്കുന്ന കഥാപാത്രമല്ല; സമൂഹത്തിന്റെ ക്രൂരതയെ ചോദ്യം ചെയ്യുന്ന പ്രതീകമാണ്.നീലിയിലൂടെ കേരളത്തിലെ ജാതിവ്യവസ്ഥയും സ്ത്രീകളുടെ ദുരവസ്ഥയും സിനിമ ശക്തമായി അവതരിപ്പിക്കുന്നു.
ശങ്കരൻ നായർ – പുരോഗമന ചിന്തയുടെ പ്രതിനിധിയാണ്.നീലിയുടെ മകനെ സ്വന്തം മകനായി സ്വീകരിക്കുന്ന ശങ്കരൻ നായർ മാനവികതയുടെ ശബ്ദമാണ്.ജാതിക്കും ആചാരങ്ങൾക്കും മുകളിലാണ് മനുഷ്യസ്നേഹം എന്ന സന്ദേശം നൽകുന്നു.കഥയുടെ ധാർമ്മിക കേന്ദ്രമായിഅദ്ദേഹം പ്രവർത്തിക്കുന്നു.സമൂഹത്തിൽ മാറ്റം സാധ്യമാണെന്ന പ്രത്യാശയുടെ പ്രതീകമാണ്ഈ പോസ്റ്റുമാൻ.
ഗ്രാമീണ കഥാപാത്രങ്ങളുടെ യാഥാർത്ഥ്യത്തോടെയുള്ള അവതരണം. ചിത്രത്തിലെ ചെറിയ കഥാപാത്രങ്ങൾ പോലും ശ്രദ്ധേയമാണ്.ഗ്രാമവാസികൾ, ബന്ധുക്കൾ, നാട്ടുകാർ തുടങ്ങിയവർ യഥാർത്ഥ ജീവിതത്തിൽ നിന്നെടുത്തതുപോലെ തോന്നുന്നു.അവരുടെ ഭാഷയും പെരുമാറ്റവും കേരളത്തിന്റെ ഗ്രാമീണ സംസ്കാരത്തെ സ്വാഭാവികമായി അവതരിപ്പിക്കുന്നു.നല്ലവരും ചീത്തവരുമെന്ന ലളിതമായ വിഭജനമില്ലാതെ ഓരോരുത്തരും സാമൂഹിക സാഹചര്യങ്ങളുടെ ഭാഗമായി മാറുന്ന അവതരണമാണ് സിനിമയിൽ.കഥാപാത്രങ്ങളിലൂടെ സാമൂഹിക വിമർശനം നിർവഹിക്കുന്നു.നീലക്കുയിലിലെ കഥാപാത്രങ്ങൾ വ്യക്തികളായും സാമൂഹിക പ്രതീകങ്ങളായും പ്രവർത്തിക്കുന്നു.
ശ്രീധരൻ നായർ – ജാതിബോധത്തിന്റെ തടവുകാരൻ. നീലി ചൂഷണത്തിനിരയായ സ്ത്രീയും താഴ്ന്ന ജാതിക്കാരിയും.ശങ്കരൻ നായർ – നവോത്ഥാന മൂല്യങ്ങളുടെ പ്രതിനിധി.
ഇങ്ങനെ ഓരോ കഥാപാത്രവും കേരളസമൂഹത്തിന്റെ വ്യത്യസ്ത മുഖങ്ങളെ പ്രതിഫലിപ്പിക്കുന്നു.നീലി, ശ്രീധരൻ നായർ, ശങ്കരൻ നായർ തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും മലയാള സിനിമയിലെ അനശ്വര സൃഷ്ടികളായി നിലനിൽക്കുന്നു.
ദേശീയ അംഗീകാരം
മലയാള സിനിമയ്ക്ക് ദേശീയതലത്തിൽ അംഗീകാരം നേടിക്കൊടുത്ത ആദ്യ ചിത്രങ്ങളിൽ ഒന്നാണ് നീലക്കുയിൽ. രാഷ്ട്രപതിയുടെ വെള്ളിമെഡൽ (President's Silver Medal) ഈ സിനിമയ്ക്ക് ലഭിച്ചു.
സാഹിത്യ-സിനിമ സംയോജനത്തിൻ്റെ പുതുചരിത്രത്തെ മലയാള സിനിമയിൽ എഴുതാൻ നീലക്കുയിൽ കഴിഞ്ഞു.ഉറൂബിന്റെ കഥയെ ആസ്പദമാക്കിയ ഈ ചിത്രം മലയാള സാഹിത്യവും സിനിമയും തമ്മിലുള്ള ശക്തമായ ബന്ധത്തിന് തുടക്കം കുറിച്ചു.മലയാള സിനിമയുടെ ചരിത്രത്തിൽ പിന്നീട് നിരവധി സാഹിത്യ കൃതികൾ സിനിമയിലേക്ക്പരിവർത്തനം ചെയ്യപ്പെട്ടു.സാഹിത്യകൃതികൾക്ക് സിനിമയിൽ കഥാതന്തുക്കളെ സംഭാവന ചെയ്യാൻ കഴിയുമെന്ന് നീലക്കുയിൽ തെളിയിച്ചു.
നീലക്കുയിലിലെ സംഗീതത്തിന്റെ മികവ്
നാടൻ സംഗീതത്തിന്റെ കടന്നുവരവ്.നീലക്കുയിലിന് മുമ്പ് മലയാള സിനിമാഗാനങ്ങൾ പലപ്പോഴും തമിഴ്, ഹിന്ദി ഗാനങ്ങളുടെ സ്വാധീനത്തിലായിരുന്നു. എന്നാൽ കെ. രാഘവൻ കേരളത്തിന്റെ നാടൻപാട്ടുകളെയും ജനകീയ ഈണങ്ങളെയും സിനിമാസംഗീതത്തിലേക്ക് കൊണ്ടുവന്നു. ഇതോടെ മലയാള സിനിമയ്ക്ക് സ്വന്തമായ ഒരു സംഗീതസ്വത്വം രൂപപ്പെട്ടു.
"കായലരികത്ത് വലയെറിഞ്ഞപ്പോൾ" – ഒരു സംഗീതവിപ്ലവം.ഈ ഗാനമാണ് നീലക്കുയിലിന്റെ ഏറ്റവും പ്രശസ്തമായ പാട്ട്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതവും ഭാഷയും താളവും ഉൾക്കൊണ്ട ഈ ഗാനം പുറത്തിറങ്ങിയ ഉടൻ ജനഹൃദയങ്ങൾ കീഴടക്കി. മലയാള സിനിമയിലെ ആദ്യകാല ജനകീയ ഹിറ്റ് ഗാനങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
ലാളിതത്വത്തിന്റെ സൗന്ദര്യം.പാട്ടുകളെ ഹൃദയഹാരിയാക്കുന്നു. അമിതമായ വാദ്യോപകരണങ്ങൾ സിനിമയിൽ ഉപയോഗിക്കുന്നില്ല. ലളിതമായ ഈണങ്ങളും കുറഞ്ഞ വാദ്യസഹായവും സ്വാഭാവികമായ ആലാപനവുമാണ് ഗാനങ്ങളുടെ പ്രത്യേകത. അതുകൊണ്ട് തന്നെ പാട്ടുകൾ കഥാപാത്രങ്ങളുടെയും കഥയുടെയും ഭാഗമായിത്തീർന്നു.
പി. ഭാസ്കരന്റെ കവിതാസൗന്ദര്യം ഗാനത്തെ മഹത്തരമാക്കുന്നു.ഗാനരചയിതാവായ പി. ഭാസ്കരൻ ലളിതമായ സംസാരഭാഷയിൽ കവിതാപരമായ വരികൾ രചിച്ചു. ഗ്രാമീണരുടെ ഭാഷയും വികാരങ്ങളും ഗാനങ്ങളിലൂടെ ജീവന്തമാക്കി.
വൈവിധ്യമാർന്ന ഗാനങ്ങൾചിത്രത്തിന്റെ പ്രധാന സവിശേഷതയായിരുന്നു.പ്രണയഗാനങ്ങളും നാടൻപാട്ടുകളും ഭക്തിഗാനങ്ങളും ഇടകലർന്ന് പുതിയ കാവ്യ പാരമ്പര്യം സൃഷ്ടിക്കുന്നു. "എല്ലാരും ചൊല്ലണു", "ഉണരുണരൂ", "എങ്ങനെ നീ മറക്കും", "കുയിലിനെ തേടി" തുടങ്ങിയ ഗാനങ്ങൾ ഓരോന്നും വ്യത്യസ്ത ഭാവങ്ങൾ അവതരിപ്പിക്കുന്നു.
മലയാള ചലച്ചിത്രസംഗീതത്തിന്റെ പുതിയ ദിശ സംഗീതചരിത്രകാരന്മാർ നീലക്കുയിലിനെ മലയാളസിനിമ സംഗീതത്തിന്റെ വഴിത്തിരിവായി വിലയിരുത്തുന്നു. അനുകരണ സംഗീതത്തിൽ നിന്ന് മലയാള മണ്ണിന്റെ ശബ്ദത്തിലേക്കുള്ള മാറ്റം ഈ ചിത്രത്തിലൂടെയാണ് ശക്തമായത്.
നീലക്കുയിലിന്റെ സംഗീതം കേവലം ഗാനങ്ങളുടെ ഒരു സമാഹാരമല്ല; കേരളത്തിന്റെ ജനകീയസംസ്കാരവും ഭാഷയും സംഗീതപാരമ്പര്യവും സിനിമയിലൂടെ പുനരാവിഷ്കരിച്ച ഒരു സാംസ്കാരിക പ്രഖ്യാപനമാണ്. അതുകൊണ്ടുതന്നെ കെ. രാഘവന്റെ സംഗീതവും പി. ഭാസ്കരന്റെ വരികളും ഇന്നും മലയാളികളുടെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
നീലക്കുയിലെ സാമൂഹിക പ്രമേയങ്ങൾ
ജാതിവ്യവസ്ഥയും അയിത്തവുംചിത്രത്തിന്റെ പ്രധാന പ്രമേയമായി സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ജാതിവിവേചനമാണ്. ദളിത് യുവതിയായ നീലിയും ഉയർന്ന ജാതിക്കാരനായ ശ്രീധരൻ നായരും തമ്മിലുള്ള പ്രണയം സമൂഹം അംഗീകരിക്കുന്നില്ല. പ്രണയത്തേക്കാൾ ജാതിക്ക് പ്രാധാന്യം നൽകുന്ന സാമൂഹിക വ്യവസ്ഥയെ ചിത്രം ചോദ്യം ചെയ്യുന്നു. ശ്രീധരൻ നായർ നീലിയെ വിവാഹം ചെയ്യാൻ ഭയപ്പെടുന്നത് വ്യക്തിപരമായ ഭീരുത്വം മാത്രമല്ല, ജാതിവ്യവസ്ഥയുടെ സമ്മർദ്ദവുമാണ്.
സ്ത്രീയുടെ ചൂഷണവും പിതൃാധിപത്യവും കഥയുടെ പ്രമേയമായി വരുന്നു.നീലി ഇരട്ട ചൂഷണത്തിന് ഇരയാകുന്നു—ഒരു സ്ത്രീ എന്ന നിലയിലും ഒരു ദളിത് എന്ന നിലയിലും. പ്രണയബന്ധത്തിന്റെ ഫലങ്ങൾ മുഴുവൻ അവൾക്കാണ് അനുഭവിക്കേണ്ടി വരുന്നത്. പുരുഷന് സമൂഹത്തിൽ മാന്യത നിലനിർത്താൻ കഴിയുമ്പോൾ സ്ത്രീയാണ് അപമാനവും ഒറ്റപ്പെടുത്തലും സഹിക്കേണ്ടിവരുന്നത്. പിതൃാധിപത്യ സമൂഹത്തിന്റെ അനീതിയെ ചിത്രം തുറന്നുകാട്ടുന്നു.
വർഗവ്യത്യാസവും സാമ്പത്തിക അസമത്വവും സമൂഹത്തിൻ്റെ വിഷയമാണ് എന്ന് സിനിമ തെളിയിക്കുന്നു.നീലി ഒരു കാർഷിക തൊഴിലാളിയാണ്; ശ്രീധരൻ വിദ്യാഭ്യാസവും സാമൂഹിക സ്ഥാനവുമുള്ള വ്യക്തി. സാമ്പത്തികവും സാമൂഹികവുമായ അധികാരം ആരുടെ കൈകളിലാണോ, തീരുമാനങ്ങളും അവരുടേതാകുന്നു എന്ന യാഥാർത്ഥ്യം സിനിമ അവതരിപ്പിക്കുന്നു.
ഫ്യൂഡൽ (ജന്മിത്ത) വ്യവസ്ഥയുടെ വിമർശനം.ഗ്രാമീണ കേരളത്തിലെ ഭൂവുടമസ്ഥതയുടെയും സാമൂഹിക ശ്രേണീകരണത്തിന്റെയും പശ്ചാത്തലമാണ് ചിത്രത്തിലുള്ളത്. ഉയർന്ന ജാതിക്കാരും ഭൂവുടമകളും അധികാരം കൈവശം വച്ചിരുന്ന ഒരു സമൂഹത്തിൽ താഴ്ന്ന വിഭാഗങ്ങളുടെ ജീവിതം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്ന് ചിത്രം സൂചിപ്പിക്കുന്നു.
സാമൂഹിക കപടധാർമ്മികത.സമൂഹം പ്രണയത്തെയോ മനുഷ്യസ്നേഹത്തെയോ അല്ല, പുറംമോടിയെയും ജാതിനിയമങ്ങളെയുമാണ് വിലമതിക്കുന്നത്. തെറ്റ് ചെയ്ത പുരുഷനെ സമൂഹം സ്വീകരിക്കുമ്പോൾ സ്ത്രീയെ ശിക്ഷിക്കുന്നു. ഈ ഇരട്ടത്താപ്പാണ് സിനിമ ശക്തമായി വിമർശിക്കുന്നത്.
മനുഷ്യസ്നേഹവും സാമൂഹിക നവോത്ഥാനവും അവതരിപ്പിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.പോസ്റ്റ്മാൻ ശങ്കരൻ നായർ അനാഥകുഞ്ഞിനെ ഏറ്റെടുത്ത് വളർത്തുന്നത് മനുഷ്യസ്നേഹത്തിന്റെ പ്രതീകമാണ്. ജാതിയേക്കാളും ജന്മത്തേക്കാളും മനുഷ്യനാണ് പ്രധാനമെന്ന സന്ദേശം സിനിമയുടെ അന്ത്യത്തിൽ ഈ കഥാപാത്രം ആവർത്തിക്കുന്നു.
കുറ്റബോധവും പ്രായശ്ചിത്തവും സിനിമയുടെ അന്തർ സംഘർഷങ്ങളെ വർധിപ്പിക്കുന്നു .ശ്രീധരൻ നായരുടെ ജീവിതം ഒരു ആത്മസംഘർഷത്തിന്റെ കഥ കൂടിയാണ്. സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ് കുഞ്ഞിനെ അംഗീകരിക്കുന്നതിലൂടെ വ്യക്തിപരമായ പ്രായശ്ചിത്തവും സാമൂഹിക ഉത്തരവാദിത്തവും സിനിമ ഉയർത്തിക്കാട്ടുന്നു.അയാളുടെ ആത്മസംഘർഷങ്ങളാണ് സിനിമയെ സംഘർഷഭരിതമാക്കുന്നത്
ദളിത് ജീവിതത്തിന്റെ പ്രതിനിധാനം മലയാള സിനിമയുടെ ആരംഭത്തിൽ തന്നെ ഉണ്ടായി എന്നതാണ് ന ഏറ്റവും പ്രധാന പ്രത്യേകത.മലയാള സിനിമയിൽ ദളിത് കഥാപാത്രത്തെ കേന്ദ്രപ്രമേയമാക്കി അവതരിപ്പിച്ച ആദ്യകാല ചിത്രങ്ങളിൽ ഒന്നാണ് നീലക്കുയിൽ. ദളിത് സമൂഹത്തിന്റെ ദാരിദ്ര്യവും സാമൂഹിക അവഗണനയും ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തിച്ചു.
നവോത്ഥാന ഘട്ടത്തിന്റെ ചിന്തകളും മൂല്യങ്ങളും മലയാളി മനസ്സിൽ കൊളുത്താൻ നീലക്കുയിലിന് കഴിഞ്ഞു .ജാതിവിവേചനവും അയിത്തവും,സ്ത്രീപീഡനവും പുരുഷാധിപത്യവും,വർഗവ്യത്യാസവും സാമ്പത്തിക അസമത്വവും,ഫ്യൂഡൽ സാമൂഹിക ഘടനയുംസാമൂഹിക കപടധാർമ്മികതയും,മനുഷ്യസ്നേഹവുംസാമൂഹികസമത്വവും,കുറ്റബോധവും പ്രായശ്ചിത്തവും ,ദളിത് ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളും പ്രതിസന്ധികളും ഇങ്ങനെ വിശാലമായ കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ടാണ് നീലക്കുയിൽ മലയാളസിനിമയിൽ ചരിത്രം രചിക്കുന്നത്. നീലക്കുയിൽ മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു കലാസൃഷ്ടി മാത്രമല്ല, കേരളത്തിന്റെ സാമൂഹിക നവോത്ഥാനചിന്തകളെ പ്രതിഫലിപ്പിച്ച ഒരു സാമൂഹിക രേഖ കൂടിയാണ്.
.jpg)

.jpeg)
.jpeg)

.jpg)



.jpeg)





.jpg)

.jpeg)



.jpeg)












.jpeg)
.jpeg)

.jpeg)

.jpeg)
.jpeg)

.jpeg)

.jpeg)
.png)





.jpeg)